സജീവ വിശ്വാസം
സൈനിക അട്ടിമറി സമയത്ത്, സാമിന്റെ പിതാവിന് പ്രാണരക്ഷാർത്ഥം ഓടിപ്പോകേണ്ടി വന്നു. പെട്ടെന്ന് വരുമാനം നിലച്ചതോടെ, സാമിന്റെ സഹോദരന്റെ ജീവൻ നിലനിർത്തിയിരുന്ന നിർണ്ണായക മരുന്ന് വാങ്ങാൻ കുടുംബത്തിനു കഴിയാതെ വന്നു. ദൈവത്തെ നോക്കി സാം ചിന്തിച്ചു, ഇതനുഭവിക്കാൻ ഞങ്ങൾ എന്താണു ചെയ്തത്?
യേശുവിൽ വിശ്വസിച്ചിരുന്ന ഒരു വ്യക്തി കുടുംബത്തിന്റെ കഷ്ടതകളെക്കുറിച്ച് കേട്ടു. മരുന്ന് വാങ്ങാൻ മതിയായ പണം തന്റെ പക്കലുണ്ടെന്ന് കണ്ടെത്തിയ അദ്ദേഹം, മരുന്നു വാങ്ങി അവർക്കെത്തിച്ചുകൊടുത്തു. ഒരു അപരിചിതനിൽ നിന്നു ലഭിച്ച ജീവൻ രക്ഷാ സമ്മാനം
ആഴത്തിലുള്ളസ്വാധീനമുളവാക്കി. ''ഈ ഞായറാഴ്ച ഞങ്ങൾ ഈ മനുഷ്യന്റെ പള്ളിയിൽ പോകും,'' അവന്റെ അമ്മ പ്രഖ്യാപിച്ചു. സാമിന്റെ കോപം ശമിക്കാൻ തുടങ്ങി. ഒടുവിൽ, ഓരോരുത്തരായി, കുടുംബത്തിലെ ഓരോ അംഗവും യേശുവിൽ വിശ്വസിച്ചു.
ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്നതിനോടൊപ്പം ആർജവമുള്ള ഒരു ജീവിതശൈലിയുടെ ആവശ്യകതയെക്കുറിച്ച് യാക്കോബ് എഴുതിയപ്പോൾ, മറ്റുള്ളവരെ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവൻ എടുത്തുപറഞ്ഞു. ''ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്തവരുമായിരിക്കെ നിങ്ങളിൽ ഒരുത്തൻ അവരോട്: സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്യുവിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷയ്ക്ക് ആവശ്യമുള്ളത് അവർക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്ത്?'' (2:15-16).
നമ്മുടെ പ്രവൃത്തികൾ നമ്മുടെ വിശ്വാസത്തിന്റെ ആത്മാർത്ഥത പ്രകടമാക്കുന്നു. ആ പ്രവൃത്തികൾ മറ്റുള്ളവരുടെ വിശ്വാസ-തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കും എന്നത് ശ്രദ്ധേയമാണ്. സാമിന്റെ കാര്യത്തിൽ, അവൻ പില്ക്കാലത്ത് ഒരു പാസ്റ്ററും സഭാസ്ഥാപകനുമായി മാറി. ക്രമേണ, അവൻ തന്റെ കുടുംബത്തെ സഹായിച്ച വ്യക്തിയെ ''പപ്പാ മാപ്പസ്'' എന്നു വിളിച്ചു. യേശുവിന്റെ സ്‌നേഹം തങ്ങൾക്കു കാണിച്ചു തന്ന ആത്മീയ പിതാവായിട്ടാണ് അവൻ ഇപ്പോൾ അദ്ദേഹത്തെ അറിയുന്നത്.
മറ്റുള്ളവരിലേക്കു കൃപ പകരുക
ഞങ്ങളുടെ മകനെ ഞങ്ങൾ ദത്തെടുക്കുന്നതിനുമുമ്പ്, അവന്റെ ജീവിതത്തിന്റെ ആദ്യ വർഷങ്ങൾ ഒരു ചിൽഡ്രൻസ് ഹോമിലാണ് ചെലവഴിച്ചത്. വീട്ടിലേക്കു പോകാനായി ആ തകർന്ന കെട്ടിടം വിടുന്നതിനുമുമ്പ്, അവന്റെ സാധനങ്ങൾ എടുക്കാൻ ഞങ്ങളവനോടു പറഞ്ഞു. ദുഃഖകരമെന്നു പറയട്ടെ, അവന് ഒന്നുമുണ്ടായിരുന്നില്ല. ഞങ്ങൾ അവനുവേണ്ടി കൊണ്ടുവന്ന പുതിയ വസ്ത്രങ്ങൾ അവൻ ധരിക്കുകയും മറ്റു കുട്ടികൾക്കായി കുറച്ചു വസ്ത്രങ്ങൾ നൽകുകയും ചെയ്തു. അവന്റെ കുറവുള്ള അവസ്ഥ എന്നെ ദുഃഖിതയാക്കിയെങ്കിലും, അവന്റെ ശാരീരികവും വൈകാരികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അവനെ സഹായിക്കാൻ ഞങ്ങൾക്കിപ്പോൾ കഴിയും എന്നതിൽ ഞാൻ സന്തോഷിച്ചു.
കുറച്ചു വർഷങ്ങൾക്കു ശേഷം, ഒരു വ്യക്തി, ഞെരുക്കത്തിലിരിക്കുന്ന കുടുംബങ്ങൾക്കായി സംഭാവന ചോദിക്കുന്നത് ഞങ്ങൾ കണ്ടു. അവരെ സഹായിക്കുന്നതിനായി തന്റെ സ്റ്റഫ് ചെയ്ത മൃഗങ്ങളെയും കുറച്ച് നാണയങ്ങളും ദാനം ചെയ്യാൻ എന്റെ മകൻ ഉത്സുകനായിരുന്നു. അവന്റെ പശ്ചാത്തലം കണക്കിലെടുക്കുമ്പോൾ, തന്റെ വസ്തുവകകൾ മുറുകെ പിടിക്കാനുള്ള പ്രവണതയാണ് അവൻ കാണിക്കേണ്ടിയിരുന്നത്.
അവന്റെ ഉദാരമായ പ്രതികരണത്തിന്റെ കാരണം, ആദ്യകാല സഭയുടേതിനു സമാനമാണെന്ന് ഞാൻ കരുതുന്നു: ''എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു'' എന്നതിനാൽ അവരുടെ ഇടയിൽ ആവശ്യക്കാർ ആരുമുണ്ടായിരുന്നില്ല (പ്രവൃ. 4:33-34). പരസ്പരം ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആളുകൾ സ്വന്തം സ്വത്തുക്കൾ മനപ്പൂർവ്വമായി വിറ്റു.
മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ച് - ഭൗതികമോ അദൃശ്യമോ ആയ - നാം ബോധവാന്മാരാകുമ്പോൾ, ഭൗതികമായാലും അദൃശ്യമായാലും, അവർ ചെയ്തതുപോലെ നാം പ്രതികരിക്കുകയും ആവശ്യമുള്ളവർക്ക് മനപ്പൂർവ്വം നൽകുകയും ചെയ്യുന്നതിനായി ദൈവകൃപ നമ്മിലും ശക്തമായി പ്രവർത്തിക്കട്ടെ. ''ഏകഹൃദയവും ഏകമനസ്സും ഉള്ള'' (വാ. 32) യേശുവിലുള്ള സഹവിശ്വാസികളെന്ന നിലയിൽ ദൈവത്തിന്റെ കൃപയുടെ പാത്രങ്ങളാകാൻ ഇതു നമ്മെ സഹായിക്കും.
നമുക്കു മനസ്സിലാകാത്തപ്പോൾ
''അവന്റെ പദ്ധതി എനിക്കു മനസ്സിലാകുന്നില്ല. ഞാൻ എന്റെ ജീവിതം മുഴുവനായി അവനു നൽകി. ഒടുവിൽ ഇതാണു സംഭവിക്കുന്നത്!'' ഒരു പ്രൊഫഷണൽ അത്‌ലറ്റാകാനുള്ള ആഗ്രഹം താൽക്കാലികമായി തടസ്സപ്പെട്ടപ്പോൾ ഒരു മകൻ അമ്മയ്ക്കയച്ച സന്ദേശമാണിത്. നമ്മുടെ മനസ്സിനെ അതിശയത്തിലേക്കും ചോദ്യങ്ങളിലേക്കും നയിക്കുന്ന അപ്രതീക്ഷിതവും നിരാശാജനകവുമായ അനുഭവങ്ങൾ നമ്മിലാർക്കാണ് ഉണ്ടാകാത്തത്? ഒരു കുടുംബാംഗം വിശദീകരണം കൂടാതെ നമ്മോടു സംസാരിക്കുന്നതു നിർത്തുന്നു; ആരോഗ്യം വിപരീത ദിശയിലേക്കു നീങ്ങുന്നു; ഒരു കമ്പനി അപ്രതീക്ഷിതമായി മാറ്റി സ്ഥാപിക്കപ്പെടുന്നു; ജീവിതത്തെ മാറ്റിമറിക്കുന്ന ഒരപകടം സംഭവിക്കുന്നു.
ഇയ്യോബിന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളുടെയും തിരിച്ചടികളുടെയും പരമ്പരയെക്കുറിച്ച് ഇയ്യോബ് 1, 2 അധ്യായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. മാനുഷികമായി പറഞ്ഞാൽ, പ്രശ്‌നങ്ങളില്ലാത്ത ഒരു ജീവിതത്തിന് അർഹതയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ, അത് ഇയ്യോബായിരുന്നു. ''അവൻ നിഷ്‌കളങ്കനുംനേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു'' (ഇയ്യോബ് 1:1). എന്നാൽ ജീവിതം എല്ലായ്‌പ്പോഴും നാം ആഗ്രഹിക്കുന്ന രീതിയിലല്ല പ്രവർത്തിക്കുന്നത് - അത് ഇയ്യോബിനും അങ്ങനെയായിരുന്നില്ല, നമുക്കും അങ്ങനെയായിരിക്കയില്ല. ''ദൈവത്തെ ത്യജിച്ചു പറഞ്ഞു മരിച്ചുകളയുക'' എന്ന് ഭാര്യ ഉപദേശിച്ചപ്പോൾ (2:9), അവളോടുള്ള ഇയ്യോബിന്റെ വാക്കുകൾ ബുദ്ധിപൂർവ്വവും പ്രബോധനാത്മകവും അഭിമുഖീകരിക്കാൻ നാം മടിക്കുന്ന വലിയതോ ചെറിയതോ ആയ കാര്യങ്ങൾ സംഭവിക്കുമ്പോൾ നമുക്കും അനുവർത്തിക്കാൻ കഴിയുന്നതുമായിരുന്നു: ''നാം ദൈവത്തിന്റെ കൈയിൽനിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല'' (വാ. 10).
ജീവിതത്തിലെ ദുഷ്‌കരമായ ദിനങ്ങളിൽ, ദൈവം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ കഴിയാത്തപ്പോഴും, അവിടുത്തെ ശക്തിയാൽ, അവങ്കലുള്ള നമ്മുടെ വിശ്വാസവും അവിടുത്തോടുള്ള ബഹുമാനവും നിലനിർത്താൻ നമുക്കു കഴിയട്ടെ.
സ്‌നേഹത്തിന്റെ യഥാർത്ഥ സ്വഭാവം
മഹാമാരിക്കാലത്തെ ലോക്ക്ഡൗണിന്റെ സമയത്ത്, ജെറി തന്റെ ഫിറ്റ്‌നസ് സെന്റർ അടയ്ക്കാൻ നിർബന്ധിതനാകുകയും മാസങ്ങളോളം വരുമാനമില്ലാതെ കഴിയേണ്ടിവരികയും ചെയ്തു. വൈകുന്നേരം 6 മണിക്ക് തന്റെ ഒരു സുഹൃത്തിനെ ചെന്നു കാണാൻ ആവശ്യപ്പെടുന്ന ഒരു സന്ദേശം, ഒരു ദിവസം അദ്ദേഹത്തിനു ലഭിച്ചു. എന്തിനാണെന്ന് ജെറിക്ക് നിശ്ചയമില്ലായിരുന്നു, എങ്കിലും അവിടെയെത്തി. താമസിയാതെ പാർക്കിംഗ് സ്ഥലത്തേക്കു കാറുകൾ വരാൻ തുടങ്ങി. ആദ്യത്തെ കാറിലെ ഡ്രൈവർ കെട്ടിടത്തിനടുത്തുള്ള നടപ്പാതയിൽ ഒരു ബാസ്‌ക്കറ്റ് വെച്ചു. പിന്നാലെ ഒന്നിനു പുറകെ ഒന്നായി കാറുകൾ വന്നു (ഏകദേശം അമ്പതെണ്ണം). കാറിലിരുന്നവർ കൈവീശിയും ''ഹലോ'' പറഞ്ഞും ജെറിയെ അഭിവാദ്യം ചെയ്യുകയും ബാസ്‌കറ്റിൽ സാധനങ്ങളും പണവും നിക്ഷേപിക്കുകയും ചെയ്തു. ചിലർ ത്യാഗപരമായിട്ടാണ് പണം നൽകിയത്; എല്ലാവരും അവനെ പ്രോത്സാഹിപ്പിക്കാൻ തങ്ങളുടെ സമയം ചിലവഴിച്ചു.
അപ്പൊസ്തലനായ പൗലൊസിന്റെ അഭിപ്രായത്തിൽ, സ്‌നേഹത്തിന്റെ യഥാർത്ഥ സ്വഭാവം ത്യാഗപൂർണ്ണമാണ്. അപ്പൊസ്തലന്മാരുടെയും മറ്റുള്ളവരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മക്കദോന്യക്കാർ ''പ്രാപ്തി പോലെയും പ്രാപ്തിക്കു മീതെയും'' നൽകിയതായി പൗലൊസ് കൊരിന്ത്യരോട് വിശദീകരിച്ചു (2 കൊരിന്ത്യർ 8:4). പൗലൊസിനും ദൈവജനത്തിനും ദാനം ചെയ്യാനുള്ള അവസരത്തിനായി അവർ പൗലൊസിനോട് ''അപേക്ഷിക്കുകപോലും'' ചെയ്തു. യേശുവിന്റെ ത്യാഗ ഹൃദയമായിരുന്നു അവരുടെ ദാനത്തിന്റെ അടിസ്ഥാനം. ഒരു ദാസനായി ഭൂമിയിലേക്കു വരാനും തന്റെ ജീവൻ നൽകാനും അവൻ സ്വർഗ്ഗത്തിലെ സമ്പത്ത് ഉപേക്ഷിച്ചു. ''യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും ... നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്നു'' (വാ. 9).
മറ്റുള്ളവരുടെ ആവശ്യങ്ങൾ സ്‌നേഹപൂർവ്വം നിറവേറ്റുന്നതിനായി ''ഈ ധർമ്മകാര്യത്തിലും മുന്തിവരുവാൻ'' നമുക്കും ദൈവത്തോട് അപേക്ഷിക്കാം.
കേൾക്കുന്നതു പ്രധാനമാണ്
''ഉടനെ വരൂ. ഞങ്ങൾ ഒരു മഞ്ഞുകട്ടയെ ഇടിച്ചു.'' 1912 ഏപ്രിൽ 15 ന് പുലർച്ചെ 12:25 ന് ആർഎംഎസ് കാർപ്പാത്തിയയിലെ വയർലെസ് ഓപ്പറേറ്റർ ഹാരോൾഡ് കോട്ടാമിന് മുങ്ങിക്കൊണ്ടിരുന്ന ടൈറ്റാനിക്കിൽനിന്നു ലഭിച്ച ആദ്യ വയർലെസ് സന്ദേശമായിരുന്നു അത്. അപകട സ്ഥലത്തേക്ക് ആദ്യം പാഞ്ഞെത്തിയ കപ്പൽ കാർപ്പാത്തിയ ആയിരുന്നു. 706 പേരെ അവർ രക്ഷപ്പെടുത്തി.
ദിവസങ്ങൾക്കു ശേഷം യുഎസ് സെനറ്റ് നടത്തിയ വിചാരണയിൽ കാർപ്പാത്തിയയുടെ ക്യാപ്റ്റൻ ആർതർ റോസ്‌ട്രോൻ ഇങ്ങനെ സാക്ഷ്യപ്പെടുത്തി,''ഈ സംഗതികളെല്ലാം തികച്ചും ദൈവിക കരുതലായിരുന്നു. . . . വയർലെസ് ഓപ്പറേറ്റർ ആ സമയത്ത് തന്റെ ക്യാബിനിലായിരുന്നു, ഔദ്യോഗിക ജോലിയിലായിരുന്നില്ല. അദ്ദേഹം വസ്ത്രം മാറിക്കൊണ്ടിരിക്കുകയായിരുന്നു. . . . പത്ത് മിനിറ്റിനുള്ളിൽ അദ്ദേഹം ഉറക്കത്തിലാകുമായിരുന്നു, എങ്കിൽ ഞങ്ങൾ സന്ദേശം കേൾക്കുമായിരുന്നില്ല.''
കേൾക്കുന്നതു പ്രധാനമാണ്, പ്രത്യേകിച്ച് ദൈവത്തെ കേൾക്കുന്നത്. 85-ാമത്തെ സങ്കീർത്തനത്തിന്റെ എഴുത്തുകാരായ കോരഹ്പുത്രന്മാർ, ''യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാൻ കേൾക്കും; അവർ ഭോഷത്തത്തിലേക്കു വീണ്ടും തിരിയാതിരിക്കേണ്ടതിന് അവൻ തന്റെ ജനത്തോടും തന്റെ ഭക്തന്മാരോടും സമാധാനം അരുളും. തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് അവന്റെ രക്ഷ അവന്റെ ഭക്തന്മാരോട് അടുത്തിരിക്കുന്നു നിശ്ചയം'' (വാ. 8-9) എന്നെഴുതിയപ്പോൾ ശ്രദ്ധാപൂർവ്വം അനുസരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഊന്നിപ്പറഞ്ഞത്. അവരുടെ ഉദ്‌ബോധനം പ്രത്യേകിച്ചും ശ്രദ്ധേയമാണ്, കാരണം അവരുടെ പൂർവ്വികനായ കോരഹ് ദൈവത്തിനെതിരെ മത്സരിക്കുകയും മരുഭൂമിയിൽവെച്ചു നശിക്കുകയും ചെയ്തിരുന്നു (സംഖ്യാപുസ്തകം 16:1-35).
ടൈറ്റാനിക് മുങ്ങിയ രാത്രിയിൽ മറ്റൊരു കപ്പൽ കുറെക്കൂടി അടുത്തുണ്ടായിരുന്നു, പക്ഷേ അതിന്റെ വയർലെസ് ഓപ്പറേറ്റർ ഉറങ്ങാൻ കിടന്നിരുന്നു. രക്ഷാസന്ദേശം അയാൾ കേട്ടിരുന്നെങ്കിൽ ഒരുപക്ഷേ കൂടുതൽ പേരെ രക്ഷിക്കാമായിരുന്നു. ദൈവത്തിന്റെ ഉപദേശങ്ങൾ അനുസരിക്കുന്നതിലൂടെ നാം അവനെ ശ്രവിക്കുമ്പോൾ, ജീവിതത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ സമുദ്രത്തിൽ പോലും സഞ്ചരിക്കാൻ അവിടുന്ന് നമ്മെ സഹായിക്കും.