വിലയേറിയ സന്തോഷം
ഡിജിറ്റല്‍ മെലഡിയുടെ ശബ്ദത്തില്‍, ഞങ്ങള്‍ ആറ് പേരും പ്രവര്‍ത്തനക്ഷമരായി. ചിലര്‍ ചെരിപ്പുകള്‍ ധരിച്ചു, മറ്റുള്ളവര്‍ നഗ്നപാദരായി വാതില്ക്കലേക്കോടി. നിമിഷങ്ങള്‍ക്കകം ഞങ്ങള്‍ എല്ലാവരും ഐസ്ക്രീം ട്രക്കിനെ പിന്തുടര്ന്ന് റോഡിലൂടെ താഴേക്കോടി. വേനല്‍ക്കാലത്തെ ആദ്യത്തെ ചൂടുള്ള ദിനമായിരുന്നു അത്, അതിനെ തണുപ്പും മധുരവുമുള്ള ഒരു സല്‍ക്കാരം കൊണ്ട് ആഘോഷിക്കുന്നതിനേക്കാള്‍ മികച്ച മറ്റൊരു മാര്‍ഗ്ഗവുമില്ല! ശിക്ഷണമനുസരിച്ചോ ബാധ്യതയില്‍ നിന്നോ അല്ല, മറിച്ച് അത് നല്കുന്ന സന്തോഷം കൊണ്ടു മാത്രമാണ് ഞങ്ങളിതു ചെയ്യുന്നത്.
മത്തായി 13:44-46 ല്‍ കാണുന്ന ഉപമകളില്‍, മറ്റൊന്നു നേടാനായി തനിക്കുള്ളതെല്ലാം വില്‍ക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. കഥകള്‍ ത്യാഗത്തെക്കുറിച്ചാണെന്ന് നാം ചിന്തിച്ചേക്കാമെങ്കിലും അതല്ല യഥാര്‍ത്ഥ കാര്യം. വാസ്തവത്തില്‍, ആദ്യത്തെ കഥ പ്രഖ്യാപിക്കുന്നത് ''സന്തോഷം'' ആണ് എല്ലാം വില്‍ക്കാനും നിലം വാങ്ങാനും മനുഷ്യനെ പ്രേരിപ്പിച്ചത്. സന്തോഷമാണ് മാറ്റത്തിലേക്കു നയിക്കുന്നത് - കുറ്റബോധമോ കടമയോ അല്ല.
യേശു നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമല്ല; നമ്മിലുള്ള അവന്റെ അവകാശവാദങ്ങള്‍ നമ്മുടെ സകലത്തെയും സംബന്ധിച്ചുള്ളതാണ്. കഥകളിലെ രണ്ടുപേരും ''എല്ലാം വിറ്റു'' (വാ. 44). എന്നാല്‍ ഇവിടെ ഏറ്റവും മികച്ച ഭാഗം: എല്ലാം വില്‍ക്കുന്നതിന്റെ ഫലം യഥാര്‍ത്ഥത്തില്‍ നേട്ടമാണ്. നാം അത് സങ്കല്പ്പിച്ചിരിക്കയില്ല. നിങ്ങളുടെ ക്രൂശ് എടുക്കുന്നതിനെക്കുറിച്ചല്ലേ ക്രിസ്തീയ ജീവിതം? അതെ. അതു തന്നേ. എന്നാല്‍ നാം മരിക്കുമ്പോള്‍ നാം ജീവിക്കുന്നു; നമ്മുടെ ജീവന് നഷ്ടപ്പെടുത്തുമ്പോള്‍, നമ്മള് അത് കണ്ടെത്തുന്നു. ''എല്ലാം വില്ക്കുമ്പോള്'' നമുക്ക് ഏറ്റവും വലിയ നിധി ലഭിക്കുന്നു: യേശു! സന്തോഷമാണ് കാരണം; കീഴടങ്ങലാണ് പ്രതികരണം.
യേശുവിനെ അറിയുക എന്ന നിധിയാണ് പ്രതിഫലം.
നിമിഷങ്ങളെ വിലമതിക്കുക
ചൈനയിലെ ഏറ്റവും മികച്ച കവികളില്‍ ഒരാളും ഉപന്യാസകനുമായിരുന്ന സു ഡോങ്പോ പ്രവാസത്തിലായിരിക്കുമ്പോള്‍ ഒരിക്കല്‍ പൂര്‍ണ്ണചന്ദ്രനെ കണ്ടിട്ട് തന്റെ സഹോദരനെ കാണാതെ താന്‍ എത്രമാത്രം വേദനിക്കുന്നുവെന്നു വിവരിക്കുന്ന ഒരു കവിത എഴുതുകയുണ്ടായി. ''ഞങ്ങള്‍ സന്തോഷിക്കുകയും ദുഃഖിക്കുകയും ഒരുമിച്ചുകൂടുകയും പിരിയുകയും ചെയ്യുന്നു, അതേസമയം ചന്ദ്രന് വികസിക്കുകയും ക്ഷയിക്കുകയും ചെയ്യുന്നു. പുരാതന കാലം മുതല്‍ ഒന്നും തികവുള്ളതായി നിലനില്ക്കുന്നില്ല,'' അദ്ദേഹം എഴുതി, 'ആയിരക്കണക്കിന് മൈലുകള്‍ അകലെയാണെങ്കിലും ഈ മനോഹരമായ രംഗം ഒരുമിച്ച് കണ്ടുകൊണ്ട് നമ്മുടെ പ്രിയപ്പെട്ടവര്‍ ദീര്‍ഘകാലം ജീവിക്കട്ടെ.''
സഭാപ്രസംഗിയുടെ പുസ്തകത്തില്‍ കാണുന്ന ചിന്തകള്‍ അദ്ദേഹത്തിന്റെ കവിതയില്‍ ഉള്‍ക്കൊള്ളുന്നു. സഭാപ്രസംഗി അഥവാ ഉപദേഷ്ടാവ് (1: 1) എന്നറിയപ്പെടുന്ന രചയിതാവ് ''കരയുവാന്‍ ഒരു കാലം, ചിരിക്കുവാന്‍ ഒരു കാലം; ... ആലിംഗനം ചെയ്യുവാന്‍ ഒരു കാലം, ആലിംഗനം ചെയ്യാതിരിക്കുവാന്‍ ഒരു കാലം' ഉണ്ടെന്നു നിരീക്ഷിച്ചു (3:4-5). വൈരുദ്ധ്യമുള്ള രണ്ട് പ്രവൃത്തികളെ ജോടിയാക്കുന്നതിലൂടെ, ഈ കവിയെപ്പോലെ സഭാപ്രസംഗിയും എല്ലാ നല്ല കാര്യങ്ങള്‍ക്കും അനിവാര്യമായും അവസാനമുണ്ടെന്നു നിര്‍ദ്ദേശിക്കുന്നു.
ഒന്നും തികവുള്ളതായി അവശേഷിക്കുന്നില്ല എന്നതിന്റെ മറ്റൊരു അടയാളമായി ചൈനീസ് കവി ചന്ദ്രന്റെ വികാസവും ക്ഷയവും കണ്ടതുപോലെ, താന്‍ സൃഷ്ടിച്ച ലോകത്തില്‍ ദൈവം വെച്ച അനുകൂലമായ ക്രമം സഭാപ്രസംഗി കണ്ടു. സംഭവങ്ങളുടെ ഗതിക്ക് ദൈവം മേല്‍നോട്ടം വഹിക്കുകയും ''സകലവും അതതിന്റെ സമയത്തു ഭംഗിയായി' ചെയ്യുകയും ചെയ്യുന്നു (വാ. 11).
ജീവിതം പ്രവചനാതീതവും ചിലപ്പോള്‍ വേദനാജനകമായ വേര്‍പാടുകള്‍ നിറഞ്ഞതുമായിരിക്കാം, പക്ഷേ എല്ലാം ദൈവത്തിന്റെ നോട്ടത്തിന് കീഴിലാണ് സംഭവിക്കുന്നത് എന്നതില്‍ നമുക്ക് ധൈര്യം പ്രാപിക്കാം. നമുക്ക് ജീവിതം ആസ്വദിക്കാനും നിമിഷങ്ങളെ - നല്ലതും ചീത്തയും - നിധിപോലെ വിലമതിക്കുവാനും കഴിയും, കാരണം നമ്മുടെ സ്നേഹനിധിയായ ദൈവം നമ്മോടൊപ്പമുണ്ട്.
വിഡ്ഢിവേഷം കെട്ടുക
ഒരു സെമിനാരിയുടെ അമ്പതാം വാര്‍ഷികത്തില്‍ ഞാന്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, സുഹൃത്തുക്കള്‍ എന്നിവരെ അഭിസംബോധന ചെയ്ത ദിവസമാണ് എന്റെ ജീവിതത്തില്‍ നേരിട്ടിട്ടുള്ള ഏറ്റവും അപമാനകരമായ അനുഭവം. എന്റെ പ്രസംഗം കൈയില്‍ പിടിച്ച് ഞാന്‍ പ്രസംഗപീഠത്തെ സമീപിച്ചു, വിശാലമായ ജനക്കൂട്ടത്തെ നോക്കി, പക്ഷേ മുന്‍നിരയില്‍ അക്കാദമിക് ഗൗണ്‍ ധരിച്ച് വളരെ ഗൗരവത്തോടെ ഇരിക്കുന്ന പ്രശസ്തരായ പ്രൊഫസര്‍മാരുടെ മേല്‍ എന്റെ കണ്ണു പതിച്ചു. പെട്ടെന്ന് എന്റെ സ്ഥലകാലബോധം നഷ്ടപ്പെടുകയും എന്റെ വായ വരളുകയും എന്റെ തലച്ചോറ് എന്നില്‍ നിന്ന് അകന്നുപോകയും ചെയ്തു. ആദ്യത്തെ കുറച്ച് വാക്കുകള്‍ പറയുമ്പോള്‍ ഞാന്‍ ഇടറി, തുടര്‍ന്ന് മെച്ചപ്പെടാന്‍ തുടങ്ങി. എന്റെ പ്രഭാഷണത്തില്‍ ഞാന്‍ എവിടെ എത്തി എന്നറിയാതിരുന്നതിനാല്‍ ഞാന്‍ പരിഭ്രാന്തിയോടെ പേജുകള്‍ മറിക്കുകയും എന്തെല്ലാമോ അസംബന്ധങ്ങള്‍ സംസാരിക്കുകയും ചെയ്തു. അതു കേട്ടു സദസ്സ് അന്ധാളിച്ചു. എങ്ങനെയോ ഞാന്‍ പ്രസംഗം മുഴുമിപ്പിച്ച് എന്റെ കസേരയിലേക്ക് മടങ്ങി, തറയിലേക്ക് നോക്കിയിരുന്നു. എനിക്ക് മരിച്ചാല്‍ കൊള്ളാമെന്നു തോന്നി.
എന്നിരുന്നാലും, താഴ്മയിലേക്കു നയിക്കുമെങ്കില്‍ അപമാനം ഒരു നല്ല കാര്യമാണെന്ന് ഞാന്‍ മനസ്സിലാക്കി, കാരണം ഇതാണ് ദൈവത്തിന്റെ ഹൃദയത്തെ തുറക്കുന്ന താക്കോല്‍. തിരുവെഴുത്തു പറയുന്നു, ''ദൈവം നിഗളികളോട് തിര്‍ത്തുനില്ക്കുകയും താഴ്മയുള്ളവര്‍ക്കു കൃപ നല്‍കുകയും ചെയ്യുന്നു'' (യാക്കോബ് 4:6). അവന് താഴ്മയുള്ളവരുടെമേല്‍ കൃപ ചൊരിയുന്നു. ദൈവം തന്നെ പറഞ്ഞു, ''അരിഷ്ടനും മനസ്സു തകര്‍ന്നവനും എന്റെ വചനത്തിങ്കല്‍ ിറയ്ക്കുന്നവനുമായ മനുഷ്യനെ ഞാന്‍ കടാക്ഷിക്കും'' (യെശയ്യാവ് 66:2). നാം ദൈവമുമ്പാകെ താഴുമ്പോള്‍ അവന് നമ്മെ ഉയര്‍ത്തുന്നു (യാക്കോബ് 4:10).
അപമാനവും ലജ്ജയും ദൈവത്തിന്റെ രൂപപ്പെടുത്തലിനായി നമ്മെ അവങ്കലേക്ക് അടുപ്പിക്കും. നാം വീഴുമ്പോള്‍ നാം അവന്റെ കൈകളിലേക്കാണു വീഴുന്നത്.
അന്വേഷണം!
ചലച്ചിത്ര നിര്‍മ്മാതാവ് വൈലി ഓവര്‍സ്ട്രീറ്റ് അപരിചിതര്‍ക്ക് തന്റെ ശക്തമായ ദൂരദര്‍ശിനിയിലൂടെ ചന്ദ്രന്റെ ഒരു തത്സമയ ചിത്രം കാണിച്ചുകൊടുത്തപ്പോള്‍, അവര്‍ അടുത്തുകണ്ട കാഴ്ചയില്‍ അമ്പരന്നുപോയി; അവര്‍ പരസ്പരം മന്ത്രിക്കുകയും വിസ്മയം പ്രകടിപ്പിക്കുകയും ചെയ്തു. 'അത്തരം മഹത്തായ ഒരു കാഴ്ച കാണുമ്പോള്‍' അദ്ദേഹം വിശദീകരിച്ചു, ''നമ്മെക്കാള്‍ വലുതായി എന്തെങ്കിലുമുണ്ടെന്ന ഒരു അത്ഭുതബോധം നമ്മില്‍ നിറയുന്നു.''
സങ്കീര്‍ത്തനക്കാരനായ ദാവീദ് ദൈവത്തിന്റെ സ്വര്‍ഗ്ഗീയ വെളിച്ചത്തില്‍ അത്ഭുതപ്പെട്ടു. ''നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോള്‍ മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിന് അവന് എന്ത്? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന് അവന് എന്തുമാത്രം?'' (സങ്കീര്‍ത്തനം 8:3-4).
ദൈവം പുതിയ ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചുകഴിയുമ്പോള്‍ നമുക്ക് ഇനി ചന്ദ്രനോ സൂര്യനോ ആവശ്യമില്ലെന്ന് മനസ്സിലാക്കുമ്പോഴാണ് ദാവീദിന്റെ വിനീതമായ ചോദ്യം നമ്മുടെ വിസ്മയത്തെ ശരിയായ വീക്ഷണകോണിലാക്കുന്നത്. അതിനു പകരം, ദൈവതേജസ്സ് നഗരത്തെ പ്രകാശിപ്പിക്കുമെന്ന് അപ്പൊസ്തലനായ യോഹന്നാന് പറയുന്നു. 'നഗരത്തില്‍ പ്രകാശിക്കുവാന്‍ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സ് അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാട് അതിന്റെ വിളക്ക് ആകുന്നു. ... രാത്രി അവിടെ ഇല്ലല്ലോ. (വെളിപ്പാട് 21:23-25).
എന്തൊരു അത്ഭുതകരമായ ചിന്ത! എന്നിരുന്നാലും ലോകത്തിന്റെ വെളിച്ചമായ ക്രിസ്തുവിനെ അന്വേഷിക്കുന്നതിലൂടെ നമുക്ക് ഇപ്പോള്‍ അവന്റെ സ്വര്‍ഗ്ഗീയ വെളിച്ചം അനുഭവിക്കാന്‍ കഴിയും. ഓവര്‍സ്ട്രീറ്റിന്റെ വീക്ഷണത്തില്‍, ''നാം കൂടുതല്‍ തവണ നോക്കണം.'' അപ്രകാരം ചെയ്യുമ്പോള്‍ നാം ദൈവത്തെ കാണാന്‍ ഇടയാകട്ടെ.
വേര്പിരിയലിലെ ഐക്യപ്പെടല്‍
തന്റെ സഹപ്രവര്‍ത്തകനായ തരുണുമൊത്തുള്ള ഒരു പ്രോജക്ടില്‍ ഉള്പ്പെടുത്തപ്പെട്ടപ്പോള് അശോക് ഒരു വലിയ വെല്ലുവിളി നേരിട്ടു: ഇതെങ്ങനെ നടത്താമെന്നതിനെക്കുറിച്ച് അദ്ദേഹത്തിനും തരുണിനും വളരെ വ്യത്യസ്തമായ ആശയങ്ങളാണുണ്ടായിരുന്നത്. അവര്‍ പരസ്പരം അഭിപ്രായങ്ങളെ മാനിക്കുമ്പോള്‍ തന്നേ, അവരുടെ സമാപനങ്ങള്‍ വളരെ വ്യത്യസ്തമായിരുന്നതിനാല്‍ തര്‍ക്കം ആസന്നമാണെന്ന് തോന്നി. എന്നിരുന്നാലും, സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതിനുമുമ്പ്, രണ്ടുപേരും തങ്ങളുടെ ബോസുമായി അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമ്മതിച്ചു, അദ്ദേഹം അവരെ വ്യത്യസ്ത ടീമുകളില്‍ ഉള്‍പ്പെടുത്തി. അത് ബുദ്ധിപരമായ നീക്കമായി മാറി. ആ ദിവസം അശോക് ഒരു പാഠം പഠിച്ചു: ഐക്യപ്പെടുക എന്നാല്‍ എല്ലായ്പ്പോഴും ഒരുമിച്ച് കാര്യങ്ങള്‍ ചെയ്യുക എന്നല്ല.
താനും ലോത്തും ബെഥേല്‍ മുതല്‍ രണ്ടു വഴിക്കു തിരിയണമെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ അബ്രഹാം ഈ സത്യം മനസ്സിലാക്കിയിരിക്കണം (ഉല്പത്തി 13:5-9). അവരുടെ രണ്ടുപേരുടെയും ആട്ടിന്‍കൂട്ടങ്ങള്‍ക്കു വേണ്ടത്ര ഇടമില്ലെന്ന് കണ്ട അബ്രഹാം വിവേകപൂര്‍വ്വം പിരിഞ്ഞുപോകാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ആദ്യം, 'തങ്ങള്‍ സഹോദരന്മാരാണ്'' (വാ. 8), എന്നു പറഞ്ഞുകൊണ്ട് തങ്ങളുടെ ബന്ധത്തെക്കുറിച്ച് ലോത്തിനെ ഓര്‍മ്മപ്പെടുത്തുന്നു. പിന്നെ, അബ്രഹാം മുതിര്‍ന്ന ആളാണെങ്കിലും ഏറ്റവും വിനയത്തോടെ, തന്റെ സഹോദരപുത്രനെ ആദ്യ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിച്ചു (വാ. 9). ഒരു പാസ്റ്റര്‍ വിവരിച്ചതുപോലെ, ഇത് ''സ്വരച്ചേര്‍ച്ചയുള്ള വേര്‍പിരിയല്‍' ആയിരുന്നു.
ദൈവത്താല്‍ അതുല്യമായി സൃഷ്ടിക്കപ്പെട്ടതിനാല്‍, ഒരേ ലക്ഷ്യം നേടുന്നതിന് നാം ചിലപ്പോള്‍ പ്രത്യേകം പ്രത്യേകം പ്രവര്‍ത്തിക്കേണ്ടിവന്നേക്കാം. വൈവിധ്യത്തില്‍ ഒരു ഐക്യമുണ്ട്. എന്നിരുന്നാലും, നാം ഇപ്പോഴും ദൈവകുടുംബത്തിലെ സഹോദരങ്ങളാണെന്ന കാര്യം നാം ഒരിക്കലും മറക്കരുത്. നാം കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്തേക്കാം, പക്ഷേ ഉദ്ദേശ്യത്തില്‍ നാം ഐക്യതയോടെ തുടരുന്നു.