Month: ജൂൺ 2021

സമാധാന ജീവിതം

ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍, ആസക്തികളോടു മല്ലിടുന്ന ആളുകള്‍ സഹായം തേടിയെത്തുന്ന, ഷാലോം ഹൗസ് എന്നൊരു സ്ഥലമുണ്ട്. ശാലോം ഹൗസില്‍, അവരോടു കരുതലും സ്‌നേഹവും കാണിക്കുന്ന സ്റ്റാഫിനെ അവര്‍ കണ്ടുമുട്ടുന്നു; അവര്‍ അവര്‍ക്ക് ദൈവത്തിന്റെ ഷാലോമിനെ (സമാധാനത്തിനുള്ള എബ്രായപദം) പരിചയപ്പെടുത്തുന്നു. മയക്കുമരുന്ന്, മദ്യം, ചൂതാട്ടം, മറ്റു വിനാശകരമായ ശീലങ്ങള്‍ എന്നിവയുടെ ആസക്തിക്കു കീഴില്‍ തകരുന്ന ജീവിതങ്ങള്‍ ദൈവസ്‌നേഹത്താല്‍ രൂപാന്തരപ്പെടുന്നു.

ഈ രൂപാന്തരത്തിന്റെ കേന്ദ്രം എന്നത് ക്രൂശിന്റെ സന്ദേശമാണ്. യേശുവിന്റെ പുനരുത്ഥാനത്തിലൂടെ സ്വന്തം ജീവിതത്തെ ഉയിര്‍ത്തെഴുന്നേല്പിക്കാമെന്ന് ഷാലോം ഹൗസിലെ തകര്‍ന്ന ആളുകള്‍ കണ്ടെത്തുന്നു. ക്രിസ്തുവില്‍, നാം യഥാര്‍ത്ഥ സമാധാനവും സൗഖ്യവും നേടുന്നു.

സമാധാനം എന്നത്, കേവലം പ്രശ്‌നങ്ങളുടെ അഭാവമല്ല; അതു ദൈവത്തിന്റെ സമ്പൂര്‍ണ്ണതയുടെ സാന്നിധ്യമാണ്. നമുക്കെല്ലാവര്‍ക്കും ഈ ഷാലോം ആവശ്യമാണ്, അതാകട്ടെ ക്രിസ്തുവിലും ദൈവത്തിന്റെ ആത്മാവിലും മാത്രമാണ് കണ്ടെത്തുന്നത്. ഇക്കാരണത്താലാണു പൗലൊസ്, ഗലാത്യരെ ആത്മാവിന്റെ രൂപാന്തര പ്രവൃത്തിയിലേക്കു വിരല്‍ ചൂണ്ടുന്നത്. പരിശുദ്ധാത്മാവു നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, സ്‌നേഹം, സന്തോഷം, ക്ഷമ തുടങ്ങിയ ആത്മാവിന്റെ ഫലം അവിടുന്നു നമ്മുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്നു (ഗലാത്യര്‍ 5:22-23). യഥാര്‍ത്ഥവും നിലനില്‍ക്കുന്നതുമായ സമാധാനം എന്ന ആ നിര്‍ണ്ണായക ഘടകം അവിടുന്നു നമുക്കു നല്‍കുന്നു.

ദൈവത്തിന്റെ ഷാലോമില്‍ ജീവിക്കാന്‍ ആത്മാവു നമ്മെ പ്രാപ്തരാക്കുമ്പോള്‍, നമ്മുടെ ആവശ്യങ്ങളും ആശങ്കകളും നമ്മുടെ സ്വര്‍ഗ്ഗീയപിതാവിന്റെയടുക്കല്‍ കൊണ്ടുവരുവാന്‍ നാം പഠിക്കുന്നു. അതാകട്ടെ, നമ്മുടെ 'ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കല്‍ കാക്കുന്ന''  ''സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം'' (ഫിലിപ്പിയര്‍ 4:7) നമുക്കു നല്‍കുന്നു.

ക്രിസ്തുവിന്റെ ആത്മാവില്‍, നമ്മുടെ ഹൃദയങ്ങള്‍ യഥാര്‍ത്ഥ ഷാലോം അനുഭവിക്കുന്നു.

വിശ്വാസത്തിന്റെ വഴി

2017 ലെ ലോകകപ്പ് യോഗ്യതാമത്സരത്തില്‍, അമേരിക്കയുടെ പുരുഷ ദേശീയ ടീമിനെ, അവരെക്കാള്‍ അമ്പത്തിയാറു സ്ഥാനത്തിനു പിന്നില്‍ നിന്നിരുന്നവരും അത്രയൊന്നും അറിയപ്പെടാത്തതുമായ ട്രിനിഡാഡ് & ടൊബാഗോ ടീം തോല്‍പ്പിച്ചതു ലോകത്തെ ഞെട്ടിച്ചു. 2-1 സ്‌കോറിന്  യുഎസ് ടീം 2018 ലെ ലോകകപ്പില്‍ നിന്നു പുറത്തായി.

ട്രിനിഡാഡ് & ടൊബാഗോയുടെ വിജയം അപ്രതീക്ഷിതമായിരുന്നു. അതിന്റെ ഒരു കാരണം അമേരിക്കയുടെ ജനസംഖ്യയുടെയും വിഭവങ്ങളുടെയും മുമ്പില്‍ ഈ ചെറിയ കരീബിയന്‍ രാജ്യം നിസ്സാരമായിരുന്നു എന്നതായിരുന്നു. എന്നാല്‍ ആവേശഭരിതരായ ഈ ടീമിനെ പരാജയപ്പെടുത്താന്‍ ആ മികവുകള്‍ പര്യാപ്തമായിരുന്നില്ല.

ഗിദെയോന്റെയും മിദ്യാന്യരുടെയും കഥയില്‍ സമാനമായ ഒരു നടുക്കമുണ്ട് - അവിടെയും ഒരു ചെറിയ കൂട്ടം പോരാളികളും ഒരു വലിയ സൈന്യവും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. യിസ്രായേല്‍ സൈന്യത്തില്‍ യഥാര്‍ത്ഥത്തില്‍ മുപ്പതിനായിരത്തിലധികം പടയാളികളുണ്ടായിരുന്നു. എന്നാല്‍ യഹോവ ആ സൈന്യത്തെ വെറും മുന്നൂറോളം യോദ്ധാക്കളാക്കി വെട്ടിച്ചുരുക്കി. അവരുടെ വിജയം അവരുടെ സൈന്യത്തിന്റെ വലിപ്പത്തിലോ, അവരുടെ ഭണ്ഡാരത്തിലെ ധനത്തിന്റെ അളവിലോ, അല്ലെങ്കില്‍ അവരുടെ നേതാക്കളുടെ വൈദഗ്ധ്യത്തിലോ അല്ല, ദൈവത്തിലാണ് ആശ്രയിച്ചിരിക്കുന്നതെന്നു രാജ്യം മനസ്സിലാക്കുന്നതിനുവേണ്ടിയായിരുന്നു അങ്ങനെ ചെയ്തത് (ന്യായാധിപന്മാര്‍ 7:1-8).

നമുക്കു കാണാനോ അളക്കാനോ കഴിയുന്ന കാര്യങ്ങളില്‍ വിശ്വാസവും ആശ്രയവും വയ്ക്കാന്‍ നമുക്കു ചിലപ്പോള്‍ പ്രലോഭനമുണ്ടായേക്കാം, എന്നാല്‍ അതല്ല വിശ്വാസത്തിന്റെ വഴി. ദൈവത്തിലാശ്രയിക്കാന്‍ നാം തയ്യാറാകുമ്പോള്‍, 'കര്‍ത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുക'' (എഫെസ്യര്‍ 6:10) എന്നതു പലപ്പോഴും ബുദ്ധിമുട്ടാണെങ്കിലും, നാം ഭയചകിതരും യോഗ്യതയില്ലാത്തവരെന്ന ബോധ്യമുള്ളവരും ആയിരിക്കുമ്പോള്‍പോലും നമുക്കു ധൈര്യത്തോടും ആത്മവിശ്വാസത്തോടുംകൂടി പ്രതികൂല സാഹചര്യങ്ങളുടെനേരെ മുന്നേറാന്‍ കഴിയും. ദൈവത്തിന്റെ സാന്നിധ്യത്തിനും ശക്തിക്കും നമ്മിലും നമ്മിലൂടെയും അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.

'യേശു കസേര''

എന്റെ സുഹൃത്ത് മാജ് ഒരു ബൈബിള്‍ പഠന ക്ലാസ്സില്‍വെച്ചു ടാമിയെ കണ്ടുമുട്ടിയപ്പോള്‍, അവര്‍ക്കു തമ്മില്‍ പൊരുത്തമുള്ള ഒന്നുമില്ലെന്ന കാര്യം അവള്‍ ശ്രദ്ധിച്ചു. എങ്കിലും മാജ്് അവളുമായി സൗഹൃദത്തിലാകുകയും തന്റെ പുതിയ സുഹൃത്തില്‍നിന്ന് വിലപ്പെട്ട ഒരു പാഠം പഠിക്കുകയും ചെയ്തു.

ടാമി മുമ്പൊരിക്കലും ഒരു ബൈബിള്‍ പഠന ക്ലാസ്സില്‍ സംബന്ധിച്ചിട്ടില്ല, അതിനാല്‍ ക്ലാസ്സിലെ മറ്റു സ്ത്രീകള്‍ സംസാരിച്ച ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അവള്‍ക്കു പ്രയാസമായിരുന്നു. അതായത്, ദൈവം അവരോടു സംസാരിച്ചു എന്ന കാര്യം - അവള്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒന്നായിരുന്നു അത്.

അവള്‍ ദൈവത്തില്‍ നിന്നു കേള്‍ക്കാന്‍ അത്യധികം ആഗ്രഹിച്ചതിനാല്‍ അവള്‍ ഒരു കാര്യം ചെയ്തു. പിന്നീടൊരിക്കല്‍ അവള്‍ മാജിനോടു പറഞ്ഞു. 'ഞാന്‍ ഒരു പഴയ മരക്കസേര നീക്കിയിട്ടു, എന്നിട്ടു ഞാന്‍ ബൈബിള്‍ പഠിക്കുമ്പോഴെല്ലാം അതില്‍ ഇരിക്കാന്‍ യേശുവിനോട് ആവശ്യപ്പെടുന്നു.' ഒരു വാക്യം പ്രത്യേകമായി ശ്രദ്ധയില്‍പ്പെടുമ്പോഴെല്ലാം അവള്‍ ചോക്കുകൊണ്ട് അതു കസേരയില്‍ എഴുതുന്നു, ടാമി വിശദീകരിച്ചു. ഇത് അവളുടെ പ്രത്യേക 'യേശു കസേര' ആയിത്തീര്‍ന്നിരിക്കുന്നു. മാത്രമല്ല ബൈബിളില്‍നിന്ന് അവള്‍ക്കു നേരിട്ടു ലഭിക്കുന്ന ദൈവിക സന്ദേശങ്ങള്‍ അവളതില്‍ എഴുതുകയും ചെയ്യുന്നു.

മാജ് പറയുന്നു, 'യേശു കസേര ടാമിയുടെ ജീവിതത്തെ മാറ്റിമറിച്ചു. അവള്‍ ആത്മീയമായി വളരുകയാണ്, കാരണം തിരുവെഴുത്ത് അവള്‍ക്കു വ്യക്തിപരമായിത്തീരുന്നു.''

യെഹൂദ വിശ്വാസികളോടു സംസാരിക്കുമ്പോള്‍ യേശു പറഞ്ഞു, 'എന്റെ വചനത്തില്‍ നിലനില്ക്കുന്നു എങ്കില്‍ നിങ്ങള്‍ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും'' (യോഹന്നാന്‍ 8:31-32). നമുക്ക് അവിടുത്തെ വചനങ്ങള്‍ മുറുകെപ്പിടിക്കാം - അത് ഒരു കസേരയില്‍ എഴുതിക്കൊണ്ടായാലും, മനഃപാഠമാക്കിക്കൊണ്ടായാലും അല്ലെങ്കില്‍ അവ നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടായാലും. ക്രിസ്തുവിന്റെ സന്ദേശങ്ങളുടെ സത്യവും ജ്ഞാനവും ക്രിസ്തുവില്‍ വളരുവാന്‍ നമ്മെ സഹായിക്കുകയും നമ്മെ സ്വതന്ത്രരാക്കുകയും ചെയ്യും.

നമ്മുടെ പിതാവിന്റെ കരുതല്‍

ഠക്ക്! ഞാന്‍ തലപൊക്കി ശബ്ദത്തിനു നേരെ ചെവിവട്ടം പിടിച്ചു. ജനാലച്ചില്ലില്‍ ഒരു പാടു കണ്ടിട്ട്, ഞാന്‍ പുറത്തേക്ക് എത്തിനോക്കി. ചലനം നിലയ്ക്കാത്ത ഒരു പക്ഷിയുടെ ശരീരം ഞാന്‍ കണ്ടെത്തി. എന്റെ ഹൃദയം വേദനിച്ചു. ദുര്‍ബലമായ തൂവലുകള്‍ ഉള്ള ആ ജീവിയെ സഹായിക്കാന്‍ ഞാന്‍ കൊതിച്ചു.

വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയശേഷം, തന്റെ ശിഷ്യന്മാരെ ആശ്വസിപ്പിക്കുന്നതിനായി, കുരുവികളെക്കുറിച്ചുപോലുമുള്ള തന്റെ പിതാവിന്റെ കരുതലിനെക്കുറിച്ചു മത്തായി 10 ല്‍ യേശു വിവരിച്ചു. 'അനന്തരം അവന്‍ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കല്‍ വിളിച്ചു; അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിക്കുവാനും അവര്‍ക്ക് അധികാരം കൊടുത്തു'' (വാ. 1). അത്തരം പ്രവൃത്തികള്‍ ചെയ്യാനുള്ള അധികാരം ശിഷ്യന്മാര്‍ക്കു ഗംഭീരമായി തോന്നാമെങ്കിലും, ഭരണാധികാരികളും അവരുടെ സ്വന്ത കുടുംബവും ദുഷ്ടശക്തികളും ഉള്‍പ്പെടെയുള്ളവരില്‍നിന്നു വളരെ എതിര്‍പ്പുകള്‍ അവര്‍ നേരിടേണ്ടിവരും (വാ. 16-28).

തുടര്‍ന്ന്, 10:29-31 ല്‍, അവര്‍ നേരിടാനിരിക്കുന്നവയെ ഭയപ്പെടരുതെന്ന് യേശു അവരോടു പറഞ്ഞു. കാരണം അവര്‍ ഒരിക്കലും പിതാവിന്റെ കരുതലില്‍ നിന്നു പുറത്തുപോകുന്നില്ല. 'കാശിനു രണ്ടു കുരികില്‍ വില്ക്കുന്നില്ലയോ? അവയില്‍ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല .... ആകയാല്‍ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങള്‍ വിശേഷതയുള്ളവരല്ലോ.''

ഞാന്‍ ദിവസം മുഴുവനും പക്ഷിയെ പരിശോധിച്ചു, ഓരോ തവണയും അതിനു ജീവനുള്ളതായി കണ്ടു, പക്ഷേ അതനങ്ങുന്നില്ലായിരുന്നു. പിന്നെ, നേരം വൈകിയപ്പോള്‍ അതിനെ കാണാനില്ലായിരുന്നു. അതു ജീവനോടിരിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. തീര്‍ച്ചയായും, ആ പക്ഷിയെക്കുറിച്ചു ഞാന്‍ ഇത്രയധികം കരുതലുള്ളവളായിരുന്നുവെങ്കില്‍, ദൈവം എത്രയധികം കരുതലുള്ളവനായിരിക്കും! അവിടുന്ന് നിങ്ങളെയും എന്നെയും എത്രമാത്രം കരുതുന്നുവെന്ന് സങ്കല്‍പ്പിക്കുക!

ദൈവത്തിന്റെ ശക്തി

അവര്‍ക്കു കുട്ടികളുണ്ടാകയില്ലെന്നു റെബേക്കയോടും റസ്സലിനോടും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ദൈവത്തിനു മറ്റു പദ്ധതികള്‍ ഉണ്ടായിരുന്നു - പത്തുവര്‍ഷത്തിനുശേഷം റെബേക്ക ഗര്‍ഭം ധരിച്ചു. ഗര്‍ഭകാലം ആരോഗ്യകരമായിരുന്നു; വേദന തുടങ്ങിയപ്പോള്‍, ദമ്പതികള്‍ ആവേശത്തോടെ ആശുപത്രിയില്‍ എത്തി. എന്നിട്ടും പ്രസവവേദന കൂടുതല്‍ സമയം നീളുകയും തീവ്രമാകുകയും ചെയ്തു. റെബേക്കയുടെ ശരീരം പ്രസവത്തിനായി വേണ്ടത്ര പാകമായിരുന്നില്ല. ഒടുവില്‍, ഒരു അടിയന്തിര സിസേറിയന്‍ നടത്താമെന്നു ഡോക്ടര്‍ തീരുമാനിച്ചു. പേടിച്ചുപോയ റെബേക്ക തന്നെയും തന്റെ കുഞ്ഞിനെയും ചൊല്ലി വിഷമിച്ചു. ഡോക്ടര്‍ ശാന്തമായി അവള്‍ക്ക് ഉറപ്പുനല്‍കി, 'ഞാന്‍ എന്റെ പരമാവധി ചെയ്യും, പക്ഷേ നാം ദൈവത്തോടു പ്രാര്‍ത്ഥിക്കാന്‍ പോകുകയാണ്, കാരണം ദൈവത്തിനു കൂടുതലായി ചെയ്യാന്‍ കഴിയും.'' അവള്‍ റെബേക്കയോടൊപ്പം പ്രാര്‍ത്ഥിച്ചു, പതിനഞ്ചു മിനിറ്റിനുശേഷം, ബ്രൂസ് എന്ന ആരോഗ്യമുള്ള ഒരു ആണ്‍കുഞ്ഞു  ജനിച്ചു.

ദൈവത്തെയും അവിടുത്തെ ശക്തിയെയും ആശ്രയിക്കുന്നതിനെക്കുറിച്ച് ആ ഡോക്ടര്‍ക്ക് അറിയാമായിരുന്നു. ശസ്ത്രക്രിയ ചെയ്യാനുള്ള പരിശീലനവും നൈപുണ്യവും തനിക്കുണ്ടെങ്കിലും, തന്റെ കൈകളെ നയിക്കാന്‍ ദൈവത്തിന്റെ ജ്ഞാനവും ശക്തിയും സഹായിക്കേണ്ടതുണ്ടെന്ന് അവള്‍ തിരിച്ചറിഞ്ഞു (സങ്കീര്‍ത്തനം 121:1-2).

ദൈവത്തെ തങ്ങള്‍ക്കാവശ്യമാണെന്നു തിരിച്ചറിയുന്ന വളരെ പ്രഗത്ഭരായ ആളുകളെക്കുറിച്ചോ അല്ലെങ്കില്‍ ആരെയെങ്കിലും കുറിച്ചോ കേള്‍ക്കുന്നതു പ്രോത്സാഹജനകമാണ്.  കാരണം, സത്യസന്ധമായി പറഞ്ഞാല്‍ നമുക്കെല്ലാം െൈദവത്തെ ആവശ്യമാണ്. അവിടുന്നു ദൈവമാണ്; നാം അല്ല. 'നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാന്‍ നമ്മില്‍ വ്യാപരിക്കുന്ന ശക്തിയാല്‍ കഴിയുന്നവന്‍'' അവിടുന്നാണ് (എഫെസ്യര്‍ 3:20). ദൈവത്തില്‍നിന്നു പഠിക്കുവാനും പ്രാര്‍ത്ഥനയില്‍ അവിടുത്തെ വിശ്വസിക്കാനും ഒരു എളിയ ഹൃദയം നമുക്കുണ്ടായിരിക്കാം, കാരണം, നമുക്കു ചെയ്യുവാന്‍ കഴിയുന്നതിനെക്കാള്‍ അത്യന്തംപരമായി ചെയ്യുവാന്‍ അവിടുത്തേക്കു കഴിയും.