Month: ജൂലൈ 2021

സങ്കടത്തില്‍ പ്രത്യാശ

ടാക്‌സി ഡ്രൈവര്‍ ഞങ്ങളെ വിമാനത്താവളത്തിലേക്കു കൊണ്ടുപോകുന്നതിനിടയില്‍, ഞങ്ങളോടു തന്റെ കഥ പറഞ്ഞു. ദാരിദ്ര്യത്തില്‍നിന്നു രക്ഷപ്പെടുന്നതിനായി പതിനേഴാമത്തെ വയസ്സില്‍ ഏകനായി നഗരത്തിലെത്തിയതാണയാള്‍. ഇപ്പോള്‍, പതിനൊന്നു വര്‍ഷത്തിനുശേഷം അയാള്‍ക്കു സ്വന്ത കുടുംബമുണ്ട്, അവരുടെ ഉപജീവനത്തിനുള്ള വഴി കണ്ടെത്താന്‍ തനിക്കു കഴിയുന്നുമുണ്ട്. ഗ്രാമത്തില്‍ അതൊരിക്കലും സാധ്യമാകുമായിരുന്നില്ല. എന്നാല്‍ താന്‍ ഇപ്പോഴും മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞു ജീവിക്കുന്നു എന്ന ദുഃഖമയാള്‍ക്കുണ്ട്. തന്റെ കുടുംബവുമായി വീണ്ടും ഒത്തുചേരുന്നതുവരെ പൂര്‍ത്തിയാകാത്ത കഠിനമായ ഒരു യാത്ര തനിക്കുണ്ടെന്ന് അയാള്‍ ഞങ്ങളോടു പറഞ്ഞു.

ഈ ജീവിതത്തില്‍, നമ്മുടെ പ്രിയപ്പെട്ടവരില്‍ നിന്നു വേര്‍പിരിഞ്ഞിരിക്കുക എന്നതു കഠിനമാണ്. പക്ഷേ മരണത്തിലൂടെ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് അതിലും കഠിനമാണ്; അവരുമായി വീണ്ടും ഒത്തുചേരുന്നതുവരെ കഠിനമായ നഷ്ടബോധമായിരിക്കും അതു നമ്മില്‍ സൃഷ്ടിക്കുക. തെസ്സലൊനീക്യയിലെ പുതിയ വിശ്വാസികള്‍ അത്തരം നഷ്ടങ്ങളെക്കുറിച്ചു വ്യാകുലപ്പെട്ടപ്പോള്‍ പൗലൊസ് എഴുതി, ''സഹോദരന്മാരേ, നിങ്ങള്‍ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിനു നിദ്രകൊള്ളുന്നവരെക്കുറിച്ച് അറിവില്ലാതിരിക്കരുത് എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു'' (1 തെസ്സലൊനീക്യര്‍ 4:13). യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍, അത്ഭുതകരമായ ഒരു പുനഃസമാഗമം - ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍ എന്നേക്കും ഒരുമിച്ചുള്ള ജീവിതം - പ്രതീക്ഷിച്ച് നമുക്ക് ജീവിക്കാന്‍ കഴിയും എന്നു പൗലൊസ് വിശദീകരിച്ചു (വാ. 17).   

നാം സഹിക്കുന്ന വേര്‍പിരിയലുകളെപ്പോലെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന കുറച്ച് അനുഭവങ്ങളേ നമുക്കുണ്ടാകാറുള്ളു. എന്നാല്‍ യേശുവില്‍ നമുക്കു വീണ്ടും ഒന്നിക്കാമെന്ന പ്രതീക്ഷയുണ്ട്. ദുഃഖത്തിനും നഷ്ടത്തിനും ഇടയില്‍, നിലനില്‍ക്കുന്ന ആ വാഗ്ദാനത്തില്‍ നമുക്ക് ആശ്വാസം കണ്ടെത്താന്‍ കഴിയും (വാ. 18).

സത്യത്തോടൊപ്പമുള്ള നുണകള്‍

ഞാന്‍ പ്രസംഗപീഠത്തില്‍ വേദപുസ്തകം വെച്ചിട്ട്, സന്ദേശം ആരംഭിക്കാന്‍ കാത്തിരിക്കുന്ന ആകാംക്ഷയുള്ള മുഖങ്ങളിലേക്ക് ഉറ്റുനോക്കി. ഞാന്‍ പ്രാര്‍ത്ഥിക്കുകയും തയ്യാറെടുക്കുകയും ചെയ്തതാണ്. പിന്നെ എന്തുകൊണ്ടാണ് എനിക്കു സംസാരിക്കാന്‍ കഴിയാത്തത്?

നീ വിലകെട്ടവളാണ്. ആരും ഒരിക്കലും നിന്റെ വാക്കുകള്‍ ശ്രദ്ധിക്കുകയില്ല, പ്രത്യേകിച്ചും അവര്‍ക്ക് നിന്റെ ഭൂതകാലം അറിയാമെങ്കില്‍. ദൈവം നിന്നെ ഒരിക്കലും ഉപയോഗിക്കുകയില്ല. എന്റെ ജീവിതത്തിലുടനീളം പലവിധത്തില്‍ സംസാരിച്ചതും ഞാന്‍ വളരെ എളുപ്പത്തില്‍ വിശ്വസിച്ചതും നുണകള്‍ക്കെതിരായ ഒരു ദശാബ്ദക്കാലത്തെ എന്റെ യുദ്ധത്തിനു കാരണമായതുമായ ഈ വാക്കുകള്‍ എന്റെ മനസ്സിലേക്കോടിയെത്തി. ഈ വാക്കുകള്‍ ശരിയല്ലെന്ന് എനിക്കറിയാമെങ്കിലും, എന്റെ അരക്ഷിതാവസ്ഥയില്‍ നിന്നും ഭയങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ എനിക്കു കഴിഞ്ഞില്ല. അതിനാല്‍ ഞാന്‍ എന്റെ ബൈബിള്‍ തുറന്നു.

സദൃശവാക്യങ്ങള്‍ 30:5 ലേക്കു തിരിഞ്ഞുകൊണ്ട്, അവ ഉച്ചത്തില്‍ വായിക്കുന്നതിനുമുമ്പു ഞാന്‍ ദീര്‍ഘമായി ശ്വാസമെടുത്തു. ''ദൈവത്തിന്റെ സകല വചനവും ശുദ്ധിചെയ്തതാകുന്നു; തന്നില്‍ ആശ്രയിക്കുന്നവര്‍ക്ക് അവന്‍ പരിച തന്നേ'' എന്നു ഞാന്‍ വായിച്ചു. സമാധാനം എന്നെ നിറച്ചതിനാല്‍ ഞാന്‍ കണ്ണുകള്‍ അടച്ചു, സദസ്യരുമായി എന്റെ സാക്ഷ്യം പങ്കിടാന്‍ തുടങ്ങി.

നമ്മില്‍ പലരും നിഷേധാത്മക വാക്കുകളുടെ, അല്ലെങ്കില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ തളര്‍ത്തുന്ന ശക്തി അനുഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും, ദൈവത്തിന്റെ വചനങ്ങള്‍ ''ശുദ്ധിചെയ്തതും'' തികഞ്ഞതും തികച്ചും ഗൗരവമുള്ളതുമാണ്. നമ്മുടെ മൂല്യത്തെക്കുറിച്ചോ ദൈവമക്കളെന്ന നിലയില്‍ നമ്മുടെ ഉദ്ദേശ്യത്തെക്കുറിച്ചോ ഉള്ള ആത്മവിശ്വാസത്തെ തകര്‍ക്കുന്ന ആശയങ്ങള്‍ വിശ്വസിക്കാന്‍ നാം പ്രലോഭിപ്പിക്കപ്പെടുമ്പോള്‍, ദൈവത്തിന്റെ നിലനില്‍ക്കുന്നതും തെറ്റിക്കൂടാത്തതുമായ സത്യം നമ്മുടെ മനസ്സിനെയും ഹൃദയത്തെയും സംരക്ഷിക്കുന്നു. ''യഹോവേ, പേണ്ടയുള്ള നിന്റെ വിധികളെ ഓര്‍ത്തു ഞാന്‍ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു'' (സങ്കീര്‍ത്തനം 119:52) എന്നെഴുതിയ സങ്കീര്‍ത്തനക്കാരനെ നമുക്ക് പ്രതിധ്വനിപ്പിക്കാന്‍ കഴിയും.

ദൈവത്തെയും നമ്മെയും മറ്റുള്ളവരെയും കുറിച്ചുള്ള തിരുവെഴുത്തിനെ സ്വീകരിച്ചുകൊണ്ട് അവയ്‌ക്കെതിരായ നുണകളെ നമുക്കു ചെറുത്തുനില്‍ക്കാം.

ദൈവകൃപയില്‍ വളരുക

ഇംഗ്ലീഷ് പ്രസംഗകന്‍ ചാള്‍സ് എച്ച്. സ്പര്‍ജന്‍ (1834-1892) ജീവിതം ''പൂര്‍ണ്ണ വേഗതയില്‍'' ജീവിച്ചു. പത്തൊന്‍പതാം വയസ്സില്‍ അദ്ദേഹം ഒരു പാസ്റ്ററായി. താമസിയാതെ വലിയ ജനക്കൂട്ടത്തോടു പ്രസംഗിക്കുവാനാരംഭിച്ചു. തന്റെ പ്രഭാഷണങ്ങളെല്ലാം അദ്ദേഹം വ്യക്തിപരമായി എഡിറ്റു ചെയ്തു, അവയാകെ അറുപത്തിമൂന്ന് വാല്യങ്ങളുണ്ടായിരുന്നു. കൂടാതെ നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങളും പ്രാര്‍ത്ഥനയെക്കുറിച്ചുള്ള പുസ്തകങ്ങളും മറ്റ് പുസ്തകങ്ങളും അദ്ദേഹം എഴുതി. അദ്ദേഹം സാധാരണയായി ആഴ്ചയില്‍ ആറു പുസ്തകങ്ങള്‍ വായിച്ചിരുന്നു! തന്റെ ഒരു പ്രസംഗത്തില്‍ സ്പര്‍ജന്‍ പറഞ്ഞു, ''ഒന്നും ചെയ്യാതിരിക്കുക എന്ന പാപം എല്ലാ പാപങ്ങളിലുംവെച്ച് ഏറ്റവും വലുതാണ്, കാരണം അതില്‍ മറ്റുള്ള മിക്കവയും ഉള്‍പ്പെട്ടിരിക്കുന്നു. . . . ഭയാനകമായ അലസത! ദൈവം നമ്മെ അതില്‍നിന്നു രക്ഷിക്കട്ടെ!''

ചാള്‍സ് സ്പര്‍ജന്‍ ഉത്സാഹത്തോടെയാണ് ജീവിച്ചത്, അതിനര്‍ത്ഥം ദൈവകൃപയില്‍ വളരാനും ദൈവത്തിനുവേണ്ടി ജീവിക്കാനും അദ്ദേഹം ''സകല ഉത്സാഹവും കഴിച്ചു'' എന്നാണ് (2 പത്രൊസ് 1:5). നാം ക്രിസ്തുവിന്റെ അനുഗാമികളാണെങ്കില്‍, ''സകല ഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീര്യവും വീര്യത്തോടു പരിജ്ഞാനവും പരിജ്ഞാനത്തോട് ഇന്ദ്രിയജയവും ഇന്ദ്രിയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്‌നേഹവും കൂട്ടിക്കൊണ്ട്'' (വാ. 5-7) യേശുവിനെപ്പോലെ കൂടുതല്‍ വളരാനുള്ള അതേ ആഗ്രഹവും കഴിവും നമ്മില്‍ പകര്‍ന്നുനല്‍കാന്‍ ദൈവത്തിനു കഴിയും.

നമുക്കോരോരുത്തര്‍ക്കും വ്യത്യസ്ത പ്രചോദനങ്ങള്‍, കഴിവുകള്‍, ഊര്‍ജ്ജ നിലകള്‍ എന്നിവയാണുള്ളത് - നമുക്കെല്ലാവര്‍ക്കും ചാള്‍സ് സ്പര്‍ജന്റെ വേഗതയില്‍ ജീവിക്കാന്‍ കഴിയില്ല, അല്ലെങ്കില്‍ അങ്ങനെ ചെയ്യരുത്! എന്നാല്‍ യേശു നമുക്കുവേണ്ടി ചെയ്തതെല്ലാം മനസ്സിലാക്കുമ്പോള്‍, ഉത്സാഹത്തോടെയും വിശ്വസ്തതയോടെയും ജീവിക്കാനുള്ള ഏറ്റവും വലിയ പ്രചോദനം നമുക്കുണ്ട്. അവിടുത്തേക്കുവേണ്ടി ജീവിക്കാനും സേവിക്കാനും ദൈവം നമുക്കു നല്‍കിയിട്ടുള്ള വിഭവങ്ങളിലൂടെ നാം നമ്മുടെ ശക്തി കണ്ടെത്തുന്നു. വലുതും ചെറുതുമായ നമ്മുടെ ശ്രമങ്ങളില്‍ നമ്മെ ശക്തിപ്പെടുത്താന്‍ ദൈവത്തിനു തന്റെ ആത്മാവിലൂടെ കഴിയും.

തടയപ്പെട്ട പ്രാര്‍ത്ഥനകള്‍

പതിനാലു വര്‍ഷമായി, നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ ഓപ്പര്‍ച്യൂണിറ്റി, ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരുമായി വിശ്വസ്തതയോടെ ആശയവിനിമയം നടത്തി. 2004 ല്‍ ചൊവ്വയിലിറങ്ങിയതിനുശേഷം, ചൊവ്വയുടെ ഉപരിതലത്തിലൂടെ ഇരുപത്തിയെട്ടു മൈല്‍ സഞ്ചരിച്ച് ആയിരക്കണക്കിനു ചിത്രങ്ങളെടുക്കുകയും നിരവധി വസ്തുക്കള്‍ വിശകലനം ചെയ്യുകയും ചെയ്തു. എന്നാല്‍ 2018 ല്‍, ഒരു വലിയ പൊടിക്കാറ്റുണ്ടായി, അതിന്റെ സോളാര്‍ പാനലുകളില്‍ പൊടി പൊതിഞ്ഞ് പ്രവര്‍ത്തനരഹിതമായതോടുകൂടി ഓപ്പര്‍ച്യൂണിറ്റിയും ശാസ്ത്രജ്ഞരും തമ്മിലുള്ള ആശയവിനിമയം നിലച്ചു.

നമ്മുടെ ലോകത്തിനു പുറത്തുള്ള ആരെങ്കിലുമായി നമുക്കുള്ള ആശയവിനിമയം തടയാന്‍ ''പൊടിയെ'' അനുവദിക്കാന്‍ നമുക്കു കഴിയുമോ? പ്രാര്‍ത്ഥനയുടെ കാര്യം - ദൈവവുമായുള്ള ആശയവിനിമയം - വരുമ്പോള്‍ വഴിയില്‍ തടസ്സമായി വരാവുന്ന ചില കാര്യങ്ങളുണ്ട്.

ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ തടയാന്‍ പാപത്തിനു കഴിയുമെന്നു തിരുവെഴുത്തു പറയുന്നു. ''ഞാന്‍ എന്റെ ഹൃദയത്തില്‍ അകൃത്യം കരുതിയിരുന്നുവെങ്കില്‍ കര്‍ത്താവു കേള്‍ക്കയില്ലായിരുന്നു'' (സങ്കീര്‍ത്തനം 66:18). യേശു ഉപദേശിക്കുന്നു, ''നിങ്ങള്‍ പ്രാര്‍ത്ഥിക്കുവാന്‍ നില്ക്കുമ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിനു നിങ്ങള്‍ക്ക് ആരോടെങ്കിലും വല്ലതും ഉണ്ടെങ്കില്‍ അവനോടു ക്ഷമിപ്പിന്‍'' (മര്‍ക്കൊസ് 11:25). ദൈവവുമായുള്ള നമ്മുടെ ആശയവിനിമയത്തെ സംശയവും ബന്ധത്തിലെ പ്രശ്‌നങ്ങളും തടസ്സപ്പെടുത്താം (യാക്കോബ് 1:5-7; 1 പത്രൊസ് 3:7).

ഓപ്പര്‍ച്യൂണിറ്റിയുടെ ആശയവിനിമയ തടസ്സം ശാശ്വതമാണെന്നു തോന്നുന്നു. എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ അങ്ങനെ തടസ്സപ്പെടേണ്ടതില്ല. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിലൂടെ, ദൈവവുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ദൈവം നമ്മെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. നാം നമ്മുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ദൈവത്തിങ്കലേക്കു തിരിയുമ്പോള്‍, ദൈവകൃപയാല്‍ പ്രപഞ്ചം അറിഞ്ഞിട്ടുള്ള എക്കാലത്തെയും ഏറ്റവും വലിയ ആശയവിനിമയം  - നാമും നമ്മുടെ വിശുദ്ധ ദൈവവും തമ്മിലുള്ള നേരിട്ടുള്ള പ്രാര്‍ത്ഥന - നാം അനുഭവിക്കുന്നു.

നമുക്കാവശ്യമുള്ള ജ്ഞാനം

മേഘ കൊറിയര്‍ തുറന്നപ്പോള്‍, അവളുടെ പ്രിയ സുഹൃത്തിന്റെ മടക്ക വിലാസം രേഖപ്പെടുത്തിയ ഒരു കവര്‍ കണ്ടു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്, ആ സുഹൃത്തിനോട് ബന്ധം സംബന്ധിച്ച ഒരു പോരാട്ടത്തെക്കുറിച്ച് അവള്‍ പറഞ്ഞിരുന്നു. ജിജ്ഞാസയോടെ അവള്‍ പൊതി അഴിച്ചു, വര്‍ണ്ണാഭമായ മുത്തുകള്‍ ലളിതമായ ചണച്ചരടില്‍ കോര്‍ത്ത ഒരു മാലയായിരുന്നു അതിനുള്ളില്‍. അതിന്റെ കൂടെ ഒരു കാര്‍ഡും ഉണ്ടായിരുന്നു;  അതിലിങ്ങനെ എഴുതിയിരുന്നു, ''ദൈവത്തിന്റെ വഴികള്‍ തേടുക.'' മാല കഴുത്തിലണിഞ്ഞുകൊണ്ടു മേഘ പുഞ്ചിരിച്ചു.

ജ്ഞാനപൂര്‍ണ്ണമായ വാക്കുകളുടെ ഒരു സമാഹാരമാണ് സദൃശവാക്യങ്ങളുടെ പുസ്തകം - പലതും, തന്റെ കാലഘട്ടത്തിലെ ഏറ്റവും ജ്ഞാനിയായ മനുഷ്യനായി പ്രശംസിക്കപ്പെട്ട ശലോമോന്‍ ആണ് എഴുതിയത് (1 രാജാക്കന്മാര്‍ 10:23). അതിന്റെ മുപ്പത്തിയൊന്ന് അധ്യായങ്ങളും ജ്ഞാനം ശ്രദ്ധിക്കാനും ഭോഷത്തം ഒഴിവാക്കാനും വായനക്കാരെ ആഹ്വാനം ചെയ്യുന്നു. സദൃശവാക്യങ്ങള്‍ 1:7-ലെ പ്രധാന സന്ദേശത്തോടെയാണ് അതാരംഭിക്കുന്നത്: 'യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു.'' ജ്ഞാനം - എപ്പോള്‍ എന്തുചെയ്യണമെന്ന് അറിയുന്നത് - ദൈവത്തിന്റെ വഴികള്‍ അന്വേഷിക്കുന്നതിലൂടെ ദൈവത്തെ ബഹുമാനിക്കുന്നതില്‍ നിന്നാണ് ലഭിക്കുന്നത്. ആമുഖ വാക്യങ്ങളില്‍ നാം വായിക്കുന്നു, ''മകനേ, അപ്പന്റെ പ്രബോധനം കേള്‍ക്കുക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയുമരുത്; അവ നിന്റെ ശിരസ്സിന് അലങ്കാരമാലയും നിന്റെ കഴുത്തിന് സരപ്പളിയും ആയിരിക്കും'' ( വാ. 8-9). 

മേഘയുടെ സ്‌നേഹിത, അവള്‍ക്കാവശ്യമായ ജ്ഞാനത്തിന്റെ ഉറവിടത്തിലേക്കാണ് അവളെ നയിച്ചത്: അതായത് ദൈവത്തിന്റെ വഴികള്‍ അന്വേഷിക്കുക. അവളുടെ സമ്മാനം മേഘക്കാവശ്യമായ സഹായം എവിടെ കണ്ടെത്താമെന്നതിലേക്കു മേഘയുടെ ശ്രദ്ധയെ നയിച്ചു.

നാം ദൈവത്തെ ബഹുമാനിക്കുകയും അവിടുത്തെ വഴികള്‍ അന്വേഷിക്കുകയും ചെയ്യുമ്പോള്‍, ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന എല്ലാ കാര്യങ്ങളിലും ആവശ്യമായ ജ്ഞാനം നമുക്കു ലഭിക്കും. ഓരോ വിഷയത്തിനും.