ദി ലെജെൻഡ് ഓഫ് സ്ലീപ്പി ഹോളോ എന്ന പുസ്തകത്തിൽ (ഒരു ഇംഗ്ലീഷ് നോവൽ) എഴുത്തുകാരൻ, കട്രീന എന്ന സുന്ദരിയായ യുവതിയെ വിവാഹം കഴിക്കാൻ ശ്രമിക്കുന്ന ഒരു സ്കൂൾ അധ്യാപകനായ ഈഖാബോദ് ക്രെയിനിന്റെ കഥ പറയുന്നു. കൊളോണിയൽ നാട്ടിൻപുറത്തെ ഭീതിയിലാഴ്ത്തുന്ന തലയില്ലാത്ത കുതിരക്കാരനാണ് കഥയുടെ താക്കോൽ. ഒരു രാത്രിയിൽ, കുതിരപ്പുറത്ത് വരുന്ന പ്രേതത്തെ ഈഖാബോദ് കാണുകയും ഭയന്ന് പ്രദേശത്തു നിന്ന് ഓടിപ്പോകുകയും ചെയ്യുന്നു. ഈ ”കുതിരക്കാരൻ” യഥാർത്ഥത്തിൽ കത്രീനയെ മോഹിച്ച ഈഖാബോദിന്റെ എതിരാളിയാണെന്ന് വായനക്കാരനു വ്യക്തമാണ്; തുടർന്ന് അയാൾ അവളെ വിവാഹം കഴിക്കുന്നു.
ഈഖാബോദ് എന്ന പേർ ബൈബിളിലാണ് ആദ്യം കാണുന്നത്, അതിനും ഒരു ഇരുണ്ട പശ്ചാത്തലമുണ്ട്. ഫെലിസ്ത്യരുമായി യുദ്ധം ചെയ്യുമ്പോൾ യിസ്രായേല്യർ വിശുദ്ധ നിയമപ്പെട്ടകം യുദ്ധക്കളത്തിലേക്കു കൊണ്ടുവന്നു. മോശം നീക്കമായിരുന്നു അത്. യിസ്രായേലിന്റെ സൈന്യം പരാജയപ്പെടുകയും പെട്ടകം പിടിക്കപ്പെടുകയും ചെയ്തു. മഹാപുരോഹിതനായ ഏലിയുടെ മക്കളായ ഹോഫ്നിയും ഫിനെഹാസും കൊല്ലപ്പെട്ടു (1 ശമൂവേൽ 4:17). ഏലിയും മരിച്ചു (വാ.18). ഫിനെഹാസിന്റെ ഗർഭിണിയായ ഭാര്യ ഈ വാർത്ത കേട്ടപ്പോൾ, ”അവൾക്കു പ്രസവവേദന തുടങ്ങി; അവൾ നിലത്തു വീണു പ്രസവിച്ചു” (വാ. 19). പക്ഷേ അവൾ മരിച്ചുപോയി. തന്റെ അവസാന വാക്കുകളിലൂടെ ”മഹത്വം യിസ്രായേലിൽനിന്നു പൊയ്പ്പോയി എന്നു പറഞ്ഞ് അവൾ കുഞ്ഞിന് ഈഖാബോദ് (അക്ഷരികാർത്ഥം, ”മഹത്വമില്ല”) എന്നു പേരിട്ടു” (വാ. 22).
ഭാഗ്യവശാൽ ദൈവം അതിലും വലിയൊരു കഥ തുറക്കുകയായിരുന്നു. അവന്റെ മഹത്വം ആത്യന്തികമായി യേശുവിൽ വെളിപ്പെടുവാൻ പോകയായിരുന്നു. ”നീ [പിതാവ്] എനിക്കു തന്നിട്ടുള്ള മഹത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു” (യോഹന്നാൻ 17:22).
ഇന്ന് പെട്ടകം എവിടെയാണെന്ന് ആർക്കും അറിയില്ല, പക്ഷേ പ്രശ്നമില്ല. ഈഖാബോദ് ഓടിപ്പോയിരിക്കുന്നു. യേശുവിലൂടെ ദൈവം തന്റെ മഹത്വം നമുക്കു തന്നിരിക്കുന്നു!
ദൈവം തന്റെ മഹത്വം നമുക്ക് നൽകുമെന്നതിന്റെ അർത്ഥം എന്താണെന്നാണ് നിങ്ങൾ ചിന്തിക്കുന്നത്? നിങ്ങൾ ഇത് എങ്ങനെയാണ് അനുഭവിച്ചത്?
പ്രിയ പിതാവേ, യേശുവിലൂടെ അങ്ങയുടെ മഹത്വം വെളിപ്പെടുത്തിയതിന് നന്ദി പറയുന്നു. ഈ ദിവസം മുഴുവൻ അങ്ങയുടെ സാന്നിധ്യത്തെക്കുറിച്ച് എന്നെ ഓർമ്മിപ്പിക്കണമേ.