ലീല പേശീ സംബന്ധമായ പ്രയാസത്താല്‍ ഭാരപ്പെടുകയായിരുന്നു. ഒരു ദിവസം ഒരു റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറത്തിറങ്ങവേ തനിക്കു മുമ്പില്‍ ധാരാളം പടിക്കെട്ടുകള്‍ കണ്ട് അവള്‍ സ്തബ്ധയായി; അവിടെ എലവേറ്ററോ എസ്‌കലേറ്ററോ ഇല്ലായിരുന്നു. കരച്ചിലിന്റെ വക്കോളമെത്തിയ ലീല പെട്ടെന്നവിടെ ഒരു അപരിചിതന്‍ പ്രത്യക്ഷപ്പെട്ടതു കണ്ടു. അദ്ദേഹം അവളുടെ ബാഗ് വാങ്ങി അവളെ കൈക്കു പിടിച്ച് പടികള്‍ കയറാന്‍ സഹായിച്ചു. നന്ദി പറയാന്‍ അവള്‍ തിരിഞ്ഞപ്പോള്‍ അയാള്‍ പോയിക്കഴിഞ്ഞിരുന്നു.

മൈക്കിള്‍ ഒരു മീറ്റിംഗിനെത്താന്‍ താമസിച്ചിരുന്നു. ഒരു ബന്ധം തകര്‍ന്നതിന്റെ സമ്മര്‍ദ്ദം ഇപ്പോള്‍ തന്നെ അനുഭവിക്കുന്ന അയാള്‍ ലണ്ടനിലെ ഗതാഗതക്കുരുക്കില്‍ പെടുകയും അതിനിടയില്‍ ടയര്‍ പഞ്ചറാകുകയും ചെയ്തു. മഴയത്ത് നിസ്സഹായനായി അയാള്‍ നില്‍ക്കവേ, ഒരു മനുഷ്യന്‍ ആള്‍ക്കൂട്ടത്തില്‍ നിന്നു മുമ്പോട്ടു വരികയും ഡിക്കി തുറന്ന് ജാക്കി എടുത്ത് കാര്‍ ഉയര്‍ത്തുകയും വീല്‍ മാറ്റിയിടുകയും ചെയ്തു. നന്ദി പറയാന്‍ മൈക്കിള്‍ തിരിഞ്ഞപ്പോള്‍ അയാള്‍ പോയിക്കഴിഞ്ഞിരുന്നു.

ആരാണ് ഈ നിഗൂഢനായ സഹായി? ദയാലുവായ അപരിചിതന്‍ അല്ലെങ്കില്‍ അതിലധികം?

ദൂതന്മാര്‍ ചിറകുള്ള അല്ലെങ്കില്‍ പ്രഭ ചൊരിയുന്ന ജീവികള്‍ എന്ന പൊതുവായ ചിത്രം പകുതി മാത്രമേ സത്യമുള്ളു. ചിലര്‍ ഈ തരത്തില്‍ പ്രത്യക്ഷപ്പെടുമെങ്കിലും (യെശ. 6:2; മത്തായി 28:3) മറ്റുള്ളവര്‍ പ്രത്യക്ഷപ്പെടുന്നത് മണ്ണുപറ്റിയ കാലുകളും ഭക്ഷണം കഴിക്കാന്‍ തയ്യാറായും (ഉല്പത്തി 18:1-5) ദൈനംദിന ജീവിതത്തിലെ മനുഷ്യരെന്ന നിലയില്‍ തെറ്റിദ്ധരിക്കപ്പെട്ടുമാണ് (ന്യായാധിപന്മാര്‍ 13:16). എബ്രായ ലേഖനകാരന്‍ പറയുന്നത് അപരിചിതര്‍ക്കു ആതിഥ്യം അരുളുന്നതിലൂടെ അറിയാതെ ദൈവദൂതന്മാരെ സല്‍ക്കരിക്കുവാന്‍ നമുക്കു കഴിയുമെന്നാണ് (13:2).

ലീലയുടെയും മൈക്കിളിന്റെയും സഹായികള്‍ ദൈവദൂതന്മാരാണോ എന്നു നമുക്കറിയില്ല. എന്നാല്‍ ദൈവദൂതന്മാര്‍ ദൈവജനത്തെ സഹായിച്ചുകൊണ്ട് ഇന്നും പ്രവര്‍ത്തനനിരതരാണ് എന്നാണ് തിരുവെഴുത്ത് നമ്മോടു പറയുന്നത് (എബ്രായര്‍ 1:14). അവര്‍ക്ക് തെരുവിലെ ഒരു ആളെപ്പോലെ സാധാരണക്കാരനായി പ്രത്യക്ഷപ്പെടാന്‍ കഴിയും.