യേശു സ്വര്‍ഗ്ഗം വിട്ട് ഭൂമിയില്‍ വന്നതിനെക്കുറിച്ചു പാസ്റ്റര്‍ സംസാരിക്കുന്നതു ശ്രദ്ധിച്ചുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരനായ എലൈജാ, നമ്മുടെ പാപങ്ങള്‍ക്കായി അവന്‍ മരിച്ചതിനു നന്ദിപറഞ്ഞുകൊണ്ട് പാസ്റ്റര്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ നെടുവീര്‍പ്പീട്ടു, ‘ഓ, ഇല്ല, അവന്‍ മരിച്ചോ?” അത്ഭുതത്തോടെ കുട്ടി പറഞ്ഞു.

ക്രിസ്തുവിന്റെ ഭൂമിയിലെ ജീവിതത്തിന്റെ ആരംഭം മുതല്‍, അവന്‍ മരിക്കണം എന്നാഗ്രഹിച്ച ആളുകള്‍ ഉണ്ടായിരുന്നു. ഹെരോദാ രാജാവിന്റെ ഭരണകാലത്ത് വിദ്വാന്മാര്‍ യെരുശലേമില്‍ വന്ന് അന്വേഷിച്ചു: ‘യെഹൂദന്മാരുടെ രാജാവായി പിറന്നവന്‍ എവിടെ? ഞങ്ങള്‍ അവന്റെ നക്ഷത്രം കിഴക്കു കണ്ട് അവനെ നമസ്‌കരിക്കുവാന്‍ വന്നിരിക്കുന്നു’ (മത്തായി 2:2). രാജാവ് ഇതു കേട്ടപ്പോള്‍, ഒരു ദിവസം തന്റെ പദവി യേശുവിനു കൈമാറേണ്ടിവരും എന്നു ഭയപ്പെട്ടു. അതിനാല്‍ ബേത്‌ലഹേമിലും ചുറ്റുപാടുകളിലും ഉള്ള രണ്ടു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ എല്ലാം കൊല്ലുവാനായി പടയാളികളെ അയച്ചു. എന്നാല്‍ ദൈവം തന്റെ പുത്രനെ സംരക്ഷിക്കുകയും തന്റെ ദൂതനെ അയച്ച് ആ പ്രദേശം വിട്ടുപോകുവാനായി യേശുവിന്റെ മാതാപിതാക്കള്‍ക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്തു. അവര്‍ ഓടിപ്പോകുകയും അങ്ങനെ അവന്‍ രക്ഷപെടുകയും ചെയ്തു (വാ. 13-18).

യേശു തന്റെ ശുശ്രൂഷ പൂര്‍ത്തിയാക്കിയപ്പോള്‍, അവന്‍ ലോകത്തിന്റെ പാപത്തിനായി ക്രൂശിക്കപ്പെട്ടു. അവന്റെ ക്രൂശിനു മുകളില്‍ സ്ഥാപിച്ചിരുന്ന മേലെഴുത്ത്, പരിഹാസ ദ്യോതകമായിട്ടാണെങ്കിലും ഇപ്രകാരമായിരുന്നു, ‘യെഹൂദന്മാരുടെ രാജാവായ യേശു” (27:37). എങ്കിലും മൂന്നു ദിവസത്തിനുശേഷം അവന്‍ കല്ലറയില്‍ നിന്നും ജയാളിയായി ഉയിര്‍ത്തെഴുന്നേറ്റു. സ്വര്‍ഗ്ഗാരോഹണം ചെയ്തശേഷം അവന്‍ കര്‍ത്താധി കര്‍ത്താവും രാജാധിരാജാവുമായി സിംഹാസനത്തില്‍ ഇരിക്കുന്നു (ഫിലിപ്പിയര്‍ 2:8-11).

രാജാവ് നമ്മുടെ – എന്റെയും നിങ്ങളുടെയും എലൈജായുടെയും – പാപത്തിനായി മരിച്ചു. അവന്‍ നമ്മുടെ ഹൃദയങ്ങളില്‍ ഭരണം ചെയ്യുവാന്‍ നമുക്കനുവദിക്കാം.