എനിക്കറിയാവുന്ന ഒരു സ്ത്രീ ഒരു പ്രാദേശിക പാര്‍ക്കില്‍ ഒരു പരിപാടി ആസൂത്രണം ചെയ്യുകയും സമീപത്തുള്ള എല്ലാ കുട്ടികളെയും പങ്കെടുക്കാന്‍ ക്ഷണിക്കുകയും ചെയ്തു. അയല്‍ക്കാരുമായി തന്റെ ക്രിസ്്തീയ വിശ്വാസം പങ്കുവെക്കാനുള്ള ആ അവസരത്തെക്കുറിച്ച് അവള് ആവേശത്തിലായിരുന്നു.
തന്നെ സഹായിക്കാന്‍ അവള് തന്റെ മൂന്ന് കൊച്ചുമക്കളെയും രണ്ട് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെയും നിയമിച്ചു, അവര്‍ക്കു ജോലികള്‍ പകുത്തു നല്കി. നിരവധി ഗെയിമുകളും മറ്റ് പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തു, ഭക്ഷണം തയ്യാറാക്കി, കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ യേശുവിനെക്കുറിച്ച് ഒരു ബൈബിള്‍ കഥ തയ്യാറാക്കി, അവര്‍ ഒത്തുകൂടുന്നതിനായി കാത്തിരുന്നു.
ആദ്യത്തെ ദിവസം ഒരു കുട്ടി പോലും വന്നില്ല. രണ്ടാം ദിവസവും അങ്ങനെ തന്നേ. മൂന്നാം ദിവസവും ആരും വന്നില്ല. എന്നിരുന്നാലും, ഓരോ ദിവസവും എന്റെ സ്നേഹിത അവളുടെ പേരക്കുട്ടികളോടും സഹായികളോടും ഒപ്പം അതാതു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചെയ്തു.
നാലാം ദിവസം, ഒരു കുടുംബം വിനോദയാത്രയോടുള്ള ബന്ധത്തില്‍ സമീപത്ത് എത്തിയതു ശ്രദ്ധിച്ച അവര്‍ ഗെയിമുകളില്‍ ചേരാന്‍ കുട്ടികളെ ക്ഷണിച്ചു. ഒരു കൊച്ചു പെണ്‍കുട്ടി വന്നു, ഗെയിമുകളില്‍ പങ്കെടുത്തു, അവരോടൊപ്പം ഭക്ഷണം കഴിച്ചു, യേശുവിനെക്കുറിച്ചുള്ള കഥ ശ്രദ്ധിച്ചു. ഒരുപക്ഷേ വര്‍ഷങ്ങളോളം അവള് അത് ഓര്‍ക്കും. ഫലം എന്താകുമെന്ന് ആര്‍ക്കറിയാം? ഗലാത്യലേഖനത്തിലൂടെ ദൈവം നമ്മെ പ്രോത്സാഹിപ്പിക്കുന്നു: ”നന്മ ചെയ്കയില്‍ നാം മടുത്തുപോകരുത്; തളര്‍ന്നുപോകാഞ്ഞാല്‍ തക്കസമയത്തു നാം കൊയ്യും. ആകയാല്‍ അവസരം കിട്ടുംപോലെ നാം എല്ലാവര്ക്കും, വിശേഷാല്‍ സഹവിശ്വാസികള്‍ക്കും നന്മ ചെയ്യുക’ (6:9-10).
എണ്ണത്തെക്കുറിച്ചോ വിജയത്തിന്റെ മറ്റ് ദൃശ്യമായ മാനദണ്ഡങ്ങളെക്കുറിച്ചോ വിഷമിക്കേണ്ടതില്ല. നാം ചെയ്യേണ്ട കാര്യങ്ങളോട് വിശ്വസ്തത പുലര്‍ത്തുകയും കൊയ്ത്ത് അവനു വിട്ടുകൊടുക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ജോലി. അതിന്റെ ഫലങ്ങള്‍ ദൈവമാണു നിര്‍ണ്ണയിക്കുന്നത്.
നിങ്ങളുടെ ഏറ്റവും മികച്ച ഏതു പദ്ധതികളാണ് തെറ്റായിപ്പോയത്? നിരാശയുണ്ടെങ്കിലും ഫലം നല്കുന്ന കാര്യത്തിന് ദൈവത്തെ വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ പഠിക്കാന്‍ കഴിയും?
ദൈവമേ, ഫലങ്ങളുടെ ചുമതല അങ്ങേയ്ക്കാണ് എന്നതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. അങ്ങാണ് പ്രവര്‍ത്തിക്കുന്നത്. എന്തുതന്നെ ആയാലും അങ്ങ് ആവശ്യപ്പെടുന്നതു ചെയ്യാന്‍ അവന് എന്നെ സഹായിക്കണമേ.