അമേരിക്കയിലെ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ പാലത്തിലൂടെ – ന്യൂയോര്‍ക്ക് നഗരത്തെയും ന്യൂജേഴ്‌സിയെയും ബന്ധിപ്പിക്കുന്ന തിരക്കേറിയ റോഡ് – സൈക്കിള്‍ ചവിട്ടുകയായിരുന്നു ജൂലിയോ. പെട്ടെന്ന് ഒരു ജീവന്മരണ സാഹചര്യം അദ്ദേഹം നേരിട്ടു. ഒരു മനുഷ്യന്‍ നദിയിലേക്കു ചാടാന്‍ തയ്യാറെടുത്ത് പാലത്തിന്റെ കൈവരിയില്‍ നില്‍ക്കുകയായിരുന്നു. കൃത്യസമയത്ത് പോലീസ് വരില്ലെന്ന് അറിഞ്ഞ ജൂലിയോ വേഗത്തില്‍ പ്രവര്‍ത്തിച്ചു. തന്റെ ബൈക്കില്‍ നിന്നിറങ്ങി കൈകള്‍ വിരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ”അരുത് അതു ചെയ്യരുത്. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു.” പിന്നെ, ഒരു ഇടയന്‍ തന്റെ വളഞ്ഞ വടികൊണ്ട് ചെയ്യുന്നതുപോലെ ശ്രദ്ധ പതറിയ ആ മനുഷ്യനെ പിടിച്ചു, മറ്റൊരു വഴിയാത്രക്കാരന്റെ സഹായത്തോടെ അയാളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അയാള്‍ സുരക്ഷിതനായിരുന്നിട്ടും ജൂലിയോ തന്റെ പിടുത്തം വിട്ടില്ല.

രണ്ട് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഒരു ജീവന്മരണ സാഹചര്യത്തില്‍, തന്നില്‍ വിശ്വസിക്കുന്നവരെ ഒരിക്കലും കൈവിടുകയില്ലെന്നും അവരെ രക്ഷിക്കാനായി തന്റെ ജീവന്‍ സമര്‍പ്പിക്കുമെന്നും നല്ല ഇടയനായ യേശു പറഞ്ഞു. തന്റെ ആടുകളെ എങ്ങനെ അനുഗ്രഹിക്കും എന്ന് അവന്‍ ഇപ്രകാരം സംഗ്രഹിച്ചു: അവര്‍ അവനെ വ്യക്തിപരമായി അറിയുകയും നിത്യജീവന്റെ ദാനം നേടുകയും ചെയ്യും; അവര്‍ ഒരിക്കലും നശിച്ചുപോകയില്ല. അവന്റെ സംരക്ഷണത്തില്‍ അവര്‍ സുരക്ഷിതരായിരിക്കും. ഈ സുരക്ഷ ദുര്‍ബലരും ബലഹീനരുമായ ആടുകളുടെ കഴിവിനെ ആശ്രയിച്ചല്ല, മറിച്ച് ഇടയന്റെ പര്യാപ്തതയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ആരും
അവയെ അവന്റെ കൈയില്‍ നിന്നു പിടിച്ചുപറിക്കുവാന്‍ അവന്‍ ഒരിക്കലും അനുവദിക്കില്ല (യോഹന്നാന്‍ 10:28-29).

നാം ലക്ഷ്യത്തില്‍ നിന്നകന്ന്് പ്രതീക്ഷയറ്റവരായിത്തീര്‍ന്നപ്പോള്‍ യേശു നമ്മെ രക്ഷിച്ചു; അവനുമായുള്ള നമ്മുടെ ബന്ധത്തില്‍ ഇപ്പോള്‍ നമുക്ക് സംരക്ഷണവും സുരക്ഷിതത്വവും അനുഭവിക്കാന്‍ കഴിയും. അവന്‍ നമ്മെ സ്‌നേഹിക്കുന്നു, നമ്മെ പിന്തുടരുന്നു, കണ്ടെത്തുന്നു, രക്ഷിക്കുന്നു, ഒരിക്കലും നമ്മെ കൈവിടുകയില്ലെന്ന് വാഗ്ദത്തം ചെയ്യുന്നു.