പതിനേഴ് മാസത്തിന് ശേഷം ഞങ്ങളുടെ ആദ്യത്തെ കുട്ടി- ഒരാൺകുട്ടി ജനിച്ചു, ഒപ്പം തന്നെ ഒരു പെൺകുട്ടിയും ജനിച്ചു. ഒരു മകളെ ലഭിച്ചതിൽ ഞാൻ വളരെ സന്തോഷിച്ചു, പക്ഷെ എനിക്ക് അല്പം അസ്വസ്ഥത തോന്നി കാരണം ചെറിയ ആൺകുട്ടികളെക്കുറിച്ചു അറിയാമെങ്കിലും, എനിക്ക് ഈ മേഖല അപരിചിതമായിരുന്നു. ഞങ്ങൾ അവൾക്ക് സാറാ എന്ന് പേരിട്ടു, ഒപ്പം എനിക്കു ലഭിച്ച ഒരു പദവി എന്നത് എന്റെ ഭാര്യക്ക് വിശ്രമിക്കാനായി അവളെ ആട്ടി ഉറക്കുക എന്നതായിരുന്നു. എന്തിനാണെന്നറിയില്ലെങ്കിലും ഞാൻ അവളെ പാടിയുറക്കുവാൻ ആരംഭിച്ചു. “യു ആർ മൈ സൺ ഷൈൻ” (നീയാണെന്റെ സൂര്യകിരണം) എന്ന പാട്ടായിരുന്നു ഞാൻ തിരഞ്ഞെടുത്തത്. അവളെ എടുത്തുകൊണ്ട് നിൽക്കുകയാണെങ്കിലും അവളുടെ തൊട്ടിലിനരികിലാണെങ്കിലും ആ പാട്ട് ഞാൻ അക്ഷരാർത്ഥത്തിൽ അവൾക്കായി പാടുകയും, അതിന്റെ ഓരോ നിമിഷവും ആസ്വദിക്കുകയും ചെയ്തു. ഇപ്പോൾ അവൾ അവളുടെ ഇരുപതുകളിലാണ്, ഇപ്പോഴും ഞാൻ അവളെ സൺഷൈൻ ( സൂര്യകിരണം) എന്നാണ് വിളിക്കുന്നത്.
മാലാഖമാർ പാടുന്നതിനെപ്പറ്റി നാം ചിന്തിക്കാറുണ്ട്. എന്നാൽ ദൈവം പാടുന്നതിനെപ്പറ്റി അവസാനമായി നിങ്ങൾ ചിന്തിച്ചതെപ്പോഴാണ്? അതുതന്നെ- ദൈവം പാടുന്നു. അതിലുമുപരിയായി, ദൈവം നിങ്ങൾക്കായി പാടുന്നതിനെപ്പറ്റി അവസാനമായി നിങ്ങൾ ചിന്തിച്ചതെപ്പോഴാണ്? യെരുശലേമിനോടുള്ള തന്റെ സന്ദേശത്തിൽ സെഫന്യാവ് വളരെ വ്യക്തമായി പറയുന്നു “നിന്റെ ദൈവമായ യഹോവ” നിന്നിൽ അത്യന്തം സന്തോഷിക്കും; “ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും” (3:17). ഇത് യെരുശലേമിനായുള്ള സന്ദേശമാണെങ്കിലും, യേശുവിനെ രക്ഷകനായി സ്വീകരിച്ച നാമോരോരുത്തർക്കുംവേണ്ടി ദൈവം പാടുന്നു. ഏതു പാട്ടാണ് ദൈവം പാടുന്നത്? ദൈവവചനം ആ കാര്യത്തിൽ വ്യക്തത നൽകുന്നില്ല. എന്നാൽ ആ പാട്ട് അവിടുത്തെ സ്നേഹത്തിൽ നിന്നും ഉടലെടുത്തതാണ്, അതിനാൽ അത് സത്യവും ശ്രേഷ്ഠവും നേരും മനോഹരവും ശുദ്ധവും പ്രശംസനീയവുമാണ് എന്ന് നമുക്ക് വിശ്വസിക്കാം.(ഫിലി.4:8)
ദൈവം നിങ്ങൾക്കായി പാടുന്നു എന്നറിയുമ്പോൾ എന്തനുഭൂതിയാണ് ഉണ്ടാകുന്നത്? അത് അവിശ്വസനീയമാണോ അതോ ആശ്വാസകരമാണോ? അതിന്റെ കാരണം എന്താണ് ?
നല്ല പിതാവേ, അങ്ങ് ആനന്ദത്താൽ എനിക്കായി പാടുന്നു എന്ന ചിന്ത എത്ര ഉറപ്പും ആശ്വസപ്രദവുമാണ്. നന്ദി.