ഓരോ ദിവസവും യെരുശലേമിലെ ഒരു പോസ്റ്റോഫീസില്‍, വിതരണം ചെയ്യാത്ത കത്തുകള്‍ അത് എങ്ങനെയങ്കിലും സ്വീകര്‍ത്താവിന് എത്തിക്കാനുള്ള ശ്രമത്തില്‍ വീണ്ടും പരിശോധിക്കുന്നു. ഒടുവില്‍ പലതും ‘ദൈവത്തിനുള്ള കത്തുകള്‍’ എന്ന് അടയാളപ്പെടുത്തിയ ഒരു പെട്ടിയില്‍ ചെന്ന് അവസാനിക്കുന്നു.
ഓരോ വര്‍ഷവും അത്തരം ആയിരത്തോളം കത്തുകള്‍ യെരൂശലേമില്‍ എത്തുന്നു, അവയില്‍ ദൈവത്തിന് അല്ലെങ്കില്‍ യേശുവിന് എന്ന വിലാസം മാത്രമേ കാണുകയുള്ളു. അവ എന്തുചെയ്യണമെന്നറിയാതിരുന്ന ഒരു ജോലിക്കാരന്‍ ആ കത്തുകള്‍ യെരുശലേമിന്റെ പടിഞ്ഞാറന്‍ മതിലിലേക്ക് കൊണ്ടുപോയി മതിലിന്റെ കൂറ്റന്‍ കല്ലുകള്‍ക്കിടയില്‍ മറ്റ് പ്രാര്‍ത്ഥനാ കുറിപ്പുകളുടെ ഇടയില്‍ വയ്ക്കുവാന്‍ തുടങ്ങി. മിക്ക കത്തുകളും ജോലി, ജീവിതപങ്കാളി, ആരോഗ്യം എന്നിവയ്ക്കുള്ള അപേക്ഷകളായിരുന്നു. ചിലര്‍ ക്ഷമ ചോദിക്കുന്നു, മറ്റുള്ളവര്‍ നന്ദി പറയുന്നു. മരിച്ചുപോയ ഭാര്യയ്ക്ക് സ്വപ്‌നങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയുമോ എന്ന് ഒരാള്‍ ദൈവത്തോട് ചോദിച്ചു, കാരണം അയാള്‍ അവളെ ഒരിക്കല്‍ കൂടി കാണാനാഗ്രഹിച്ചു. ഈ കത്തുകള്‍ ദൈവത്തിന്റെ പക്കല്‍ എത്തിച്ചേരുമെങ്കില്‍ ദൈവം അത് കേള്‍ക്കുമെന്ന് ഓരോ വ്യക്തിയും വിശ്വസിച്ചു.
മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോള്‍ യിസ്രായേല്യര്‍ ധാരാളം കാര്യങ്ങള്‍ പഠിച്ചു. അവരുടെ ദൈവം അക്കാലത്ത് അറിയപ്പെട്ടിരുന്ന മറ്റ് ദേവന്മാരെപ്പോലെയല്ല – വിദൂരത്തുള്ള, ബധിരനായ, ഒരു പ്രദേശത്തു മാത്രം ഒതുങ്ങുന്ന, നീണ്ട തീര്‍ത്ഥാടനത്തിലൂടെയോ അന്തര്‍ദ്ദേശീയ മെയിലുകളിലൂടെയോ മാത്രം സമീപിക്കാന്‍ കഴിയുന്ന ദൈവം – എന്നതായിരുന്നു ഒരു പാഠം. ഇല്ല, ”നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവന്‍ നമുക്ക് അടുത്തിരിക്കുന്നു” (ആവര്‍ത്തനം 4: 7). മറ്റ് ഏത് ആളുകള്‍ക്ക് ഇത് അവകാശപ്പെടാനാകും? ഇതൊരു വിപ്ലവകരമായ വാര്‍ത്തയായിരുന്നു!
ദൈവം യെരുശലേമില്‍ താമസിക്കുന്നില്ല. നമ്മള്‍ എവിടെയായിരുന്നാലും അവന്‍ നമ്മുടെ അടുത്താണ്. ചിലര്‍ ഇപ്പോഴും ഈ സമൂലമായ സത്യം കണ്ടെത്തേണ്ടതുണ്ട്. ആ ഓരോ കത്തിനും മറുപടി അയയ്ക്കാന്‍ കഴിഞ്ഞാല്‍ അതിപ്രകാരമായിരിക്കും, ദൈവം നിങ്ങളുടെ അരികില്‍ തന്നെയുണ്ട്്. അവനോട് സംസാരിക്കുക.