ബ്രിട്ടീഷ് സംഗീത സംവിധായകന് സര് തോമസ് ബീച്ചാം ഒരിക്കല്‍ ഒരു ഹോട്ടല്‍ ലോബിയില്‍ വെച്ച് ഒരു സുന്ദരിയായ സ്ത്രീയെ കണ്ട ഒരു കഥയുണ്ട്. തനിക്ക് അവളെ അറിയാമെന്ന് അദ്ദേഹത്തിനു തോന്നിയെങ്കിലും, അവളുടെ പേര് ഓര്‍മ്മിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം അല്പസമയം നിന്ന് അവളുമായി സംസാരിച്ചു. ഇരുവരും സംസാരിക്കുമ്പോള്‍ അവള്‍ക്ക് ഒരു സഹോദരനുണ്ടെന്ന് അവ്യക്തമായി ഓര്‍മ്മ വന്നു. ഒരു സൂചന ലഭിക്കുമെന്ന പ്രതീക്ഷയില്‍, അവളുടെ സഹോദരന് എങ്ങനെയിരിക്കുന്നുവെന്നും അതേ ജോലിയില്‍ തന്നെയാണോ ഇപ്പോഴും തുടരുന്നതെന്നും ചോദിച്ചു. ‘ഓ, അദ്ദേഹം വളരെ നന്നായിരിക്കുന്നു’ അവള് പറഞ്ഞു, ‘ഇപ്പോഴും രാജാവുതന്നെയാണ്.’
സര് ബീച്ചാമിന്റെ കാര്യത്തിലെന്നപോലെ, ആളെ തെറ്റായി മനസ്സിലാക്കുന്നത് അസ്വസ്ഥതയുളവാക്കുന്ന കാര്യമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ, യേശുവിന്റെ ശിഷ്യനായ ഫിലിപ്പൊസിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ ഇതു കൂടുതല്‍ ഗുരുതരമായേക്കാം. ശിഷ്യനു തീര്‍ച്ചയായും യേശുവിനെ അറിയാമായിരുന്നു, പക്ഷേ യേശു യഥാര്‍ത്ഥത്തില്‍ ആരാണെന്ന കാര്യം ശിഷ്യന് പൂര്‍ണ്ണമായി അംഗീകരിച്ചിരുന്നില്ല. യേശു, ‘പിതാവിനെ കാണിച്ചുതരണമെന്ന്” അവന് ആഗ്രഹിച്ചു. യേശുവാകട്ടെ, ‘എന്നെ കണ്ടവന് പിതാവിനെ കണ്ടിരിക്കുന്നു” (യോഹന്നാന് 14: 8-9) എന്നു പ്രതികരിച്ചു. ദൈവത്തിന്റെ അതുല്യനായ പുത്രനെന്ന നിലയില്‍, യേശു പിതാവിനെ പൂര്‍ണ്ണമായ നിലയില്‍ വെളിപ്പെടുത്തുന്നു- അതായത് ഒരാളെ അറിയുകയെന്നത് മറ്റെയാളെ അറിയുന്നതിനു തുല്യമാണ് (വാ. 10-11).
ദൈവം തന്റെ സ്വഭാവത്തിലും വ്യക്തിത്വത്തിലും മറ്റുള്ളവരെക്കുറിച്ചുള്ള കരുതലിലും എങ്ങനെയുള്ളവനാണെന്നു നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍, അതു കണ്ടെത്തുന്നതിനായി നാം യേശുവിനെ നോക്കിയാല്‍ മതി. യേശുവിന്റെ സ്വഭാവം, ദയ, സ്നേഹം, കരുണ എന്നിവ ദൈവത്തിന്റെ സ്വഭാവത്തെ വെളിപ്പെടുത്തുന്നു. നമ്മുടെ അതിശയവാനും മഹത്വപൂര്‍ണ്ണനുമായ ദൈവം നമ്മുടെ പൂര്‍ണ്ണമായ അറിവിനും ഗ്രാഹ്യത്തിനും അതീതനാണെങ്കിലും, യേശുവില്‍ തന്നെത്തന്നെ വെളിപ്പെടുത്തിയതിലൂടെ നമുക്ക് ഒരു മഹത്തായ ദാനം നല്കിയിരിക്കുന്നു.
ദൈവത്തിന്റെ സ്വഭാവം നിങ്ങള്‍ക്ക് എത്ര മാത്രം അറിയാം? യേശു ആരാണെന്നുള്ള നിങ്ങളുടെ ധാരണയുമായി ഇത് എങ്ങനെയാണു പൊരുത്തപ്പെടുന്നത്?
പ്രിയ ദൈവമേ, അങ്ങ് ആരാണെന്നതിനെക്കുറിച്ചുള്ള എന്റെ അറിവിലും ആംഗീകാരത്തിലും വളരുവാന്‍ എന്നെ സഹായിക്കണമേ.