ഒരു മലകയറ്റത്തിനിടയില്‍, താന്‍ നില്ക്കുന്നതിനു താഴെ മേഘങ്ങള്‍ ചലിക്കുന്നത് അഡ്രിയാന്‍ കണ്ടു. തനിക്കു പിന്നിലുള്ള സൂര്യന്, മലഞ്ചരിവില്‍ തന്റെ നിഴല്‍ വീഴ്ത്തിയതും ഒപ്പം ബ്രോക്കണ്‍ സ്പെക്ടര് എന്നറിയപ്പെടുന്ന സുന്ദരമായ ഒരു പ്രഭാവലയം തനിക്കു ചുറ്റും വിരിയുന്നതും അഡ്രിയാന്‍ കണ്ടു. ഈ പ്രതിഭാസം ഒരു മഴവില്ലിന്റെ പ്രഭാവലയത്തോടു സാമ്യമുള്ളതാണ്, ഇതു വ്യക്തിയുടെ നിഴലിനെ പൊതിയുന്നു. സൂര്യപ്രകാശം താഴെയുള്ള മേഘങ്ങളില്‍ തട്ടി പ്രതിഫലിക്കുമ്പോളാണ് ഇതു സംഭവിക്കുന്നത്. അഡ്രിയാന്‍ അതിനെ ഒരു ‘മാന്ത്രിക’ നിമിഷമായി വിശേഷിപ്പിച്ചു, അതവനെ വളരെയധികം സന്തോഷിപ്പിച്ചു.
ആദ്യത്തെ മഴവില്ലു കാണുന്നതു നോഹയ്ക്ക് എത്രത്തോളം അത്ഭുതകരമായിരുന്നെന്നു നമുക്കു ഊഹിക്കാനാകും. അവന്റെ കണ്ണുകള്‍ക്ക് ആനന്ദം എന്നതിലുപരിയായി, വക്രീകരിച്ച പ്രകാശവും തല്‍ഫലമായുണ്ടാകുന്ന വര്‍ണ്ണങ്ങളും ദൈവത്തില്‍നിന്നുള്ള ഒരു വാഗ്ദത്തത്തോടൊപ്പം വന്നു. വിനാശകരമായ ഒരു വെള്ളപ്പൊക്കത്തിനുശേഷം, നോഹയ്ക്കും അന്നുമുതല്‍ ജീവിച്ചിരിക്കുന്ന എല്ലാ ‘ജീവജാലങ്ങള്‍ക്കും’ ദൈവം ഉറപ്പുനല്‍കി, “ഇനി സകല ജഡത്തെയും നശിപ്പിക്കുവാന്‍ വെള്ളം ഒരു പ്രളയമായിത്തീരുകയുമില്ല” (ഉല്പത്തി 9:15).
നമ്മുടെ ഭൂമി ഇപ്പോഴും വെള്ളപ്പൊക്കവും ഭയാനകമായ ദുരന്തങ്ങള്‍ക്കു കാരണമാകുന്ന മറ്റു കാലാവസ്ഥാ വ്യതിയാനങ്ങളും അനുഭവിക്കുന്നു. പക്ഷേ ലോകവ്യാപകമായ ജലപ്രളയത്തിലൂടെ ദൈവം ഭൂമിയെ ഒരിക്കലും ന്യായം വിധിക്കുകയില്ല എന്ന വാഗ്ദത്തമാണ് മഴവില്ല്. അവിടുത്തെ വിശ്വസ്തതയുടെ ഈ വാഗ്ദാനം, ഈ ഭൂമിയില്‍ വ്യക്തിപരമായ നഷ്ടങ്ങളും ശാരീരിക മരണവും – രോഗം, പ്രകൃതിദുരന്തം, തെറ്റായ പ്രവൃത്തികള്‍, അല്ലെങ്കില്‍ വാര്‍ദ്ധക്യം – അനുഭവിക്കുമെങ്കിലും, നാം നേരിടുന്ന പ്രതിസന്ധികളിലുടനീളം ദൈവം തന്റെ സ്നേഹവും സാന്നിധ്യവും ഉപയോഗിച്ച് നമ്മെ ശക്തിപ്പെടുത്തുന്നു എന്ന ഓര്‍മ്മപ്പെടുത്തലാണിത്. വെള്ളത്തിലൂടെ വര്‍ണ്ണങ്ങളെ പ്രതിഫലിപ്പിക്കുന്ന സൂര്യപ്രകാശം, അവിടുത്തെ സ്വരൂപം വഹിക്കുകയും അവിടുത്തെ മഹത്വം മറ്റുള്ളവര്‍ക്കു പ്രതിഫലിപ്പിക്കുകയും ചെയ്യുന്നവരെക്കൊണ്ടു ഭൂമിയെ നിറയ്ക്കാനുള്ള അവിടുത്തെ വിശ്വസ്തതയുടെ ഓര്‍മ്മപ്പെടുത്തലാണ്.
കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ക്കിടയില്‍ ദൈവത്തിന്റെ വാഗ്ദത്തം നിങ്ങളെ എങ്ങനെയാണു ധൈര്യപ്പെടുത്തുന്നത്? നിങ്ങളിലൂടെയുള്ള ദൈവമഹത്വത്തിന്റെ പ്രതിഫലനം നിങ്ങളുടെ ജീവിതത്തില്‍ ആര്‍ക്കാണു വേണ്ടത്?
ദൈവമേ, അങ്ങയുടെ സൃഷ്ടിയുടെ സ്വാഭാവികനിയമങ്ങള്‍ പാലിച്ചുകൊണ്ട് എന്നെ സംരക്ഷിക്കാനും കരുതാനുമുള്ള അങ്ങയുടെ വിശ്വസ്തതയ്ക്കു നന്ദി പറയുന്നു! അങ്ങയുടെ മഹത്വം എനിക്കു ചുറ്റുമുള്ളവര്‍ക്കു പ്രതിഫലിപ്പിക്കാന്‍ എന്നെ സഹായിച്ചാലും.