ഇടിമിന്നലോടുകൂടിയ ഒരു ശക്തമായ കൊടുങ്കാറ്റ് ഞങ്ങളുടെ പുതിയ പട്ടണത്തിലൂടെ കടന്നുപോയി, അത് അന്തരീക്ഷത്തില്‍ ഉയര്‍ന്ന ഈര്‍പ്പത്തിനും ഇരുണ്ട ആകാശത്തിനും കാരണമായി. ഞാന്‍ ഞങ്ങളുടെ നായ ജിമ്മിയെ ഒരു സായാഹ്ന നടത്തത്തിനായി കൊണ്ടുപോയി. രാജ്യത്തിന്റെ മറുഭാഗത്തേക്ക് എന്റെ കുടുംബം താമസം മാറ്റിയതിന്റെ വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികള്‍ എന്റെ മനസ്സിനെ ഭാരപ്പെടുത്തി. ഇതുവരെ സംഭവിച്ച കാര്യങ്ങള്‍ ഞങ്ങളുടെ ഉയര്‍ന്ന പ്രതീക്ഷകളില്‍ നിന്നും ആശകളില്‍ നിന്നും വളരെയധികം വ്യതിചലിച്ചുപോകുന്നതുകണ്ട് നിരാശയായ ഞാന്‍ ജിമ്മിയെ പുല്ലുകള്‍ മണത്തുനോക്കുന്നതിനായി അനുവദിച്ചു. ഞങ്ങളുടെ വീടിനരികിലൂടെ ഒഴുകുന്ന തോടിന്റെ ശബ്ദം ഞാന്‍ ശ്രദ്ധിച്ചു. തോടിന്റെ കരയിലേക്ക് കയറിക്കിടക്കുന്ന കാട്ടുപൂക്കളുടെ കൂട്ടങ്ങളില്‍ വെളിച്ചം മിന്നിക്കൊണ്ടിരുന്നതു ഞാന്‍ കണ്ടു – മിന്നാമിനുങ്ങുകള്‍!

മിന്നുന്ന വെളിച്ചങ്ങള്‍ ഇരുട്ടിനെ കീറി മുറിക്കുന്നത് ഞാന്‍ കണ്ടപ്പോള്‍ കര്‍ത്താവ് എന്നെ തന്റെ സമാധാനം കൊണ്ടു പൊതിഞ്ഞു. സങ്കീര്‍ത്തനക്കാരനായ ദാവീദ് ആലപിച്ചതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചു, കര്‍ത്താവേ, ‘നീ എന്റെ ദീപത്തെ കത്തിക്കും” (സങ്കീര്‍ത്തനം 18:28). ദൈവം തന്റെ അന്ധകാരത്തെ വെളിച്ചമാക്കി മാറ്റുന്നുവെന്ന് പ്രഖ്യാപിച്ച ദാവീദ്, കര്‍ത്താവിന്റെ കരുതലിലും സംരക്ഷണത്തിലും ആത്മവിശ്വാസം പ്രകടിപ്പിച്ചു (വാ. 29-30). ദൈവത്തിന്റെ ശക്തിയാല്‍, തനിക്കെതിരെ വരുന്ന എന്തിനെയും കൈകാര്യം ചെയ്യാന്‍ അവനു കഴിഞ്ഞു (വാ. 32-35). എല്ലാ സാഹചര്യത്തിലും യഹോവ തന്നോടുകൂടെയുണ്ടെന്നു വിശ്വസിച്ചുകൊണ്ട് ജാതികളുടെ നടുവില്‍ അവനെ പുകഴ്ത്തുമെന്നും അവന്റെ നാമത്തിനു സ്‌തോത്രം ചെയ്യുമെന്നും ദാവീദു വാഗ്ദത്തം ചെയ്തു (വാ. 36-49).

ജീവിതത്തിലെ പ്രവചനാതീതമായ കൊടുങ്കാറ്റുകളെ നാം സഹിക്കുകയോ അല്ലെങ്കില്‍ മഴ പെയ്തതിനുശേഷമുള്ള ശാന്തത നാം ആസ്വദിക്കുകയോ ആണെങ്കിലും, ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തിന്റെ സമാധാനം ഇരുട്ടില്‍ നമ്മുടെ പാതയെ പ്രകാശിപ്പിക്കുന്നു. നമ്മുടെ ജീവനുള്ള ദൈവം എപ്പോഴും നമ്മുടെ ശക്തിയും അഭയവും നമ്മെ നിലനിര്‍ത്തുന്നവനും നമ്മുടെ വിമോചകനുമായിരിക്കും.