ഒരു സെമിനാരിയുടെ അമ്പതാം വാര്‍ഷികത്തില്‍ ഞാന്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, സുഹൃത്തുക്കള്‍ എന്നിവരെ അഭിസംബോധന ചെയ്ത ദിവസമാണ് എന്റെ ജീവിതത്തില്‍ നേരിട്ടിട്ടുള്ള ഏറ്റവും അപമാനകരമായ അനുഭവം. എന്റെ പ്രസംഗം കൈയില്‍ പിടിച്ച് ഞാന്‍ പ്രസംഗപീഠത്തെ സമീപിച്ചു, വിശാലമായ ജനക്കൂട്ടത്തെ നോക്കി, പക്ഷേ മുന്‍നിരയില്‍ അക്കാദമിക് ഗൗണ്‍ ധരിച്ച് വളരെ ഗൗരവത്തോടെ ഇരിക്കുന്ന പ്രശസ്തരായ പ്രൊഫസര്‍മാരുടെ മേല്‍ എന്റെ കണ്ണു പതിച്ചു. പെട്ടെന്ന് എന്റെ സ്ഥലകാലബോധം നഷ്ടപ്പെടുകയും എന്റെ വായ വരളുകയും എന്റെ തലച്ചോറ് എന്നില്‍ നിന്ന് അകന്നുപോകയും ചെയ്തു. ആദ്യത്തെ കുറച്ച് വാക്കുകള്‍ പറയുമ്പോള്‍ ഞാന്‍ ഇടറി, തുടര്‍ന്ന് മെച്ചപ്പെടാന്‍ തുടങ്ങി. എന്റെ പ്രഭാഷണത്തില്‍ ഞാന്‍ എവിടെ എത്തി എന്നറിയാതിരുന്നതിനാല്‍ ഞാന്‍ പരിഭ്രാന്തിയോടെ പേജുകള്‍ മറിക്കുകയും എന്തെല്ലാമോ അസംബന്ധങ്ങള്‍ സംസാരിക്കുകയും ചെയ്തു. അതു കേട്ടു സദസ്സ് അന്ധാളിച്ചു. എങ്ങനെയോ ഞാന്‍ പ്രസംഗം മുഴുമിപ്പിച്ച് എന്റെ കസേരയിലേക്ക് മടങ്ങി, തറയിലേക്ക് നോക്കിയിരുന്നു. എനിക്ക് മരിച്ചാല്‍ കൊള്ളാമെന്നു തോന്നി.

എന്നിരുന്നാലും, താഴ്മയിലേക്കു നയിക്കുമെങ്കില്‍ അപമാനം ഒരു നല്ല കാര്യമാണെന്ന് ഞാന്‍ മനസ്സിലാക്കി, കാരണം ഇതാണ് ദൈവത്തിന്റെ ഹൃദയത്തെ തുറക്കുന്ന താക്കോല്‍. തിരുവെഴുത്തു പറയുന്നു, ”ദൈവം നിഗളികളോട് തിര്‍ത്തുനില്ക്കുകയും താഴ്മയുള്ളവര്‍ക്കു കൃപ നല്കുകയും ചെയ്യുന്നു” (യാക്കോബ് 4:6). അവന്‍ താഴ്മയുള്ളവരുടെമേല്‍ കൃപ ചൊരിയുന്നു. ദൈവം തന്നെ പറഞ്ഞു, ”അരിഷ്ടനും മനസ്സു തകര്‍ന്നവനും എന്റെ വചനത്തിങ്കല്‍ ിറയ്ക്കുന്നവനുമായ മനുഷ്യനെ ഞാന്‍ കടാക്ഷിക്കും” (യെശയ്യാവ് 66:2). നാം ദൈവമുമ്പാകെ താഴുമ്പോള്‍ അവന്‍ നമ്മെ ഉയര്‍ത്തുന്നു (യാക്കോബ് 4:10).

അപമാനവും ലജ്ജയും ദൈവത്തിന്റെ രൂപപ്പെടുത്തലിനായി നമ്മെ അവങ്കലേക്ക് അടുപ്പിക്കും. നാം വീഴുമ്പോള്‍ നാം അവന്റെ കൈകളിലേക്കാണു വീഴുന്നത്.