Month: സെപ്റ്റംബർ 2021

ദൈവത്തിൽ സുരക്ഷിതമായി വിശ്രമിക്കുക

ഞങ്ങളുടെ മക്കൾ കൗമാരത്തിലെത്തിയതോടെ ഞാൻ ഓരോരുത്തരും ഒരു കത്തെഴുതി. എന്റെ കൗമാരത്തിൽ എനിക്ക് ആത്മവിശ്വാസമില്ലായിരുന്നു എന്ന് ഓർമ്മിച്ചുകൊണ്ട്, ക്രിസ്തുവിലുള്ള നമ്മുടെ സ്വത്വത്തെക്കുറിച്ച് ഒരു കത്തിൽ ഞാൻ എഴുതി. ഞാൻ ദൈവത്തിന്റെ പ്രിയപ്പെട്ടവളാണെന്ന് - അവന്റെ പൈതൽ - ഞാൻ പഠിക്കേണ്ടതുണ്ടായിരുന്നു. ''നിങ്ങൾ ആരാണ് എന്നറിയുന്നത് നിങ്ങൾ ആരുടെ വകയാണ് എന്ന അറിവിലേക്കു നയിക്കും,'' ഞാൻ എഴുതി. കാരണം, ദൈവം നമ്മെ സൃഷ്ടിച്ചുവെന്നും അവനെ അനുഗമിക്കാൻ നാം പ്രതിജ്ഞാബദ്ധരാണെന്നും മനസ്സിലാക്കുമ്പോൾ, അവൻ നമ്മെ എങ്ങനെ സൃഷ്ടിച്ചുവോ അതിൽ നമുക്ക് സമാധാനമായിരിക്കാൻ കഴിയും. ഓരോ ദിവസവും അവനെപ്പോലെയാകാൻ അവിടുന്ന് നമ്മെ രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്നും നമുക്കറിയാം.

ദൈവമക്കളെന്ന നിലയിലുള്ള നമ്മുടെ സ്വത്വത്തെക്കുറിച്ചുള്ള തിരുവെഴുത്തിൽ നിന്നുള്ള ഒരു അടിസ്ഥാന വേദഭാഗമാണ് ആവർത്തനം 33:12: ''അവൻ യഹോവയ്ക്കു പ്രിയൻ; തത്സന്നിധിയിൽ നിർഭയം വസിക്കും; താൻ അവനെ എല്ലായ്‌പ്പോഴും മറച്ചുകൊള്ളുന്നു.'' മോശെ മരിക്കുന്നതിനു തൊട്ടുമുമ്പ്, ദൈവത്തിന്റെ ജനം വാഗ്ദാനദേശത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്ന സമയത്ത്, അവൻ ബെന്യാമിൻ ഗോത്രത്തോട് ഈ അനുഗ്രഹം പ്രഖ്യാപിച്ചു. അവർ തനിക്കു പ്രിയപ്പെട്ടവരാണെന്ന് അവർ എപ്പോഴും ഓർക്കണമെന്നും അവന്റെ മക്കളെന്ന നിലയിൽ അവരുടെ സ്വത്വത്തിൽ സുരക്ഷിതരായിരിക്കണമെന്നും ദൈവം അവരെക്കുറിച്ച് ആഗ്രഹിച്ചു.    

ദൈവമക്കളെന്ന നിലയിൽ നമ്മുടെ വ്യക്തിത്വം അറിയുന്നത് എല്ലാവർക്കും - കൗമാരക്കാർ, മധ്യവയസ്ക്കർ, ദീർഘകാലം ജീവിച്ചവർ - ഒരുപോലെ പ്രധാനമാണ്. ദൈവം നമ്മെ സൃഷ്ടിച്ചുവെന്നും നമ്മെ കാവൽചെയ്യുന്നുവെന്നും മനസ്സിലാക്കുമ്പോൾ, നമുക്ക് സുരക്ഷിതത്വവും പ്രത്യാശയും സ്‌നേഹവും കണ്ടെത്താനാകും. 

പരിശുദ്ധാത്മാവിൽ നിന്നുള്ള സഹായം

ഞാനും എന്റെ സഹപാഠികളും സർവ്വകലാശാലയിൽ വല്ലപ്പോഴുമൊക്കെ നടക്കുന്ന പ്രഭാഷണങ്ങൾ ഒഴിവാക്കാറുണ്ടെങ്കിലും, വർഷാവസാന പരീക്ഷകൾക്ക് ഒരാഴ്ച മുമ്പു നടക്കുന്ന പ്രൊഫസർ ക്രിസിന്റെ പ്രഭാഷണത്തിൽ പങ്കെടുക്കാൻ എല്ലാവരും എപ്പോഴും ശ്രദ്ധിച്ചിരുന്നു. അപ്പോഴാണ് അദ്ദേഹം തയ്യാറാക്കിയ പരീക്ഷാ ചോദ്യങ്ങളെക്കുറിച്ചുള്ള വലിയ സൂചനകൾ നൽകുന്നത്.

ഞങ്ങൾ നന്നായി പഠിക്കണമെന്ന് പ്രൊഫസർ ക്രിസ് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നതുവരെ അദ്ദേഹം എന്തിനാണ് അങ്ങനെ ചെയ്തിരുന്നതെന്ന് ഞാൻ എപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് ഉയർന്ന മാനദണ്ഡങ്ങളുണ്ടായിരുന്നു, എങ്കിലും അവ പാലിക്കാൻ അദ്ദേഹം ഞങ്ങളെ സഹായിക്കുകയായിരുന്നു. ശരിയായി തയ്യാറെടുക്കുന്നതിന് ഞങ്ങൾ ചെയ്യേണ്ടത് പ്രഭാഷണത്തിൽ പങ്കെടുക്കുകയും ശ്രദ്ധിക്കുകയും ചെയ്യുക എന്നതായിരുന്നു. 

ദൈവവും അങ്ങനെയാണെന്ന് അതെന്നെ ബോധ്യപ്പെടുത്തി. ദൈവത്തിന് തന്റെ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല, എന്നാൽ നാമും തന്നെപ്പോലെ തന്നെ ആയിരിക്കണമെന്ന് അവൻ അഗാധമായി ആഗ്രഹിക്കുന്നതിനാൽ, ആ മാനദണ്ഡങ്ങൾ പാലിക്കാൻ നമ്മെ സഹായിക്കുന്നതിന് പരിശുദ്ധാത്മാവിനെ നമുക്കു നൽകി.

യിരെമ്യാവ് 3:11-14 ൽ, അവിശ്വസ്തരായ യിസ്രായേലിനോട് അവരുടെ കുറ്റം സമ്മതിച്ച് അവങ്കലേക്ക് മടങ്ങിവരാൻ ദൈവം ആവശ്യപ്പെട്ടു. എന്നാൽ അവർ എത്രമാത്രം ശാഠ്യക്കാരും ബലഹീനരുമാണ് എന്നറിയുന്നതിനാൽ അവൻ അവരെ സഹായിക്കും. അവരുടെ വിശ്വാസത്യാഗ വഴികളെ സൗഖ്യമാക്കുമെന്ന് അവൻ വാഗ്ദത്തം ചെയ്തു (വാ. 22), അവരെ പഠിപ്പിക്കാനും നയിക്കാനും അവൻ ഇടയന്മാരെ അയച്ചു (വാ. 15).

നാം എത്ര വലിയ പാപത്തിൽ കുടുങ്ങിയാലും അല്ലെങ്കിൽ നാം ദൈവത്തിൽ നിന്ന് എത്ര ദൂരം അകന്നാലും നമ്മുടെ വിശ്വാസത്യാഗത്തെ സുഖപ്പെടുത്താൻ അവൻ തയ്യാറാണെന്ന് അറിയുന്നത് എത്ര ആശ്വാസകരമാണ്! നാം ചെയ്യേണ്ടത് നമ്മുടെ തെറ്റായ വഴികൾ അംഗീകരിക്കുകയും അവന്റെ പരിശുദ്ധാത്മാവിനെ നമ്മുടെ ഹൃദയങ്ങളിൽ മാറ്റം വരുത്താൻ അനുവദിക്കുകയും ചെയ്യുക എന്നതാണ്.

പ്രാർത്ഥനാ മനുഷ്യൻ

ശക്തമായ വിശ്വാസവും പ്രാർത്ഥനയും ഉള്ള ഒരാളായിട്ടാണ് എന്റെ കുടുംബം എന്റെ മുത്തച്ഛനെ ഓർമ്മിക്കുന്നത്. എന്നാൽ എല്ലായ്‌പ്പോഴും അതങ്ങനെയായിരുന്നില്ല. ''ഭക്ഷണം കഴിക്കുന്നതിനു മുമ്പ് നാം ദൈവത്തിന് നന്ദി പറയാൻ തുടങ്ങുകയാണ്'' തന്റെ പിതാവ് കുടുംബത്തോട് ആദ്യമായി അറിയിച്ചത് എന്റെ അമ്മായി ഓർമ്മിക്കുന്നു. അദ്ദേഹത്തിന്റെ ആദ്യ പ്രാർത്ഥന വാഗ്ചാതുര്യമുള്ളതായിരുന്നില്ല. പക്ഷേ മുത്തച്ഛൻ ഓരോ ദിവസവും പലപ്രാവശ്യം പ്രാർത്ഥിച്ചുകൊണ്ട് അടുത്ത അമ്പതു വർഷക്കാലം പ്രാർത്ഥനാ പരിശീലനം തുടർന്നു. അദ്ദേഹം മരിച്ചപ്പോൾ, എന്റെ ഭർത്താവ് എന്റെ മുത്തശ്ശിക്ക് ''പ്രാർത്ഥാ കരങ്ങളുടെ'' ഒരു ചിത്രം നൽകിയിട്ടു പറഞ്ഞു, ''മുത്തച്ഛൻ ഒരു പ്രാർത്ഥനാ മനുഷ്യനായിരുന്നു.'' ദൈവത്തെ അനുഗമിക്കാനും അവനുമായി ദിവസവും സംസാരിക്കാനുമുള്ള മുത്തച്ഛന്റെ തീരുമാനം അദ്ദേഹത്തെ ക്രിസ്തുവിന്റെ ഒരു വിശ്വസ്ത ദാസനാക്കി മാറ്റി.

പ്രാർത്ഥനയെക്കുറിച്ച് ബൈബിളിന് ധാരാളം കാര്യങ്ങൾ പറയാനുണ്ട്. മത്തായി 6:9-13 ൽ, യേശു തന്റെ ശിഷ്യന്മാർക്ക് പ്രാർത്ഥനയ്ക്കുള്ള ഒരു മാതൃക നൽകി, ദൈവം ആരാണെന്നതിന് അവിടുത്തെ ആത്മാർത്ഥമായി സ്തുതിച്ചുകൊണ്ട് അവിടുത്തെ സമീപിക്കാൻ അവരെ പഠിപ്പിച്ചു. നമ്മുടെ അപേക്ഷകൾ ദൈവത്തിങ്കലേക്കു കൊണ്ടുവരുമ്പോൾ, ''നമ്മുടെ പ്രതിദിന ആഹാരം'' നൽകുമെന്ന് നാം അവനെ വിശ്വസിക്കണം (വാ. 11). നമ്മുടെ പാപങ്ങൾ ഏറ്റുപറയുമ്പോൾ, നാം അവനോട് പാപമോചനവും പരീക്ഷകളെ ഒഴിവാക്കാനുള്ള സഹായവും ചോദിക്കുന്നു (വാ. 12-13).

എന്നാൽ ''കർത്താവിന്റെ പ്രാർത്ഥന'' പ്രാർത്ഥിക്കുന്നതിൽ മാത്രം നാം പരിമിതപ്പെടുന്നില്ല. ''ഏതു നേരത്തും'' ''സകല പ്രാർത്ഥനയാലും'' പ്രാർത്ഥിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത് (എഫെസ്യർ 6:18). നമ്മുടെ ആത്മീയ വളർച്ചയ്ക്ക് പ്രാർത്ഥന വളരെ പ്രധാനമാണ്, കൂടാതെ എല്ലാ ദിവസവും അവനുമായി നിരന്തരം സംസാരിക്കാൻ ഇത് അവസരം നൽകുന്നു (1 തെസ്സലൊനീക്യർ 5:17-18).

ദൈവവുമായി സംസാരിക്കാൻ കൊതിക്കുന്ന എളിയ ഹൃദയങ്ങളോടെ നാം അവിടുത്തെ സമീപിക്കുമ്പോൾ, അവിടുത്തെ നന്നായി അറിയാനും സ്‌നേഹിക്കാനും അവിടുന്ന് നമ്മെ സഹായിക്കട്ടെ.

ശൂന്യമായ കരങ്ങൾ

സുഹൃത്തിനൊപ്പം ഉച്ചഭക്ഷണത്തിനായി എത്തിച്ചേർന്നപ്പോഴാണ് താൻ പഴ്‌സ് എടുത്തില്ലെന്ന കാര്യം റിതേഷ് ഓർത്തത്. ഇതവനെ പരിഭ്രാന്തനാക്കി. താൻ ഒന്നും കഴിക്കുന്നില്ലെന്ന് അവൻ ആദ്യം ശഠിച്ചു, അല്ലെങ്കിൽ എന്തെങ്കിലും കുടിക്കാൻ മാത്രം മതി എന്നു പറഞ്ഞു. ഒടുവിൽ സുഹൃത്തിന്റെ നിർബന്ധത്തിനും ഉറപ്പിനും വഴങ്ങി അവൻ എതിർപ്പ് അവസാനിപ്പിച്ചു. അവനും സുഹൃത്തും ഭക്ഷണം കഴിച്ചശേഷം സുഹൃത്ത് സന്തോഷത്തോടെ പണം കൊടുത്തു.

ഒരുപക്ഷേ നിങ്ങൾക്കും ഇത്തരം സന്ദിഗ്ധാവസ്ഥ നേരിട്ടിട്ടുണ്ടാകാം; അല്ലെങ്കിൽ മറ്റൊരാളുടെ നന്മ സ്വീകരിക്കുന്ന സ്ഥാനത്ത് നിങ്ങൾ നിന്നിട്ടുണ്ടാകാം. നമ്മുടെ ചിലവുകൾ സ്വയം വഹിക്കാൻആഗ്രഹിക്കുന്നതു സ്വാഭാവികമാണ്, എങ്കിലും കൃപയോടെ നൽകപ്പെടുന്നവയെ നാം താഴ്മയോടെ സ്വീകരിക്കേണ്ട അവസരങ്ങളുണ്ട്.

ലൂക്കൊസ് 15:17-24 ൽ, പിതാവിനോട് എന്താണ് പറയേണ്ടതെന്ന് ആലോചിക്കുമ്പോൾ ഏതെങ്കിലും വിധത്തിലുള്ള ഒരു കടംവീട്ടൽ ആയിരിക്കാം ഇളയ മകൻ മനസ്സിൽ ചിന്തിച്ചിട്ടുണ്ടാവുക. ''ഇനി നിന്റെ മകൻ എന്ന പേരിനു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കണമേ'' (വാ. 19). കൂലിക്കാരൻ? അവന്റെ പിതാവിന് അങ്ങനെയൊന്നില്ല! പിതാവിന്റെ കണ്ണിൽ, അവൻ വീട്ടിലേക്കു വരുന്ന വളരെ പ്രിയപ്പെട്ട മകനായിരുന്നു. ഒരു പിതാവിന്റെ ആലിംഗനവും സ്നേഹപൂർവ്വമായ ചുംബനവും ആണ് അവനെ എതിരേറ്റത് (വാ. 20). എത്ര മഹത്തായ സുവിശേഷ ചിത്രമാണത്! യേശുവിന്റെ മരണത്താൽ, വെറും കൈയോടെ വരുന്ന മക്കളെ തുറന്ന കൈകളാൽ സ്വാഗതം ചെയ്യുന്ന സ്‌നേഹനിധിയായ ഒരു പിതാവിനെ അവൻ വെളിപ്പെടുത്തിയതാണ് ഇതു നമ്മെ ഓർമ്മിപ്പിക്കുന്നത്. ഒരു ഗാനരചയിതാവ് ഇതിനെ ഇപ്രകാരം രേഖപ്പെടുത്തി: ''വെറും കൈയായ് ഞാൻ വരുന്നു, ക്രൂശിൽ മാത്രം നമ്പുന്നേ.''

ബൈബിളിന്റെ വലിയ കഥ

കോളിൻ താൻ വാങ്ങിയ സ്‌റ്റെയിൻഡ്-ഗ്ലാസ് കഷണങ്ങളുടെ പെട്ടി തുറന്നപ്പോൾ, ഒരു പ്രോജക്ടിനായി താൻ ഓർഡർ ചെയ്ത ചില്ലു കഷണങ്ങൾക്കു പകരം, കേടുവരാത്ത മുഴു ജനാലകളാണ് അതിലുണ്ടായിരുന്നത്. ഒരു പള്ളിയുടെ യഥാർത്ഥ ജനാലകളാണ് അവയെന്നും രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബാക്രമണങ്ങളിൽ നിന്ന് അവയെ സംരക്ഷിക്കുന്നതിനായി പള്ളിയിൽ നിന്ന് നീക്കം ചെയ്തവയാണെന്നും അയാൾ മനസ്സിലാക്കി. ചിത്രങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് കൊളിൻ അത്ഭുതപ്പെടുകയും ആ മനോഹരമായ ''കഷണങ്ങൾ'' എങ്ങനെ മനോഹരമായ ഒരു ചിത്രം സൃഷ്ടിക്കും എന്നതിനെക്കുറിച്ചും ചിന്തിക്കുകയും ചെയ്തു.

സത്യസന്ധമായി പറയുകയാണെങ്കിൽ, ബൈബിളിലെ ചില പ്രത്യേക ഭാഗങ്ങൾ ഞാൻ തുറക്കുകയും - പ്രത്യേകിച്ചും വംശാവലി രേഖപ്പെടുത്തിയിരിക്കുന്ന അധ്യായങ്ങൾ - അവ തിരുവെഴുത്തിന്റെ വലിയ ചിത്രത്തിനുള്ളിൽ എങ്ങനെ യോജിക്കുന്നുവെന്ന് പെട്ടെന്ന് കാണാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഉല്പത്തി 11 അത്തരത്തിലുള്ള ഒരു അധ്യായമാണ് - ശേം, ശേലാ, ഏബെർ, നാഹോർ, തേരഹ് (വാ. 10-32) തുടങ്ങിയ അപരിചിതമായ പേരുകളും അവരുടെ കുടുംബങ്ങളെയും കുറിച്ച് ആവർത്തിച്ചു പറയുന്ന ഇത്തരം ഭാഗങ്ങളിൽ, അവ വിട്ടിട്ട് കൂടുതൽ പരിചിതവും ബൈബിളിന്റെ ആഖ്യാനം സംബന്ധിച്ചുള്ള എന്റെ അറിവിന്റെ ''ജാലക''ത്തിലേക്ക് എളുപ്പത്തിൽ യോജിക്കുന്നതുമായ എന്തെങ്കിലും ഉള്ള ഒരു ഭാഗത്തേക്ക് പോകാൻ ഞാൻ പലപ്പോഴും പ്രലോഭിപ്പിക്കപ്പെടാറുണ്ട്.

''എല്ലാ തിരുവെഴുത്തും ദൈവശ്വാസീയവും ... പ്രയോജനമുള്ളതും'' (2 തിമൊഥെയൊസ് 3:16) ആയതിനാൽ, ഒരു ഭാഗം എങ്ങനെയാണ് മുഴു കഥയിലും യോജിക്കുന്നതെന്നു നന്നായി മനസ്സിലാക്കുന്നതിനു നമ്മെ സഹായിക്കാൻ പരിശുദ്ധാത്മാവിനു കഴിയും. ഉദാഹരണത്തിന്, ദാവീദിന്റെയും - അതിലും പ്രധാനമായി - യേശുവിന്റെയും (മത്തായി 1:2, 6, 16) പൂർവ്വപിതാവായ അബ്രഹാം എങ്ങനെയാണ് ശേലയുമായി ബന്ധപ്പെട്ടിരിക്കുന്നത് (ഉല്പത്തി 11:12-26) എന്നു കാണാൻ പരിശുദ്ധാത്മാവ് നമ്മുടെ കണ്ണുകളെ തുറക്കുന്നു. ബൈബിളിലുടനീളം ദൈവത്തിന്റെ ദൗത്യത്തിന്റെ കഥയെ ചെറിയ ഭാഗങ്ങൾകൊണ്ടു പോലും വെളിപ്പെടുത്തുന്ന, തികച്ചും കേടുപാടുകൾ സംഭവിക്കാത്ത ഒരു ജനാലയുടെ നിധി കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്നതിൽ ദൈവം സന്തോഷിക്കുന്നു.