യൂറി ഗഗാരിന് ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായതിനുശേഷം, അദ്ദേഹം ഒരു റഷ്യന്‍ ഗ്രാമപ്രദേശത്ത് പാരച്യൂട്ടില്‍ വന്നിറങ്ങി. ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ ബഹിരാകാശ യാത്രികനെ കര്‍ഷക സ്ത്രീ കണ്ടു. ഹെല്‍മെറ്റ് ധരിച്ച് രണ്ട് പാരച്യൂട്ടുകള്‍ വലിച്ചിഴച്ചു വന്ന അദ്ദേഹത്തോട് അവര്‍ അത്ഭുതത്തോടെ ചോദിച്ചു, ‘നിങ്ങള്‍ ബഹിരാകാശത്തു നിന്നു വന്നതാണോ?’ “വാസ്തവം പറഞ്ഞാല്‍, ഞാന്‍ അവിടെനിന്നാണ്” അദ്ദേഹം പറഞ്ഞു.
ദുഃഖകരമെന്നു പറയട്ടെ, സോവിയറ്റ് നേതാക്കള്‍ ചരിത്രപരമായ ആ പറക്കലിനെ മതവിരുദ്ധ പ്രചാരണമാക്കി മാറ്റി. “ഗഗാറിന് ബഹിരാകാശത്തേക്ക് പോയി, പക്ഷേ അദ്ദേഹം അവിടെ ഒരു ദൈവത്തെയും കണ്ടില്ല,’’ അവരുടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. (ഗഗാറിന് പക്ഷേ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല.) സി.എസ്. ലൂയിസ് നിരീക്ഷിച്ചതുപോലെ, “[ദൈവത്തെ] ഭൂമിയില്‍ കാണാത്തവര്‍ അവനെ ബഹിരാകാശത്ത് കണ്ടെത്താന്‍ സാധ്യതയില്ല.’’
ഈ ജീവിതത്തില്‍ ദൈവത്തെ അവഗണിക്കുന്നതിനെക്കുറിച്ച് യേശു മുന്നറിയിപ്പു നല്കി. മരിച്ച രണ്ടുപേരുടെ കഥ അവിടുന്നു പറഞ്ഞു – ദൈവത്തിനുവേണ്ടി സമയമില്ലാത്ത ഒരു ധനികനും, വിശ്വാസത്തില്‍ സമ്പന്നനായ നിരാലംബനായ ലാസറും (ലൂക്കൊസ് 16:19-31). ദണ്ഡനത്തില്‍ കഴിയുമ്പോഴും, ധനികന്, ഭൂമിയിലുള്ള തന്റെ സഹോദരന്മാര്ക്കായി അബ്രഹാമിനോട് അപേക്ഷിച്ചു. “ലാസറിനെ അവരുടെ അടുത്തേക്ക് അയയ്ക്കുക’’ എന്ന്. അവന് അബ്രഹാമിനോട് അപേക്ഷിച്ചു, ‘മരിച്ചവരില്‍നിന്ന് ഒരുത്തന് എഴുന്നേറ്റ് അവരുടെ അടുക്കല്‍ ചെന്നു എങ്കില്‍ അവര്‍ മാനസാന്തരപ്പെടും” (വാ. 27, 30). അബ്രഹാം, ശരിയായ പ്രശ്നം അവനെ ബോധ്യപ്പെടുത്തി, “അവര്‍ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേള്‍ക്കാതിരുന്നാല്‍, മരിച്ചവരില്‍നിന്ന് ഒരുത്തന് എഴുന്നേറ്റു ചെന്നാലും വിശ്വസിക്കുകയില്ല” (വാ. 31).
ഓസ്വാള്‍ഡ് ചേംബേഴ്സ് എഴുതി: “കാണുന്നത് ഒരിക്കലും വിശ്വാസമല്ല. നാം കാണുന്ന കാര്യങ്ങളെ നാം വിശ്വസിക്കുന്നതിന്റെ വെളിച്ചത്തില്‍ നാം വ്യാഖ്യാനിക്കുന്നു.’’
ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചും ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചും നിങ്ങള്‍ എന്താണു വിശ്വസിക്കുന്നത്? നിങ്ങളുടെ ദൈനംദിനതിരഞ്ഞെടുപ്പുകളെ നിങ്ങളുടെ വിശ്വാസങ്ങള്‍ എങ്ങനെ ബാധിക്കുന്നു?
പിതാവേ, ഇതുവരെയും അങ്ങയില്‍ വിശ്വസിക്കാത്തവര്ക്കുവേണ്ടി ഞാന്‍ ഇന്നു പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ പരിശുദ്ധാത്മാവിന്റെ സൗമ്യമായ ശക്തിയാലും സ്നേഹത്താലും അവരെ ആകര്‍ഷിക്കണമേ!