സൂചികള്‍, പാല്, കൂണ്, എലിവേറ്ററുകള്‍, ജനനങ്ങള്‍, തേനീച്ചകള്‍, ബ്ലെന്‍ഡറുകളിലെ ഈച്ചകള്‍ – മങ്ക് എന്ന റ്റിവി ഷോയിലെ കുറ്റാന്വേഷകനും പ്രധാന കഥാപാത്രവുമായ മിസ്റ്റര്‍ അഡ്രിയാന്‍ മങ്കിനെ ഭയപ്പെടുത്തുന്ന കാര്യങ്ങളില്‍ ചിലതു മാത്രമാണിവ. അയാളും ദീര്‍ഘകാല എതിരാളിയായ ഹാരോള്‍ഡ് ക്രെന്‍ഷോയും ഒരുമിച്ച് ഒരു കാറിന്റെ ഡിക്കിയില്‍ പൂട്ടപ്പെട്ടപ്പോള്‍, തന്റെ ഭയത്തിന്റെ പട്ടികയില്‍ നിന്ന് ഒന്നിനെയെങ്കിലും – ക്ലോസ്ട്രോഫോബിയ – മറികടക്കാന്‍ മങ്കിന് അവസരം ലഭിച്ചു.
മങ്കും ഹാരോള്‍ഡും ഒരുപോലെ പരിഭ്രാന്തരായിക്കൊണ്ടിരിക്കുമ്പോഴാണ് മങ്കിന് വെളിപ്പാടുണ്ടായത്. ‘ഒരുപക്ഷേ നാമിതിനെ തെറ്റായ രീതിയിലാണു നോക്കുന്നതെന്നു ഞാന്‍ കരുതുന്നു,’ അയാള്‍ ഹരോള്‍ഡിനോടു പറഞ്ഞു. ‘ഈ ഡിക്കി, ഈ ഭിത്തികള്‍. . . അവ നമ്മെ അടച്ചുവയ്ക്കുകയല്ല. . . അവ നമ്മെ സംരക്ഷിക്കുകയാണ്, ശരിക്കും. അണുക്കള്‍, പാമ്പുകള്‍, ഹാര്‍മോണിയങ്ങള്‍ എന്നിവയില്‍നിന്നു അവ നമ്മെ സംരക്ഷിക്കുകയാണ്.’ വിടര്‍ന്ന കണ്ണുകളോടെ, അയാള്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്നു മനസ്സിലാക്കി ഹാരോള്‍ഡ് അത്ഭുതത്തോടെ മന്ത്രിച്ചു, ‘ഈ ഡിക്കി നമ്മുടെ സുഹൃത്താണ്.’
63-ാം സങ്കീര്‍ത്തനത്തില്‍, ദാവീദിന് സമാനമായ വെളിപ്പാട് ഉണ്ടായതുപോലെ തോന്നുന്നു. ”ഉണങ്ങിവരണ്ട ഒരു ദേശത്ത്” ആയിരുന്നിട്ടും, ദൈവത്തിന്റെ ശക്തി, മഹത്വം, ദയ എന്നിവ ദാവീദ് ഓര്‍മ്മിക്കുമ്പോള്‍ (വാ. 1-3), മരുഭൂമി ദൈവത്തിന്റെ സംരക്ഷണത്തിന്റെയും കരുതലിന്റെയും ഒരിടമായി മാറുന്നതുപോലെ തോന്നി. ഒരു പക്ഷിക്കുഞ്ഞ് അമ്മയുടെ ചിറകിന്റെ സംരക്ഷണത്തില്‍ ഒളിച്ചിരിക്കുന്നതുപോലെ, ദാവീദ് ദൈവത്തോടു പറ്റിനില്ക്കുമ്പോള്, ആ ശൂന്യമായ സ്ഥലത്തുപോലും, ”ഏറ്റവും സമ്പന്നമായ ഭക്ഷണംകൊണ്ടെന്നപോലെ” വിരുന്നു കഴിക്കാന്‍ കഴിയുമെന്ന് ദാവീദു കണ്ടെത്തുന്നു (വാ. 5), അതില്‍ ”ജീവനെക്കാള്‍ നല്ലതായ” (വാ. 3) പോഷണവും ശക്തിയും അവന് കണ്ടെത്തുന്നു.
ദുഷ്കരമായ സ്ഥലത്ത് ആയിരുന്നപ്പോള്‍ എപ്പോഴാണ് നിങ്ങള്‍ ദൈവത്തിന്റെ കരുതല്‍ അനുഭവിച്ചിട്ടുള്ളത്? നിലവിലെ ഏതു പോരാട്ടങ്ങളിലാണ് ''ദൈവത്തിന്റെ ചിറകിന് നിഴലില്‍ ഘോഷിച്ചാനന്ദിക്കാന്''നിങ്ങള്‍ക്കു പഠിക്കാന്‍ കഴിയുന്നത്?
സ്നേഹവാനായ സ്രഷ്ടാവും പരിപാലകനും പോഷിപ്പിക്കുന്നവനുമായവനേ, ഏറ്റവും പ്രയാസകരമായ സ്ഥലങ്ങളില്‍പ്പോലും അങ്ങയുടെ സ്നേഹം എന്റെ ഹൃദയത്തില്‍ കടന്നുവന്ന് അവയെ അങ്ങയുടെ ചിറകിന് നിഴലായ സംരക്ഷണകേന്ദ്രമാക്കി മാറ്റുന്ന അത്ഭുതകരമായ വഴികള്‍ക്കു നന്ദി പറയുന്നു!