രോഹനും റീമയും റോഡിലൂടെ അഞ്ചു മൈല്‍ സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍, അവരുടെ പൂച്ച ബഗീര തന്റെ അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ട് ഓടിപ്പോയി. ഒരു ദിവസം റീമ അവരുടെ പഴയ വീടിന്റെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ കണ്ടു. ചിത്രത്തില്‍ ബഗീര ഉണ്ടായിരുന്നു!
സന്തോഷത്തോടെ, ദമ്പതികള്‍ അവനെ തിരികെ കൊണ്ടുവരാന്‍ പോയി. ബഗീര വീണ്ടും ഓടി. അവന് എവിടെപ്പോയെന്ന് ഊഹിക്കാമോ? ഇത്തവണ, വീടു വാങ്ങിയ കുടുംബം ബഗീരയെ സംരക്ഷിക്കാമെന്നു സമ്മതിച്ചു. അനിവാര്യമായി സംഭവിക്കുന്ന കാര്യം തടയാന്‍ ഈ ദമ്പതികള്‍ക്കു കഴിഞ്ഞില്ല; ബഗീര എപ്പോഴും ”വീട്ടിലേക്കു” മടങ്ങുക തന്നെ ചെയ്തു.
നെഹെമ്യാവ് ശൂശനിലെ രാജധാനിയില്‍ ഉന്നത പദവിയില്‍ സേവനമനുഷ്ഠിച്ചുവെങ്കിലും അവന്റെ ഹൃദയം മറ്റൊരിടത്തായിരുന്നു. അവന്റെ ”പിതാക്കന്മാരുടെ കല്ലറകള്‍ ഉള്ള പട്ടണത്തിന്റെ” (നെഹെമ്യാവ് 2:3) ശൂന്യമായ അവസ്ഥയെക്കുറിച്ച് അവന് കേട്ടു. അവന് ദൈവത്തോടു പ്രാര്‍ത്ഥിച്ചു, ”നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞ് എന്റെ കല്പനകളെ പ്രമാണിച്ച് അവയെ അനുസരിച്ചുനടന്നാല്‍, നിങ്ങളുടെ ഭ്രഷ്ടന്മാര്‍ ആകാശത്തിന്റെ അറുതിവരെയും എത്തിയിരുന്നാലും ഞാന്‍ അവിടെനിന്ന് അവരെ ശേഖരിച്ചു, എന്റെ നാമം സ്ഥാപിക്കുവാന്‍ ഞാന്‍ തിരഞ്ഞെടുത്ത സ്ഥലത്തു കൊണ്ടുവരും എന്നു നിന്റെ ദാസനായ മോശെയോടു നീ അരുളിച്ചെയ്ത വചനം ഓര്‍ക്കണമേ” (1:8-9).
ഹൃദയം ഉള്ളിടത്താണ് വീട്, എന്നവര്‍ പറയുന്നു. നെഹെമ്യാവിന്റെ കാര്യത്തില്‍, വീടിനോടുള്ള ആഗ്രഹം ദേശവുമായി ബന്ധപ്പെട്ടിരിക്കുന്നതിനേക്കാള്‍ അപ്പുറമായിരുന്നു. ദൈവവുമായുള്ള കൂട്ടായ്മയാണ് അവന് ഏറ്റവുമധികം ആഗ്രഹിച്ചത്. യെരുശലേം ”എന്റെ നാമം സ്ഥാപിക്കുവാന്‍ ഞാന്‍ തിരഞ്ഞെടുത്ത സ്ഥലമായിരുന്നു.”
ആഴമായി നാം അനുഭവിക്കുന്ന അസംതൃപ്തി, യഥാര്‍ത്ഥത്തില്‍ ദൈവത്തിനുവേണ്ടിയുള്ള വാഞ്ഛയാണ്. അവിടുത്തോടൊപ്പം വീട്ടിലായിരിക്കാന്‍ നാം കൊതിക്കുന്നു.
വീടിനെക്കുറിച്ചുള്ള നിങ്ങളുടെ ആശയം എന്താണ്, എന്തുകൊണ്ടാണത്? ഏതു വിധത്തിലാണ് നിങ്ങള്‍ ദൈവത്തിനായി വാഞ്ഛിക്കുന്നത്?
പിതാവേ, എന്റെ ആഗ്രഹങ്ങള്‍ തൃപ്തിപ്പെടുത്താന്‍ അങ്ങേയ്ക്കു മാത്രമേ കഴിയൂ എന്നു മനസ്സിലാക്കാന്‍ എന്നെ സഹായിക്കണമേ. ഞാന്‍ എവിടെയായിരുന്നാലും അങ്ങയോടൊപ്പമായിരിക്കുവാന്‍ എന്നെ സഹായിക്കണമേ!