എനിക്ക് എപ്പോഴും വസ്തുക്കള്‍ ശേഖരിക്കുന്നയാളുടെ ഒരു മനസ്സാണുള്ളത. കുട്ടിക്കാലത്ത് ഞാന്‍ സ്റ്റാമ്പുകള്‍ ശേഖരിച്ചു. നാണയങ്ങള്‍. കോമിക്കുകള്. ഇപ്പോള്‍, ഒരു രക്ഷകര്‍ത്താവ് എന്ന നിലയില്‍, എന്റെ കുട്ടികളിലും ഇതേ താല്‍പ്പര്യം ഞാന്‍ കാണുന്നു. ചിലപ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്, നിങ്ങള്‍ക്ക് ശരിക്കും മറ്റൊരു ടെഡി ബെയറിന്റെ ആവശ്യമുണ്ടോ?
തീര്‍ച്ചയായും, ഇത് ആവശ്യകതയെക്കുറിച്ചല്ല. ഇത് പുതിയ ചിലതിന്റെ ആകര്‍ഷണത്തെക്കുറിച്ചാണ്. അല്ലെങ്കില്‍ ചിലപ്പോള്‍ പഴയതും അപൂര്‍വമായതുമായ എന്തെങ്കിലും നമ്മെ ആകര്‍ഷിക്കുന്നത്. നമ്മുടെ ഭാവനയെ ആകര്ഷിക്കുന്നതെന്തിനെക്കുറിച്ചും, നമുക്ക് ”എക്സ്” ഉണ്ടായിരുന്നുവെങ്കില്‍ നമ്മുടെ ജീവിതം മികച്ചതായിരിക്കുമെന്ന് വിശ്വസിക്കാന്‍ നാം പ്രലോഭിപ്പിക്കപ്പെടുന്നു. നാം സന്തുഷ്ടരാകും. സംതൃപ്തരാകും.
എന്നാല്‍ അവയൊന്നും ഒരിക്കലും നന്മ നല്കുകയില്ല. എന്തുകൊണ്ട്? കാരണം, ദൈവം നമ്മെ സൃഷ്ടിച്ചത് അവനാല്‍ നാം നിറയപ്പെടാനാണ്, അല്ലാതെ നമ്മുടെ ഹൃദയങ്ങളെ തൃപ്തിപ്പെടുത്തുമെന്നു നാം വിചാരിക്കുന്ന നമ്മുടെ ചുറ്റുമുള്ള ലോകത്തിലെ വസ്തുക്കള്‍കൊണ്ടു നാം നിറയപ്പെടാനല്ല.
ഈ പിരിമുറുക്കം പുതിയതല്ല. സദൃശവാക്യങ്ങള്‍ രണ്ട് ജീവിതരീതികളെ താരതമ്യപ്പെടുത്തുന്നു: ദൈവത്തെ സ്നേഹിക്കുന്നതിലും ഉദാരമായി നല്‍കുന്നതിലും അധിഷ്ഠിതമായ ഒരു ജീവിതവും സമ്പത്തിന്റെ പുറകേ പോകുന്ന ഒരു ജീവിതവും. സദൃശവാക്യങ്ങള്‍ 11: 28-ല്‍ ഇപ്രകാരം പറയുന്നു: ”വസ്തുക്കള്‍ക്കായി നീക്കിവച്ചിരിക്കുന്ന ജീവിതം മരിച്ച ജീവിതമാണ്, ഒരു മരക്കഷണം; ദൈവത്താല്‍ രൂപപ്പെടുത്തപ്പെട്ട ജീവിതം തഴച്ചുവളരുന്ന വൃക്ഷമാണ്.’
എന്തൊരു ചിത്രം! ജീവിതത്തിന്റെ രണ്ട് വഴികള്‍: ഒന്ന് തഴച്ചുവളരുന്നതും ഫലദായകവുമാണ്, ഒന്ന് പൊള്ളയായതും ഫലശൂന്യവും. ഭൗതിക സമൃദ്ധി ”നല്ല ജീവിത”ത്തിന് തുല്യമാണെന്ന് ലോകം തറപ്പിച്ചുപറയുന്നു. നേരെമറിച്ച്, തന്നില്‍ വേരൂന്നാനും അവന്റെ നന്മ അനുഭവിക്കാനും ഫലപ്രദമായി തഴച്ചുവളരാനും ദൈവം നമ്മെ ക്ഷണിക്കുന്നു. അവനുമായുള്ള നമ്മുടെ ബന്ധത്താല്‍ നാം രൂപപ്പെടുമ്പോള്‍, ദൈവം അകത്തു നിന്ന് നമ്മെ രൂപാന്തരപ്പെടുത്തിക്കൊണ്ട് നമ്മുടെ ഹൃദയങ്ങളെയും ആഗ്രഹങ്ങളെയും പുനര്‍രൂപപ്പെടുത്തുന്നു.
എപ്പോഴാണ് ഭൗതിക കാര്യങ്ങളില്‍ അനാവശ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിങ്ങള്‍ക്ക് ഒരു പ്രധാന ആത്മീയ പോരാട്ടമായി മാറിയിട്ടുള്ളത്? നിങ്ങളുടെ ആഗ്രഹങ്ങളെ ശരിയായ വീക്ഷണകോണില്‍ നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്നതെന്താണ്?
പിതാവേ, അങ്ങു നല്കുന്ന നല്ല ദാനങ്ങള്‍ക്ക് നന്ദി. ഈ ലോകത്തിലെ കാര്യങ്ങളെക്കാള്‍ അങ്ങയില്‍ ആശ്രയിക്കാന്‍ എന്നെ സഹായിക്കണമേ.