Month: നവംബർ 2020

ഈ ഭവനം നശിപ്പിക്കുക

അമേരിക്കയില്‍, കെട്ടിടങ്ങള്‍ പൊളിക്കുന്ന ഒരു കമ്പനി ഒരു തെറ്റായ കെട്ടിടം പൊളിച്ചു. പൊളിച്ചുമാറ്റാന്‍ നിശ്ചയിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍ പൊളിക്കുന്നത് ഒഴിവാക്കുന്നതിനായി സ്വന്തം വീടിന്റെ നമ്പറുകള്‍ അയല്‍വാസിയുടെ വീടിന്റെ ഭിത്തിയില്‍ പതിപ്പിക്കുകയാണുണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.

യേശു നേരെ മറിച്ചാണ് ചെയ്തത്. മറ്റുള്ളവര്‍ക്കു വേണ്ടി സ്വന്തം ''ഭവനം'' തകര്‍ക്കാനുള്ള ഒരു ദൗത്യത്തിലായിരുന്നു അവന്‍. ആ രംഗം സങ്കല്‍പ്പിക്കുക, യേശുവിന്റെ ശിഷ്യന്മാര്‍ ഉള്‍പ്പെടെ എല്ലാവരും ആശയക്കുഴപ്പത്തിലായിക്കാണണം. 'ഈ മന്ദിരം പൊളിപ്പിന്‍; ഞാന്‍ മൂന്നു ദിവസത്തിനകം അതിനെ പണിയും' (യോഹന്നാന്‍ 2:19) എന്ന് അവന്‍ മതനേതാക്കളെ വെല്ലുവിളിച്ചപ്പോള്‍ അവര്‍ പരസ്പരം കണ്ണില്‍ക്കണ്ണില്‍ നോക്കുന്നതു സങ്കല്‍പ്പിക്കുക. ഈ മന്ദിരം നാല്പത്തിയാറു സംവത്സരം കൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ'' എന്ന് മതനേതാക്കള്‍ രോഷാകുലരായി മറുപടി പറഞ്ഞു (വാ. 20). എന്നാല്‍ താന്‍ തന്റെ ശരീരമെന്ന ആലയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് യേശു അറിഞ്ഞിരുന്നു (വാ. 21). അവര്‍ അതു മനസ്സിലാക്കിയില്ല.

നാം നമുക്കു തന്നെ ചെയ്യുന്നതും പരസ്പരം ചെയ്യുന്നതുമായ ദോഷം ആത്യന്തികമായി അവനില്‍ പതിക്കുമെന്ന് കാണിക്കാനാണ് അവിടുന്ന് വന്നതെന്ന് അവര്‍ക്ക് മനസ്സിലായില്ല. അവിടുന്ന്ാണ് അതിനു പ്രായശ്ചിത്തം ചെയ്യുന്നത്.

ദൈവം നമ്മെക്കാള്‍ നന്നായി നമ്മുടെ ഹൃദയങ്ങളെ അറിയുന്നു. അതിനാല്‍, അവന്റെ അത്ഭുതങ്ങള്‍ കണ്ട് അവനില്‍ വിശ്വസിച്ചവരെപോലും അവിടുന്ന് തന്റെ പദ്ധതികളുടെ പൂര്‍ണ്ണത ഭരമേല്‍പ്പിച്ചില്ല (വാ. 23-25). അവന്‍ നമ്മോടു പറഞ്ഞാല്‍ പോലും നമുക്കു മനസ്സിലാക്കാന്‍ സാധിക്കാത്ത യേശുവിന്റെ വാക്കുകളിലെ സ്‌നേഹവും നന്മയും അവന്‍ ഇപ്പോള്‍ പതുക്കെ നമുക്കു വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ഉദ്ദേശ്യത്തോടെ വിശ്രമിക്കുക

യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയാന്‍ രമേശിന് ഇഷ്ടമാണ്. സഹപ്രവര്‍ത്തകരോട് അദ്ദേഹം ധൈര്യത്തോടെ സംസാരിക്കുകയും ഓരോ മാസത്തിലും ഒരു വാരാന്ത്യം വീടുതോറും സുവിശേഷം പറയുന്നതിനായി തന്റെ ഗ്രാമത്തിലേക്ക് മടങ്ങിവരികയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഉത്സാഹം പകരുന്നതായിരുന്നു- പ്രത്യേകിച്ചും വിശ്രമിക്കാനും സ്വസ്ഥമാകാനും സമയമെടുക്കേണ്ടതിന്റെ മൂല്യം അദ്ദേഹം മനസ്സിലാക്കിയതുമുതല്‍.

രമേശ് എല്ലാ വാരാന്ത്യങ്ങളും മിക്ക സായാഹ്നങ്ങളും സുവിശേഷം പ്രസംഗിക്കാനാണ് ചെലവഴിച്ചിരുന്നത്. അദ്ദേഹം പുറത്തുപോകുമ്പോള്‍ ഭാര്യയ്ക്കും മക്കള്‍ക്കും തന്റെ അസാന്നിധ്യം അനുഭവപ്പെട്ടിരുന്നു. അദ്ദേഹം വീട്ടിലുള്ളപ്പോഴാകട്ടെ ക്ഷീണിതനായി കാണപ്പെട്ടു. തന്റെ ഓരോ മിനിറ്റും സംഭാഷണവും പ്രയോജനപ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഗെയിമുകളോ കൊച്ചുകൊച്ചു സംസാരമോ അദ്ദേഹത്തിന് ആസ്വദിക്കാനായില്ല. ശരിക്കും വരിഞ്ഞുമുറുക്കപ്പെട്ട അവസ്ഥയിലായിരുന്നു രമേശ്.

ഭാര്യയുടെ സത്യസന്ധമായ വാക്കുകളും സുഹൃത്തുക്കളുടെ ഉപദേശവും വേദപുസ്തകത്തിലെ അവ്യക്തമെന്നു തോന്നുന്ന ചില ഭാഗങ്ങളും അദ്ദേഹത്തെ തന്റെ അസന്തുലിതാവസ്ഥയെക്കുറിച്ചു ബോധ്യപ്പെടുത്തി. സദൃശവാക്യങ്ങള്‍ 30 ല്‍ ഉറുമ്പ്, കോഴി, വെട്ടുക്കിളി എന്നിവയെ പോലുള്ള നിസ്സാര ജീവികളെക്കുറിച്ച് പരാമര്‍ശിക്കുന്നു. ''പല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും അതു രാജാക്കന്മാരുടെ അരമനകളില്‍ പാര്‍ക്കുന്നു'' (വാ. 28).

ഇത്രയും ലൗകികമായ ഒരു കാര്യം ബൈബിളില്‍ എങ്ങനെയാണ് വന്നതെന്ന് രമേശ് ആശ്ചര്യപ്പെട്ടു. പല്ലികളെ നിരീക്ഷിക്കുന്നതിന് കാര്യമായ സമയം ആവശ്യമാണ്. കൊട്ടാരത്തിന് ചുറ്റും ഒരു പല്ലി സഞ്ചരിക്കുന്നത് ആരോ കണ്ടു, അത് രസകരമാണെന്ന് കരുതി, കുറച്ച് കൂടി കാണാന്‍ താല്‍ക്കാലികമായി ജോലി നിര്‍ത്തി. ജോലിയും വിശ്രമവും സന്തുലിതമാക്കുന്നതിനു നമ്മെ ഓര്‍മ്മിപ്പിക്കുന്നതിനായി ദൈവം ഒരുപക്ഷേ അത് തന്റെ വചനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കാം. പല്ലികളെക്കുറിച്ച് പകല്‍ സ്വപ്‌നം കാണാനും നമ്മുടെ കുട്ടികളുമായി ഒരെണ്ണത്തിനെ പിടിക്കാനും കുടുംബത്തോടും സുഹൃത്തുക്കളോടും ഒത്തു വിശ്രമിക്കാനും നമുക്ക് മണിക്കൂറുകള്‍ ആവശ്യമാണ്. എപ്പോള്‍ ജോലിചെയ്യണം, ശുശ്രൂഷിക്കണം, വിശ്രമിക്കണം എന്ന് അറിയാന്‍ ദൈവം നമുക്ക് ജ്ഞാനം നല്‍കട്ടെ!

മരത്തോടു മന്ത്രിക്കുന്നവന്‍

ചിലര്‍ അദ്ദേഹത്തെ ''മരത്തോടു മന്ത്രിക്കുന്നവന്‍'' എന്ന് വിളിക്കുന്നു. ടോണി റിനോഡോ, വേള്‍ഡ് വിഷന്‍ ഓസ്ട്രേലിയയുടെ മരം നടുന്നവനാണ്. ആഫ്രിക്കയിലെ സഹാറ മരുഭൂമിയുടെ തെക്കുഭാഗത്തുള്ള സഹേല്‍ പ്രദേശത്ത് വനനശീകരണം തടയുന്നതിലൂടെ യേശുവിനെ പങ്കുവെക്കാനുള്ള പരിശ്രമത്തില്‍ മുപ്പതുവര്‍ഷമായി ഏര്‍പ്പെട്ടിരിക്കുന്ന ഒരു മിഷനറിയും കാര്‍ഷിക ശാസ്ത്രജ്ഞനുമാണ് ടോണി റിനോഡോ.

മുരടിച്ച ''കുറ്റിച്ചെടികള്‍'' യഥാര്‍ത്ഥത്തില്‍ സുഷുപ്താവസ്ഥയിലുള്ള മരങ്ങളാണെന്ന് തിരിച്ചറിഞ്ഞ റിനോഡോ അവയെ പ്രൂണ്‍ ചെയ്യുകയും പരിപാലിക്കുകയും നനയ്ക്കുകയും ചെയ്യാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ലക്ഷക്കണക്കിന് കര്‍ഷകരെ പ്രചോദിപ്പിച്ചു. അവരും സമീപത്തുള്ള വനങ്ങള്‍ പുനഃസ്ഥാപിച്ച് മണ്ണൊലിപ്പ് തടയുകയും തങ്ങളുടെ പരാജയപ്പെട്ട കൃഷിസ്ഥലങ്ങള്‍ രക്ഷിക്കുകയും ചെയ്തു. ഉദാഹരണത്തിന്, നൈജറിലെ കര്‍ഷകര്‍ അവരുടെ വിളകളും വരുമാനവും ഇരട്ടിയാക്കി, അങ്ങനെ പ്രതിവര്‍ഷം 25 ലക്ഷം ആളുകള്‍ക്ക് അധികമായി ഭക്ഷണം നല്‍കുന്നു.

യോഹന്നാന്‍ 15-ല്‍, കൃഷിയുടെ സ്രഷ്ടാവായ യേശു സമാനമായ കാര്‍ഷിക തന്ത്രങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടു പറഞ്ഞു, ''ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും എന്റെ പിതാവ് തോട്ടക്കാരനും ആകുന്നു. എന്നില്‍ കായ്ക്കാത്ത കൊമ്പ് ഒക്കെയും അവന്‍ നീക്കിക്കളയുന്നു; കായ്ക്കുന്നത് ഒക്കെയും അധികം
ഫലം കായ്‌ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു' (വാ. 1-2).

ദൈവത്തിന്റെ ദൈനംദിന പരിപാലനമില്ലാതെ, നമ്മുടെ ആത്മാക്കള്‍ ഫലരഹിതവും വരണ്ടതുമായി മാറുന്നു. എന്നിരുന്നാലും, അവിടുത്തെ ന്യായപ്രമാണത്തില്‍ നാം ആനന്ദിക്കുമ്പോള്‍, രാവും പകലും അതിനെ ധ്യാനിക്കുമ്പോള്‍, നാം ''ആറ്റരികത്തു നട്ടിരിക്കുന്ന വൃക്ഷം പോലെ'' ആകും (സങ്കീ. 1:3). നമ്മുടെ ഇലകള്‍ വാടിപ്പോകുകയില്ല. നാം ''ചെയ്യുന്നതൊക്കെയും സാധിക്കും'' (വാ. 3). അവന്‍ ചെത്തിവെടിപ്പാക്കിയതും നട്ടതുമായ നമ്മള്‍ നിത്യഹരിതമാണ് - നാം പുനരുജ്ജീവിപ്പിക്കപ്പെടുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു.

ദൈവം എല്ലാം കേള്‍ക്കുന്നു

ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ദീര്‍ഘമായ തപാല്‍ കാലതാമസം 89 വര്‍ഷത്തിന്റേതാണ്. 2008-ല്‍ ഇംഗ്ലണ്ടിലെ ഒരു വീട്ടുടമസ്ഥയ്ക്ക് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനായി 1919-ല്‍ അയച്ച ഒരു ക്ഷണക്കത്ത് ലഭിക്കുകയുണ്ടായി. അവിടെ മുമ്പു പാര്‍ത്തിരുന്ന വ്യക്തിക്കുള്ള ക്ഷണക്കത്തായിരുന്നു അവളുടെ മെയില്‍ബോക്‌സില്‍ വന്നത്. റോയല്‍ മെയില്‍ വഴിയാണ് കത്തു ലഭിച്ചത് എങ്കിലും അതിന്റെ കാലതാമസത്തിന്റെ കാരണം ഇന്നും അജ്ഞാതമായി തുടരുന്നു.

ആശയവിനിമയത്തിലെ ഏറ്റവും മികച്ച മാനുഷിക ശ്രമങ്ങള്‍ പോലും ചിലപ്പോള്‍ നമ്മെ നിരാശരാക്കുന്നു, എന്നാല്‍ ദൈവം തന്റെ വിശ്വസ്തരായ ആളുകളെ കേള്‍ക്കുന്നതില്‍ ഒരിക്കലും പരാജയപ്പെടുന്നില്ലെന്ന് തിരുവെഴുത്ത് വ്യക്തമാക്കുന്നു. 1 രാജാക്കന്മാര്‍ 18-ല്‍, പുറജാതി ദൈവമായ ബാലും യഹോവയായ ദൈവവും തമ്മിലുള്ള വ്യത്യാസം ഏലിയാവ് വെളിപ്പെടുത്തി. യഥാര്‍ത്ഥ ദൈവം ആരാണെന്ന് തെളിയിക്കാനുള്ള ഒരു മത്സരപ്പരീക്ഷയില്‍, ബാലിന്റെ പ്രവാചകന്മാര്‍ മണിക്കൂറുകളോളം പ്രാര്‍ത്ഥിച്ചശേഷം, ഏലിയാവ് അവരെ പരിഹസിച്ചു: ''ഉറക്കെ വിളിക്കുവിന്‍; അവന്‍ ദേവനല്ലോ; അവന്‍ ധ്യാനിക്കുകയാകുന്നു; അല്ലെങ്കില്‍
യാത്രയിലാകുന്നു; അല്ലെങ്കില്‍ പക്ഷേ ഉറങ്ങുകയാകുന്നു; അവനെ ഉണര്‍ത്തണം' (വാ. 27). തുടര്‍ന്ന് തന്റെ ജനത വിശ്വാസത്തിലേക്ക് മടങ്ങിവരുന്നതിനായി യഹോവ ഉത്തരം നല്‍കണമെന്ന് ഏലിയാവ് പ്രാര്‍ത്ഥിച്ചു, ദൈവത്തിന്റെ ശക്തി വ്യക്തമായും പ്രകടമായി.

നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഏലിയാവിന്റേതുപോലെ ഉടനടി ഉത്തരം ലഭിച്ചില്ലെന്നു വന്നേക്കാം, എങ്കിലും ദൈവം അവ കേള്‍ക്കുന്നുവെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാം (സങ്കീര്‍ത്തനം 34:17). നമ്മുടെ പ്രാര്‍ത്ഥനകളെ അവന്‍ അമൂല്യമായി വിലമതിക്കുന്നുവെന്ന് ബൈബിള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു, അവ വിലയേറിയ ധൂപവര്‍ഗ്ഗം പോലെ ''സ്വര്‍ണ്ണപാത്രങ്ങളില്‍'' സൂക്ഷിക്കുന്നു (വെളിപ്പാട് 5:8). നമ്മുടെ ഓരോ പ്രാര്‍ത്ഥനയ്ക്കും ദൈവം തന്റെ തികഞ്ഞ ജ്ഞാനത്തിലും മാര്‍ഗ്ഗത്തിലും ഉത്തരം നല്‍കും. സ്വര്‍ഗ്ഗത്തില്‍ നഷ്ടപ്പെട്ട കത്തുകള്‍ ഒന്നുമില്ല.

ഒരു നേരത്തെ ഭക്ഷണം പോലും

യേശുവിനെ സേവിക്കാനുള്ള ശക്തമായ ആഗ്രഹത്തോടെ ആഷ്ടനും ഓസ്റ്റിന്‍ സാമുവല്‍സണും ഒരു ക്രിസ്തീയ കോളേജില്‍ നിന്ന് ബിരുദം നേടി. എന്നിരുന്നാലും, സഭയിലെ ഒരു പരമ്പരാഗത ശുശ്രൂഷയിലേക്ക് തങ്ങള്‍ക്കു വിളിയുള്ളതായി ഇരുവര്‍ക്കും തോന്നിയില്ല. എന്നാല്‍ ലോകത്തിലെ ശുശ്രൂഷയുടെ കാര്യമോ? തീര്‍ച്ചയായും അവര്‍ക്കുറപ്പുണ്ടായിരുന്നു. ദൈവം നല്‍കിയ സംരംഭകത്വ കഴിവുകളുമായി കുട്ടികളുടെ വിശപ്പു മാറ്റാനുള്ള അവരുടെ ഭാരം അവര്‍ കൂട്ടിച്ചേര്‍ത്തു. ആ ലക്ഷ്യത്തോടെ 2014 ല്‍ അവര്‍ ഒരു റെസ്റ്റോറന്റ് ആരംഭിച്ചു. എന്നാല്‍ ഇത് ഏതെങ്കിലും ഒരു റെസ്റ്റോറന്റ് ആയിരുന്നില്ല. ഒന്നു വാങ്ങുക-ഒന്നു-നല്‍കുക-എന്ന പ്രമാണത്തില്‍ നിന്നുകൊണ്ടാണ് സാമുവല്‍സണ്‍ പ്രവര്‍ത്തിക്കുന്നത്. വാങ്ങുന്ന ഓരോ ഭക്ഷണത്തോടൊപ്പം, പോഷകാഹാരക്കുറവുള്ള കുട്ടികളുടെ പോഷക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഭക്ഷണം നല്‍കാന്‍ അവര്‍ പണം സംഭാവന ചെയ്യുന്നു. ഇതുവരെ, അറുപതിലധികം രാജ്യങ്ങളില്‍ അവര്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കുട്ടികളിലെ വിശപ്പ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമാകുക എന്നതാണ് അവരുടെ ലക്ഷ്യം - ഒരു സമയം ഒരു ഭക്ഷണം വീതം.

മത്തായി 10-ലെ യേശുവിന്റെ വാക്കുകള്‍ നിഗൂഢമല്ല, അവ അതിശയകരമാംവിധം വ്യക്തമാണ്: ഭക്തി പ്രകടമാകുന്നത് പ്രവൃത്തികളിലാണ്, വാക്കുകൡല്ല (വാ. 37-42). അത്തരം ഒരു പ്രവൃത്തികളിലൊന്ന് ''ഈ ചെറിയവരില്‍ ഒരുത്തന്്'' നല്‍കുക എന്നതാണ്. സാമുവല്‍സണെ സംബന്ധിച്ചിടത്തോളം, അവര്‍ ശ്രദ്ധയൂന്നിയത് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിലാണ്. എന്നാല്‍ ശ്രദ്ധിക്കുക, ''ഈ ചെറിയവരില്‍ ഒരുത്തന്'' എന്നത് കാലഗണന പ്രകാരം പരിമിതപ്പെടുത്തിയിരിക്കുന്ന ഒരു വാക്കല്ല. ദരിദ്രര്‍, രോഗികള്‍, തടവുകാര്‍, അഭയാര്‍ത്ഥികള്‍ എന്നിങ്ങനെ ഈ ലോകത്തിന്റെ ദൃഷ്ടിയില്‍ പരിഗണന ലഭിക്കാത്ത ''ഈ ചെറിയവരില്‍ ഒരുത്തന്'' കൊടുക്കുവാനാണ് കര്‍ത്താവ് നമ്മോടാവശ്യപ്പെടുന്നത്. എന്താണ് കൊടുക്കേണ്ടത്? യേശു പറയുന്നു ''ഒരു പാനപാത്രം തണ്ണീര്‍'' എങ്കിലും (വാ. 42). ഒരു കപ്പ് തണുത്ത വെള്ളം പോലെ ചെറുതും ലളിതവുമായ ഒന്ന്. എങ്കില്‍ ഒരു നേരത്തെ ഭക്ഷണം തീര്‍ച്ചയായും ആ ഗണത്തില്‍ ഉള്‍പ്പെടും.