അമ്പതിനായിരത്തോളം സ്ത്രീകളെ നാസികള്‍ കൂട്ടക്കൊല ചെയ്ത റാവന്‍സ്ബ്രൂക്ക് തടങ്കല്‍പ്പാളയത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ചുരുട്ടിക്കൂട്ടിയ നിലയില്‍ താഴെപ്പറയുന്ന പ്രാര്‍ത്ഥന വിമോചനപ്പടയാളികള്‍ കണ്ടെത്തി: ‘കര്‍ത്താവേ, സല്‍സ്വഭാവമുള്ള പുരുഷന്മാരെയും സ്ത്രീകളെയും മാത്രമല്ല, ദുഷ്ടന്മാരെയും ഓര്‍ക്കുക. എന്നാല്‍ അവര്‍ ഞങ്ങളില്‍ വരുത്തിയ കഷ്ടതകളെ ഓര്‍ക്കരുത്. ഈ കഷ്ടപ്പാടുകള്‍ വരുത്തിയ ഫലങ്ങള്‍ ഓര്‍ക്കുക – ഞങ്ങളുടെ സഖിത്വം, വിശ്വസ്തത, വിനയം, ധൈര്യം, ഔദാര്യം, ഹൃദയത്തിന്റെ മഹത്വം എന്നിവ ഇതില്‍ നിന്ന് വളര്‍ന്നു. അവര്‍ ന്യായവിധിയില്‍ വരുമ്പോള്‍, നാം പുറപ്പെടുവിച്ച ഫലങ്ങളെല്ലാം അവരുടെ പാപമോചനമായിരിക്കട്ടെ.’
ഈ പ്രാര്‍ത്ഥന എഴുതിയ ഭീതിതയായ സ്ത്രീ അനുഭവിച്ച ഭയവും വേദനയും എനിക്ക് സങ്കല്പ്പിക്കാന് പോലും കഴിയില്ല. ഈ വാക്കുകള്‍ എഴുതാന്‍ അവള്‍ക്ക് എന്ത് തരത്തിലുള്ള വിശദീകരിക്കാനാവാത്ത കൃപ ആവശ്യമാണെന്ന് എനിക്ക് ഊഹിക്കാനാവില്ല. അവള് അചിന്തനീയമായത് ചെയ്തു: പീഡിപ്പിച്ചവര്‍ക്കുവേണ്ടി അവള് ദൈവത്തിന്റെ പാപക്ഷമയ്ക്ക് അപേക്ഷിച്ചു.
ഈ പ്രാര്‍ത്ഥന ക്രിസ്തുവിന്റെ പ്രാര്‍ത്ഥനയെ പ്രതിധ്വനിക്കുന്നു. ജനങ്ങളുടെ മുമ്പാകെ തെറ്റായി ആരോപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും അടിയേല്‍ക്കുകയും അപമാനിക്കപ്പെടുകയും ചെയ്തശേഷം യേശുവിനെ ”അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു’ (ലൂക്കൊസ് 23:33). പരുക്കന്‍ മരക്കുരിശില്‍ മുറിവേറ്റു വികൃതമായ ശരീരത്തോടെ ശ്വാസോച്ഛ്വാസത്തിനു ബുദ്ധിമുട്ടി തൂങ്ങിക്കിടക്കുന്ന യേശു തന്നെ പീഡിപ്പിക്കുന്നവരോട് ന്യായവിധി പ്രഖ്യാപിക്കുമെന്നും പ്രതികാരം അല്ലെങ്കില്‍ ദിവ്യനീതി തേടുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. എന്നിരുന്നാലും, എല്ലാ മനുഷ്യരുടെയും പ്രേരണയ്ക്ക് വിരുദ്ധമായ ഒരു പ്രാര്‍ത്ഥന യേശു പറഞ്ഞു: ”പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കണമേ” (വാ. 34).
യേശു നല്കുന്ന പാപമോചനം അസാധ്യമാണെന്ന് തോന്നാം പക്ഷേ അവിടുന്ന് അത് നമുക്ക് വാഗ്ദാനം ചെയ്യുന്നു. അവന്റെ ദിവ്യകൃപയില്‍, അസാധ്യമായ പാപമോചനം സൗജന്യമായി ലഭിക്കുന്നു.
ദൈവത്തിന്റെ അസാധ്യമായ പാപമോചനം നിങ്ങളെ എങ്ങനെ മാറ്റി? അവനില്‍ യഥാര്‍ത്ഥ പാപമോചനം അനുഭവിക്കാന്‍ മറ്റുള്ളവരെ എങ്ങനെ നിങ്ങള്‍ക്കു സഹായിക്കാനാവും?
ദൈവമേ, അങ്ങയുടെ പാപമോചനം വിചിത്രവും അസാധ്യവുമാണെന്നു തോന്നാം. ഞങ്ങളുടെ വേദനയില്‍, ഈ സാധ്യത സങ്കല്പ്പിക്കാന് പ്രയാസമാണ്. ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ സ്നേഹം ഞങ്ങളെ പഠിപ്പിക്കുക.