ഹിറ്റ്‌ലറിന്റെ വംശഹത്യയെ അതിജീവിച്ച കോറി ടെന്‍ ബൂമിന് ക്ഷമയുടെ പ്രാധാന്യം അറിയാമായിരുന്നു. തന്റെ പുസ്തകത്തില്‍, അവള്‍ക്കു പ്രിയപ്പെട്ട മാനസിക ചിത്രം ക്ഷമിക്കപ്പെട്ട പാപങ്ങളെ സമുദ്രത്തില്‍ എറിഞ്ഞുകളയുന്നതിനെക്കുറിച്ചുള്ളതാണെന്ന് അവര്‍ പറയുന്നു. ”നാം നമ്മുടെ പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍, ദൈവം അവയെ ആഴമേറിയ സമുദ്രത്തിലേക്ക് എറിയുന്നു, എന്നെന്നേക്കുമായി. . . . മത്സ്യബന്ധനം അനുവദനീയമല്ലെന്ന് പറയുന്ന ഒരു അടയാളം ദൈവം അവിടെ സ്ഥാപിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.’

യേശുവിലുള്ള വിശ്വാസികള്‍ ചിലപ്പോള്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്ന ഒരു സുപ്രധാന സത്യത്തിലേക്ക് അവള്‍ വിരല്‍ ചൂണ്ടുന്നു- ദൈവം നമ്മുടെ തെറ്റ് ക്ഷമിക്കുമ്പോള്‍, നാം പൂര്‍ണ്ണമായി ക്ഷമിക്കപ്പെടും! ലജ്ജാകരമായ നമ്മുടെ പ്രവൃത്തികളെയോര്‍ത്ത് നാം പിന്നീട് ദുഃഖിച്ചിരിക്കുകയോ തല താഴ്ത്തി നടക്കുകയോ ചെയ്യേണ്ടതില്ല. മറിച്ച് നമുക്ക് അവന്റെ കൃപയും പാപമോചനവും സ്വീകരിക്കുവാനും സ്വാതന്ത്ര്യത്തോടെ അവനെ അനുഗമിക്കുവാനും കഴിയും.

”മീന്‍പിടുത്തം അനുവദനീയമല്ല” എന്ന ഈ ആശയം 130-ാം സങ്കീര്‍ത്തനത്തില്‍ നാം കാണുന്നു. ദൈവം നീതിമാന്‍ ആണെങ്കിലും അനുതപിക്കുന്നവരുടെ പാപം അവന്‍ ക്ഷമിക്കുന്നു: ”നിന്റെ പക്കല്‍ വിമോചനം ഉണ്ട്” (വാ. 4). സങ്കീര്‍ത്തനക്കാരന്‍ ദൈവത്തിനായി കാത്തിരിക്കുമ്പോള്‍ തന്റെ ആശ്രയം അവനില്‍ വയ്ക്കുന്നു (വാ. 5), ‘യിസ്രായേലിനെ അവന്റെ അകൃത്യങ്ങളില്‍ നിന്നൊക്കെയും വീണ്ടെടുക്കും” (വാ. 8) എന്നവന്‍ പറയുന്നു. വിശ്വസിക്കുന്നവര്‍ ”ധാരാളം വീണ്ടെടുപ്പ്” കണ്ടെത്തും (വാ. 7).

ലജ്ജയുടെയും അയോഗ്യതയുടെയും വികാരങ്ങള്‍ നമ്മെ മൂടുമ്പോള്‍, പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ സേവിക്കാന്‍ നമുക്ക് കഴിയില്ല. പകരം, നമ്മുടെ ഭൂതകാലത്തില്‍ നാം തളച്ചിടപ്പെടുന്നു. നിങ്ങള്‍ ചെയ്ത തെറ്റ് മൂലം നിങ്ങളുടെ ജീവിതം തടസ്സപ്പെടുന്നു എന്നു തോന്നുന്നുവെങ്കില്‍, ദൈവം നല്‍കുന്ന ക്ഷമാദാനത്തിലും പുതിയ ജീവിതത്തിലും പൂര്‍ണ്ണമായി വിശ്വസിക്കാന്‍ നിങ്ങളെ സഹായിക്കാന്‍ ദൈവത്തോട് അപേക്ഷിക്കുക. അവന്‍ നിങ്ങളുടെ പാപങ്ങളെ സമുദ്രത്തിലേക്ക് വലിച്ചെറിയുന്നു!