വര്‍ഷങ്ങള്‍കൊണ്ട് ഞാന്‍ വളരെയധികം കളിമണ്‍പാത്രങ്ങള്‍ ശേഖരിച്ചു. എനിക്കിഷ്ടപ്പെട്ട ഒന്ന് ഒരു പുരാവസ്തു സ്ഥലത്തു നിന്നും കുഴിച്ചെടുത്ത അബ്രഹാമിന്റെ കാലത്തെ ഒരു പാത്രമാണ്. കുറഞ്ഞപക്ഷം ഞങ്ങളുടെ ഭവനത്തിലുള്ള എന്നെക്കാള്‍ പ്രായമുള്ള ഒരു വസ്തു അതാണ്. അത് കാണാന്‍ അത്ര ഭംഗിയുള്ളതല്ല: കറപിടിച്ച്, പൊട്ടല്‍ വീണ്, അടര്‍ന്നുപോയ, തേച്ചുകഴുകേണ്ട അവസ്ഥയിലാണത്. ഞാന്‍ മണ്ണില്‍നിന്നും നിര്‍മ്മിക്കപ്പെട്ട ഒരു മനുഷ്യനാണ് എന്ന് എന്നെത്തന്നെ ഓര്‍മ്മിപ്പിക്കുന്നതിനാണ് ഞാന്‍ അതു സൂക്ഷിച്ചിരിക്കുന്നത്. ദുര്‍ബ്ബലവും ബലഹീനവും ആണെങ്കിലും ഞാന്‍ അളവറ്റതും വിലയേറിയതുമായ ഒരു നിധി വഹിക്കുന്നുണ്ട് – ‘ഈ നിക്ഷേപം ഞങ്ങള്‍ക്കു മണ്‍പാത്രങ്ങളില്‍ ആകുന്നു ഉള്ളത്” (2 കൊരിന്ത്യര്‍ 4:7).

പൗലൊസ് തുടരുന്നു: ‘ഞങ്ങള്‍ സകലവിധത്തിലും കഷ്ടം സഹിക്കുന്നവര്‍ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവര്‍
എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവര്‍ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവര്‍ എങ്കിലും
നശിച്ചുപോകുന്നില്ല” (വാ. 8-9). കഷ്ടം സഹിക്കുന്നവര്‍, ബുദ്ധിമുട്ടുന്നവര്‍, ഉപദ്രവം അനുഭവിക്കുന്നവര്‍, വീണുകിടക്കുന്നവര്‍. നമ്മിലുള്ള യേശുവിന്റെ ശക്തിയുടെ പ്രതിപ്രവര്‍ത്തനത്തിന്റെ ഫലമാണിവ.

‘യേശുവിന്റെ മരണം ശരീരത്തില്‍ എപ്പോഴും വഹിക്കുന്നു” (വാ. 10).ഓരോ ദിവസവും സ്വയത്തിനു മരിച്ച യേശുവിന്റെ സവിശേഷത ഈ മനോഭാവമായിരുന്നു. ഈ മനോഭാവം തന്നെയാണ് നമ്മുടെ സവിശേഷതയായും ഇരിക്കേണ്ടത്-നമ്മില്‍ വസിക്കുന്നവന്റെ പര്യാപ്തതയില്‍ പൂര്‍ണ്ണമായി ആശ്രയിച്ചുകൊണ്ട് സ്വയ-പ്രയത്‌നത്തിനു മരിക്കാനുള്ള ഒരു ഒരുക്കം.

‘യേശുവിന്റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ വെളിപ്പെടേണ്ടതിനു” (വാ. 10). ഇതാണ് ഫലം: യേശുവിന്റെ സൗന്ദര്യം ഒരു പഴയ മണ്‍പാത്രത്തില്‍ ദൃശ്യമാകുക.