നമ്മുടെ ഭൂമി സൂര്യന്റെ ചൂട് ലഭിക്കത്തക്കവണ്ണം കൃത്യമായ അകലത്തിലാണ് നിലകൊള്ളുന്നതെന്ന് ശാസ്ത്രജ്ഞന്മാര്‍ക്കറിയാം. ഒരല്പം അടുത്തുപോയാല്‍ ശുക്രനിലെപ്പോലെ ജലം മുഴുവന്‍ ബാഷ്പീകരിക്കും. ഒരല്പം അകന്നാലോ ചൊവ്വയിലെന്നപോലെ സകലവും മരവിക്കും. ശരിയായ ഗുരുത്വാകര്‍ഷണം നിലനിര്‍ത്തുന്നതിന് ഭൂമി ശരിയായ വലിപ്പത്തിലുമാണ്. ഒരല്പം കുറഞ്ഞാല്‍ ചന്ദ്രനിലെപ്പോലെ ജീവിമുക്തമാകും, കൂടിയാലോ വ്യാഴത്തെപ്പോലെ ജീവനെ ശ്വാസം മുട്ടിക്കുന്ന വിഷവാതകങ്ങള്‍ കെട്ടിക്കിടക്കും.
നമ്മുടെ ലോകം ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണ്ണമായ ഭൗതിക, രാസ, ജീവശാസ്ത്ര പരസ്പര പ്രവര്‍ത്തനം വിരല്‍ ചൂണ്ടുന്നത് ജ്ഞാനിയായ ഒരു രൂപകല്പകനിലേക്കാണ്. നമ്മുടെ അറിവിനപ്പുറമായ കാര്യങ്ങളെക്കുറിച്ച് ഇയ്യോബിനോടു സംസാരിക്കുമ്പോള്‍ ഈ സങ്കീര്‍ണ്ണമായ ശില്പവൈദഗ്ദ്ധ്യത്തിന്റെ ഒരു മിന്നലൊളി നാം കാണുന്നു: ‘ഞാന്‍ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു?” ദൈവം ചോദിക്കുന്നു. ‘അതിന്റെ അളവു നിയമിച്ചവന്‍ ആര്? നീ അറിയുന്നുവോ? അല്ല, അതിന് അളവുനൂല്‍ പിടിച്ചവനാര്? … അതിന്റെ അടിസ്ഥാനം ഏതിന്മേല് ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവന്‍ ആര്?” (ഇയ്യോബ് 38:4-6).
‘ഗര്‍ഭത്തില്‍നിന്ന് എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോള്‍ അതിനെ കതകുകളാല്‍ അടച്ചവനും” ‘ഇത്രത്തോളം നിനക്കു വരാം; ഇതു കടക്കരുത്’ (വാ. 8-11) എന്നു സമുദ്രത്തോടു കല്പിച്ചവന്റെ മുമ്പില്‍ ഭൂമിയിലെ മഹാസമുദ്രം വണങ്ങി നില്‍ക്കുനതു കാണുമ്പോള്‍ സൃഷ്ടിയുടെ വ്യാപ്തിയുടെ ഒരു നേര്‍കാഴ്ച നമുക്കു ലഭിക്കുന്നു. അതിശയത്തോടെ പ്രഭാത നക്ഷത്രങ്ങളോടു ചേര്‍ന്നു നാം പാടുകയും ദൂതന്മാരോടു ചേര്‍ന്ന് ഉല്ലസിച്ചു ഘോഷിക്കുകയും ചെയ്യും (വാ. 7). കാരണം നാം ദൈവത്തെ അറിയുകയും ആശ്രയിക്കുകയും ചെയ്യേണ്ടതിന് ഈ വിശാലമായ ലോകം നമുക്കുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
എങ്ങനെയാണ് ദൈവത്തിന്റെ അതിശയകരമായ സൃഷ്ടി അവനെ സ്തുതിക്കുവാന്‍ ഇന്നു നിങ്ങളെ പ്രേരിപ്പിക്കുന്നത്? എങ്ങനെയാണ് അതിന്റെ രൂപകല്പന ഒരു നിര്‍മ്മാതാവിനെ വെളിപ്പെടുത്തുന്നത്?