അമേരിക്കയിലെ ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്ന വാള്‍ട്ടര്‍ ഡിക്‌സോണയ്ക്ക്, വിദേശത്തുള്ള യുദ്ധമുന്നണിയിലേക്കു പോകുന്നതിനു മുമ്പ് മധുവിധുവിനായി അഞ്ച് ദിവസം ലഭിച്ചു. ഒരു വര്‍ഷം കഴിയുംമുമ്പ് അദ്ദേഹത്തിന്റെ ജാക്കറ്റ് യുദ്ധമേഖലയില്‍ നിന്ന് സൈന്യം കണ്ടെത്തി. അതിന്റെ പോക്കറ്റു നിറയെ അദ്ദേഹത്തിന്റെ ഭാര്യ അയച്ച കത്തുകളായിരുന്നു. ഭര്‍ത്താവ് യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി സൈനിക ഉദ്യോഗസ്ഥര്‍ യുവതിയായ ഭാര്യയെ അറിയിച്ചു. യഥാര്‍ത്ഥത്തില്‍, അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നു, അടുത്ത രണ്ടര വര്‍ഷം യുദ്ധത്തടവുകാരനായി കഴിയുകയായിരുന്നു. ഉണര്‍ന്നിരുന്ന ഓരോ മണിക്കൂറിലും അദ്ദേഹം വീട്ടിലെത്താന്‍ പദ്ധതിയിട്ടു. അദ്ദേഹം അഞ്ചു തവണ രക്ഷപ്പെട്ടു എങ്കിലും എല്ലായ്‌പ്പോഴും പിടിക്കപ്പെട്ടു. ഒടുവില്‍ അദ്ദേഹത്തെ മോചിപ്പിച്ചു. അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഉണ്ടായ ഞെട്ടല്‍ നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ!

തടവുകാരാക്കപ്പെടുന്നതും വിദൂരത്തേക്ക് കൊണ്ടുപോകപ്പെടുന്നതും ഭവനത്തിനായി കൊതിക്കുന്നതും എന്താണെന്ന് ദൈവജനത്തിന് അറിയാമായിരുന്നു. ദൈവത്തിനെതിരെയുള്ള മത്സരത്തെത്തുടര്‍ന്ന് അവര്‍ പ്രവാസികളായി മാറി. ഓരോ പ്രഭാതത്തിലും മടങ്ങിവരാന്‍ അവര്‍ ആഗ്രഹിച്ചു, പക്ഷേ സ്വയം രക്ഷപ്പെടാന്‍ അവര്‍ക്ക് വഴിയില്ലായിരുന്നു. എന്നാല്‍ താന്‍ അവരെ മറക്കുകയില്ല എന്ന് ദൈവം വാഗ്ദാനം ചെയ്തു. ”എനിക്ക് അവരോടു കരുണയുള്ളതുകൊണ്ട്് അവരെ മടക്കിവരുത്തും” (സെഖര്യാവ് 10:6). ഭവനത്തിനുവേണ്ടിയുള്ള ജനത്തിന്റെ നിരന്തരമായ വേദനയെ അവന്‍ പരിഹരിക്കും, അവരുടെ സ്ഥിരോത്സാഹത്താലല്ല, മറിച്ച് അവന്റെ കരുണകൊണ്ടാണതു ചെയ്യുന്നത്: ”അവരെ ചൂളകുത്തി ശേഖരിക്കും; … അവര്‍ മടങ്ങിവരും’ (വാ. 8-9).

നമ്മുടെ മോശം തീരുമാനങ്ങള്‍ മൂലമോ അല്ലെങ്കില്‍ നമ്മുടെ നിയന്ത്രണത്തിന് അതീതമായ ബുദ്ധിമുട്ടുകള്‍ മൂലമോ ആയിരിക്കും നമ്മില്‍ പ്രവാസ ചിന്ത ഉടലെടുക്കുന്നത്. ഏതുവിധത്തിലായാലും ദൈവം നമ്മെ മറന്നിട്ടില്ല. നമ്മുടെ ആഗ്രഹം അവനറിയാം, അവന്‍ നമ്മെ വിളിക്കും. നാം ഉത്തരം നല്‍കുകയാണെങ്കില്‍, നാം അവനിലേക്ക് മടങ്ങിവരുന്നതായി – ഭവനത്തിലേക്കുള്ള മടക്കം – കണ്ടെത്തും.