തനിക്കു എല്ലാ ദിവസവും സ്‌കൂളിലേക്കു നേരത്തെ പോകണമെന്ന് സ്റ്റീഫന്‍ മാതാപിതാക്കളോടു പറഞ്ഞെങ്കിലും അതിന്റെ പ്രാധാന്യം എന്തെന്നു പറഞ്ഞില്ല. എങ്കിലും എല്ലാ ദിവസവും രാവിലെ 7.15 ന് അവന്‍ സ്‌കൂളില്‍ എത്തുന്നുവെന്ന് അവര്‍ ഉറപ്പാക്കി.

അവന്റെ ജൂനിയര്‍ വര്‍ഷത്തിലെ അതിശൈത്യമുള്ള ഒരു പ്രഭാതത്തില്‍ സ്റ്റീഫന്‍ ഒരു കാറപകടത്തില്‍ പെടുകയും അതവന്റെ ജീവനെടുക്കുകയും ചെയ്തു. പിന്നീട് അവന്റെ ഡാഡിയും മമ്മിയും അവന്‍ എന്തിനാണ് കാലത്തെ സ്‌കൂളിലെത്തിയിരുന്നതെന്നു മനസ്സിലാക്കി. ഓരോ പ്രഭാതത്തിലും അവനും ചില സഹപാഠികളും സ്‌കൂള്‍ കവാടത്തില്‍ ഒന്നിച്ചുചേര്‍ന്ന് ഒരു പുഞ്ചിരിയോടും കൈവീശലോടും ഒരു ദയാവാക്കോടും കൂടെ മറ്റു വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുമായിരുന്നു. അത് എല്ലാ വിദ്യാര്‍ത്ഥികളിലും – ജന
പ്രിയരല്ലാത്തവരിലും – തങ്ങള്‍ സ്വാഗതം ചെയ്യപ്പെടുന്നുവെന്നും അംഗീകരിക്കപ്പെടുന്നുവെന്നും ഉള്ള തോന്നലുളവാക്കി.

യേശുവിലുള്ള ഒരു വിശ്വാസി എന്ന നിലയില്‍, തന്റെ സന്തോഷം അത് ഏറ്റവും ആവശ്യമുള്ളവര്‍ക്ക് പങ്കിടാന്‍ സ്റ്റീഫന്‍ ആഗ്രഹിച്ചു. ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ വെളിച്ചം പ്രകാശിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളിലൊന്ന് ദയാപൂര്‍വ്വമായ പ്രകടനങ്ങളും സ്വാഗതം ചെയ്യുന്ന മനോഭാവവും ആണെന്ന് അവന്റെ മാതൃക ഓര്‍മ്മിപ്പിക്കുന്നു.

മത്തായി 5:14-16 ല്‍ അവനില്‍ നാം ‘ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്നും ‘മലമേല്‍ ഇരിക്കുന്ന പട്ടണം മറഞ്ഞിരിക്കുവാന്‍ പാടില്ല’ (വാ. 14) എന്നും യേശു വെളിപ്പെടുത്തി. പുരാതന പട്ടണങ്ങള്‍ പലപ്പോഴും പണിയപ്പെട്ടിരുന്നത് വെള്ള ചുണ്ണാമ്പു കല്ലുകള്‍കൊണ്ടായിരുന്നു; സൂര്യപ്രകാശം തട്ടുമ്പോള്‍ അവ തിളങ്ങുമായിരുന്നു. നമുക്കു മറഞ്ഞിരിക്കുന്നവരാകാതെ ‘വീട്ടിലുള്ള എല്ലാവര്‍ക്കും വെളിച്ചം” കൊടുക്കുന്നവരാകാം (വാ. 15).

അങ്ങനെ നാം ‘അവരുടെ മുമ്പില്‍ പ്രകാശിക്കുമ്പോള്‍” (വാ. 16)അവര്‍ ക്രിസ്തുവിന്റെ സ്വാഗതം ചെയ്യുന്ന സ്‌നേഹം അനുഭവിക്കട്ടെ.