ഒരു എയര്‍ കാനഡ ജെറ്റിന്റെ ഉള്ളിലെ കനത്ത ഇരുട്ടില്‍ താര ഉണര്‍ന്നു. മറ്റ് യാത്രക്കാര്‍ പുറത്തു കടന്നിട്ടും വിമാനം പാര്‍ക്ക് ചെയ്തു കഴിഞ്ഞ ശേഷവും സീറ്റ് ബെല്‍റ്റും ധരിച്ച് അവള്‍ ഉറങ്ങുകയായിരുന്നു. എന്തുകൊണ്ടാണ് ആരും അവളെ ഉണര്‍ത്താഞ്ഞത്? അവള്‍ എങ്ങനെ ഇവിടെയെത്തി? അവള്‍ തലച്ചോറില്‍ നിന്ന് മാറാലകള്‍ തുടച്ചുനീക്കി ഓര്‍മ്മിക്കാന്‍ ശ്രമിച്ചു.

നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്ത് നിങ്ങള്‍ എത്തിപ്പെട്ടിട്ടുണ്ടോ? ഈ രോഗം വരാന്‍ പാടില്ലാത്തവിധം നിങ്ങള്‍ വളരെ ചെറുപ്പമാണ്, അതിനു ചികിത്സയുമില്ല. നിങ്ങളുടെ അവസാന അവലോകനം മികച്ചതായിരുന്നു; എന്തുകൊണ്ടാണ് നിങ്ങളുടെ പദവി നഷ്ടപ്പെട്ടത്? നിങ്ങളുടെ ദാമ്പത്യത്തിന്റെ മികച്ച വര്‍ഷങ്ങള്‍ നിങ്ങള്‍ ആസ്വദിക്കുകയായിരുന്നു. ഇപ്പോള്‍ വിവാഹമോചിതനായി ഒരു പാര്‍ട്ട് ടൈം ജോലിയുമായി നിങ്ങള്‍ ജീവിതം പുനരാരംഭിക്കുന്നു.

ഞാന്‍ എങ്ങനെ ഇവിടെയെത്തി? ”ചാരത്തില്‍ ഇരുന്നു” കൊണ്ട് ഇയ്യോബ് ചിന്തിച്ചിരിക്കാം (ഇയ്യോബ് 2:8). അവനു മക്കളെയും തന്റെ ആരോഗ്യവും നഷ്ടപ്പെട്ടു. ക്ഷണനേരംകൊണ്ട് അവന്‍ വീണു. എങ്ങനെയാണ് താന്‍ ഇവിടെയെത്തിയതെന്ന് ഊഹിക്കാന്‍ അവനു കഴിഞ്ഞില്ല; താനത് ഓര്‍ക്കേണ്ടതാണെന്ന് അവനറിയാമായിരുന്നു.

ഇയ്യോബ് തന്റെ സ്രഷ്ടാവിനെയും അവന്‍ എത്ര നല്ലവനായിരുന്നു എന്നും അവന്‍ ഓര്‍ത്തു. ”നാം ദൈവത്തിന്റെ കൈയില്‍നിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ?’ (വാക്യം 10) എന്ന് അവന്‍ ഭാര്യയോടു പറഞ്ഞു. ഈ നല്ല ദൈവത്തെ വിശ്വസ്തനായി കണക്കാക്കാമെന്ന് ഇയ്യോബ് ഓര്‍മ്മിച്ചു. അതിനാല്‍ അവന്‍ വിലപിച്ചു. അവന്‍ സ്വര്‍ഗ്ഗത്തേക്കു നോക്കി നിലവിളിച്ചു. ”എന്റെ വീണ്ടെടുപ്പുകാരന്‍ ജീവിക്കുന്നുവെന്നും’ ‘ഞാന്‍ ദേഹസഹിതനായി ദൈവത്തെ കാണും’ (19:25-26) എന്നും അവന്‍ പ്രത്യാശയോടെ വിലപിച്ചു. കഥ എങ്ങനെ ആരംഭിച്ചുവെന്നും അത് എങ്ങനെ അവസാനിക്കുന്നുവെന്നും ഓര്‍മ്മിക്കുമ്പോള്‍ ഇയ്യോബ് പ്രത്യാശയില്‍ മുറുകെപ്പിടിച്ചതായി കാണാം.