അവരുടെ പണത്തിന്റെ പകുതി സംഭാവന ചെയ്യാമെന്ന് വാഗ്ദാനം നല്കി പ്രതിജ്ഞ ചൊല്ലിയപ്പോള്‍ വാറന്‍ ബഫെയും ബില്‍ ഗേറ്റ്സും മെലിന്‍ഡ ഗേറ്റ്സും ചരിത്രം സൃഷ്ടിച്ചു. 2018 ലെ കണക്കനുസരിച്ച് ഇത് 9,200 കോടി ഡോളറിന്റെ സംഭാവന ആയിരുന്നു. ഈ പ്രതിജ്ഞ, മനഃശാസ്ത്രജ്ഞ വിദഗ്ധനായ പോള്‍ പിഫിന് നല്കല് രീതികളെക്കുറിച്ചു പഠിക്കാന്‍ പ്രേരണ നല്കി. ഒരു ഗവേഷണപരീക്ഷണത്തിലൂടെ, ദരിദ്രര്‍ സമ്പന്നരായ ആളുകളേക്കാള്‍ 44 ശതമാനം കൂടുതല്‍ നല്കാന് ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കണ്ടെത്തി. സ്വയമായി ദാരിദ്ര്യം അനുഭവിച്ചവര്‍ പലപ്പോഴും കൂടുതല്‍ ഔദാര്യമുള്ളവരായി മാറുന്നു.
യേശുവിന് ഇത് അറിയാമായിരുന്നു. ദൈവാലയം സന്ദര്‍ശിച്ചപ്പോള്‍, പുരുഷാരം ഭണ്ഡാരത്തില് ഔദാര്യദാനങ്ങള്‍ ഇടുന്നത് അവന് കണ്ടു (മര്‍ക്കൊസ് 12:41). ധനികര്‍ പണക്കിഴികള്‍ ഇട്ടു, പക്ഷേ ഒരു പാവപ്പെട്ട വിധവ, അവളുടെ അവസാനത്തെ രണ്ടു ചെമ്പു നാണയങ്ങള്‍ പുറത്തെടുത്തു- ഒരു പൈസയ്ക്കു സമാനമായത് – ഭണ്ഡാരത്തില് ഇട്ടു. യേശു എഴുന്നേറ്റു നില്ക്കുന്നതും സന്തോഷിക്കുന്നതും കൈയടിക്കുന്നതും ഞാന്‍ ഭാവനയില്‍ കാണുന്നു. ഉടനെ, അവന് തന്റെ ശിഷ്യന്മാരെ വിളിച്ചുകൂട്ടി, ഈ വിസ്മയകരമായ പ്രവൃത്തി അവര്‍ കാണാതെപോകുന്നില്ലെന്ന് ഉറപ്പുവരുത്തി. ‘ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു,” യേശു പ്രസ്താവിച്ചു (വാ. 43). യേശു എന്താണ് സംസാരിക്കുന്നതെന്ന് ആരെങ്കിലും വിശദീകരിക്കുമെന്ന് പ്രതീക്ഷിച്ച് ശിഷ്യന്മാര് പരസ്പരം നോക്കി. അതിനാല്‍, അവന് ഇത് വ്യക്തമാക്കിക്കൊടുത്തു: വലിയ സംഭാവനകള്‍ ഇട്ടവര്‍ ‘തങ്ങളുടെ സമൃദ്ധിയില്‍നിന്ന് ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയില്‍നിന്നു തനിക്കുള്ളത് ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു” (വാ. 44).
നമുക്ക് നല്കാന് കുറച്ചു മാത്രമേ ഉണ്ടാകൂ, എങ്കിലും നമ്മുടെ ദാരിദ്ര്യത്തില്‍ നിന്നു നല്കാന് യേശു നമ്മെ ക്ഷണിക്കുന്നു. മറ്റുള്ളവര്‍ക്ക് ഇതു തുച്ഛമാണെന്നു തോന്നുമെങ്കിലും, നമുക്കുള്ളതു നാം നല്കുന്നു. നമ്മുടെ ഔദാര്യദാനങ്ങളില്‍ ദൈവം വലിയ സന്തോഷം കണ്ടെത്തുന്നു.
നിങ്ങളുടെ ദാരിദ്ര്യത്തില്‍നിന്നു കൊടുക്കുക എന്നതിന് നിങ്ങളെ സംബന്ധിച്ച് എന്ത് അര്‍ത്ഥമാണുള്ളത്? ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ യേശുവിനായി 'സകലവും'' നല്കാന് കഴിയും?
ദൈവമേ, നല്‍കാനായി എന്റെ പക്കല്‍ ധാരാളം ഉള്ളതായി എനിക്കു തോന്നുന്നില്ല. എന്റെ ദാനങ്ങള്‍ നിസ്സാരവും വിലകുറഞ്ഞതുമാണെന്നു തോന്നുന്നു. പക്ഷേ ഞാനും എനിക്കുള്ളതൊക്കെയും എന്റെ സര്‍വ്വസ്വവും ഇവിടെയുണ്ട്. എന്റെ ദാരിദ്ര്യത്തില്‍ എന്നെ അങ്ങു സ്വീകരിക്കുമോ?