സൈനിക അട്ടിമറി സമയത്ത്, സാമിന്റെ പിതാവിന് പ്രാണരക്ഷാർത്ഥം ഓടിപ്പോകേണ്ടി വന്നു. പെട്ടെന്ന് വരുമാനം നിലച്ചതോടെ, സാമിന്റെ സഹോദരന്റെ ജീവൻ നിലനിർത്തിയിരുന്ന നിർണ്ണായക മരുന്ന് വാങ്ങാൻ കുടുംബത്തിനു കഴിയാതെ വന്നു. ദൈവത്തെ നോക്കി സാം ചിന്തിച്ചു, ഇതനുഭവിക്കാൻ ഞങ്ങൾ എന്താണു ചെയ്തത്?
യേശുവിൽ വിശ്വസിച്ചിരുന്ന ഒരു വ്യക്തി കുടുംബത്തിന്റെ കഷ്ടതകളെക്കുറിച്ച് കേട്ടു. മരുന്ന് വാങ്ങാൻ മതിയായ പണം തന്റെ പക്കലുണ്ടെന്ന് കണ്ടെത്തിയ അദ്ദേഹം, മരുന്നു വാങ്ങി അവർക്കെത്തിച്ചുകൊടുത്തു. ഒരു അപരിചിതനിൽ നിന്നു ലഭിച്ച ജീവൻ രക്ഷാ സമ്മാനം
ആഴത്തിലുള്ളസ്വാധീനമുളവാക്കി. ”ഈ ഞായറാഴ്ച ഞങ്ങൾ ഈ മനുഷ്യന്റെ പള്ളിയിൽ പോകും,” അവന്റെ അമ്മ പ്രഖ്യാപിച്ചു. സാമിന്റെ കോപം ശമിക്കാൻ തുടങ്ങി. ഒടുവിൽ, ഓരോരുത്തരായി, കുടുംബത്തിലെ ഓരോ അംഗവും യേശുവിൽ വിശ്വസിച്ചു.
ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്നതിനോടൊപ്പം ആർജവമുള്ള ഒരു ജീവിതശൈലിയുടെ ആവശ്യകതയെക്കുറിച്ച് യാക്കോബ് എഴുതിയപ്പോൾ, മറ്റുള്ളവരെ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവൻ എടുത്തുപറഞ്ഞു. ”ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്തവരുമായിരിക്കെ നിങ്ങളിൽ ഒരുത്തൻ അവരോട്: സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്യുവിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷയ്ക്ക് ആവശ്യമുള്ളത് അവർക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്ത്?” (2:15-16).
നമ്മുടെ പ്രവൃത്തികൾ നമ്മുടെ വിശ്വാസത്തിന്റെ ആത്മാർത്ഥത പ്രകടമാക്കുന്നു. ആ പ്രവൃത്തികൾ മറ്റുള്ളവരുടെ വിശ്വാസ-തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കും എന്നത് ശ്രദ്ധേയമാണ്. സാമിന്റെ കാര്യത്തിൽ, അവൻ പില്ക്കാലത്ത് ഒരു പാസ്റ്ററും സഭാസ്ഥാപകനുമായി മാറി. ക്രമേണ, അവൻ തന്റെ കുടുംബത്തെ സഹായിച്ച വ്യക്തിയെ ”പപ്പാ മാപ്പസ്” എന്നു വിളിച്ചു. യേശുവിന്റെ സ്നേഹം തങ്ങൾക്കു കാണിച്ചു തന്ന ആത്മീയ പിതാവായിട്ടാണ് അവൻ ഇപ്പോൾ അദ്ദേഹത്തെ അറിയുന്നത്.
നിങ്ങളിലേക്കു നീട്ടപ്പെട്ട യേശുവിന്റെ സ്നേഹത്തെ നിങ്ങൾ അനുഭവിച്ചതെങ്ങനെയാണ്? ആവശ്യത്തിലിരിക്കുന്ന ഒരാളെ സഹായിക്കാൻ നിങ്ങൾക്ക് എന്തുചെയ്യാനാകും?
വിശ്വസ്ത ദൈവമേ, അങ്ങയിലുള്ള എന്റെ വിശ്വാസം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ എന്നെ സഹായിക്കണമേ. ഞാൻ മറ്റുള്ളവരെ സേവിക്കുന്ന രീതിയിലൂടെ അങ്ങയെ ബഹുമാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.