തങ്ങളുടെ മകള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ടും ലഭിച്ചപ്പോള്‍, ഷേബയും ഭര്‍ത്താവും സന്തോഷത്തോടെ കരഞ്ഞു. അവരുടെ മകളുടെ ദത്തെടുക്കലിനെ നിയമാനുസൃതമാക്കുന്നതായിരുന്നു ആ രേഖകള്‍. ഇനി മീന എപ്പോഴും അവരുടെ മകളും എന്നേക്കും അവരുടെ കുടുംബത്തിന്റെ ഭാഗവുമായിരിക്കും. നിയമ നടപടികളെക്കുറിച്ചു ശേബ ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍, നമ്മള് യേശുവിന്റെ കുടുംബം ആയിത്തീരുമ്പോള്‍ സംഭവിക്കുന്ന ‘യഥാര്‍ത്ഥ കൈമാറ്റത്തെ”ക്കുറിച്ചും അവള് ചിന്തിച്ചു: “ഇനിമേല്‍ നാം പാപത്തിന്റെയും തകര്‍ച്ചയുടെയും ജന്മാവകാശത്താല് തളര്‍ന്നുപോകേണ്ട കാര്യമില്ല.” മറിച്ച്, ദൈവത്തിന്റെ മക്കളായി നമ്മെ ദത്തെടുക്കുമ്പോള്‍ നാം നിയമപരമായി ദൈവരാജ്യത്തിന്റെ പൂര്‍ണ്ണതയിലേക്കു പ്രവേശിക്കുന്നു.
അപ്പൊസ്തലനായ പൗലൊസിന്റെ കാലഘട്ടത്തില്‍, ഒരു റോമന്‍ കുടുംബം ഒരു മകനെ ദത്തെടുത്താല്‍, അവന്റെ നിയമപരമായ പദവി പൂര്‍ണ്ണമായും മാറുന്നു. അവന്റെ പഴയ ജീവിതത്തില്‍നിന്നുള്ള കടങ്ങള്‍ റദ്ദാക്കുകയും പുതിയ കുടുംബത്തിന്റെ എല്ലാ അവകാശങ്ങളും പദവികളും അവനു ലഭിക്കുകയും ചെയ്യുന്നു. ഈ പുതിയ പദവി തങ്ങള്‍ക്കും ബാധകമാണെന്ന് യേശുവിലുള്ള റോമന്‍ വിശ്വാസികള്‍ മനസ്സിലാക്കണമെന്നു പൗലൊസ് ആഗ്രഹിച്ചു. മേലാല്‍ അവര്‍ പാപത്തിനും ശിക്ഷാവിധിക്കും വിധേയരായിരിക്കുന്നില്ല, മറിച്ച് അവര്‍ “ആത്മാവിനെ അനുസരിച്ചു” ജീവിക്കുന്നവരാണ് (റോമര്‍ 8:4). ആത്മാവു നടത്തുന്നവരെല്ലാം ദൈവമക്കളായി ദത്തെടുത്തവരാണ് (വാ. 14-15). അവര്‍ സ്വര്‍ഗ്ഗത്തിലെ പൗരന്മാരായപ്പോള്, അവരുടെ നിയമപരമായ നില മാറി.
രക്ഷയുടെ ദാനം നമുക്കു ലഭിച്ചിട്ടുണ്ടെങ്കില്‍, നാമും ദൈവമക്കളാണ്, ക്രിസ്തുവിന്റെ രാജ്യത്തിന്റെ അവകാശികളും ക്രിസ്തുവിനോട് ഐക്യപ്പെട്ടവരുമാണ്. യേശുവിന്റെ യാഗത്തിന്റെ ദാനത്താല്‍ നമ്മുടെ കടങ്ങള്‍ റദ്ദുചെയ്തു. നാം ഇനി ഭയത്തിലോ ശിക്ഷാവിധിയിലോ ജീവിക്കേണ്ടതില്ല.
ഒരു ദൈവമകന് എന്ന നിങ്ങളുടെ പദവി, നിങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നതിനെ എങ്ങനെയാണു ബാധിക്കുന്നത്? നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഈ കേന്ദ്രഭാഗം സ്വീകരിക്കാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാനാകും?
പിതാവായ ദൈവമേ, എന്റെ അമ്മയുടെ ഉദരത്തില്‍ അങ്ങ് എന്നെ സൃഷ്ടിച്ചു; അങ്ങ് എന്നെ അറിയുകയും എന്നെ സ്നേഹിക്കുകയും ചെയ്യുന്നു. അങ്ങ് എന്നെ എത്രമാത്രം കരുതുന്നുവെന്നു ഞാന്‍ ഒരിക്കലും സംശയിക്കാതിരിക്കട്ടെ!