ഠക്ക്! ഞാന്‍ തലപൊക്കി ശബ്ദത്തിനു നേരെ ചെവിവട്ടം പിടിച്ചു. ജനാലച്ചില്ലില്‍ ഒരു പാടു കണ്ടിട്ട്, ഞാന്‍ പുറത്തേക്ക് എത്തിനോക്കി. ചലനം നിലയ്ക്കാത്ത ഒരു പക്ഷിയുടെ ശരീരം ഞാന്‍ കണ്ടെത്തി. എന്റെ ഹൃദയം വേദനിച്ചു. ദുര്‍ബലമായ തൂവലുകള്‍ ഉള്ള ആ ജീവിയെ സഹായിക്കാന്‍ ഞാന്‍ കൊതിച്ചു.
വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയശേഷം, തന്റെ ശിഷ്യന്മാരെ ആശ്വസിപ്പിക്കുന്നതിനായി, കുരുവികളെക്കുറിച്ചുപോലുമുള്ള തന്റെ പിതാവിന്റെ കരുതലിനെക്കുറിച്ചു മത്തായി 10 ല്‍ യേശു വിവരിച്ചു. ‘അനന്തരം അവന് തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കല്‍ വിളിച്ചു; അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിക്കുവാനും അവര്‍ക്ക് അധികാരം കൊടുത്തു” (വാ. 1). അത്തരം പ്രവൃത്തികള്‍ ചെയ്യാനുള്ള അധികാരം ശിഷ്യന്മാര്ക്കു ഗംഭീരമായി തോന്നാമെങ്കിലും, ഭരണാധികാരികളും അവരുടെ സ്വന്ത കുടുംബവും ദുഷ്ടശക്തികളും ഉള്‍പ്പെടെയുള്ളവരില്‍നിന്നു വളരെ എതിര്‍പ്പുകള്‍ അവര്‍ നേരിടേണ്ടിവരും (വാ. 16-28).
തുടര്‍ന്ന്, 10:29-31 ല്‍, അവര്‍ നേരിടാനിരിക്കുന്നവയെ ഭയപ്പെടരുതെന്ന് യേശു അവരോടു പറഞ്ഞു. കാരണം അവര്‍ ഒരിക്കലും പിതാവിന്റെ കരുതലില്‍ നിന്നു പുറത്തുപോകുന്നില്ല. ‘കാശിനു രണ്ടു കുരികില്‍ വില്ക്കുന്നില്ലയോ? അവയില്‍ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല …. ആകയാല്‍ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങള്‍ വിശേഷതയുള്ളവരല്ലോ.”
ഞാന്‍ ദിവസം മുഴുവനും പക്ഷിയെ പരിശോധിച്ചു, ഓരോ തവണയും അതിനു ജീവനുള്ളതായി കണ്ടു, പക്ഷേ അതനങ്ങുന്നില്ലായിരുന്നു. പിന്നെ, നേരം വൈകിയപ്പോള്‍ അതിനെ കാണാനില്ലായിരുന്നു. അതു ജീവനോടിരിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. തീര്‍ച്ചയായും, ആ പക്ഷിയെക്കുറിച്ചു ഞാന്‍ ഇത്രയധികം കരുതലുള്ളവളായിരുന്നുവെങ്കില്‍, ദൈവം എത്രയധികം കരുതലുള്ളവനായിരിക്കും! അവിടുന്ന് നിങ്ങളെയും എന്നെയും എത്രമാത്രം കരുതുന്നുവെന്ന് സങ്കല്‍പ്പിക്കുക!
കഴിഞ്ഞ കാലങ്ങളില്‍ ദൈവം നിങ്ങളെ കരുതുന്നത് നിങ്ങള്‍ എങ്ങനെയാണു കണ്ടിട്ടുള്ളത്? നിങ്ങള്‍ ഒരിക്കലും നിങ്ങളുടെ പിതാവിന്റെ സംരക്ഷണത്തിനു പുറത്തല്ലെന്നു മനസ്സിലാക്കുന്നതിലൂടെ നിങ്ങള്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളുടെ മുമ്പിലും നിങ്ങള്‍ക്കെങ്ങനെ ധൈര്യം നേടാനാകും?
പ്രിയ പിതാവേ, എന്നെ എപ്പോഴും കരുതുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനു നന്ദി പറയുന്നു!
വായിക്കുക: ദൈവം സ്നേഹമാകുന്നു. DiscoverySeries.org/Q0612.