Month: മെയ് 2021

ശരിയായ വാക്കുകള്‍

കഴിഞ്ഞ വര്‍ഷമോ മറ്റോ, നിരവധി എഴുത്തുകാര്‍ നമ്മുടെ വിശ്വാസത്തിന്റെ 'പദാവലി' പുനഃപരിശോധിക്കാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഉദാഹരണമായി, അമിതപരിചയത്തിലൂടെയും അമിത ഉപയോഗത്തിലൂടെയും സുവിശേഷത്തിന്റെ ആഴങ്ങളുമായും ദൈവത്തിനായുള്ള നമ്മുടെ ആവശ്യവുമായും ബന്ധം നഷ്ടപ്പെടുമ്പോള്‍, ദൈവശാസ്ത്രപരമായി സമ്പന്നമായ വിശ്വാസവാക്കുകള്‍ക്കു പോലും അവയുടെ സ്വാധീനത നഷ്ടപ്പെടുമെന്ന് ഒരു എഴുത്തുകാരന്‍ ഊന്നിപ്പറഞ്ഞു. അതു സംഭവിക്കുമ്പോള്‍, നമ്മുടെ ധാരണകളെ ഉപേക്ഷിച്ച്  സുവിശേഷത്തെ ആദ്യമായി കാണുന്നതിനായി, വിശ്വാസത്തിന്റെ ഭാഷ “ആദ്യം മുതല്‍'' തന്നെ നാം വീണ്ടും പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. 

''ആദ്യം മുതല്‍ ദൈവത്തെക്കുറിച്ചു സംസാരിക്കാന്‍'' പഠിക്കുന്നതിനുള്ള ക്ഷണം എന്നെ ഓര്‍മ്മിപ്പിക്കുന്നതു പൗലൊസിനെക്കുറിച്ചാണ്. 'സുവിശേഷം നിമിത്തം ... എല്ലാവര്‍ക്കും എല്ലാമായി''ത്തീരുന്നതിനു പൗലൊസ് തന്റെ ജീവിതം സമര്‍പ്പിച്ചു (1 കൊരിന്ത്യര്‍ 9:22-23). യേശു ചെയ്ത കാര്യങ്ങള്‍ നന്നായി അവതരിപ്പിക്കുന്നതിനു തനിക്കു നന്നായി അറിയാമെന്ന് പൗലൊസ് ഒരിക്കലും കരുതിയില്ല. പകരം, നിരന്തരമായ പ്രാര്‍ത്ഥനയില്‍ അദ്ദേഹം ആശ്രയിക്കുകയും - സുവിശേഷം പങ്കിടുന്നതിനുള്ള ശരിയായ വാക്കുകള്‍ കണ്ടെത്തുന്നതിനു തന്നെ സഹായിക്കുന്നതിനായി - സഹവിശ്വാസികളുടെ പ്രാര്‍ത്ഥന അപേക്ഷിക്കുകയും ചെയ്തു(എഫെസ്യര്‍ 6:19).

ക്രിസ്തുവിലുള്ള ഓരോ വിശ്വാസിയും ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ ആഴത്തില്‍ വേരൂന്നുന്നതിനായി ഓരോ ദിവസവും താഴ്മയുള്ളവരും ക്രിസ്തുവില്‍നിന്നു സ്വീകരിക്കുന്നതിനുള്ള മനോഭാവമുള്ളവരും ആയിരിക്കേണ്ടതിന്റെ ആവശ്യകതയും അപ്പൊസ്തലന് അറിയാമായിരുന്നു (3:16-17). നമ്മുടെ വേരുകള്‍ ദൈവസ്‌നേഹത്തിലേക്ക്് ആഴത്തിലിറങ്ങുമ്പോഴാണ് ഓരോ ദിവസവും അവിടുത്തെ കൃപയില്‍ ആശ്രയിക്കുന്നതിനെക്കുറിച്ചു നാം കൂടുതല്‍ ബോധവാന്മാരാകുന്നതും അവിടുന്നു നമുക്കുവേണ്ടി ചെയ്തതിന്റെ അതിശയകരമായ വാര്‍ത്തകള്‍ പങ്കുവെയ്ക്കുന്നതിനുള്ള ശരിയായ വാക്കുകള്‍ കണ്ടെത്താന്‍ നമുക്കു കഴിയുന്നതും.

ഭാരമേറിയതാണെങ്കിലും പ്രത്യാശയുള്ളതാണ്

ഒരു പീനട്ട്‌സ് കോമിക്ക് സ്ട്രിപ്പില്‍, ലൂസി എന്ന കഥാപാത്രം “അഞ്ചു രൂപയ്ക്കു

മനോരോഗചികിത്സ'' എന്നു പരസ്യം ചെയ്തു. ലിനസ് എന്ന വ്യക്തി അവളുടെ ഓഫീസിലെത്തി, തനിക്ക് ആഴമായ വിഷാദരോഗം ഉണ്ടെന്നു പറഞ്ഞു. തന്റെ അവസ്ഥയെ സംബന്ധിച്ച് എന്തുചെയ്യാന്‍ കഴിയുമെന്ന് അയാള്‍ അവളോടു ചോദിച്ചപ്പോള്‍, ലൂസിയുടെ പെട്ടെന്നുള്ള മറുപടി ഇതായിരുന്നു, “അത് കാര്യമാക്കേണ്ട! എന്റെ അഞ്ചു രൂപ എടുക്ക്.’’

ഇത്തരം ലഘുവായ വിനോദം ഒരു നിമിഷനേരത്തെ പുഞ്ചിരി സമ്മാനിക്കുമെങ്കിലും, യഥാര്‍ത്ഥജീവിതത്തിലെ ദുഃഖവും ഇരുട്ടും എളുപ്പത്തില്‍ തള്ളിക്കളയാനാവില്ല. നിരാശതയും വിഷാദവും യാഥാര്‍ത്ഥ്യങ്ങളാണ്. ചിലപ്പോള്‍ അതിനു വിദഗ്ധസഹായവും വേണ്ടിവരും.

യഥാര്‍ത്ഥ മനഃപീഡ പരിഹരിക്കുന്നതിനു ലൂസിയുടെ ഉപദേശം സഹായകരമല്ല. എന്നിരുന്നാലും, 88-ാം സങ്കീര്‍ത്തനത്തിന്റെ രചയിതാവ്, പ്രബോധനപരവും പ്രത്യാശ നല്‍കുന്നതുമായ ഒരു കാര്യം വാഗ്ദത്തം ചെയ്യുന്നു. പ്രശ്‌നത്തിന്റെ ഒരു വലിയ ചുമട്, അവന്റെ വീട്ടുവാതില്‍ക്കല്‍ എത്തിയിരുന്നു. പച്ചയായ സത്യസന്ധതയോടെ അവന്‍ തന്റെ ഹൃദയം ദൈവത്തിങ്കല്‍ പകര്‍ന്നു. 

“എന്റെ പ്രാണന്‍ കഷ്ടതകൊണ്ട് നിറഞ്ഞിരിക്കുന്നു; എന്റെ ജീവന്‍ പാതാളത്തോടു സമീപിക്കുന്നു'' (വാ. 3). 'നീ എന്നെ ഏറ്റവും താണ കുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു'' (വാ. 6). “എന്റെ പരിചയക്കാര്‍ അന്ധകാരമത്രേ'' (വാ. 18). സങ്കീര്‍ത്തനക്കാരന്റെ വേദന നാം കള്‍ക്കുന്നു, അനുഭവിക്കുന്നു, തിരിച്ചറിയുന്നു. എങ്കിലും അതുകൊണ്ടു തീരുന്നില്ല. അവന്റെ വിലാപം പ്രത്യാശ നിറഞ്ഞതാണ്. “എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാന്‍ രാവും പകലും തിരുസന്നിധിയില്‍ നിലവിളിക്കുന്നു; എന്റെ പ്രാര്‍ത്ഥന നിന്റെ മുമ്പില്‍ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കണമേ'' (വാ. 1-2; വാ. 9,13 കാണുക). 

ഭാരമേറിയ കാര്യങ്ങള്‍ വരും, കൗണ്‍സിലിങ്ങും വൈദ്യസഹായവും പോലുള്ള പ്രായോഗിക നടപടികള്‍ ആവശ്യമായി വന്നേക്കാം. എന്നാല്‍ ഒരിക്കലും ദൈവത്തിലുള്ള പ്രത്യാശ ഉപേക്ഷിക്കരുത്.

നിങ്ങള്‍ ആരെ അറിയുന്നു എന്നതാണു കാര്യം

2019 ന്റെ ആരംഭത്തില്‍, എണ്‍പത്തിനാലാം വയസ്സില്‍ ചാര്‍ലി വാന്‍ഡര്‍മീര്‍ അന്തരിച്ചു. നാഷണല്‍ റേഡിയോ പ്രക്ഷേപണം ചെയ്തിരുന്ന കുട്ടികളുടെ ബൈബിള്‍ മണിക്കൂറിന്റെ അവതാരകനായിരുന്ന അദ്ദേഹം, 'അങ്കിള്‍ ചാര്‍ലി' എന്ന പേരില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് പതിറ്റാണ്ടുകളായി പരിചിതനായിരുന്നു. നിത്യതയിലേക്കു പ്രവേശിക്കുന്നതിന്റെ തലേരാത്രി അങ്കിള്‍ ചാര്‍ലി ഒരു നല്ല സുഹൃത്തിനോടു പറഞ്ഞു, 'നിങ്ങള്‍ എന്തറിയുന്നു എന്നതല്ല, നിങ്ങള്‍ ആരെ അറിയുന്നു എന്നതാണു കാര്യം. തീര്‍ച്ചയായും, ഞാന്‍ യേശുക്രിസ്തുവിനെക്കുറിച്ചാണു സംസാരിക്കുന്നത്.'

താന്‍ ജീവിതാവസാനത്തിലെത്തിയപ്പോഴും, അങ്കിള്‍ ചാര്‍ലിക്ക് യേശുവിനെക്കുറിച്ചും ആളുകള്‍ യേശുവിനെ രക്ഷകനായി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.

യേശുവിനെ അറിയുകയെന്നത് തന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണെന്ന് അപ്പൊസ്തലനായ പൗലൊസ് ചിന്തിച്ചു: “എന്റെ കര്‍ത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാന്‍ ഇപ്പോഴും എല്ലാം ചേതം എന്ന് എണ്ണുന്നു. ഞാന്‍ ക്രിസ്തുവിനെ നേടേണ്ടതിനും ന്യായപ്രമാണത്തില്‍നിന്നുള്ള എന്റെ സ്വന്തം നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവര്‍ക്കു നല്കുന്ന നീതി തന്നേ ലഭിച്ച് അവനില്‍ ഇരിക്കേണ്ടതിനും ... അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറ് എന്ന് എണ്ണുന്നു'' (ഫിലിപ്പിയര്‍ 3:8-9). നമുക്ക് യേശുവിനെ എങ്ങനെ അറിയാന്‍ കഴിയും? “യേശുവിനെ കര്‍ത്താവ് എന്നു വായ് കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും'' (റോമര്‍ 10:9).

നമുക്കു യേശുവിനെക്കുറിച്ചുള്ള വസ്തുതകള്‍ അറിയാന്‍ കഴിഞ്ഞേക്കാം, സഭയെക്കുറിച്ചും എല്ലാക്കാര്യങ്ങളും നമുക്കറിയാമായിരിക്കാം, ബൈബിളും നമുക്കു പരിചിതമായിരിക്കാം. എന്നാല്‍ യേശുവിനെ രക്ഷകനായി അറിയാനുള്ള ഏക മാര്‍ഗ്ഗം അവിടുന്നു നല്‍കുന്ന രക്ഷയുടെ സൗജന്യദാനം സ്വീകരിക്കുക എന്നതാണ്. അവിടുന്നാണ് നാം അറിയേണ്ട ആള്‍.

അഗ്നിയാല്‍ ഇന്ധനം പകരപ്പെട്ടത്

ക്ഷീണിതരും കരിപുരണ്ടവരുമായ രണ്ട് അഗ്‌നിശമനസേനാംഗങ്ങള്‍ പ്രഭാതഭക്ഷണത്തിനായി ഒരു റെസ്‌റ്റോറന്റില്‍ കയറിയപ്പോള്‍, അവര്‍ ഒരു വെയര്‍ഹൗസിലെ തീയണക്കാന്‍ രാത്രി മുഴുവനും അധ്വാനിച്ചവരാണെന്ന് റ്റിവി വാര്‍ത്ത കണ്ടിരുന്ന വെയ്റ്റര്‍ അവരെ തിരിച്ചറിഞ്ഞു. തന്റെ അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ വെയ്റ്റര്‍ അവരുടെ ബില്ലില്‍ ഇങ്ങനെ കുറിച്ചു, “നിങ്ങളുടെ പ്രഭാതഭക്ഷണം ഇന്ന് എന്റെ വക. മറ്റുള്ളവരെ സേവിക്കുന്നതിനും മറ്റെല്ലാവരും ഓടിപ്പോകുന്ന സ്ഥലങ്ങളിലേക്ക് ഓടിച്ചെല്ലുന്നതിനും. . . . അഗ്നിയാല്‍ ഇന്ധനം പകര്‍ന്ന് ധൈര്യസമേതം മുന്നോട്ടു പോകുന്നതിനും നന്ദി! എന്തു നല്ല മാതൃകയാണ് നിങ്ങള്‍!’’ 

പഴയനിയമത്തില്‍, മൂന്നു ചെറുപ്പക്കാരുടെ പ്രവര്‍ത്തനങ്ങളില്‍ ധൈര്യത്തിന്റെ ഒരു ഉദാഹരണം കാണാം: ശദ്രക്ക്, മേശക്, അബെദ്‌നെഗോ (ദാനീയേല്‍ 3). ബാബേല്‍ രാജാവു നിര്‍ത്തിയ ബിംബത്തെ വണങ്ങണമെന്നുള്ള ഉത്തരവ് അനുസരിക്കുന്നതിനുപകരം, ഈ ചെറുപ്പക്കാര്‍, തങ്ങളുടെ വിസമ്മതത്തിലൂടെ ദൈവത്തോടുള്ള സ്‌നേഹം ധൈര്യത്തോടെ കാണിച്ചു. എരിയുന്ന ചൂളയിലേക്ക് എറിയുന്ന ശിക്ഷയായിരുന്നു അവരുടേത്. എന്നിട്ടും ആ പുരുഷന്മാര്‍ പിന്നോട്ട് പോയില്ല: “ഞങ്ങള്‍ സേവിക്കുന്ന ദൈവത്തിനു ഞങ്ങളെ വിടുവിക്കുവാന്‍ കഴിയുമെങ്കില്‍, അവന്‍ ഞങ്ങളെ എരിയുന്ന തീച്ചൂളയില്‍നിന്നും രാജാവിന്റെ കൈയില്‍ നിന്നും വിടുവിക്കും. അല്ലെങ്കിലും ഞങ്ങള്‍ രാജാവിന്റെ ദേവന്മാരെ സേവിക്കുകയില്ല. രാജാവു നിറുത്തിയ സ്വര്‍ണ്ണബിംബത്തെ നമസ്‌കരിക്കുകയുമില്ല എന്നറിഞ്ഞാലും എന്ന് ഉത്തരം പറഞ്ഞു'' (വാ. 17-18).     

ദൈവം അവരെ രക്ഷിക്കുക മാത്രമല്ല, അവരോടൊപ്പം തീയില്‍ നടക്കുകപോലും ചെയ്തു (വാ. 25-27). ഇന്നത്തെ നമ്മുടെ കഠിനമായ പരിശോധനകളിലും കഷ്ടങ്ങളിലും ദൈവം നമ്മോടൊപ്പമുണ്ടെന്ന ഉറപ്പു നമുക്കും നേടാന്‍ കഴിയും. അവിടുന്നു മതിയായവനാണ്.

യേശുവിന്റെ ജനപ്രിയമല്ലാത്ത ആശയങ്ങള്‍

മൈക്ക് ബര്‍ഡന്‍, തന്റെ ചെറിയ പട്ടണത്തിലെ തന്റെ ചരിത്രസ്മാരകകടയില്‍ വെച്ച് പതിനഞ്ചു വര്‍ഷം, വിദ്വേഷ യോഗങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ 2012 ല്‍ ഭാര്യ, അയാളുടെ ഇടപെടലുകളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍, അയാളുടെ ഹൃദയം അയഞ്ഞു. തന്റെ വംശീയവീക്ഷണങ്ങള്‍ എത്രത്തോളം തെറ്റാണെന്ന് മനസ്സിലാക്കിയ അയാള്‍, ഇനിമേല്‍ അങ്ങനെ തുടരാന്‍ ആഗ്രഹിച്ചില്ല. അവരുടെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് അവരെ പുറത്താക്കിക്കൊണ്ട് തീവ്രവാദസംഘം തിരിച്ചടിച്ചു.

സഹായത്തിനായി അയാള്‍ എവിടേക്കാണു പോയതെന്നോ? അതിശയമെന്നു പറയട്ടെ, അയാള്‍ കറുത്തവര്‍ഗ്ഗക്കാരനായ ഒരു പ്രാദേശിക പാസ്റ്ററുടെ അടുത്തേക്കു പോയി. പാസ്റ്ററും സഭയും മൈക്കിന്റെ കുടുംബത്തിനു കുറച്ചുകാലം വീടും പലചരക്കു സാധനങ്ങളും നല്‍കി. എന്തുകൊണ്ടാണു തങ്ങളെ സഹായിക്കുന്നതെന്നു ചോദിച്ചപ്പോള്‍, പാസ്റ്റര്‍ കെന്നഡി ഇങ്ങനെ വിശദീകരിച്ചു, “യേശുക്രിസ്തു ജനപ്രിയമല്ലാത്ത കുറെയധികം കാര്യങ്ങള്‍ ചെയ്തു. സഹായിക്കേണ്ടുന്ന സമയമാകുമ്പോള്‍, നിങ്ങള്‍ ചെയ്യാന്‍ ദൈവം ആഗ്രഹിക്കുന്നതു നിങ്ങള്‍ ചെയ്യുന്നു.'' പിന്നീടു മൈക്ക് കെന്നഡിയുടെ പള്ളിയില്‍ സംസാരിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുന്നതില്‍ പങ്കാളിയായതില്‍ കറുത്തവരുടെ സമൂഹത്തോടു ക്ഷമ ചോദിക്കുകയും ചെയ്തു.

ജനപ്രിയമല്ലാത്ത ചില ആശയങ്ങള്‍ യേശു, ഗിരിപ്രഭാഷണത്തില്‍ പഠിപ്പിച്ചു: “നിന്നോടു യാചിക്കുന്നവനു കൊടുക്കുക . . . നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍'' (മത്തായി 5:42, 44). നാം പിന്തുടരാന്‍ ദൈവം നമ്മെ വിളിക്കുന്നു എന്നു നാം ചിന്തിക്കുന്നതിന്റെ തലകീഴായ മാര്‍ഗ്ഗമാണിത്. അതു ബലഹീനതയാണെന്നു തോന്നുമെങ്കിലും, അതു ദൈവത്തിന്റെ ശക്തിയില്‍നിന്നാണ് യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നത്. 

നമ്മോട് ആവശ്യപ്പെടുന്ന വിധത്തില്‍ ഈ തലകീഴായ ജീവിതം നയിക്കാന്‍ നമുക്കു ശക്തി നല്‍കുന്നവനാണ് നമ്മെ പഠിപ്പിക്കുന്നയാള്‍.