എന്റെ ഉറ്റസുഹൃത്തുമൊത്ത് ഉച്ചഭക്ഷണത്തിനു ശേഷം വീട്ടിലേക്കു പോകുമ്പോൾ, ഞാൻ അവൾക്കുവേണ്ടി ഉറക്കെ ദൈവത്തോടു നന്ദി പറഞ്ഞു. എന്നെക്കുറിച്ചുതന്നെ എനിക്കിഷ്ടമില്ലാത്ത കാര്യങ്ങൾ ഉണ്ടായിട്ടും അവൾ എന്നെ അറിയുകയും എന്നെ സ്നേഹിക്കുകയും ചെയ്യുന്നു. എന്നെ ഞാനായിരിക്കുന്നതുപോലെ – എന്റെ തമാശകൾ, ശീലങ്ങൾ, വികാര വിക്ഷോഭങ്ങൾ എന്നിവ – അംഗീകരിക്കുന്ന ഒരു ചെറിയ കൂട്ടം ആളുകളിൽ ഒരാളാണ് അവൾ. എന്നിട്ടും, അവളുമായും ഞാൻ ഇഷ്ടപ്പെടുന്ന മറ്റുള്ളവരുമായും പങ്കിടാൻ ഞാൻ മടിക്കുന്ന എന്റെ കഥയുടെ ചില ഭാഗങ്ങളുണ്ട് – എനിക്കു വ്യക്തമായും വിജയം കണ്ടെത്താനാകാത്ത സമയങ്ങൾ, മറ്റുള്ളവരെ വിധിക്കുന്നതോ അവരോടു ദയയില്ലാതെയും സ്നേഹമില്ലാതെയും പെരുമാറുന്നതോ ആയ സമയങ്ങൾ.
പക്ഷേ, ദൈവത്തിന് എന്റെ കഥ മുഴുവനായും അറിയാം. മറ്റുള്ളവരുമായി സംസാരിക്കാൻ എനിക്ക് വിമുഖതയുണ്ടെങ്കിലും എനിക്ക് സ്വതന്ത്രമായി സംസാരിക്കാൻ കഴിയുന്നയാൾ അവിടുന്നാണ്.
139-ാം സങ്കീർത്തനത്തിലെ പരിചിതമായ വാക്കുകൾ നമ്മുടെ പരമാധികാര രാജാവുമായി നമുക്കുള്ള അടുപ്പത്തെ വിവരിക്കുന്നു. അവൻ നമ്മെ പൂർണ്ണമായി അറിയുന്നു! (വാ. 1). നമ്മുടെ ”വഴികളൊക്കെയും [യേശു] മനസ്സിലായിരിക്കുന്നു” (വാ. 3). നമ്മുടെ ആശയക്കുഴപ്പം, ഉത്കണ്ഠാകുലമായ ചിന്തകൾ, പരീക്ഷയുമായുള്ള നമ്മുടെ പോരാട്ടങ്ങൾ എന്നിവയുമായി അവങ്കലേക്ക് ചെല്ലാൻ അവിടുന്ന് നമ്മെ ക്ഷണിക്കുന്നു. നാം അവനു പൂർണ്ണമായും വഴങ്ങാൻ തയ്യാറാകുമ്പോൾ, നാം അവങ്കൽനിന്ന് അകന്നുപോയതു നിമിത്തം നമ്മെ ദുഃഖത്തിലേക്കു നയിച്ച നമ്മുടെ കഥയുടെ ഭാഗങ്ങൾ പുനഃസ്ഥാപിക്കാനും മാറ്റിയെഴുതാനും അവിടുന്ന് എത്തിച്ചേരുന്നു.
ഏതൊരാൾക്കും ഏതൊരു കാലത്തും കഴിയുന്നതിനെക്കാൾ നന്നായി ദൈവം നമ്മെ എപ്പോഴും അറിയുന്നു. എന്നിട്ടും . . . അവിടുന്നു നമ്മെ സ്നേഹിക്കുന്നു! നാം അനുദിനം ദൈവത്തിനു കീഴടങ്ങുകയും അവിടുത്തെ കൂടുതൽ അറിയാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ, അവിടുത്തെ മഹത്വത്തിനായി നമ്മുടെ കഥ മാറ്റാൻ അവിടുത്തേക്കു കഴിയും. അത് തുടർന്നും എഴുതുന്ന എഴുത്തുകാരൻ അവിടുന്നാണ്.
ദൈവം നിങ്ങളെ എപ്പോഴും നിരുപാധികമായി സ്നേഹിക്കുമെന്ന് എന്ത് ഉറപ്പാണ് നിങ്ങൾക്കുള്ളത്? അവിടുത്തേക്കു കീഴടങ്ങുന്നത് ഒരു ദൈനംദിന പരിശീലനമാക്കാൻ നിങ്ങൾക്കെങ്ങനെ കഴിയും?
അതുല്യനായ പിതാവേ, ഞാൻ അങ്ങയെ നിരാശനാക്കിയ സമയങ്ങളുണ്ടായിട്ടും എന്നെ അങ്ങയുടെ പൈതലെന്ന നിലയിൽ സ്നേഹിക്കുന്നതിനു നന്ദി പറയുന്നു. അങ്ങു വിശ്വസ്തതയോടെ എന്നോടൊപ്പം നടക്കുന്നു എന്ന പൂർണ്ണമായ ഉറപ്പിൽ, എന്നെ പൂർണ്ണമായി അങ്ങേയ്ക്കു കീഴ്പ്പെടുത്തിത്തരാൻ എന്നെ സഹായിക്കണമേ.