ഒരു യുവാവ് തന്റെ ആണ്‍കുഞ്ഞിനെ കൈയ്യില്‍ പിടിച്ച്, അവനോടു പാടുകയും ശാന്തമായ താളത്തില്‍ അവനെ താരാട്ടുകയും ചെയ്തു. കുഞ്ഞിനു ശ്രവണവൈകല്യമുണ്ടായിരുന്നതിനാല്‍, ഈണമോ വാക്കുകളോ അതിനു കേള്‍ക്കാനായില്ല. എന്നിട്ടും പിതാവു തന്റെ മകനോടുള്ള മനോഹരവും ആര്‍ദ്രവുമായ സ്‌നേഹത്തോടെ പാടി. അദ്ദേഹത്തിന്റെ പരിശ്രമത്തിനുള്ള പ്രതിഫലം, ആ കുഞ്ഞിന്റെ സന്തോഷകരമായ പുഞ്ചിരിയായിരുന്നു.
പിതൃപുത്ര ആശയവിനിമയത്തിന്റെ ചിത്രം സെഫന്യാവിന്റെ വാക്കുകളുമായി തികച്ചും സാമ്യമുള്ളതാണ്. ദൈവം, തന്റെ പുത്രിയായ യെരൂശലേമിലെ ജനത്തെക്കുറിച്ചു സന്തോഷത്തോടെ പാടും എന്നാണു പഴയനിയമ പ്രവാചകന്‍ പറയുന്നത് (സെഫന്യാവ് 3:17). അവരുടെ ശിക്ഷകള്‍ എടുത്തുകളയുകയും അവരുടെ ശത്രുക്കളെ പിന്തിരിപ്പിക്കുകയും ചെയ്യുന്നതുപോലെയുള്ള നല്ല കാര്യങ്ങള്‍ തന്റെ പ്രിയപ്പെട്ട ജനത്തിനുവേണ്ടി ചെയ്യുന്നതു ദൈവം ആസ്വദിക്കുന്നു (വാ. 15). അവര്‍ക്ക് ഇനി ഭയത്തിന് ഒരു കാരണവുമില്ലെന്നും മറിച്ചു സന്തോഷിക്കാന്‍ കാരണമുണ്ടെന്നും സെഫന്യാവു പറയുന്നു.
യേശുക്രിസ്തുവിന്റെ യാഗത്താല്‍ വീണ്ടെടുക്കപ്പെട്ട ദൈവമക്കളായ നാം ചിലപ്പോഴൊക്കെ കേള്‍വിയില്ലാത്തവരാകാറുണ്ട് – കേള്‍ക്കാന്‍ കഴിവില്ലാത്തവരോ, മനസ്സില്ലാത്തവരോ, അല്ലെങ്കില്‍ നമ്മോടു പാടാന്‍ ദൈവത്തെ പ്രേരിപ്പിക്കുന്ന അതിമനോഹരസ്‌നേഹത്തിലേക്കു ചെവി ട്യൂണ്‍ ചെയ്യാന്‍ കഴിയാത്തവരോ ആയി നാം മാറിയേക്കാം. ദൈവത്തിനു നമ്മോടുള്ള ആരാധന, കേള്‍ക്കാന്‍ കഴിവില്ലെങ്കിലും, തന്റെ മകനുവേണ്ടി സ്‌നേഹപൂര്‍വ്വം പാടുന്ന യുവാവായ പിതാവിനെപ്പോലെയാണ്. അവിടുന്നു നമ്മുടെ ശിക്ഷയും എടുത്തുകളഞ്ഞു, സന്തോഷിക്കാന്‍ കൂടുതല്‍ കാരണം നല്‍കുന്നു. അവിടുത്തെ ശബ്ദത്തില്‍ സന്തോഷം മുഴങ്ങുന്നതു കേള്‍ക്കാന്‍ ഒരുപക്ഷേ നാം കൂടുതല്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. പിതാവേ, അങ്ങയുടെ സ്‌നേഹനിര്‍ഭരമായ സംഗീതം കേള്‍ക്കാനും അങ്ങയുടെ കൈകളില്‍ ഞങ്ങളെ സുരക്ഷിതമായി സൂക്ഷിക്കുന്നത് ആസ്വദിക്കാനും ഞങ്ങളെ സഹായിക്കണമേ!
ദൈവം പറയുന്നതു കേള്‍ക്കുന്നതില്‍നിന്നു നിങ്ങളെ തടയുന്നതെന്താണ്? നിങ്ങളിലുള്ള അവിടുത്തെ ആനന്ദം കേള്‍ക്കാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ചെവി ട്യൂണ്‍ ചെയ്യാന്‍ എങ്ങനെ കഴിയും?
ദൈവമേ, എന്നില്‍ വളരെയധികം സന്തോഷിക്കുന്നതിനു നന്ദി! അവിടുന്ന് എന്നോടു സന്തോഷത്തോടെ പാടുമ്പോള്‍ ഞാന്‍ എപ്പോഴും അങ്ങയുടെ ശബ്ദം കേള്‍ക്കട്ടെ!
സെഫന്യാ പ്രവചനത്തെക്കുറിച്ചു കൂടുതലറിയാന്‍ ChristianUniverstiy.org/OT226 സന്ദര്‍ശിക്കുക