ഒരു ചെറുപ്പക്കാരനെന്ന നിലയില്‍, ആവശ്യത്തിന് പണമില്ലെന്ന് ഡാനിയേല്‍ ഭയപ്പെട്ടിരുന്നു, അതിനാല്‍ ഇരുപതുകളുടെ തുടക്കത്തില്‍ അദ്ദേഹം തന്റെ ഭാവി കെട്ടിപ്പടുക്കാന്‍ തുടങ്ങി. ഒരു പ്രശസ്ത കമ്പ്യൂട്ടര്‍ കമ്പനിയില്‍ പടിപടിയായി ഉയര്‍ന്ന ഡാനിയേല്‍ ധാരാളം സമ്പത്ത് നേടി. അവന് ഒരു വലിയ ബാങ്ക് അക്കൗണ്ട്, ഒരു ആഢംബര കാര്‍, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഒരു വീട് എന്നിവ ഉണ്ടായിരുന്നു. താന്‍ ആഗ്രഹിച്ചതെല്ലാം അവനു ലഭിച്ചു, എന്നിട്ടും അവന്‍ അടിസ്ഥാനപരമായി അസന്തുഷ്ടനായിരുന്നു. ”എനിക്ക് ഉത്കണ്ഠയും അസംതൃപ്തിയും തോന്നി,” ഡാനിയേല്‍ പറഞ്ഞു. ”വാസ്തവത്തില്‍, സമ്പത്ത് യഥാര്‍ത്ഥത്തില്‍ ജീവിതത്തെ കൂടുതല്‍ വഷളാക്കും.” പണത്തിന്റെ കൂമ്പാരം സൗഹൃദമോ സമൂഹത്തെയോ സന്തോഷമോ നല്‍കിയില്ല – മറിച്ച് പലപ്പോഴും അയാള്‍ക്ക് കൂടുതല്‍ ഹൃദയവേദനയുണ്ടാക്കുകയും ചെയ്തു.
ചില ആളുകള്‍ തങ്ങളുടെ ജീവിതം സുരക്ഷിതമാക്കാനായി സമ്പത്ത് സ്വരൂപിക്കുന്നതിന് വളരെയധികം ഊര്‍ജ്ജം ചെലവഴിക്കും. ഇതൊരു വിഡ്ഢിയുടെ കളിയാണ്. ”ദ്രവ്യപ്രിയന് ഒരുനാളും തൃപ്തി വരുന്നില്ല,” എന്നു തിരുവെഴുത്ത് തറപ്പിച്ചു പറയുന്നു (സഭാപ്രസംഗി 5:10). ചിലര്‍ അസ്ഥി നുറുങ്ങും വരെ പ്രവര്‍ത്തിക്കും. അവര്‍ പരിശ്രമിക്കുകയും മുന്നോട്ടായുകയും ചെയ്യും, അവരുടെ സമ്പത്തിനെ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തുകയും ചില സാമ്പത്തിക നിലവാരം കൈവരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. അവര്‍ ആഗ്രഹിച്ച സാമ്പത്തിക സ്വാതന്ത്ര്യം നേടിയാലും, അവര്‍ ഇപ്പോഴും തൃപ്തരല്ല. അതു പോരാ. സഭാപ്രസംഗിയുടെ എഴുത്തുകാരന്‍ പറയുന്നതുപോലെ, ”അതു മായയത്രേ” (വാക്യം 10).
ദൈവത്തെക്കൂടാതെ സാക്ഷാത്ക്കാരം കണ്ടെത്താന്‍ ശ്രമിക്കുന്നത് നിരര്‍ത്ഥകമാകുമെന്നതാണ് സത്യം. കഠിനാധ്വാനം ചെയ്യാനും നമ്മുടെ നന്മകള്‍ ലോകത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കാനും തിരുവെഴുത്ത് നമ്മെ വിളിക്കുമ്പോള്‍, നമ്മുടെ ആഴമേറിയ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താന്‍ തക്കവിധം നമുക്ക് ഒരിക്കലും ശേഖരിക്കാനാവില്ല. യേശു മാത്രമാണ് യഥാര്‍ത്ഥവും സംതൃപ്തിദായകവുമായ ഒരു ജീവിതം വാഗ്ദാനം ചെയ്യുന്നത് (യോഹന്നാന്‍ 10:10) – ഒരു സ്നേഹസമ്പന്നമായ ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള ഒന്ന്, അതു ധാരാളമാണ്!