ആലാപന വിപ്ലവം
ഒരു വിപ്ലവം ജ്വലിപ്പിക്കാന്‍ എന്താണ് വേണ്ടത്? തോക്കുകള്‍? ബോംബുകള്‍? ഗറില്ലാ യുദ്ധമുറ? 1980-കളുടെ അവസാനത്തിലെ എസ്റ്റോണിയ, പാട്ടുകള്‍ ആണുപയോഗിച്ചത്. ജനങ്ങള്‍ പതിറ്റാണ്ടുകളായി സോവിയറ്റ് അധിനിവേശത്തിന്റെ ഭാരം വഹിച്ചതിനുശേഷം, ദേശസ്നേഹഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ഒരു പ്രസ്ഥാനം ആരംഭിച്ചു. ഈ ഗാനങ്ങള്‍ ''ആലാപന വിപ്ലവത്തിനു'' ജന്മം നല്കി, അതാണ് 1991 ല്‍ എസ്റ്റോണിയന്‍ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.
''ഇത് ഒരു അക്രമരഹിത വിപ്ലവമായിരുന്നു, അത് വളരെ അക്രമാസക്തമായ ഒരു അധിനിവേശത്തെ അട്ടിമറിച്ചു,'' പ്രസ്ഥാനത്തെ വിവരിക്കുന്ന ഒരു വെബ്സൈറ്റ് പറയുന്നു. 'എങ്കിലും എസ്റ്റോണിയക്കാര്ക്ക് അമ്പതുവര്‍ഷത്തെ സോവിയറ്റ് ഭരണം നിലനില്ക്കുമ്പോള് തന്നേ ആലാപനം എല്ലായ്പ്പോഴും അവരെ ഒരുമിപ്പിക്കുന്ന ഒരു പ്രധാന ശക്തിയായിരുന്നു.'
നമ്മുടെ സ്വന്തം പ്രയാസകരമായ സമയങ്ങളെ അതിജീവിക്കുന്നതിനു സഹായിക്കുന്നതിലും സംഗീതത്തിന് ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. അതുകൊണ്ടാണ് സങ്കീര്‍ത്തനങ്ങളോട് നാം പെട്ടെന്ന് താദാത്മ്യപ്പെടുന്നത് എന്ന് ഞാന്‍ ചിന്തിക്കുന്നു. ആത്മാവിന്റെ ഇരുണ്ട രാത്രിയിലാണ് സങ്കീര്ത്തനക്കാരന് ഇങ്ങനെ പാടിയത്, ''എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളില്‍ ഞരങ്ങുന്നതെന്ത്? ദൈവത്തില്‍ പ്രത്യാശ വയ്ക്കുക; അവന് എന്റെ മുഖപ്രകാശരക്ഷയും എന്റെ ദൈവവുമാകുന്നു. എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും'' (സങ്കീര്‍ത്തനം 42:5). അഗാധമായ നിരാശയുടെ ഒരു കാലഘട്ടത്തിലാണ് ആരാധനാ നേതാവായ ആസാഫ് സ്വയം ഇങ്ങനെ ഓര്‍മ്മിപ്പിച്ചത്, ''ദൈവം യിസ്രായേലിന്, നിര്‍മ്മലഹൃദയമുള്ളവര്‍ക്കു തന്നേ, നല്ലവന്‍ ആകുന്നു നിശ്ചയം'' (73: 1).
വെല്ലുവിളികള്‍ നിറഞ്ഞ നമ്മുടെ സമയങ്ങളില്‍, സങ്കീര്ത്തനക്കാരോടൊപ്പം നമ്മുടെ ഹൃദയത്തില്‍ ഒരു ആലാപന വിപ്ലവത്തില്‍ നമുക്കും പങ്കുചേരാം. അത്തരമൊരു വിപ്ലവം, ദൈവത്തിന്റെ വലിയ സ്നേഹത്തിലും വിശ്വസ്തതയിലും ഉള്ള വിശ്വാസത്താല്‍ പ്രചോദിപ്പിക്കപ്പെട്ട ആത്മവിശ്വാസത്താല്‍ നമ്മിലുള്ള നിരാശയുടെയും ആശയക്കുഴപ്പത്തിന്റെയും ആധിപത്യത്തെ കീഴടക്കും.
കാലാവസ്ഥാ നിരീക്ഷകന് വരുത്തിയ തെറ്റ്
1938 സെപ്റ്റംബര്‍ 21 ന് ഉച്ചതിരിഞ്ഞ്, ഒരു യുവ കാലാവസ്ഥാ നിരീക്ഷകന്, ഒരു ചുഴലിക്കാറ്റ് വടക്കോട്ട് ന്യൂ ഇംഗ്ലണ്ട് ലക്ഷ്യമാക്കി നീങ്ങുന്നു എന്ന മുന്നറിയിപ്പ് യുഎസ് വെതര്‍ ബ്യൂറോയ്ക്ക് നല്കി. എന്നാല്‍ ബ്യൂറോയുടെ തലവന്‍, ചാള്‍സ് പിയേഴ്സിന്റെ പ്രവചനത്തെ പരിഹസിച്ചു. തീര്‍ച്ചയായും ഒരു ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഇത്രയും വടക്കോട്ട് നീങ്ങിയ ചരിത്രമില്ല.
രണ്ട് മണിക്കൂറിനുശേഷം, 1938 ലെ ന്യൂ ഇംഗ്ലണ്ട് ചുഴലിക്കാറ്റ് ലോംഗ് ദ്വീപില്‍ മണ്ണിടിച്ചില്‍ ഉണ്ടാക്കി. വൈകുന്നേരം 4 മണിയോടെ അത് ന്യൂ ഇംഗ്ലണ്ടിലെത്തുകയും കപ്പലുകളെ കരയിലേക്ക് വലിച്ചെറിയുകയും വീടുകളെ കടലില്‍ തള്ളിയിടുകയും ചെയ്തു. അറുനൂറിലധികം ആളുകള്‍ മരിച്ചു. കൃത്യമായ വിവരങ്ങളുടേയും വിശദമായ മാപ്പുകളുടെയും അടിസ്ഥാനത്തില്‍ ഉള്ള പിയേഴ്സിന്റെ മുന്നറിയിപ്പ് ആളുകള്‍ക്കു ലഭിച്ചിരുന്നെങ്കില്‍, അവര്‍ ജീവനോടിരിക്കുമായിരുന്നു.
ആരുടെ വാക്കാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിയുക എന്ന ആശയത്തിന് വേദപുസ്തകം മുന്‍ഗണന നല്കുന്നു.
യിരെമ്യാവിന്റെ കാലത്ത്, വ്യാജ പ്രവാചകന്മാര്ക്കെതിരെ ദൈവം തന്റെ ജനത്തിന് മുന്നറിയിപ്പ് നല്കി. ''നിങ്ങളോട് പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുത്; അവര്‍ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ
വായില്‍നിന്നുള്ളതല്ല സ്വന്ത ഹൃദയത്തിലെ ദര്‍ശനമത്രേ അവര്‍ പ്രവചിക്കുന്നത്'' (യിരെമ്യാവ് 23:16). ദൈവം അവരെക്കുറിച്ച് പറഞ്ഞു, ''അവര്‍ എന്റെ ആലോചനസഭയില്‍ നിന്നിരുന്നുവെങ്കില്‍, എന്റെ വചനങ്ങളെ എന്റെ ജനത്തെ കേള്‍പ്പിച്ച് അവരെ അവരുടെ ആകാത്ത വഴിയില്‍നിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തില്‍നിന്നും തിരിപ്പിക്കുമായിരുന്നു'' (വാ. 22).
'കള്ളപ്രവാചകന്മാര്'' ഇപ്പോഴും നമ്മോടൊപ്പമുണ്ട്. ദൈവത്തെ മൊത്തത്തില്‍ അവഗണിക്കുകയോ അവരുടെ ഉദ്ദേശ്യങ്ങള്‍ക്കനുസൃതമായി അവന്റെ വാക്കുകള്‍ വളച്ചൊടിക്കുകയോ ചെയ്യുന്ന ''വിദഗ്ദ്ധര്‍'' ഉപദേശം നല്കുന്നു. എന്നാല്‍, തന്റെ വചനത്തിലൂടെയും ആത്മാവിലൂടെയും, സത്യത്തില്‍ നിന്ന് വ്യാജം തിരിച്ചറിയാന്‍ വേണ്ട കാര്യങ്ങള്‍ ദൈവം നമുക്ക് നല്കി. അവിടുത്തെ വചനത്തിന്റെ സത്യത്താല്‍ നാം എല്ലാം അളക്കുമ്പോള്‍, നമ്മുടെ സ്വന്തം വാക്കുകളും ജീവിതവും ആ സത്യം മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കും.
സംരക്ഷിക്കപ്പെടുക
വീടുവൃത്തിയാക്കല്‍ സേവനം നല്കുന്ന ഒരു സ്ഥാപനത്തിന്റെ ഉടമയായ ഡെബി എല്ലായ്പ്പോഴും അവളുടെ ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനായി കൂടുതല്‍ ഉപഭോക്താക്കളെ തിരയുന്നു. ഒരു സംഭാഷണത്തില്‍, ''എനിക്ക് ഇപ്പോള്‍ അത് താങ്ങാനാവില്ല; ഞാന്‍ കാന്‍സര്‍ ചികിത്സയിലാണ് '' എന്നു പ്രതികരിച്ച ഒരു സ്ത്രീയോട് അവള് സംസാരിച്ചു. അപ്പോള്‍ തന്നെ ഡെബി തീരുമാനിച്ചു, ''കാന്‍സര്‍ ചികിത്സയ്ക്ക് വിധേയരാകുന്ന ഒരു സ്ത്രീയും ഒരിക്കലും നിരസിക്കപ്പെടുകയില്ല. അവര്‍ക്ക് സൗജന്യ ഹൗസ് ക്ലീനിംഗ് സേവനം നല്‍കുന്നതാണ്'' അതിനാല്‍ 2005 ല്‍ അവള് ഒരു ലാഭരഹിത സംഘടന ആരംഭിച്ചു, അവിടെ കമ്പനികള്‍ അവരുടെ ക്ലീനിംഗ് സേവനങ്ങള്‍ ക്യാന്‍സറിനെ നേരിടുന്ന സ്ത്രീകള്‍ക്ക് നല്കി. അത്തരമൊരു സ്ത്രീ ഒരു വൃത്തിയുള്ള വീട്ടിലെത്തിയപ്പോള്‍ അവളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. അവള് പറഞ്ഞു, ''ഞാന്‍ ക്യാന്‍സറിനെ തോല്‍പ്പിക്കുമെന്ന് ആദ്യമായി യഥാര്‍ത്ഥമായി വിശ്വസിച്ചു.''
നാം ഒരു വെല്ലുവിളി നേരിടുമ്പോള്‍ പരിപാലിക്കാനും പിന്തുണയ്ക്കാനും ആളുണ്ടെന്ന തോന്നല്‍ നമ്മെ നിലനിര്‍ത്താന്‍ സഹായിക്കും. ദൈവത്തിന്റെ സാന്നിധ്യത്തെയും പിന്തുണയെയും കുറിച്ചുള്ള അവബോധം പ്രത്യേകിച്ചും നമ്മുടെ ആത്മാവിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യാശ നല്കുന്നു. പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന അനേകരുടെ പ്രിയങ്കരമായ 46-ാം സങ്കീര്‍ത്തനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു: ''ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന് ഏറ്റവും അടുത്ത തുണയായിരിക്കുന്നു.'', ''മിണ്ടാതിരുന്നു, ഞാന്‍ ദൈവമെന്ന് അറിഞ്ഞുകൊള്വിന്; ഞാന്‍ ജാതികളുടെ ഇടയില്‍ ഉന്നതന് ആകും; ഞാന്‍ ഭൂമിയില്‍ ഉന്നതന് ആകും; സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെയുണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗ്ഗം ആകുന്നു' (വാ. 1, 10-11).
ദൈവത്തിന്റെ വാഗ്ദത്തങ്ങളെക്കുറിച്ചും നമ്മോടൊപ്പമുള്ള അവന്റെ സാന്നിധ്യത്തെക്കുറിച്ചും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് നമ്മുടെ ഹൃദയത്തെ പുതുക്കാനും കഠിനമായ സമയങ്ങളിലൂടെ കടന്നുപോകാനുള്ള ധൈര്യവും ആത്മവിശ്വാസവും നല്‍കാനുമുള്ള ഒരു മാര്‍ഗമാണ്.
സഹായിക്കാന്‍ കഴിവുള്ളവന്
ജോ ജോലിയില്‍ നിന്ന് എട്ട് ആഴ്ചത്തെ ''അവധി'' എടുത്തത് ആഘോഷിക്കാനായിരുന്നില്ല, പ്രകൃതിദുരന്തത്തിന് ഇരയായവരെ സഹായിക്കാനായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, ''ഭവനരഹിതരുടെ ഇടയില്‍ വീണ്ടും ജീവിക്കുക, അവരില്‍ ഒരാളാകുക, വിശപ്പും ക്ഷീണവും മറ്റുള്ളവരാല്‍ വിസ്മരിക്കപ്പെടുന്നതും എന്താണെന്ന് ഓര്‍മിക്കുക'' എന്നതായിരുന്നു ആ ഇടവേള. ജോയുടെ തെരുവുകളുമായുള്ള പരിചയം ഒന്‍പത് വര്‍ഷം മുമ്പ് ആദ്യമായി നഗരത്തിലെത്തിയപ്പോള്‍ ജോലിയോ താമസിക്കാനുള്ള സ്ഥലമോ ഇല്ലാതെ ജീവിച്ചതാണ്. പതിമൂന്ന് ദിവസം അദ്ദേഹം തെരുവുകളില്‍ കാര്യമായ ഭക്ഷണമോ ഉറക്കമോ ഇല്ലാതെ താമസിച്ചു. അങ്ങനെയാണ് ദരിദ്രരായ ആളുകളുടെ ഇടയില്‍ പതിറ്റാണ്ടുകളുടെ ശുശ്രൂഷയ്ക്കായി ദൈവം അവനെ ഒരുക്കിയത്.
യേശു ഭൂമിയില്‍ വന്നപ്പോള്‍, താന്‍ രക്ഷിക്കാനെത്തിയവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതും തിരഞ്ഞെടുത്തു. ''മക്കള്‍ ജഡരക്തങ്ങളോടു കൂടിയവര്‍ ആകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോടു
കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താല്‍ നീക്കി ജീവപര്യന്തം മരണഭീതിയാല്‍ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു'' (എബ്രായര്‍ 2:14,15). ജനനം മുതല്‍ മരണം വരെ, ക്രിസ്തുവിന്റെ മാനുഷിക അനുഭവത്തില്‍ നിന്ന് പാപം മാത്രമേ മാറിനിന്നുള്ളു (4:15). അവന് പാപത്തെ ജയിച്ചതിനാല്‍, നാം പാപം ചെയ്യാന്‍ പ്രലോഭിപ്പിക്കപ്പെടുമ്പോള്‍ അവന് നമ്മെ സഹായിക്കാന്‍ കഴിയും.
നമ്മുടെ ഭൗമിക ഉത്ക്കണ്ഠകളെ യേശുവിന് വീണ്ടും പരിചയപ്പെടേണ്ടതില്ല. നമ്മെ രക്ഷിക്കുന്നവന് നാമുമായി ആഴമായി ബന്ധപ്പെട്ടിരിക്കുന്നു; അവനു നമ്മില്‍ ആഴത്തിലുള്ള താത്പര്യവുമുണ്ട്. നാം ജീവിതത്തില്‍ എന്തുതന്നെ നേരിട്ടാലും, നമ്മുടെ ഏറ്റവും വലിയ ശത്രുവായ പിശാചില്‍ നിന്ന് നമ്മെ രക്ഷിച്ചവന് (2:14), നമ്മുടെ ഏറ്റവും വലിയ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കാന്‍ തയ്യാറാണെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാം.
ദൈവത്തിനായുള്ള വിശപ്പ്
യേശുവിലുള്ള ഒരു പുതിയ വിശ്വാസി ബൈബിള്‍ വായിക്കാന്‍ അതിയായി ആഗ്രഹിച്ചു. എന്നിരുന്നാലും, ഒരു സ്ഫോടനത്തില്‍ അയാള്‍ക്ക് കാഴ്ചശക്തിയും രണ്ട് കൈകളും നഷ്ടപ്പെട്ടു. ചുണ്ടുകള്‍ ഉപയോഗിച്ച് ബ്രെയ്ലി വായിച്ച ഒരു സ്ത്രീയെക്കുറിച്ച് കേട്ടപ്പോള്‍, അയാള്‍ അതു ചെയ്യാന്‍ ശ്രമിച്ചു - എന്നാല്‍ അയാളുടെ ചുണ്ടുകളുടെ അറ്റത്തുള്ള നാഡികളും നശിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തി. പിന്നീട്, ബ്രെയ്ലി അക്ഷരങ്ങളെ നാവുകൊണ്ട് മനസ്സിലാക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയപ്പോള്‍ അദ്ദേഹത്തിന് സന്തോഷം തോന്നി! തിരുവെഴുത്തുകള്‍ വായിക്കാനും ആസ്വദിക്കാനും അദ്ദേഹം ഒരു വഴി കണ്ടെത്തി.
ദൈവവചനം ലഭിച്ചപ്പോള്‍ യിരെമ്യാ പ്രവാചകന് അനുഭവിച്ച വികാരങ്ങളാണ് സന്തോഷവും ആനന്ദവും. ''ഞാന്‍ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങള്‍ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന് ആനന്ദവും ആയി'' (യിരെമ്യാവ് 15:16). തന്റെ വചനങ്ങളെ പുച്ഛിച്ച യഹൂദജനതയില്‍ നിന്ന് വ്യത്യസ്തമായി (8: 9), യിരെമ്യാവ് അവയെ അനുസരിക്കുന്നവനും അവയില്‍ സന്തോഷിക്കുന്നവനുമായിരുന്നു. എന്നിരുന്നാലും, അവന്റെ അനുസരണം പ്രവാചകനെ സ്വന്തം ജനത നിരസിക്കുന്നതിലേക്കും അന്യായമായി പീഡിപ്പിക്കുന്നതിലേക്കും നയിച്ചു (15:17).
നമ്മില്‍ ചിലര്‍ക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടാകാം. ഒരിക്കല്‍ നാം സന്തോഷത്തോടെ ബൈബിള്‍ വായിച്ചു, എന്നാല്‍ ദൈവത്തോടുള്ള അനുസരണം മറ്റുള്ളവരില്‍ നിന്നുള്ള കഷ്ടപ്പാടുകള്‍ക്കും തിരസ്കരണത്തിനും കാരണമായി. യിരെമ്യാവിനെപ്പോലെ, നമ്മുടെ ആശയക്കുഴപ്പത്തെ ദൈവത്തോടു പറയാം. യിരെമ്യാവിനെ ഒരു പ്രവാചകനാകാന്‍ ആദ്യം വിളിച്ചപ്പോള്‍ നല്കിയ വാഗ്ദാനം ആവര്‍ത്തിച്ചുകൊണ്ട് അവന് ഉത്തരം നല്കി (വാ. 19-21; 1:18-19 കാണുക). താന്‍ ഒരിക്കലും തന്റെ ജനത്തെ കൈവിടില്ലെന്ന് ദൈവം അവനെ ഓര്‍മ്മിപ്പിച്ചു. നമുക്കും ഇതേ ആത്മവിശ്വാസം അവന് നല്കുന്നു. അവന് വിശ്വസ്തനാണ്, നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയില്ല.