പാരീസിലെ പോണ്ട് ഡെസ് ആര്‍ട്സ് പാലത്തിന്റെ ലഭ്യമായ എല്ലാ ഭാഗങ്ങളിലും ഘടിപ്പിച്ചിട്ടുള്ള ലക്ഷക്കണക്കിന് താഴുകള്‍ ഞാന്‍ ആശ്ചര്യത്തോടെ നോക്കിനിന്നു, പലതിലും പ്രണയിനികളുടെ ഇനീഷ്യലുകള്‍ കൊത്തിവച്ചിട്ടുണ്ട് . സെയ്ന് നദിക്ക് കുറുകെയുള്ള കാല്‍നട പാലം ദമ്പതികളുടെ ”എന്നെന്നേക്കുമുള്ള” പ്രതിബദ്ധതയായ ഈ പ്രണയ പ്രതീകങ്ങളാല്‍ മുങ്ങിപ്പോയിരിക്കുന്നു. 2014 ല്‍, ഈ സ്നേഹതാഴുകളുടെ ഭാരം അമ്പത് ടണ്‍ ആണെന്ന് കണക്കാക്കിയിരുന്നു, മാത്രമല്ല പാലത്തിന്റെ ഒരു ഭാഗം തകരാന്‍ അവ കാരണമാവുകയും ചെയ്തു, തന്മൂലം താഴുകള്‍ നീക്കംചെയ്യേണ്ടിവന്നു.
ഇത്തരത്തിലുള്ള നിരവധി സ്നേഹ താഴുകളുടെ സാന്നിധ്യം, മനുഷ്യരെന്ന നിലയില്‍ സ്നേഹം സുരക്ഷിതമാണെന്ന് ഉറപ്പുലഭിക്കുന്നതിന് നമുക്കുള്ള ആഴമായ ആഗ്രഹത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. രണ്ട് സ്നഹഭാജനങ്ങള് തമ്മിലുള്ള സംഭാഷണം ചിത്രീകരിക്കുന്ന പഴയനിയമ ഗ്രന്ഥമായ ഉത്തമഗീതത്തില്, സുരക്ഷിതമായ സ്നേഹത്തിനുള്ള ആഗ്രഹം സ്ത്രീ പ്രകടിപ്പിക്കുന്നു. ‘എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വച്ചുകൊള്ളണമേ” എന്ന് അവള് പറയുന്നു (ഉത്തമഗീതം 8:6). അവന്റെ ഹൃദയത്തില്‍ പതിച്ച മുദ്രയോ വിരലില്‍ ഇട്ട മോതിരമോ പോലെ അവന്റെ സ്നേഹത്തില്‍ താന്‍ സുരക്ഷിതയും സംരക്ഷിതയുമായിരിക്കണം എന്നാണ് അവളുടെ ആഗ്രഹം.
ഉത്തമഗീതത്തില് പ്രകടമാകുന്ന തീവ്രമായ സ്നേഹത്തിനായുള്ള വാഞ്ഛ എഫെസ്യലേഖനത്തില്‍ കാണുന്ന പുതിയ നിയമ സത്യത്തിലേക്ക് നമ്മെ വിരല്‍ചൂണ്ടുന്നു – ദൈവാത്മാവിന്റെ ”മുദ്ര” യിലൂടെ നാം മുദ്രയിടപ്പെട്ടിരിക്കുന്നു (1:13). മനുഷ്യസ്നേഹം ചാഞ്ചല്യമുള്ളതും താഴുകള്‍ ഒരു പാലത്തില്‍ നിന്ന് നീക്കംചെയ്യാന്‍ കഴിയുന്നതും ആയിരിക്കുമ്പോള്‍, നമ്മില്‍ വസിക്കുന്ന ക്രിസ്തുവിന്റെ ആത്മാവ്, തന്റെ ഓരോ പൈതലിനോടും ദൈവത്തിനുള്ള ഒരിക്കലും തീരാത്ത, പ്രതിബദ്ധതയുള്ള സ്നേഹം പ്രകടമാക്കുന്ന ഒരു സ്ഥിരമായ മുദ്രയാണ്.
നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവിന്റെ സുരക്ഷിത സ്നേഹം നിങ്ങള്‍ എങ്ങനെയാണ് അനുഭവിച്ചത്? ഇന്ന് നിങ്ങളെ നയിക്കാനും പ്രോത്സാഹിപ്പിക്കാനും അവിടുത്തെ സ്നേഹത്തെ എങ്ങനെയാണ് നിങ്ങള്‍ അനുവദിക്കുന്നത്?
സ്വര്‍ഗ്ഗീയ പിതാവേ, മനുഷ്യസ്നേഹത്തിന്റെ സുരക്ഷ പലപ്പോഴും അവ്യക്തമായാണ് നിലനില്‍ക്കുന്നതെങ്കിലും, എന്നോടുള്ള അങ്ങയുടെ സ്നേഹം ശക്തവും അചഞ്ചലവും ശാശ്വതവുമാണ് എന്നതില്‍ ഞാന്‍ അങ്ങയെ സ്തുതിക്കുന്നു.