ടെലിമാക്കസ് എന്ന സന്യാസി ശാന്തമായ ജീവിതമാണു നയിച്ചിരുന്നതെങ്കിലും, നാലാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അദ്ദേഹത്തിന്റെ മരണം ലോകത്തെ മാറ്റിമറിച്ചു. കിഴക്കു നിന്നു റോം സന്ദര്‍ശിച്ച ടെലിമാക്കസ് രക്തരൂക്ഷിതമായ മല്ലയുദ്ധത്തിനെതിരെ ഇടപെട്ടു. സ്റ്റേഡിയത്തിന്റെ മതിലിനു മുകളില്‍ കയറിനിന്ന് ഗ്ലാഡിയേറ്റര്‍മാര്‍ പരസ്പരം കൊല്ലുന്നതില്‍ നിന്ന് അവരെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ പ്രകോപിതരായ ജനക്കൂട്ടം സന്യാസിയെ കല്ലെറിഞ്ഞു കൊന്നു. എന്നിരുന്നാലും ടെലിക്കാസിന്റെ പ്രവൃത്തിയില്‍ ആകൃഷ്ടനായ ഹൊണോറിയസ് ചക്രവര്‍ത്തി, 500 വര്‍ഷത്തെ ചരിത്രമുള്ള മല്ലയുദ്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

പൗലൊസ് യേശുവിനെ ”നമ്മുടെ സമാധാനം” എന്നു വിളിക്കുമ്പോള്‍, യെഹൂദന്മാരും വിജാതീയരും തമ്മിലുള്ള ശത്രുത അവസാനിക്കുന്നതിനെയാണ് അവന്‍ പരാമര്‍ശിക്കുന്നത് (എഫെസ്യര്‍ 2:14). ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനമായ യിസ്രായേല്‍ വിജാതീയരില്‍ നിന്നകന്ന് ചില പ്രത്യേക പദവികള്‍ അനുഭവിച്ചിരുന്നു. ഉദാഹരണത്തിന്, യെരുശലേം ദൈവാലയത്തില്‍ വിജാതീയരെ ആരാധിക്കാന്‍ അനുവദിച്ചിരുന്നെങ്കിലും, ഒരു മതില്‍ അവരെ പുറത്തെ പ്രാകാരത്തില്‍ തന്നെ ഒതുക്കിനിര്‍ത്തി – ഉള്ളില്‍ കടന്നാല്‍ വധശിക്ഷയായിരുന്നു ഫലം. യെഹൂദന്മാര്‍ വിജാതീയരെ അശുദ്ധരായി കരുതി, വിജാതീയര്‍ തിരിച്ചും. എന്നാല്‍ ഇപ്പോള്‍, യേശു എല്ലാവര്‍ക്കുംവേണ്ടി മരിച്ച് ഉയിര്‍ത്തെഴുന്നേറ്റിരിക്കയാല്‍, യേശുവിലുള്ള വിശ്വാസത്താല്‍ യെഹൂദനും ജാതിക്കും ഒരുപോലെ ദൈവത്തെ സ്വാതന്ത്ര്യത്തോടെ ആരാധിക്കാന്‍ കഴിയും (വാ. 18-22). വിഭജിക്കുന്ന മതില്‍ ഇനിയില്ല. ഒരു സമൂഹത്തിനു മറ്റൊന്നിനേക്കാള്‍ പ്രത്യേകാവകാശമില്ല. ദൈവമുമ്പാകെ ഇരുവരും തുല്യരാണ്.

ടെലിമാക്കസ് തന്റെ മരണത്തിലൂടെ യോദ്ധാക്കള്‍ക്കു സമാധാനം നല്‍കിയതുപോലെ, യേശുവും തന്റെ മരണ, പുനരുത്ഥാനങ്ങളിലൂടെ തന്നില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും സമാധാനവും നിരപ്പും സാധ്യമാക്കുന്നു. അതിനാല്‍, യേശു നമ്മുടെ സമാധാനമാണെങ്കില്‍, നമ്മുടെ വ്യത്യാസങ്ങള്‍ നമ്മെ ഭിന്നിപ്പിക്കാന്‍ അനുവദിക്കരുത്. അവിടുത്തെ രക്തത്താല്‍ അവിടുന്നു നമ്മെ ഒന്നാക്കി.