ചൈനയിലെ ഏറ്റവും മികച്ച കവികളില്‍ ഒരാളും ഉപന്യാസകനുമായിരുന്ന സു ഡോങ്പോ പ്രവാസത്തിലായിരിക്കുമ്പോള്‍ ഒരിക്കല്‍ പൂര്‍ണ്ണചന്ദ്രനെ കണ്ടിട്ട് തന്റെ സഹോദരനെ കാണാതെ താന്‍ എത്രമാത്രം വേദനിക്കുന്നുവെന്നു വിവരിക്കുന്ന ഒരു കവിത എഴുതുകയുണ്ടായി. ”ഞങ്ങള്‍ സന്തോഷിക്കുകയും ദുഃഖിക്കുകയും ഒരുമിച്ചുകൂടുകയും പിരിയുകയും ചെയ്യുന്നു, അതേസമയം ചന്ദ്രന്‍ വികസിക്കുകയും ക്ഷയിക്കുകയും ചെയ്യുന്നു. പുരാതന കാലം മുതല്‍ ഒന്നും തികവുള്ളതായി നിലനില്‍ക്കുന്നില്ല,” അദ്ദേഹം എഴുതി, ‘ആയിരക്കണക്കിന് മൈലുകള്‍ അകലെയാണെങ്കിലും ഈ മനോഹരമായ രംഗം ഒരുമിച്ച് കണ്ടുകൊണ്ട് നമ്മുടെ പ്രിയപ്പെട്ടവര്‍ ദീര്‍ഘകാലം ജീവിക്കട്ടെ.”

സഭാപ്രസംഗിയുടെ പുസ്തകത്തില്‍ കാണുന്ന ചിന്തകള്‍ അദ്ദേഹത്തിന്റെ കവിതയില്‍ ഉള്‍ക്കൊള്ളുന്നു. സഭാപ്രസംഗി അഥവാ ഉപദേഷ്ടാവ് (1: 1) എന്നറിയപ്പെടുന്ന രചയിതാവ് ”കരയുവാന്‍ ഒരു കാലം, ചിരിക്കുവാന്‍ ഒരു കാലം; … ആലിംഗനം ചെയ്യുവാന്‍ ഒരു കാലം, ആലിംഗനം ചെയ്യാതിരിക്കുവാന്‍ ഒരു കാലം’ ഉണ്ടെന്നു നിരീക്ഷിച്ചു (3:4-5). വൈരുദ്ധ്യമുള്ള രണ്ട് പ്രവൃത്തികളെ ജോടിയാക്കുന്നതിലൂടെ, ഈ കവിയെപ്പോലെ സഭാപ്രസംഗിയും എല്ലാ നല്ല കാര്യങ്ങള്‍ക്കും അനിവാര്യമായും അവസാനമുണ്ടെന്നു നിര്‍ദ്ദേശിക്കുന്നു.

ഒന്നും തികവുള്ളതായി അവശേഷിക്കുന്നില്ല എന്നതിന്റെ മറ്റൊരു അടയാളമായി ചൈനീസ് കവി ചന്ദ്രന്റെ വികാസവും ക്ഷയവും കണ്ടതുപോലെ, താന്‍ സൃഷ്ടിച്ച ലോകത്തില്‍ ദൈവം വെച്ച അനുകൂലമായ ക്രമം സഭാപ്രസംഗി കണ്ടു. സംഭവങ്ങളുടെ ഗതിക്ക് ദൈവം മേല്‍നോട്ടം വഹിക്കുകയും ”സകലവും അതതിന്റെ സമയത്തു ഭംഗിയായി’ ചെയ്യുകയും ചെയ്യുന്നു (വാ. 11).

ജീവിതം പ്രവചനാതീതവും ചിലപ്പോള്‍ വേദനാജനകമായ വേര്‍പാടുകള്‍ നിറഞ്ഞതുമായിരിക്കാം, പക്ഷേ എല്ലാം ദൈവത്തിന്റെ നോട്ടത്തിന് കീഴിലാണ് സംഭവിക്കുന്നത് എന്നതില്‍ നമുക്ക് ധൈര്യം പ്രാപിക്കാം. നമുക്ക് ജീവിതം ആസ്വദിക്കാനും നിമിഷങ്ങളെ – നല്ലതും ചീത്തയും – നിധിപോലെ വിലമതിക്കുവാനും കഴിയും, കാരണം നമ്മുടെ സ്‌നേഹനിധിയായ ദൈവം നമ്മോടൊപ്പമുണ്ട്.