അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്കഌന്‍ ഡി. റൂസ്‌വെല്‍റ്റ് പലപ്പോഴും വൈറ്റ്ഹൗസില്‍ തന്നെ സ്വീകരിക്കാന്‍ നില്‍ക്കുന്നവരുടെ നീണ്ട നിരയെ സഹിച്ചിരുന്നു. കഥയില്‍ വിവരിക്കുന്നതനുസരിച്ച്, താന്‍ പറയുന്ന കാര്യങ്ങള്‍ ആരും ശ്രദ്ധിച്ചില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടു. അതിനാല്‍, ഒരു സ്വീകരണവേളയില്‍ ഒരു പരീക്ഷണം നടത്താന്‍ അദ്ദേഹം തീരുമാനിച്ചു. നിരനിരയായി മുമ്പോട്ടു വന്നു തന്റെ കൈ പിടിച്ചു കുലുക്കിയ എല്ലാവരോടും അദ്ദേഹം പറഞ്ഞു, ‘ഇന്നു രാവിലെ ഞാന്‍ എന്റെ മുത്തശ്ശിയെ കൊന്നു.’ അതിഥികള്‍ പറഞ്ഞ മറുപടി ഏതാണ്ടിങ്ങനെയായിരുന്നു, ‘അത്ഭുതം! ഈ നല്ല പ്രവര്‍ത്തനം തുടരുക. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ, സര്‍.’ വരിയുടെ അവസാനം എത്തിയ ബൊളീവിയയില്‍ നിന്നുള്ള അംബാസഡര്‍ മാത്രമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ യഥാര്‍ത്ഥത്തില്‍ കേട്ടത്. ഭാവഭേദം കൂടാതെ അംബാസഡര്‍ മന്ത്രിച്ചു, ‘അവള്‍ അതിനര്‍ഹയായിരുന്നു എന്നെനിക്കുറപ്പുണ്ട്.’

ആളുകള്‍ ശരിക്കും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടോ? അല്ലെങ്കില്‍ അതിലും മോശമായി, ദൈവം ശ്രദ്ധിക്കുന്നില്ലെന്നു നിങ്ങള്‍ ഭയപ്പെടുന്നുണ്ടോ? ആളുകളുടെ പ്രതികരണത്തിന്റെയോ നോട്ടത്തിന്റെയോ അടിസ്ഥാനത്തില്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നു നമുക്കു പറയാന്‍ കഴിയും. എന്നാല്‍, ദൈവം ശ്രദ്ധിക്കുന്നുണ്ടോ എന്നു നമുക്ക് എങ്ങനെ അറിയാം? നാം തോന്നലുകളെ ആശ്രയിക്കണോ? അതോ ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുന്നുണ്ടോ എന്നു നോക്കണമോ?

എഴുപതുവര്‍ഷത്തെ ബാബിലോന്യ പ്രവാസത്തിനുശേഷം, തന്റെ ജനത്തെ യെരൂശലേമിലേക്കു തിരികെ കൊണ്ടുവന്ന് അവരുടെ ഭാവി സുരക്ഷിതമാക്കുമെന്നു ദൈവം വാഗ്ദത്തം ചെയ്തു (യിരെമ്യാവ് 29:10-11). അവര്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്ന് അവരെ കേട്ടു (വാ. 12). ദൈവം അവരുടെ പ്രാര്‍ത്ഥന കേട്ടുവെന്ന് അവര്‍ക്കറിയാമായിരുന്നു, കാരണം അവരുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്ന് ദൈവം അവരോടു വാഗ്ദത്തം ചെയ്തിരുന്നു. ഇതു നമുക്കും ഇത് ബാധകമാണ് (1 യോഹന്നാന്‍ 5:14). ദൈവം നമ്മെ കേള്‍ക്കുന്നുവെന്ന് അറിയാന്‍ നാം തോന്നലുകളെ ആശ്രയിക്കേണ്ടതില്ല അല്ലെങ്കില്‍ ഒരു അടയാളത്തിനായി കാത്തിരിക്കേണ്ടതില്ല. അവിടുന്നു കേള്‍ക്കുമെന്ന് വാഗ്ദത്തം ചെയ്തിട്ടുണ്ട്, അവിടുന്ന് എപ്പോഴും തന്റെ വാഗ്ദത്തങ്ങള്‍ പാലിക്കുന്നു (2 കൊരിന്ത്യര്‍ 1:20).