‘കര്‍ത്താവ് എന്റെ ഉന്നത ഗോപുരം . . . . എന്നു പാടിക്കൊണ്ട് ഞങ്ങള്‍ ക്യാമ്പ് വിട്ടു.” 1943 സെപ്റ്റംബര്‍ 7 ന് എറ്റി ഹില്ലെസം ഒരു പോസ്റ്റ്കാര്‍ഡില്‍ ആ വാക്കുകള്‍ എഴുതി ട്രെയിനില്‍ നിന്നു പുറത്തേക്കെറിഞ്ഞു. അവളില്‍ നിന്ന് നാം കേള്‍ക്കുന്ന അവസാനത്തെ രേഖപ്പെടുത്തപ്പെട്ട വാക്കുകളായിരുന്നു അവ. 1943 നവംബര്‍ 30 ന് ഓഷ്വിറ്റ്സില് വെച്ച് അവള് കൊല്ലപ്പെട്ടു. പിന്നീട്, ഹില്ലെസമിന്റെ ഒരു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ (രണ്ടാം ലോകമഹായുദ്ധ സമയത്തെ) അനുഭവങ്ങള്‍ രേഖപ്പെടുത്തിയ ഡയറിക്കുറിപ്പുകള്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കപ്പെട്ടു. നാസി അധിനിവേശത്തിന്റെ ഭീകരതയെക്കുറിച്ചും ദൈവിക ലോകത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും ഉള്ള അവളുടെ കാഴ്ചപ്പാടുകള്‍ അതില്‍ രേഖപ്പെടുത്തിയിരുന്നു. അവളുടെ ഡയറിക്കുറിപ്പുകള്‍ അറുപത്തിയേഴ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട് – നല്ലതും ചീത്തയുമായതു വായിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കുമുള്ള ഒരു സമ്മാനമായി.
യേശുവിന്റെ ഭൂമിയിലെ ജീവിതത്തിലെ പരുഷമായ യാഥാര്‍ത്ഥ്യങ്ങളെ അപ്പൊസ്തലനായ യോഹന്നാന് മറികടന്നുപോയില്ല; യേശു ചെയ്ത നന്മയെയും അവിടുന്നു നേരിട്ട വെല്ലുവിളികളെയും കുറിച്ചു യോഹന്നാന് എഴുതി. യോഹന്നാന്റെ സുവിശേഷത്തിലെ അവസാന വാക്കുകള്‍, തന്റെ പേരില്‍ അറിയപ്പെടുന്ന പുസ്തകത്തിന്റെ പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നല്കുന്നു. ‘ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതല്ലാതെ മറ്റ് അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാര് കാണ്‍കെ ചെയ്തു” (20:30). എന്നാല്‍ ‘നിങ്ങള്‍ വിശ്വസിക്കേണ്ടതിനും … ഇത് എഴുതിയിരിക്കുന്നു” (വാ. 31). യോഹന്നാന്റെ ‘ഡയറി” വിജയക്കുറിപ്പില്‍ അവസാനിക്കുന്നു: ”യേശു ദൈവപുത്രനായ ക്രിസ്തു.” ആ സുവിശേഷവാക്കുകളുടെ സമ്മാനം വിശ്വസിക്കാനും ‘അവന്റെ നാമത്തില്‍ ജീവന് ഉണ്ടാകേണ്ടതിനും” നമുക്ക് അവസരമൊരുക്കുന്നു.
നമ്മോടുള്ള ദൈവസ്നേഹത്തിന്റെ ഡയറിക്കുറിപ്പുകളാണ് സുവിശേഷങ്ങള്‍. അവ വായിക്കാനും വിശ്വസിക്കാനും പങ്കിടാനുമുള്ള വാക്കുകളാണ്, കാരണം അവ നമ്മെ ജീവനിലേക്ക് നയിക്കുന്നു. അവ നമ്മെ ക്രിസ്തുവിലേക്കു നയിക്കുന്നു.
സുവിശേഷങ്ങളെ ഡയറിക്കുറിപ്പുകളായി നിങ്ങള്‍ കരുതുമ്പോള്‍, നിങ്ങളുടെ വായനാരീതിയെ അതെങ്ങനെ രൂപാന്തരപ്പെടുത്തും? അവയിലൂടെ നിങ്ങളെ എങ്ങനെ ക്രിസ്തുവിന്റെ ഹൃദയത്തിലേക്കു നയിക്കും?
കൃപയുള്ള ദൈവമേ, വിശ്വസിക്കാനും ജീവന് പ്രാപിക്കാനുംവേണ്ടി വിശ്വസ്ത കരങ്ങള്‍ എഴുതിയ തിരുവെഴുത്തുകളെന്ന ദാനത്തിനു നന്ദി!