Month: മെയ് 2021

വീണ്ടും തഴച്ചുവളരുക

ആവശ്യത്തിനു സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നതിനാല്‍, കാലിഫോര്‍ണിയയിലെ ആന്റലോപ് താഴ്‌വര, ഫിഗുവെറോവ പര്‍വ്വതം എന്നിവിടങ്ങളില്‍ വര്‍ണ്ണാഭമായ കാട്ടുപൂക്കള്‍ പരവതാനി തീര്‍ക്കുന്നു. എന്നാല്‍ വരള്‍ച്ച ബാധിക്കുമ്പോള്‍ എന്തു സംഭവിക്കും? ചില കാട്ടുപൂക്കള്‍, അവയുടെ വിത്തുകള്‍ മണ്ണിനു മുകളില്‍ വന്ന് പൂക്കുന്നതിന് അനുവദിക്കുന്നതിനു പകരം, വലിയ അളവില്‍ വിത്തുകള്‍ മണ്ണിനടിയില്‍  സംഭരിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വരള്‍ച്ചയ്ക്കു ശേഷം ഈ സസ്യങ്ങള്‍ തങ്ങള്‍ സംരക്ഷിച്ച വിത്തുകള്‍ ഉപയോഗിച്ചു വീണ്ടും തഴച്ചുവളരാന്‍ തുടങ്ങുന്നു.

പുരാതന യിസ്രായേല്യര്‍, കഠിനമായ സാഹചര്യങ്ങള്‍ക്കിടയിലും മിസ്രയീമില്‍ അഭിവൃദ്ധി പ്രാപിച്ചു. ഊഴിയ വിചാരകന്മാര്‍ വയലുകളില്‍ ജോലി ചെയ്യാനും ഇഷ്ടികകള്‍ ഉണ്ടാക്കാനും അവരെ നിര്‍ബന്ധിച്ചു. ദയയില്ലാത്ത മേല്‍വിചാരകര്‍ ഫറവോനുവേണ്ടി വന്‍ നഗരങ്ങള്‍ പണിയുവാന്‍ അവരോടാവശ്യപ്പെട്ടു. മിസ്രയീമിലെ രാജാവ്, അവരുടെ ജനസംഖ്യ കുറയ്ക്കുന്നതിനായി ശിശുഹത്യയ്ക്കു മുതിര്‍ന്നു. എന്നിരുന്നാലും, ദൈവം അവരെ നിലനിര്‍ത്തിയതിനാല്‍, 'അവര്‍ പീഡിപ്പിക്കുന്തോറും ജനം പെരുകി വര്‍ദ്ധിച്ചു' (പുറപ്പാട് 1:12). മിസ്രയീമിലെ യിസ്രായേല്‍പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ജനസംഖ്യ 2 ദശലക്ഷമോ അതില്‍ കൂടുതലോ ആയി വര്‍ദ്ധിച്ചുവെന്ന് പല ബൈബിള്‍ പണ്ഡിതന്മാരും കണക്കാക്കുന്നു.

അന്ന് തന്റെ ജനത്തെ സംരക്ഷിച്ച ദൈവം ഇന്നും നമ്മെ താങ്ങുന്നു. ഏതു സാഹചര്യത്തിലും ദൈവത്തിനു നമ്മെ സഹായിക്കാന്‍ കഴിയും. മറ്റൊരു ധാതുവില്‍ എങ്ങനെ നിലനില്‍ക്കുമെന്നതിനെക്കുറിച്ച് നാം വിഷമിച്ചേക്കാം. എന്നാല്‍ 'ഇന്നുള്ളതും നാളെ അടുപ്പില്‍ ഇടുന്നതുമായ വയലിലെ പുല്ലിനെ ഇങ്ങനെ ചമയിക്കുന്ന'' ദൈവത്തിനു നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്നു ബൈബിള്‍ ഉറപ്പു നല്‍കുന്നു (മത്തായി 6:30). 

ധീരമായ സ്‌നേഹം

നാലു ചാപ്ലെയ്‌നുകളെ 'വീരന്മാര്‍' എന്നു വിളിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ലോകമഹായുദ്ധസമയത്ത്, 1943 ഫെബ്രുവരിയിലെ തണുത്തുറഞ്ഞ ഒരു രാത്രിയില്‍, അവരുടെ യാത്രക്കപ്പലായ എസ്എസ് ഡോര്‍ഷെസ്റ്ററിനു ഗ്രീന്‍ലാന്‍ഡ് തീരത്തുവെച്ചു റ്റോര്‍പ്പിഡോ ഏറ്റപ്പോള്‍, പരിഭ്രാന്തരായ നൂറുകണക്കിനു സൈനികരെ ശാന്തരാക്കാന്‍ ഈ നാലുപേരും തയ്യാറായി. മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍നിന്നു പരിക്കേറ്റ ആളുകള്‍ തിങ്ങിനിറഞ്ഞ ലൈഫ് ബോട്ടുകളിലേക്കു ചാടിക്കൊണ്ടിരുന്നപ്പോള്‍, ഈ നാലു ചാപ്ലെയിനുകളും 'ധൈര്യം പ്രസംഗിച്ചുകൊണ്ട്' ബഹളത്തെ ശാന്തമാക്കിയതായി അപകടത്തില്‍നിന്നു രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞു.

ലൈഫ് ജാക്കറ്റുകള്‍ തീര്‍ന്നപ്പോള്‍, അവര്‍ ഓരോരുത്തരും തങ്ങളുടെ ജാക്കറ്റുകള്‍ അഴിച്ചെടുത്ത് പേടിച്ചരണ്ട ഓരോ ചെറുപ്പക്കാരനു നല്‍കി. മറ്റുള്ളവര്‍ ജീവിക്കേണ്ടതിന്, കപ്പലിനോടൊപ്പം മുങ്ങാന്‍ അവര്‍ തീരുമാനിച്ചു. അതിജീവിച്ച ഒരാള്‍ പറഞ്ഞു, “ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ചത്, അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തിന്റെ ഈ ഒരു വശം ആയിരുന്നു അത്.’’

കപ്പല്‍ മുങ്ങാന്‍ തുടങ്ങിയപ്പോള്‍, കരങ്ങള്‍ കോര്‍ത്തുപിടിച്ച് ചാപ്ലെയിനുകള്‍ ഒരുമിച്ച് ഉറക്കെ പ്രാര്‍ത്ഥിച്ചു, തങ്ങളോടൊപ്പം മരിക്കുന്നവര്‍ക്കു പ്രോത്സാഹനം നല്‍കി.

ധൈര്യമായിരുന്നു അവരുടെ കഥയുടെ അടയാളം. എന്നിരുന്നാലും, നാലുപേരും നല്‍കിയ സമ്മാനത്തെ സ്‌നേഹം നിര്‍വചിക്കുന്നു. കൊരിന്തിലെ ആടിയുലയുന്ന സഭയിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ വിശ്വാസികളോടും അത്തരം സ്‌നേഹം പ്രകടമാക്കാന്‍ പൗലൊസ് അഭ്യര്‍ത്ഥിച്ചു. കലഹവും അഴിമതിയും പാപവും ഉയര്‍ന്നു നില്‍ക്കുമ്പോള്‍ “ഉണര്‍ന്നിരിക്കുവിന്‍; വിശ്വാസത്തില്‍ നിലനില്ക്കുവിന്‍; പുരുഷത്വം കാണിക്കുവിന്‍; ശക്തിപ്പെടുവിന്‍. നിങ്ങള്‍ ചെയ്യുന്നതെല്ലാം സ്‌നേഹത്തില്‍ ചെയ്യുവിന്‍'' (1 കൊരിന്ത്യര്‍ 16:13-14) എന്നു പൗലൊസ് അവരെ ആഹ്വാനം ചെയ്തു.

യേശുവിലുള്ള ഓരോ വിശ്വാസിക്കും, പ്രത്യേകിച്ച് ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഇത് ഒരു കല്പനയാണ്. ജീവിതത്തില്‍, പ്രക്ഷുബ്ധത ഭീഷണി മുഴക്കുമ്പോള്‍, നമ്മുടെ ധീരമായ പ്രതികരണം, - മറ്റുള്ളവര്‍ക്ക് അവിടുത്തെ സ്‌നേഹം നല്‍കുന്നതിലൂടെ - ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്നു.

ന്യൂട്രലിലേക്കു മാറ്റുക

കാര്‍ വാഷില്‍ എന്റെ മുമ്പിലുള്ളയാള്‍ ഒരു ദൗത്യത്തിലായിരുന്നു. അയാള്‍ തന്റെ പിക്കപ്പിന്റെ പുറകിലേക്കു കയറി കൊളുത്തു നീക്കം ചെയ്തു, ശക്തിയേറിയ റോളിങ് ബ്രഷുകളെ അവ തടസ്സപ്പെടുത്താതിരിക്കാനായിരുന്നു അത്. ജോലിക്കാരനു പണം നല്‍കിയ ശേഷം, ഓട്ടോമേറ്റഡ് ട്രാക്കിലേക്കു ട്രക്ക് ഡ്രൈവ് മോഡില്‍ ഓടിച്ചുകയറ്റി. ജോലിക്കാരന്‍ വിളിച്ചു കൂവി, “ന്യൂട്രല്‍! ന്യൂട്രല്‍!'' എന്നാല്‍ ആ മനുഷ്യന്റെ ജനാലകള്‍ മുകളിലായിരുന്നു, അയാള്‍ക്കതു കേള്‍ക്കാന്‍ കഴിഞ്ഞില്ല. നാലു സെക്കന്‍ഡിനുള്ളില്‍ അയാള്‍ കാര്‍ വാഷിലൂടെ കടന്നുപോയി, അയാളുടെ ട്രക്ക് നനഞ്ഞുപോലുമില്ല!

ഏലീയാവും ഒരു ദൗത്യത്തിലായിരുന്നു. വലിയ രീതിയില്‍ ദൈവത്തെ സേവിക്കുന്ന തിരക്കിലായിരുന്നു ഏലീയാവ്. അമാനുഷിക പ്രകടനത്തിലൂടെ ബാലിന്റെ പ്രവാചകന്മാരെ ഏലീയാവ് പരാജയപ്പെടുത്തി, അത് ഏലീയാവിന്റെ ശക്തി ചോര്‍ത്തിക്കളഞ്ഞു (1 രാജാക്കന്മാര്‍ 18:16-39 കാണുക). അവന്‍ ന്യൂട്രലില്‍ സമയം ചിലവഴിക്കേണ്ടതാവശ്യമായിരുന്നു. ദൈവം ഏലീയാവിനെ ഹോരേബുപര്‍വ്വതത്തിലേക്കു കൊണ്ടുവന്നു. അവിടെ വളരെ മുമ്പുതന്നെ ദൈവം മോശെയ്ക്കു പ്രത്യക്ഷപ്പെട്ടിരുന്നു. വീണ്ടും ദൈവം പര്‍വ്വതത്തെ വിറപ്പിച്ചു. പക്ഷേ, പാറകളെ തകര്‍ക്കുന്ന കൊടുങ്കാറ്റിലോ ഭൂകമ്പത്തിലോ തീയിലോ ദൈവം ഉണ്ടായിരുന്നില്ല. പകരം, ദൈവം ശാന്തമായ ഒരു ശബ്ദത്തില്‍ ഏലീയാവിന്റെ അടുക്കല്‍ വന്നു. “ഏലീയാവ് അതു കേട്ടിട്ട് തന്റെ പുതപ്പുകൊണ്ടു മുഖം മൂടി പുറത്തു വന്ന് ഗുഹാമുഖത്തുനിന്നു'' (1 രാജാക്കന്മാര്‍ 19:13).

നിങ്ങളും ഞാനും ഒരു ദൗത്യത്തിലാണ്. നമ്മുടെ രക്ഷകനുവേണ്ടി വലിയ കാര്യങ്ങള്‍ നിറവേറ്റുന്നതിനായി നാം നമ്മുടെ ജീവിതം നയിക്കുന്നു. എന്നാല്‍ നാം ഒരിക്കലും ന്യൂട്രലിലേക്കു മാറുന്നില്ലെങ്കില്‍, നാം ജീവിതത്തിലൂടെ തെന്നിപ്പോകുകയും ദൈവത്തിന്റെ ആത്മാവിന്റെ വര്‍ഷം നഷ്ടപ്പെടുത്തുകയും ചെയ്യും. ദൈവം മന്ത്രിക്കുന്നു, 'മിണ്ടാതിരുന്നു ഞാന്‍ ദൈവമെന്ന് അറിഞ്ഞുകൊള്‍ക' (സങ്കീര്‍ത്തനം 46:10). 'ന്യൂട്രല്‍! ന്യൂട്രല്‍!''

പദ്ധതികളുണ്ടോ?

ഏതാണ്ട് പതിനെട്ടു വയസ്സുള്ള കാഡെന്‍, ഒരു അക്കാദമിക് സ്‌കോളര്‍ഷിപ്പോടെ താന്‍ ഏറ്റവും ആഗ്രഹിച്ച കോളേജില്‍ ചേര്‍ന്നു പഠിക്കുന്നത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഹൈസ്‌കൂളില്‍ വെച്ച് അവന്‍ ഒരു ക്യാമ്പസ് ഏര്‍പ്പെടാന്‍ ആഗ്രഹിച്ചു. തന്റെ പാര്‍ട്ട് ടൈം ജോലിയില്‍നിന്നു ലഭിച്ച പണം കാഡെന്‍ സൂക്ഷിച്ചിരുന്നു, കൂടാതെ ഒരു പുതിയ ജോലിക്കുള്ള ക്രമീകരണം ചെയ്യുകയും ചെയ്തിരുന്നു. ചില മികച്ച ലക്ഷ്യങ്ങള്‍ അവനുണ്ടായിരുന്നു, എല്ലാം കൃത്യമായി അതിന്റെ ക്രമപ്രകാരം നടന്നുകൊണ്ടിരുന്നു.

അപ്പോഴാണ് 2020 ലെ വസന്തകാലത്ത് സംഭവിച്ച ഒരു ആഗോള ആരോഗ്യപ്രതിസന്ധി എല്ലാറ്റിനെയും തകിടം മറിച്ചത്.

തന്റെ ആദ്യ സെമസ്റ്റര്‍ ഓണ്‍ലൈനിലായിരിക്കുമെന്ന് സ്‌കൂള്‍ കാഡനെ അറിയിച്ചു. കാമ്പസ് മിനിസ്ട്രി മാറ്റിവയ്‌ക്കേണ്ടിവന്നു. ബിസിനസ്സുകള്‍ പൂട്ടിപ്പോയതിനാല്‍, ജോലി സാധ്യത മങ്ങി. അങ്ങനെ നിരാശനായിരിക്കുമ്പോള്‍, അവന്റെ സുഹൃത്ത് ഒരു പ്രശസ്ത പ്രൊഫഷണല്‍ ബോക്‌സറുടെ വാക്കുകള്‍ ഉദ്ധരിച്ചു: ''അതെ, വായില്‍ ഇടി കിട്ടുന്നതുവരെ എല്ലാവര്‍ക്കും ഒരു പദ്ധതിയുണ്ട്.''

നമ്മുടെ പദ്ധതികളെയെല്ലാം നാം ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍, അവിടുന്നു നമ്മുടെ പദ്ധതികളെ ഉറപ്പിക്കുകയും തന്റെ ഹിതപ്രകാരം അവയെ നടപ്പാക്കുകയും ചെയ്യും എന്നു സദൃശവാക്യങ്ങള്‍ 16 നമ്മോടു പറയുന്നു (വാ. 3-4). എന്നിരുന്നാലും, യഥാര്‍ത്ഥ സമര്‍പ്പണം പ്രയാസകരമാണ്. അതിന്, ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനുള്ള തുറന്ന ഹൃദയവും നമ്മുടെ ഗതിയെ സ്വതന്ത്രമായി പ്ലാന്‍ ചെയ്യുന്നതിനെ ചെറുക്കാനുള്ള സന്നദ്ധതയും വേണം (വാ. 9; 19:21).

ഫലവത്താകാത്ത സ്വപ്‌നങ്ങള്‍ നിരാശപ്പെടുത്തിയേക്കാം, പക്ഷേ ഭാവിയെക്കുറിച്ചുള്ള നമ്മുടെ പരിമിതമായ കാഴ്ചപ്പാടിന് ഒരിക്കലും ദൈവത്തിന്റെ എല്ലാം അറിയുന്ന വഴികളുമായി മത്സരിക്കാനാവില്ല. നാം അവിടുത്തെ പദ്ധതികള്‍ക്കു വഴങ്ങുമ്പോള്‍, മുന്നോട്ടുള്ള വഴി കാണാത്തപ്പോഴും, അവിടുന്നു നമ്മുടെ ചുവടുകളെ സ്‌നേഹപൂര്‍വ്വം നയിക്കുന്നുവെന്നു നമുക്ക് ഉറപ്പിക്കാം (16:9).

കാണാത്ത കാഴ്ച

യൂറി ഗഗാരിന്‍ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായതിനുശേഷം, അദ്ദേഹം ഒരു റഷ്യന്‍ ഗ്രാമപ്രദേശത്ത് പാരച്യൂട്ടില്‍ വന്നിറങ്ങി. ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ ബഹിരാകാശ യാത്രികനെ കര്‍ഷക സ്ത്രീ കണ്ടു. ഹെല്‍മെറ്റ് ധരിച്ച് രണ്ട് പാരച്യൂട്ടുകള്‍ വലിച്ചിഴച്ചു വന്ന അദ്ദേഹത്തോട് അവര്‍ അത്ഭുതത്തോടെ ചോദിച്ചു, 'നിങ്ങള്‍ ബഹിരാകാശത്തു നിന്നു വന്നതാണോ?' “വാസ്തവം പറഞ്ഞാല്‍, ഞാന്‍ അവിടെനിന്നാണ്'' അദ്ദേഹം പറഞ്ഞു.

ദുഃഖകരമെന്നു പറയട്ടെ, സോവിയറ്റ് നേതാക്കള്‍ ചരിത്രപരമായ ആ പറക്കലിനെ മതവിരുദ്ധ പ്രചാരണമാക്കി മാറ്റി. “ഗഗാറിന്‍ ബഹിരാകാശത്തേക്ക് പോയി, പക്ഷേ അദ്ദേഹം അവിടെ ഒരു ദൈവത്തെയും കണ്ടില്ല,’’ അവരുടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. (ഗഗാറിന്‍ പക്ഷേ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല.) സി.എസ്. ലൂയിസ് നിരീക്ഷിച്ചതുപോലെ, “[ദൈവത്തെ] ഭൂമിയില്‍ കാണാത്തവര്‍ അവനെ ബഹിരാകാശത്ത് കണ്ടെത്താന്‍ സാധ്യതയില്ല.’’

ഈ ജീവിതത്തില്‍ ദൈവത്തെ അവഗണിക്കുന്നതിനെക്കുറിച്ച് യേശു മുന്നറിയിപ്പു നല്‍കി. മരിച്ച രണ്ടുപേരുടെ കഥ അവിടുന്നു പറഞ്ഞു - ദൈവത്തിനുവേണ്ടി സമയമില്ലാത്ത ഒരു ധനികനും, വിശ്വാസത്തില്‍ സമ്പന്നനായ നിരാലംബനായ ലാസറും (ലൂക്കൊസ് 16:19-31). ദണ്ഡനത്തില്‍ കഴിയുമ്പോഴും, ധനികന്‍, ഭൂമിയിലുള്ള തന്റെ സഹോദരന്മാര്‍ക്കായി അബ്രഹാമിനോട് അപേക്ഷിച്ചു. “ലാസറിനെ അവരുടെ അടുത്തേക്ക് അയയ്ക്കുക’’ എന്ന്. അവന്‍ അബ്രഹാമിനോട് അപേക്ഷിച്ചു, 'മരിച്ചവരില്‍നിന്ന് ഒരുത്തന്‍ എഴുന്നേറ്റ് അവരുടെ അടുക്കല്‍ ചെന്നു എങ്കില്‍ അവര്‍ മാനസാന്തരപ്പെടും'' (വാ. 27, 30). അബ്രഹാം, ശരിയായ പ്രശ്‌നം അവനെ ബോധ്യപ്പെടുത്തി, “അവര്‍ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേള്‍ക്കാതിരുന്നാല്‍, മരിച്ചവരില്‍നിന്ന് ഒരുത്തന്‍ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കുകയില്ല'' (വാ. 31).

ഓസ്വാള്‍ഡ് ചേംബേഴ്‌സ് എഴുതി: “കാണുന്നത് ഒരിക്കലും വിശ്വാസമല്ല. 'നാം കാണുന്ന കാര്യങ്ങളെ നാം വിശ്വസിക്കുന്നതിന്റെ വെളിച്ചത്തില്‍ നാം വ്യാഖ്യാനിക്കുന്നു.’’