ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയില്‍ യുദ്ധക്കെടുതികളും തൊഴിലില്ലായ്മയും ജനങ്ങളെ നൈരാശ്യത്തിലേക്കു തള്ളിവിട്ടുകൊണ്ടിരുന്നു-ഒരു ‘സൗഹൃദ ബഞ്ചില്‍” അവര്‍ പ്രത്യാശ കണ്ടെത്തുന്നതു വരെ. നിസ്സഹായരായ ആളുകള്‍ അവിടേക്കു ചെന്ന് പരിശീലനം നേടിയ ‘മുത്തശ്ശി”മാരുമായി സംസാരിക്കാം – വിഷാദ രോഗികളായ ആളുകള്‍ പറയുന്നതു കേള്‍ക്കുവാന്‍ പരിശീലിപ്പിക്കപ്പെട്ട പ്രായമുള്ള സ്ത്രീകളാണവര്‍. ആ ദേശത്തെ ഷോണാ ഭാഷയില്‍ അവരെ കുഫുംഗിസിസാ അഥവാ ‘ധാരാളം ചിന്തിക്കുന്ന’ എന്നു വിളിക്കും.

സൗഹൃദ ബഞ്ച് പ്രോജക്ട് സാന്‍സിബാര്‍, ലണ്ടന്‍, ന്യൂയോര്‍ക്ക് സിറ്റി തുടങ്ങിയ മറ്റു സ്ഥലങ്ങളില്‍ നടപ്പാക്കുന്നുണ്ട്. ‘അതിന്റെ ഫലം ഞങ്ങളെ ആവേശഭരിതരാക്കുന്നു” ഒരു ലണ്ടന്‍ ഗവേഷകന്‍ പറഞ്ഞു. ന്യുയോര്‍ക്ക് കൗണ്‍സിലര്‍ അതിനോടു യോജിച്ചു, ‘നിങ്ങള്‍ മനസ്സിലാക്കും മുമ്പുതന്നെ, നിങ്ങള്‍ ഒരു ബഞ്ചിലല്ല, കരുതുന്ന ഒരുവനുമായി സന്തോഷകരമായ ഒരു സംഭാഷണത്തിലായിരിക്കും നിങ്ങള്‍.’

നമ്മുടെ സര്‍വ്വശക്തനായ ദൈവവുമായി സംസാരിക്കുന്നതിന്റെ ഉന്മേഷവും വിസ്മയവും പ്രോജക്ട് ഉണര്‍ത്തുന്നു. മോശെ ഒരു ബഞ്ച് സ്ഥാപിച്ചില്ല, മറിച്ച് ദൈവവുമായി കണ്ടുമുട്ടുവാന്‍ ഒരു കൂടാരം സ്ഥാപിച്ച് അതിനു സമാഗമന കൂടാരം എന്നു വിളിച്ചു. അവിടെ ‘ഒരുത്തന്‍ തന്റെ സ്‌നേഹിതനോടു സംസാരിക്കുന്നതു പോലെ യഹോവ മോശെയോട് അഭിമുഖമായി സംസാരിച്ചു” (പുറപ്പാട് 33:11). അവന്റെ സഹായിയായ യോശുവ കൂടാരം വിട്ടുപിരിയാതിരുന്നു, കാരണം അവനും ദൈവത്തോടൊത്തുള്ള സമയത്തെ അത്യധികം വിലമതിച്ചിരിക്കാം (വാ. 11).

ഇന്ന് നമുക്ക് ഒരു സമാഗന കൂടാരത്തിന്റെ ആവശ്യമില്ല. യേശു പിതാവിനെ നമ്മുടെ സമീപത്തേക്കു കൊണ്ടുവന്നു. അവന്‍ തന്റെ ശിഷ്യന്മാരോടു പറഞ്ഞു, ‘ഞാന്‍ എന്റെ പിതാവിനോട് കേട്ടത് എല്ലാം നിങ്ങളോട് അറിയിച്ചതുകൊണ്ട് നിങ്ങളെ
സ്‌നേഹിതന്മാര്‍ എന്നു പറഞ്ഞിരിക്കുന്നു” (യോഹന്നാന്‍ 15:15). അതേ, നമ്മുടെ ദൈവം നമ്മെ കാത്തിരിക്കുന്നു. അവന്‍ നമ്മുടെ ഹൃദയത്തിന്റെ ഏറ്റവും ജ്ഞാനിയായ സഹായിയും നമ്മെ മനസ്സിലാക്കുന്ന സ്‌നേഹിതനുമാണ്. ഇപ്പോള്‍ അവനോടു സംസാരിക്കുക.