1800-കളുടെ അവസാനത്തെ അഞ്ചുവര്‍ഷക്കാലം, വെട്ടുക്കിളികള്‍ അമേരിക്കയിലെ ഒരു ചെറിയ പട്ടണത്തില്‍ ഇറങ്ങി വിളകള്‍ നശിപ്പിച്ചു. കര്‍ഷകര്‍ വെട്ടുക്കിളികളെ ടാറില്‍ കുടുക്കി നശിപ്പിക്കുകയും അവയുടെ മുട്ടകള്‍ നശിപ്പിക്കുന്നതിനായി വയലുകള്‍ക്കു തീയിടുകയും ചെയ്തു. നിരാശിതരും, പട്ടിണിയുടെ വക്കിലെത്തിയവരുമായി, അനേകയാളുകള്‍ ഒന്നിച്ച് ദൈവത്തിന്റെ സഹായം തേടാന്‍ ആഗ്രഹിച്ചുകൊണ്ട് സംസ്ഥാനവ്യാപകമായി പ്രാര്‍ത്ഥനാദിനം സംഘടിപ്പിച്ചു. ഗവര്‍ണര്‍ സമ്മതിക്കുകയും ഏപ്രില്‍ 26 പ്രാര്‍ത്ഥനയ്ക്കായി വേര്‍തിരിക്കുകയും ചെയ്തു.
കൂട്ടായ പ്രാര്‍ത്ഥന കഴിഞ്ഞുള്ള ദിവസങ്ങളില്‍, കാലാവസ്ഥ ചൂടുള്ളതാകുകയും മുട്ടകള്‍ വിരിയുകയും ചെയ്തു. എന്നാല്‍ നാലു ദിവസത്തിനുശേഷം താപനിലയിലുണ്ടായ ഇടിവ് പലരെയും ആശ്ചര്യപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു, കാരണം തണുത്തുറഞ്ഞ താപനില ലാര്‍വകളെ നശിപ്പിച്ചു. ജനങ്ങള്‍ക്കു വീണ്ടും ചോളം, ഗോതമ്പ്, ഓട്സ് എന്നിവ വിളവെടുക്കാന്‍ കഴിഞ്ഞു.
യെഹോശാഫാത്ത് രാജാവിന്റെ ഭരണകാലത്ത് ദൈവജനത്തെ രക്ഷിച്ചതിനു പിന്നിലും പ്രാര്‍ത്ഥന ഉണ്ടായിരുന്നു. തനിക്കെതിരെ ഒരു വലിയ സൈന്യം വരുന്നുണ്ടെന്നു രാജാവ് അറിഞ്ഞപ്പോള്‍, പ്രാര്‍ത്ഥിക്കാനും ഉപവസിക്കാനും അദ്ദേഹം ദൈവജനത്തെ വിളിച്ചുകൂട്ടി. കഴിഞ്ഞ കാലങ്ങളില്‍ ദൈവം അവരെ രക്ഷിച്ചതെങ്ങനെയെന്ന് ആളുകള്‍ ദൈവത്തെ ഓര്‍മ്മപ്പെടുത്തി. ”ന്യായവിധിയുടെ വാള്, മഹാമാരി, ക്ഷാമം എന്നിങ്ങനെയുള്ള വല്ല അനര്‍ത്ഥവും ഞങ്ങള്‍ക്കു വരുമ്പോള്‍, ഞങ്ങള്‍ ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്നു … നിലവിളിക്കുകയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും” (2 ദിനവൃത്താന്തം 20:9).
ആക്രമിക്കാന്‍ വന്ന സൈന്യത്തില്‍ നിന്നു ദൈവം തന്റെ ജനത്തെ രക്ഷിച്ചു. ദുരിതത്തില്‍ നാം ദൈവത്തോടു നിലവിളിക്കുമ്പോള്‍ അവിടുന്നു നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു. നിങ്ങളുടെ ഉത്കണ്ഠ എന്തുതന്നെയായാലും – ഒരു ബന്ധ പ്രശ്നമോ പ്രകൃതിയില്‍ നിന്നുയരുന്ന ഭീഷണിയോ – അതു പ്രാര്‍ത്ഥനയില്‍ ദൈവത്തിങ്കലേക്ക് ഉയര്‍ത്തുക. അവിടുത്തേക്ക് ഒന്നും കഠിനമല്ല.
നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കു ദൈവം എങ്ങനെയാണ് ഉത്തരം നല്‍കിയിട്ടുള്ളത്? നിങ്ങളുടെ ജീവിതത്തിലെയോ ലോകത്തിലെയോ ഏതെല്ലാം സാഹചര്യങ്ങളാണ് ഇന്നു നിങ്ങള്‍ക്കു ദൈവമുമ്പാകെ സമര്‍പ്പിക്കാന്‍ കഴിയുന്നത്?
സ്രഷ്ടാവായ ദൈവമേ, അങ്ങു ലോകത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചു. ക്രമം പുനഃസ്ഥാപിച്ച് അങ്ങു സ്നേഹിക്കുന്ന അങ്ങയുടെ ജനത്തെ രക്ഷിക്കണമേ.
പ്രാര്‍ത്ഥനാ പരിശീലനത്തെക്കുറിച്ച് കൂടുതലറിയാന്‍ ChristianUniversity.org/SF120 സന്ദര്‍ശിക്കുക.