Month: ഡിസംബര് 2020

ക്രിസ്തുമസ് ഭയഭക്തി

ഒരു രാത്രി ഞാന്‍ ഒരു മീറ്റിംഗിനായി ലണ്ടനിലായിരുന്നു. മഴ പെയ്യുന്നുണ്ടായിരുന്നു, ഞാന്‍ വൈകിയിരുന്നു. ഞാന്‍ തെരുവുകളിലൂടെ വേഗത്തില്‍ നടന്നു, ഒരു മൂലയില്‍ തിരിഞ്ഞു, എന്നിട്ട് നിശ്ചലമായി നിന്നു. ഡസന്‍ കണക്കിന് മാലാഖമാര്‍ റീജന്റ് സ്ട്രീറ്റിന് മുകളിലൂടെ സഞ്ചരിക്കുന്നു, അവരുടെ ഭീമാകാരമായ തിളങ്ങുന്ന ചിറകുകള്‍ ട്രാഫിക്കിലുടനീളം വ്യാപിച്ചിരിക്കുന്നു. ആയിരക്കണക്കിന് മിന്നുന്ന ലൈറ്റുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച, ഞാന്‍ കണ്ട ഏറ്റവും അത്ഭുതകരമായ ക്രിസ്തുമസ് പ്രദര്‍ശനം ആയിരുന്നു അത്. ഞാന്‍ മാത്രമല്ല ആകര്‍ഷിക്കപ്പെട്ടത്. നൂറുകണക്കിന് ആളുകള്‍ തെരുവില്‍ അണിനിരന്നു, ഭയഭക്തിയോടെ നോക്കിനിന്നു.

ക്രിസ്തുമസ് കഥയുടെ കേന്ദ്രത്തില്‍ ഭയഭക്തിയാണ് നിറഞ്ഞുനില്‍ക്കുന്നത്. മറിയ അത്ഭുതകരമായി ഗര്‍ഭം ധരിക്കുമെന്ന വാര്‍ത്തയുമായി ദൂതന്‍ അവള്‍ക്കു പ്രത്യക്ഷപ്പെട്ടപ്പോഴും (ലൂക്കൊസ് 1:26-38) യേശുവിന്റെ ജനനം പ്രഖ്യാപിച്ചുകൊണ്ട് ഇടയന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടപ്പോഴും (2:8-20) ഓരോരുത്തരും ഭയത്തോടും അത്ഭുതത്തോടും കൂടെയാണ് - ഭയഭക്തിയോടെ - പ്രതികരിച്ചത്. റീജന്റ് സ്ട്രീറ്റീലെ ആ ആള്‍ക്കൂട്ടത്തെ ചുറ്റും നോക്കുമ്പോള്‍, ആദ്യത്തെ മാലാഖമാരുടെ പ്രത്യക്ഷതകളുടെ ഒരു ഭാഗം ഞങ്ങള്‍ അനുഭവിക്കുകയാണോ എന്ന് ഞാന്‍ ചിന്തിച്ചു.

ഒരു നിമിഷം കഴിഞ്ഞ്, ഞാന്‍ മറ്റൊന്നു കൂടി ശ്രദ്ധിച്ചു. ചില മാലാഖമാര്‍ കൈകള്‍ ഉയര്‍ത്തി, അവരും എന്തോ നോക്കുന്നതുപോലെ. യേശുവിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ആദ്യത്തെ മാലാഖ ഗായകസംഘം പെട്ടെന്നു ഗാനം ആലപിക്കാനാരംഭിച്ചതുപോലെ (വാ. 13-14), ഈ മാലാഖമാരും ഭയഭക്തി പൂണ്ടതുപോലെ തോന്നി.

പുത്രന്‍ ദൈവത്തിന്റെ 'തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും'' ആകുന്നു (എബ്രായര്‍ 1:3). തിളക്കവും പ്രകാശവുമുള്ളവനായ യേശു ഓരോ മാലാഖയുടെയും നോട്ടത്തിന്റെ കേന്ദ്രബിന്ദുവാണ് (വാ. 6). തിരക്കുള്ള ലണ്ടന്‍ നിവാസികളെ അവരുടെ വഴിയില്‍ തടഞ്ഞുനിര്‍ത്താന്‍ മാലാഖമാരുടെ പ്രമേയമുള്ള ക്രിസ്തുമസ് ഡിസ്‌പ്ലേയ്ക്ക് കഴിയുമെങ്കില്‍, നാം അവനെ മുഖാമുഖം കാണുന്ന നിമിഷത്തെക്കുറിച്ചു സങ്കല്‍പ്പിക്കുക.

ശാന്തമായ സംസാരം

ഞാന്‍ ഫേസ്ബുക്കില്‍ വാദിക്കുകയായിരുന്നു. മോശം നീക്കമായിരുന്നു അത്. ചൂടേറിയ ഒരു വിഷയത്തില്‍ അപരിചിതനെ ''ശരിയാക്കാന്‍'' ഞാന്‍ ബാധ്യസ്ഥനാണെന്ന് എന്നെ ചിന്തിപ്പിച്ചത് എന്താണ്? ചൂടേറിയ വാക്കുകള്‍, മുറിപ്പെട്ട വികാരങ്ങള്‍ (എന്തായാലും എന്റെ ഭാഗത്ത്), യേശുവിനായി നന്നായി സാക്ഷ്യം വഹിക്കാനുള്ള അവസരം നഷ്ടപ്പെട്ടത് എന്നിവയായിരുന്നു ഫലങ്ങള്‍. അതാണ് ''ഇന്റര്‍നെറ്റ് കോപ''ത്തിന്റെ ആകെ ഫലം. ബ്ലോഗോസ്ഫിയറിലുടനീളം ദിനംപ്രതി പറന്നുനടക്കുന്ന പരുഷമായ പദങ്ങളെ സൂചിപ്പിക്കുന്ന പദമാണിത്. ഒരു ധാര്‍മ്മിക വിദഗ്ദ്ധന്‍ വിശദീകരിച്ചതുപോലെ, ''പൊതു ആശയങ്ങള്‍ സംസാരിക്കപ്പെടുന്ന രീതിയാണ്'' കോപം എന്ന തെറ്റായ നിഗമനത്തില്‍ ആളുകളെത്തുന്നു.

പൗലൊസ് തിമൊഥെയൊസിനു നല്‍കിയ ജ്ഞാനപൂര്‍വമായ ഉപദേശം അതേ ജാഗ്രത നല്‍കി. ''ബുദ്ധിയില്ലാത്ത മൗഢ്യതര്‍ക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞ് അത് ഒഴിഞ്ഞിരിക്കുക. കര്‍ത്താവിന്റെ ദാസന്‍ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാന്‍ സമര്‍ത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടത്' (2 തിമൊഥെയൊസ് 2:23-24).

റോമന്‍ ജയിലില്‍ നിന്ന് തിമൊഥെയൊസിന് എഴുതിയ പൗലൊസിന്റെ നല്ല ഉപദേശം, ദൈവിക സത്യം പഠിപ്പിക്കുന്നതിന് യുവ പാസ്റ്ററെ ഒരുക്കുന്നതിനാണ് അയച്ചത്. പൗലൊസിന്റെ ഉപദേശം ഇന്ന് നമുക്കും പ്രസക്തമാണ്, പ്രത്യേകിച്ചും സംഭാഷണം നമ്മുടെ വിശ്വാസത്തിലേക്ക് തിരിയുമ്പോള്‍. ''വിരോധികള്‍ക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിനായി മാനസാന്തരം നല്കുമോ എന്നും... വച്ച് അവരെ സൗമ്യതയോടെ പഠിപ്പിക്കേണ്ടതും
ആകുന്നു'' (വാ. 25).

മറ്റുള്ളവരോട് ദയയോടെ സംസാരിക്കുന്നത് ഈ വെല്ലുവിളിയുടെ ഭാഗമാണ്. പക്ഷേ ഇതു പാസ്റ്റര്‍മാര്‍ക്ക് മാത്രമല്ല, ദൈവത്തെ സ്‌നേഹിക്കുകയും അവനെക്കുറിച്ച് മറ്റുള്ളവരോട് പറയാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാവരും അവന്റെ സത്യത്തെ സ്‌നേഹത്തില്‍ സംസാരിക്കണം. ഓരോ വാക്കിലും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും.

നിങ്ങള്‍ ആരാണ്

അയാളുടെ പേര് ധ്യാന്‍ എന്നാണ്, താന്‍ ഒരു ലോക വിദ്യാര്‍ത്ഥിയാണെന്നാണ്് അയാള്‍ കരുതുന്നത്. ''ഇത് വളരെ വലിയ പാഠശാലയാണ്,'' താന്‍ കടന്നുപോയ എല്ലാ നഗരങ്ങളെയും പട്ടണങ്ങളെയും കുറിച്ച് അയാള്‍ പറയുന്നു. ആളുകളെ കണ്ടുമുട്ടുന്നതിനും അവരില്‍ നിന്നും പഠിക്കുന്നതിനുമായി 2016 ല്‍ അയാള്‍ സൈക്കിളില്‍ നാല് വര്‍ഷത്തെ യാത്ര ആരംഭിച്ചു. ഒരു ഭാഷാ തടസ്സം ഉണ്ടാകുമ്പോള്‍, ചിലപ്പോള്‍ പരസ്പരം നോക്കുന്നതിലൂടെ ആളുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമെന്ന് അയാള്‍ കണ്ടെത്തി. ആശയവിനിമയം നടത്താനായി തന്റെ ഫോണിലെ ഒരു പരിഭാഷാ അപ്ലിക്കേഷനെ ആശ്രയിക്കുന്നു. അയാള്‍ സഞ്ചരിച്ച മൈലുകളിലോ കണ്ട കാഴ്ചകളിലോ അല്ല അയാള്‍ തന്റെ യാത്രയെ അളക്കുന്നത് പകരം, തന്റെ ഹൃദയത്തില്‍ ഒരു മുദ്ര പതിപ്പിച്ച ആളുകളിലൂടെ അയാള്‍ ഇത് അളക്കുന്നു: ''ഒരുപക്ഷേ എനിക്ക് നിങ്ങളുടെ ഭാഷ അറിയില്ലായിരിക്കാം, പക്ഷേ നിങ്ങള്‍ ആരാണെന്ന് കണ്ടെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.''

ഇത് വളരെ വലിയ ഒരു ലോകമാണ്, എങ്കിലും അതിനെക്കുറിച്ചും അതിലുള്ള ആളുകളെക്കുറിച്ചും എല്ലാം ദൈവത്തിന് മുഴുവനായും പൂര്‍ണ്ണമായും അറിയാം. സങ്കീര്‍ത്തനക്കാരനായ ദാവീദ് ദൈവത്തിന്റെ കൈകളുടെ എല്ലാ പ്രവൃത്തികളെയും - ആകാശം, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം (സങ്കീര്‍ത്തനം 8:3) - പരിഗണിക്കുമ്പോള്‍ ദൈവത്തെ ഭയഭക്തിയോടെ നോക്കി. ''മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിന് അവന്‍ എന്ത്? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന് അവന്‍ എന്തുമാത്രം?'' (വാ. 4) എന്നവന്‍ ആശ്ചര്യപ്പെട്ടു,

മറ്റാര്‍ക്കും കഴിയുന്നതിനേക്കാള്‍ ആഴമായി ദൈവം നിങ്ങളെ അറിയുന്നു, അവന്‍ നിങ്ങള്‍ക്കായി കരുതുന്നു. പരിപാലിക്കുന്നു. 'ഞങ്ങളുടെ കര്‍ത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു' (വാ. 1,9) എന്ന് മാത്രമേ നമുക്ക് പ്രതികരിക്കാന്‍ കഴിയൂ.

സംസാരശേഷി എന്ന ക്രിസ്തുമസ് സമ്മാനം

ശസ്ത്രക്രിയാനന്തരമുണ്ടായ പക്ഷാഘാതം ടോമിന്റെ സംസാരശേഷി നഷ്ടപ്പെടുത്തുകയും ഒരു നീണ്ട പുനരധിവാസ പ്രക്രിയയെ താന്‍ അഭിമുഖീകരിക്കേണ്ടിവരികയും ചെയ്തു. ആഴ്ചകള്‍ക്കുശേഷം, ഞങ്ങളുടെ സഭയിലെ താങ്ക്‌സ്ഗിവിംഗ് ശുശ്രൂഷയില്‍ അദ്ദേഹം കടന്നുവന്നപ്പോള്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടു. അദ്ദേഹം സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഞങ്ങള്‍ കൂടുതല്‍ ആശ്ചര്യപ്പെട്ടു. എന്താണ് പറയേണ്ടതെന്ന് അന്വേഷിച്ച്, അദ്ദേഹം വാക്കുകള്‍ ഉച്ചരിക്കുകയും സ്വയം ആവര്‍ത്തിക്കുകയും ദിവസങ്ങളും സമയവും തെറ്റിക്കുകയും ചെയ്തു. എന്നാല്‍ ഒരു കാര്യം വ്യക്തമായിരുന്നു: അദ്ദേഹം ദൈവത്തെ സ്തുതിക്കുകയായിരുന്നു! നിങ്ങളുടെ ഹൃദയം തകര്‍ക്കപ്പെടാനും അതേസമയം തന്നെ അനുഗ്രഹിക്കപ്പെടാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ഒരു നിമിഷമായിരുന്നു അത്.

''ക്രിസ്തുമസ്-പൂര്‍വ്വ കഥ''യില്‍, സംസാരശേഷി നഷ്ടപ്പെട്ട ഒരാളെ നാം കണ്ടുമുട്ടുന്നു. ഗബ്രിയേല്‍ ദൂതന്‍ പുരോഹിതനായ സെഖര്യാവിനു പ്രത്യക്ഷപ്പെട്ടു, അവന്‍ ഒരു വലിയ പ്രവാചകന്റെ പിതാവാകുമെന്ന് അവനോട് പറഞ്ഞു (ലൂക്കൊസ് 1:11-17 കാണുക). സെഖര്യാവും ഭാര്യയും വൃദ്ധരായിരുന്നു, അതിനാല്‍ അവന്‍ അതിനെ സംശയിച്ചു. അപ്പോഴാണ് ഗബ്രിയേല്‍ ''അതു സംഭവിക്കും വരെ'' അവന്‍ സംസാരിക്കയില്ലെന്ന് പറഞ്ഞത് (വാ. 20).

അന്ന് അതു സംഭവിച്ചു. അത്ഭുത ശിശുവിന് പേരിടാനുള്ള ചടങ്ങില്‍ സെഖര്യാവ് സംസാരിച്ചു. തന്റെ ആദ്യ വാക്കുകളാല്‍ അവന്‍ ദൈവത്തെ സ്തുതിച്ചു (വാ. 64). പിന്നെ അവന്‍ പറഞ്ഞു, ''യിസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അനുഗ്രഹിക്കപ്പെട്ടവന്‍; അവന്‍ തന്റെ ജനത്തെ സന്ദര്‍ശിച്ച് ഉദ്ധാരണം ചെയ്തു'' (വാ. 68).

സെഖര്യാവിനെപ്പോലെ, തനിക്കു സംസാരിക്കാന്‍ കഴിഞ്ഞയുടനെ ദൈവത്തെ സ്തുതിക്കുക എന്നതായിരുന്നു ടോമിന്റെയും പ്രതികരണം. അവരുടെ നാവുകളും മനസ്സും നിര്‍മ്മിച്ചവന്റെ നേരെ അവരുടെ ഹൃദയം ചാഞ്ഞു. ഈ സീസണില്‍ നമ്മെ അഭിമുഖീകരിക്കുന്നതെന്താണെങ്കിലും, നമുക്കും അതേ രീതിയില്‍ പ്രതികരിക്കാന്‍ കഴിയും.

പ്രാര്‍ത്ഥനയിലൂടെയുള്ള മല്‍പ്പിടുത്തം

ആരോ ഒരു പുതിയ നിയമം നല്‍കിയതിനുശേഷം ഡെന്നീസിന്റെ ജീവിതം രൂപാന്തരപ്പെട്ടു. അത് വായിക്കുന്നത് അവനെ ഹഠാദാകര്‍ഷിച്ചു, അത് അവന്റെ നിരന്തരമായ കൂട്ടാളിയായി. ആറുമാസത്തിനുള്ളില്‍, ജീവിതം മാറ്റിമറിക്കുന്ന രണ്ട് സംഭവങ്ങള്‍ അവന്റെ ജീവിതത്തിലുണ്ടായി. തന്റെ പാപങ്ങളുടെ മോചനത്തിനായി താന്‍ യേശുവില്‍ വിശ്വസിച്ചു. കഠിനമായ തലവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അവന് മസ്തിഷ്‌ക ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തി. താങ്ങാനാവാത്ത വേദന കാരണം അവന്‍ കിടപ്പിലായതിനാല്‍ ജോലിചെയ്യാന്‍ കഴിഞ്ഞില്ല. വേദനാജനകമായ, ഉറക്കമില്ലാത്ത ഒരു രാത്രിയില്‍ അവന്‍ ദൈവത്തോട് നിലവിളിച്ചു. ഒടുവില്‍ പുലര്‍ച്ചെ നാലരയോടെ അവന്‍ ഉറങ്ങി.

ശാരീരിക വേദന നമ്മെ ദൈവത്തോട് നിലവിളിക്കാന്‍ ഇടയാക്കും, എന്നാല്‍ കഠിനമായ മറ്റ് ജീവിത സാഹചര്യങ്ങളും അവങ്കലേക്ക് ഓടിച്ചെല്ലാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഡെന്നീസിന്റെ പോരാട്ട രാത്രിക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, നിരാശനായ യാക്കോബ് ദൈവത്തെ നേരിട്ടു (ഉല്പത്തി 32:24-32). യാക്കോബിനെ സംബന്ധിച്ചിടത്തോളം അത് പൂര്‍ത്തിയാകാത്ത കുടുംബ പ്രശ്‌നമായിരുന്നു. അവന്‍ തന്റെ സഹോദരനായ ഏശാവിനെ ദ്രോഹിച്ചു (അ. 27), പ്രതികാരം ആസന്നമായെന്ന് അവന്‍ ഭയപ്പെട്ടു. ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ ദൈവത്തിന്റെ സഹായം തേടുന്നതിനിടയില്‍, യാക്കോബ് ദൈവത്തെ മുഖാമുഖം കണ്ടു (32:30). രൂപാന്തരപ്പെട്ട മനുഷ്യനായിട്ടാണ് അവന്‍ പുറത്തുവന്നത്.

ഡെന്നിസും അങ്ങനെ തന്നെ. പ്രാര്‍ത്ഥനയില്‍ ദൈവത്തോട് നിലവിളിച്ച ശേഷം, കിടപ്പിലായിരുന്ന ഡെന്നിസിന് എഴുന്നേറ്റു നില്‍ക്കാന്‍ കഴിഞ്ഞു. ഡോക്ടറുടെ പരിശോധനയില്‍ ട്യൂമറിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. നമ്മെ അത്ഭുതകരമായി സുഖപ്പെടുത്തുന്നത് ദൈവം എപ്പോഴും തിരഞ്ഞെടുക്കുന്നില്ലെങ്കിലും, അവന്‍ എപ്പോഴും നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നുവെന്നും നമ്മുടെ സാഹചര്യത്തിന് ആവശ്യമായത് നല്‍കുമെന്നും നമുക്ക് ഉറപ്പുണ്ട്. നമ്മുടെ പരിതാപകരമായ അവസ്ഥയില്‍ നാം ദൈവത്തോട് ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന നടത്തുകയും ഫലങ്ങള്‍ അവനു വിട്ടുകൊടുക്കുകയും ചെയ്യുന്നു!