ദൈവരാജ്യം
എന്റെ അമ്മ ജീവിതത്തിലുടനീളം പല കാര്യങ്ങളിലും സമര്‍പ്പിതയാണ്, എങ്കിലും സ്ഥിരമായി നിലനില്‍ക്കുന്ന ഒന്ന്, ചെറിയ കുട്ടികള്‍ക്ക് യേശുവിനെ പരിചയപ്പെടുത്താനുള്ള ആഗ്രഹമായിരുന്നു. എന്റെ അമ്മ തന്റെ അഭിപ്രായ വ്യത്യാസം പരസ്യമായി പ്രകടിപ്പിക്കുന്നതിനു ഞാന്‍ സാക്ഷ്യം വഹിച്ച ചുരുക്കം ചില സംഭവങ്ങളിലൊന്ന്്, കൂടുതല്‍ 'ഗൗരവതരമെന്ന്' അവര്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ക്കായി കുട്ടികളുടെ ശുശ്രൂഷയുടെ ബജറ്റ് വെട്ടിക്കുറയ്ക്കാന്‍ ആരെങ്കിലും ശ്രമിക്കുമ്പോഴാണ്. 'ഞാന്‍ നിന്റെ ജ്യേഷ്ഠനെ ഗര്‍ഭിണിയായിരുന്നപ്പോള്‍ മാത്രമാണ് ഒരു വേനല്‍ക്കാലത്തു ഞാനവധിയെടുത്തത്,'' അമ്മ എന്നോടു പറഞ്ഞു. ഞാന്‍ ഒരു ചെറിയ കണക്കുകൂട്ടല്‍ നടത്തി, എന്റെ അമ്മ അമ്പത്തിയഞ്ചു വര്‍ഷമായി സഭയില്‍ കുട്ടികളുടെയിടയില്‍ ശുശ്രൂഷ ചെയ്യുന്നു എന്നു ഞാന്‍ മനസ്സിലാക്കി.
'കൊച്ചുകുട്ടികളും യേശുവും' എന്ന തലക്കെട്ടിലുള്ള, സുവിശേഷങ്ങളിലെ മനോഹരമായ ഒരു കഥ, മര്‍ക്കൊസ് 10 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. യേശു തൊട്ട് അനുഗ്രഹിക്കുന്നതിനായി ആളുകള്‍ തങ്ങളുടെ കുട്ടികളെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു. എന്നാല്‍ ശിഷ്യന്മാര്‍ ഇതിനെ തടയാന്‍ ശ്രമിച്ചു. യേശു 'മുഷിഞ്ഞു' എന്നു മര്‍ക്കൊസ് രേഖപ്പെടുത്തുന്നു - എന്നിട്ടു സ്വന്തം ശിഷ്യന്മാരെ ശാസിക്കുന്നു: 'ശിശുക്കളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍, അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ' (വാ. 14).
ചാള്‍സ് ഡിക്കന്‍സ് എഴുതി, ''ഞാന്‍ ഈ ചെറിയ ആളുകളെ സ്‌നേഹിക്കുന്നു; ദൈവത്തില്‍ നിന്നു പുതുമയോടെ വന്ന ഈ ആളുകള്‍ നമ്മെ സ്‌നേഹിക്കുന്നത് ഒരു ചെറിയ കാര്യമല്ല.'' എപ്പോഴും നവ്യമായിരിക്കുന്ന യേശുവിന്റെ സ്‌നേഹത്തില്‍ നിന്ന് കൊച്ചുകുട്ടികള്‍ ഒരിക്കലും തടയപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍, പ്രായമായ നാം നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നതും ചെറിയ കാര്യമല്ല.
അവനു നിങ്ങളുടെ പേരറിയാം
ദീര്‍ഘകാലം ഞങ്ങള്‍ സംബന്ധിച്ചിരുന്ന സഭയുമായി ബന്ധം വേര്‍പെടുത്തിയ ശേഷം, ഞാനും ഭര്‍ത്താവും മൂന്നു വര്‍ഷത്തിനുശേഷം വീണ്ടും ആ കൂട്ടായ്മയിലേക്കു മടങ്ങിച്ചെന്നു. ആളുകള്‍ ഞങ്ങളോട് എങ്ങനെ പെരുമാറും? അവര്‍ ഞങ്ങളെ തിരികെ സ്വാഗതം ചെയ്യുമോ? ഞങ്ങളെ സ്‌നേഹിക്കുമോ? വിട്ടുപോയതിനു ഞങ്ങളോടു ക്ഷമിക്കുമോ? ഒരു തെളിഞ്ഞ ഞായറാഴ്ച രാവിലെ ഞങ്ങള്‍ക്കതിനുള്ള ഉത്തരം ലഭിച്ചു. ആലയത്തിന്റെ വലിയ വാതിലിലൂടെ ഉള്ളിലേക്കു നടക്കുമ്പോള്‍ അവര്‍ ഞങ്ങളുടെ പേരുകള്‍ വിളിക്കുന്നതു ഞങ്ങള്‍ കേട്ടു. ''പാറ്റ്! ഡാന്‍! നിങ്ങളെ കാണുന്നത് എത്ര സന്തോഷകരമാണ്!'' പ്രശസ്തയായ ഒരു സാഹിത്യകാരി തന്റെ ബാലസാഹിത്യ കൃതികളിലൊന്നില്‍ എഴുതിയതുപോലെ, 'വായനക്കാരാ, നിങ്ങള്‍ സ്‌നേഹിക്കുന്ന ഒരാള്‍ നിങ്ങളുടെ പേരു വിളിക്കുന്നതു കേള്‍ക്കുന്നതിനെക്കാള്‍ മനോഹരമായ ഒന്ന് ഈ ദുഃഖലോകത്തിലില്ല.''
യിസ്രായേല്‍ ജനത്തെ സംബന്ധിച്ച് ഈ ഉറപ്പു സത്യമായിരുന്നു. ഞങ്ങള്‍ ഒരു സമയത്തേക്ക് മറ്റൊരു സഭ തിരഞ്ഞെടുത്തുവെങ്കില്‍, അവര്‍ ചെയ്തത് ദൈവത്തോടു പുറംതിരിയുകയായിരുന്നു. എന്നിട്ടും അവിടുന്നവരെ തിരികെ സ്വാഗതം ചെയ്തു. 'ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാന്‍ നിന്നെ പേരു ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവന്‍ തന്നേ'' (യെശയ്യാവ് 43:1) എന്ന ഉറപ്പുനല്‍കാന്‍ ദൈവം യെശയ്യാപ്രവാചകനെ അയച്ചു.
നമ്മെ ആരും കാണുന്നില്ലെന്നും അംഗീകരിക്കുന്നില്ലെന്നും അറിയുന്നില്ലെന്നും നമുക്കു തോന്നുന്ന ഈ ലോകത്തില്‍, ദൈവത്തിനു നമ്മെ ഓരോരുത്തരെയും നമ്മുടെ പേരിനാലറിയാം എന്ന ഉറപ്പുള്ളവരായിരിക്കുക. 'നീ എനിക്കു വിലയേറിയവനും മാന്യനും'' ആണെന്ന് അവിടുന്നു വാഗ്ദാനം ചെയ്യുന്നു (വാ. 4). 'നീ വെള്ളത്തില്‍ക്കൂടി കടക്കുമ്പോള്‍ ഞാന്‍ നിന്നോടുകൂടി ഇരിക്കും; നീ നദികളില്‍ക്കൂടി കടക്കുമ്പോള്‍ അവ നിന്റെ മീതേ കവിയുകയില്ല'' (വാ. 2). ഈ വാഗ്ദാനം യിസ്രായേലിനു മാത്രമുള്ളതല്ല. യേശു നമുക്കുവേണ്ടി തന്റെ ജീവന്‍ അര്‍പ്പിച്ചു. യേശുവിനു നമ്മുടെ പേരുകള്‍ അറിയാം. എന്തുകൊണ്ട്? സ്‌നേഹത്തില്‍, നാം അവിടുത്തെ വകയായതുകൊണ്ട്്.
അദൃശ്യ വിസ്മയം
ജീവിത സായാഹ്നത്തില്‍, മിസ്സിസ് ഗുഡ്‌റിച്ചിന് തന്റെ വെല്ലുവിളി നിറഞ്ഞതും കൃപ നിറഞ്ഞതുമായ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇടയ്ക്കിടെ തെളിയുകയും മങ്ങുകയും ചെയ്തുകൊണ്ടിരുന്നു. കടല്‍ത്തീരത്തെ വീട്ടിലിരുന്ന് ജനാലയിലൂടെ ജലപ്പരപ്പിലേക്കു നോക്കിയിരുന്ന ഗുഡ്‌റിച്ച് കൈനീട്ടി നോട്ട്പാഡ് എടുത്തു. അവള്‍ ഇങ്ങനെ കുറിക്കുവാന്‍ തുടങ്ങി (താന്‍ തന്നെ എഴുതിയവയാണ് ആ വാക്കുകള്‍ എന്നു പെട്ടെന്നുതന്നെ അവള്‍ മറന്നുപോകും): 'ഇവിടെ ഞാന്‍ എന്റെ പ്രിയപ്പെട്ട കസേരയില്‍, അതിന്റെ പടിയില്‍ എന്റെ കാലും അന്തരീക്ഷത്തില്‍ എന്റെ ഹൃദയവും വെച്ച് ഇരിക്കുന്നു, താഴെയുള്ള ജലപ്പരപ്പില്‍ സൂര്യതാപമേറ്റുയര്‍ന്ന തിരമാലകള്‍, നിരന്തരമായ ചലനത്തിലാണ് - എവിടേക്കാണവ നീങ്ങുന്നതെന്നെനിക്കറിയില്ല. എങ്കിലും ഉയരത്തിലെ പിതാവേ, അങ്ങയുടെ എണ്ണമറ്റ ദാനങ്ങള്‍ക്കും നിലയ്ക്കാത്ത സ്‌നേഹത്തിനും ഞാന്‍ നന്ദി പറയുന്നു! എനിക്കു കാണാന്‍ കഴിയാത്ത ഒരാളുമായി ഞാന്‍ വളരെയധികം സ്‌നേഹത്തിലാണ് എന്നത് എപ്പോഴും എന്നെ വിസ്മയിപ്പിക്കുന്നു - ഇതെങ്ങനെ സംഭവിക്കുന്നു?''
അപ്പൊസ്തലനായ പത്രൊസ് അത്തരം അത്ഭുതങ്ങളെ അംഗീകരിച്ചു. പത്രൊസ് യേശുവിനെ സ്വന്തം കണ്ണുകൊണ്ടു കണ്ടിട്ടുണ്ട്, പക്ഷേ പത്രൊസിന്റെ ലേഖനം വായിക്കുന്നവര്‍ കണ്ടിട്ടില്ല. 'അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു; ഇപ്പോള്‍ കാണാതെ വിശ്വസിച്ചുംകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു'' (1 പത്രൊസ് 1:8). നാം യേശുവിനെ സ്‌നേഹിക്കുന്നതു നമ്മോടു കല്പിച്ചതുകൊണ്ടല്ല, മറിച്ച് ആത്മാവിന്റെ സഹായത്തോടെ (വാ. 11) അവിടുന്നു നമ്മെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നു കാണാന്‍ തുടങ്ങുന്നതുകൊണ്ടാണ്.
നമ്മളെപ്പോലുള്ളവരെ അവിടുന്നു കരുതുന്നുവെന്നു കേള്‍ക്കുന്നതിനേക്കാള്‍ അധികമാണിത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ക്രിസ്തുവിന്റെയും ആത്മാവിന്റെയും അദൃശ്യ സാന്നിധ്യത്തിന്റെ അത്ഭുതം നമ്മെ കാണിക്കാമെന്ന ക്രിസ്തുവിന്റെ വാഗ്ദത്തം നേരിട്ടനുഭവിക്കുന്നതാണത്.
നിങ്ങള്‍ ആരാണ്?
'ഗുഡ് മോണിംഗ്,'' ഞങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സിന്റെ ലീഡര്‍ പറഞ്ഞു. ഞാന്‍ 'ഹലോ' എന്നു തിരികെ പറഞ്ഞു. പക്ഷേ ഞാന്‍ അദ്ദേഹത്തെ നോക്കിയില്ല. സ്‌ക്രീനില്‍ കണ്ട എന്റെ സ്വന്തരൂപം എന്നെ പിന്തിരിപ്പിച്ചു. ഞാന്‍ ഇങ്ങനെയാണോ? സ്‌ക്രീനില്‍ കാണുന്ന മറ്റുള്ളവരുടെ പുഞ്ചിരിക്കുന്ന മുഖത്തേക്കു ഞാന്‍ നോക്കി. അത് അവരെപ്പോലെ തന്നെ തോന്നുന്നു. അതെ, ഇതു ഞാനായിരിക്കണം. എനിക്കു കുറച്ചു ഭാരം കുറയ്ക്കണം. മുടി വെട്ടുകയും വേണം.
ഫറവോന്റെ മനസ്സില്‍, അവന്‍ വളരെ ശ്രേഷ്ഠനായിരുന്നു. അവന്‍ ''ജാതികളുടെ ഇടയില്‍ ഒരു ബാലസിംഹവും കടലിലെ ഒരു നക്രവും ആയിരുന്നു'' (യെഹെസ്‌കേല്‍ 32:2). എന്നാല്‍ പിന്നീട് ദൈവത്തിന്റെ വീക്ഷണകോണില്‍ നിന്ന് ഒരു ദര്‍ശനം അവനു ലഭിച്ചു. അവന്‍ അപകടത്തിലാണെന്നും അവന്റെ ശവം വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുമെന്നും ദൈവം അവനോടു പറഞ്ഞു. 'ഞാന്‍ അനേകം ജാതികളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാര്‍ കാണ്‍കെ ഞാന്‍ എന്റെ വാള്‍ വീശുമ്പോള്‍, അവര്‍ നിന്റെ നിമിത്തം അത്യന്തം പേടിച്ചുപോകും'' (വാ. 10). ഫറവോന്‍ താന്‍ വിചാരിച്ചത്രയും മതിപ്പുള്ളവനായിരുന്നില്ല.
നാം 'ആത്മീയമായി സൗന്ദര്യമുള്ളവരാണ്' എന്നു നാം വിചാരിച്ചേക്കാം - ദൈവം കാണുന്നതുപോലെ നമ്മുടെ പാപങ്ങളെ നാം കാണുന്നതുവരെയേ ആ വിചാരം നില്‍ക്കുകയുള്ളു. അവിടുത്തെ വിശുദ്ധ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍, 'നമ്മുടെ നീതി പ്രവൃത്തികള്‍ കറപുരണ്ട തുണിപോലെയാണ്'' (യെശയ്യാവ് 64:6). എന്നാല്‍ ദൈവം, മറ്റൊന്നുകൂടി കാണുന്നു - കൂടുതല്‍ യാഥാര്‍ത്ഥ്യമായ ഒരു കാര്യം: അവിടുന്ന് യേശുവിനെ കാണുന്നു, അവിടുന്ന് യേശുവില്‍ നമ്മെ കാണുന്നു.
നിങ്ങള്‍ എങ്ങനെയാണെന്നതില്‍ നിരുത്സാഹം തോന്നുന്നുണ്ടോ? ഇത് യഥാര്‍ത്ഥ നിങ്ങളല്ലെന്ന് ഓര്‍ക്കുക. നിങ്ങള്‍ യേശുവില്‍ ആശ്രയം വെച്ചിരിക്കുന്നുവെങ്കില്‍, നിങ്ങള്‍ യേശുവിലാണ്, അവിടുത്തെ വിശുദ്ധി നിങ്ങളെ പൊതിഞ്ഞിരിക്കുന്നു. നിങ്ങള്‍ ചിന്തിക്കുന്നതിനെക്കാളും സുന്ദരനാണ്/സുന്ദരിയാണ് നിങ്ങള്‍.
ആത്മീയ പക്വതയിലേക്കു നീങ്ങുക
പ്രായപൂര്‍ത്തിയാകുന്നത് ഏതു പ്രായത്തിലാണെന്നാണ് അവര്‍ വിശ്വസിക്കുന്നതെന്ന്, അടുത്തയിടെ നടത്തിയ ഒരു സര്‍വേയില്‍ ആളുകളോടു ചോദിച്ചു. തങ്ങള്‍ക്കു പ്രായപൂര്‍ത്തിയായി എന്നു സ്വയം കരുതുന്നവര്‍, തങ്ങളുടെ ബോധ്യത്തിന്റെ തെളിവായി ചില പ്രത്യേക പെരുമാറ്റങ്ങളെ ചൂണ്ടിക്കാണിച്ചു. 'പ്രായപൂര്‍ത്തിയായതിന്റെ' ഏറ്റവും മികച്ച തെളിവ്, സ്വന്തമായി ബജറ്റ് ഉള്ളതും വീടു വാങ്ങുന്നതും ആയിരുന്നു. മറ്റുള്ളവ, സ്വയം ഭക്ഷണം പാകം ചെയ്യുക, മെഡിക്കല്‍ അപ്പോയ്ന്റ്‌മെന്റ്‌സ് സ്വയം ചെയ്യുക, ഡിന്നറിനു സ്‌നാക്‌സ് മതിയെന്നു തീരുമാനിക്കാനുള്ള നര്‍മ്മബോധം, രാത്രിയില്‍ ഏകനായി ചുറ്റിയടിക്കാന്‍ പോകാനുള്ള ആവേശം എന്നിവയായിരുന്നു.
ആത്മീയ പക്വതയിലേക്കു നാം വളരണമെന്നു ബൈബിള്‍ പറയുന്നു. 'തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂര്‍ണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുക'' എന്നുത്സാഹിപ്പിച്ചുകൊണ്ട് പൗലൊസ് എഫെസൊസിലെ സഭയ്ക്ക് ഒരു കത്തെഴുതി (എഫെസ്യര്‍ 4:13). വിശ്വാസത്തില്‍ നാം 'ശിശുക്കള്‍' ആയിരിക്കുമ്പോള്‍ 'ഉപദേശത്തിന്റെ ഓരോ കാറ്റിനാല്‍'' നാം ഉഴന്നുപോകും (വാ. 14), ഇതു പലപ്പോഴും നമ്മുടെയിടയില്‍ ഭിന്നതയുണ്ടാക്കുന്നു. പകരം, സത്യത്തെക്കുറിച്ചുള്ള നമ്മുടെ അറിവില്‍ നാം വളര്‍ച്ച പ്രാപിക്കുമ്പോള്‍, ക്രിസ്തു എന്ന തലയുടെ' (വാ. 15) കീഴില്‍ ഏകശരീരമായി പ്രവര്‍ത്തിക്കുവാന്‍ നമുക്കു കഴിയും.
അവിടുന്ന് ആരാണെന്നു പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സഹായിക്കുന്നതിനു ദൈവം തന്റെ ആത്മാവിനെ നമുക്കു നല്‍കി (യോഹന്നാന്‍ 14:26). നമ്മുടെ വിശ്വാസത്തിന്റെ പക്വതയിലേക്കു നമ്മെ പഠിപ്പിക്കാനും നയിക്കാനും അവിടുന്നു ഇടയന്മാരെയും ഉപദേഷ്ടാക്കളെയും സജ്ജരാക്കുന്നു (എഫെസ്യര്‍ 4:11-12). ചില പ്രത്യേകതകള്‍ ശാരീരിക പക്വതയുടെ തെളിവുകളായിരിക്കുന്നതുപോലെ, അവിടുത്തെ ശരീരമെന്ന നിലയിലുള്ള നമ്മുടെ ആത്മീയ വളര്‍ച്ചയുടെ തെളിവ് നമ്മുടെ ഐക്യതയാണ്.