Month: നവംബർ 2021

നമ്മുടെ യഥാർത്ഥ അസ്തിത്വം

ആദ്യം, അയാൾ മീൻ പിടിക്കാനുള്ള ഉപകരണങ്ങൾ വാങ്ങി. മീൻ പിടിക്കുന്നതിനാവശ്യമായ സാധങ്ങൾ വിൽക്കുന്ന പട്ടണത്തിലെ ചെറിയ ഒരു കടയിൽ നിന്ന് ഒരു ഷോപ്പിങ് കാർട്ട് നിറയെ ആവശ്യമായ ഓരോ സാമഗ്രിയും അയാൾ തെരഞ്ഞെടുത്തു. ജീവനുള്ള ഇരയും ചൂണ്ടയും വാങ്ങി. " ഇതിനു മുമ്പ് മീൻപിടുത്തം നടത്തിയിട്ടില്ലേ?" കടയുടമ ചോദിച്ചു. ഇല്ലെന്നയാൾ മറുപടി നൽകി. "എങ്കിൽ ഇതു കൂടി വച്ചോളൂ" എന്ന് പറഞ്ഞ് ഒരു ഫസ്റ്റ് എയിഡ് കിറ്റുകൂടി അയാൾ നൽകി. അയാൾ സമ്മതിച്ച് അതിന്റെ പണവും നല്കി പോയി. ദിവസം മുഴുവൻ പരിശ്രമിച്ചിട്ടും ചൂണ്ടയുടെ അഗ്രം കൊണ്ട് കൈ മുഴുവൻ മുറിഞ്ഞതല്ലാതെ ഒന്നും കിട്ടിയില്ല.

പത്രോസ് പ്രശ്നം അങ്ങനെയായിരുന്നില്ല. വളരെ പരിചയസമ്പന്നനായ ഒരു മീൻപിടുത്തക്കാരനായിരുന്ന തന്നോട് വഞ്ചി ആഴക്കടലിലേക്ക് നീക്കി "മീൻ പിടുത്തത്തിന് വല ഇറക്കുവിൻ" (ലൂക്കൊ. 5:4) എന്ന് പറഞ്ഞപ്പോൾ പത്രോസ് അതിശയിച്ചു പോയി. രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ലെങ്കിലും ശിമോനും കൂട്ടരും പറഞ്ഞതു പോലെ വലയിറക്കി : " പെരുത്ത മീൻ കൂട്ടം അകപ്പെട്ടു വല കീറാറായി " രണ്ട് പടകുകളും മുങ്ങുമാറാകുവോളം നിറച്ചു (വാ. 6)

ഇതു കണ്ട ശിമോൻ പത്രോസ് "യേശുവിന്റെ കാൽക്കൽ വീണു, "കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ട് എന്നെ വിട്ട് പോകേണമേ " എന്നു പറഞ്ഞു. (വാ.8) ശിമോൻ യഥാർത്ഥത്തിൽ ആരാണെന്ന് യേശുവിന് അറിയാമായിരുന്നു. യേശു തന്റെ ശിഷ്യനോട് പറഞ്ഞു, "ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും" എന്ന്. ഇത് കേട്ട പാടെ ശിമോൻ " സകലവും വിട്ട് അവനെ അനുഗമിച്ചു" (വാ.10-11) നാം യേശുവിനെ അനുഗമിക്കുമ്പോൾ നാം ആരാണെന്നും അവന്റെ സ്വന്ത ജനം എന്ന നിലയിൽ നമ്മുടെ ദൗത്യം എന്താണെന്നും മനസ്സിലാക്കുവാൻ അവിടുന്ന് നമ്മെ സഹായിക്കും.

പാർക്കാൻ അനുവദിക്കൂ

അവർ കാറിൽ കയറാൻ തുടങ്ങിയപ്പോൾ ദർശൻ അമ്മയുടെ കയ്യിൽ നിന്ന് കുതറി പള്ളിയുടെ വാതിൽക്കലേക്ക് തിരികെയോടി. അവന് അവിടെ നിന്ന് പോകേണ്ടെന്ന് ! അമ്മ പിന്നാലെ ചെന്ന് അവനെ സ്നേഹപൂർവം വീട്ടിലേക്ക് പോകാൻ നിർബന്ധിച്ചു. അവസാനം അവന്റെ അമ്മ അവനെ വാരിയെടുത്ത് തിരികെ കൊണ്ടുപോകുമ്പോൾ നാല് വയസ്സുകാരനായ ദർശൻ വിതുമ്പിക്കൊണ്ട് അമ്മയുടെ തോളിന് മുകളിലൂടെ പള്ളിയിലേക്ക് തന്നെ ആഞ്ഞുകൊണ്ടിരുന്നു.

ദർശൻ ചിലപ്പോൾ സഭയിലെ കൂട്ടുകാരുമൊത്ത് കളിക്കുന്നത് ആസ്വദിച്ചിട്ടുണ്ടാവണം, എന്നാൽ അവന്റെ ആവേശം ദൈവത്തെ ആരാധിക്കാനുള്ള ദാവീദിന്റെ ആഗ്രഹത്തിന്റെ നേർചിത്രമാണ്.തന്റെ ശത്രുക്കളെ തോല്പിക്കണമെന്ന് ദൈവത്തോട് ആവശ്യപ്പെട്ടത് തന്റെ സുഖവും സുരക്ഷയും വിചാരിച്ചാകാമെങ്കിലും ദൈവത്തിന്റെ ആലയത്തിൽ ചെന്ന് യഹോവയുടെ മനോഹരത്വം ധ്യാനിക്കുവാൻ ദാവീദ് അതിയായി ആഗ്രഹിച്ചതുകൊണ്ട് സമാധാനം നിലനിൽക്കണമെന്ന് ദാവീദ് ആഗ്രഹിച്ചു( സങ്കീ. 27:4). എവിടെയായിരുന്നാലും ദൈവത്തോടു കൂടെയായിരിക്കാനും ദൈവസാന്നിധ്യം ആസ്വദിക്കാനും ദാവീദ് ആഗ്രഹിച്ചു. ഇസ്രായേലിന്റെ ഏറ്റവും ശക്തനായ രാജാവും സേനാ നായകനുമായ ദാവീദ് തന്റെ സമാധാന നിമിഷങ്ങൾ ഉപയോഗിച്ചത് "യഹോവക്ക് പാടി കീർത്തനം ചെയ്യുന്നതിനു വേണ്ടിയാണ് "(വാ.6)

ദൈവത്തെ നമുക്ക് സ്വതന്ത്രമായി എവിടെയും ആരാധിക്കാം, കാരണം പരിശുദ്ധാത്മാവിലുള്ള വിശ്വാസത്താൽ അവൻ ഇപ്പോൾ നമ്മുടെ ഹൃദയത്തിൽ വാസം ചെയ്യുന്നു. ( 1 കൊരി.3:16; എഫേ. 3:17) നമ്മുടെ നാളുകൾ അവന്റെ സന്നിധിയിൽ ചെലവഴിക്കുവാനും മറ്റുവിശ്വാസികളോടൊപ്പം ഒരുമിച്ചു കൂടി അവനെ ആരാധിക്കുവാനും വാഞ്ഛയുള്ളവരാകാം. ദൈവത്തിലാവണം - അല്ലാതെ കെട്ടിടത്തിന്റെ ചുമരുകൾക്കുള്ളിലല്ല - നാം സുരക്ഷിതത്വവും പരമമായ ആനന്ദവും കണ്ടെത്തേണ്ടത്.

ശക്തനും സ്നേഹിക്കുന്നവനും

2020 ൽ, ഇക്വഡോറിലെ സങ്ങായ് അഗ്‌നി പർവ്വതം പൊട്ടി. "കറുത്ത ചാരത്തിന്റെ തൂണ് 12000 മീറ്ററിലധികം ഉയർന്നു " എന്നാണ് വാർത്താചാനലുകൾ വിവരിച്ചത്. ചാരവും പൊടിയും കലർന്ന ലാവ 4 പ്രവിശ്യകളെ (ഏതാണ്ട് 1,98,000 ഏക്കർ) മൂടിക്കളഞ്ഞു. ആകാശം കറുത്തിരുണ്ടു, വായു പൊടി നിറഞ്ഞ് ശ്വാസോച്ഛ്വാസം പ്രയാസകരമാക്കി. ഫെലിസിയാനോ ഇങ്ക എന്ന കർഷകൻ എൽ കൊമേർസിയോ എന്ന പത്രത്തോട് മനുഷ്യരെ തളർത്തിക്കളയുന്ന ഈ സംഭവത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: "ഇത്രയധികം പൊടി എവിടുന്നു വന്നു എന്ന് ഞങ്ങൾക്കറിയില്ല ... ആകാശം കറുത്തിരുണ്ടത് കണ്ട് ഞങ്ങൾ ഭയപ്പെട്ടു പോയി. "

സീനായിപർവ്വതത്തിന്റെ താഴ്വാരത്തിൽ നിന്ന യിസ്രായേല്യരും ഇതുപോലൊരു ഭയത്തിലൂടെ കടന്നു പോയി: " അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പർവതം ആകാശമധ്യത്തോളം തീ ആളിക്കത്തിക്കൊണ്ടിരുന്നു. " (ആവ. 4:11) ദൈവത്തിന്റെ ശബ്ദം മുഴങ്ങി, ജനം പേടിച്ച് വിറച്ചു. അത് ഭയാനകമായിരുന്നു.. ജീവനുള്ള ദൈവത്തെ അഭിമുഖീകരിക്കുന്നത് ജനത്തെ തളർത്തിക്കളയുന്ന വിധം ഭയങ്കരമായിരുന്നു.

"യഹോവ ... അരുളിച്ചെയ്തു " എന്നാൽ " .. ശബ്ദം മാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല" ( വാ . 12 ) അവരുടെ അസ്ഥികളെ വിറപ്പിച്ച ശബ്ദം അവർക്ക് ജീവനും പ്രത്യാശയും നൽകുന്നതുമായിരുന്നു. ദൈവം യിസ്രായേലിന് പത്തു കല്പനകൾ നൽകുകയും അവരുമായുള്ള ഉടമ്പടി പുതുക്കുകയും ചെയ്തു. അന്ധതമസ്സിൽ നിന്നുള്ള ശബ്ദം അവരെ വിറപ്പിക്കുക മാത്രമല്ല, മത്സര ബുദ്ധികളായ അവരോട് സ്നേഹ ഭാഷണം നടത്തുകയുമായിരുന്നു. (പുറ.34:6-7)

ദൈവം നമുക്ക് ഗ്രഹിച്ചു കൂടാത്തവിധം ശക്തനും ഭയങ്കരനുമാണ്. അതേസമയം സ്നേഹം നിറഞ്ഞവനും എല്ലായ്പ്പോഴും നമുക്ക് സമീപസ്ഥനുമാണ്. സർവ്വശക്തനും സ്നേഹ സമ്പൂർണ്ണനുമായ ഒരു ദൈവം എന്നതാണ് നമ്മുടെയെല്ലാം ഏറ്റവും അനിവാര്യമായ ആവശ്യം.

ഒന്നിനും വേർപിരിക്കാനാവില്ല

ഒരു പാസ്റ്ററായിരുന്ന പ്രിസിന്റെ പിതാവ്, ഇന്തോനേഷ്യയിലെ ഒരു ചെറിയ ദ്വീപിൽ മിഷണറിയായി പോകുവാനുള്ള ദൈവവിളി അനുസരിച്ചപ്പോൾ, അവരുടെ കുടുംബം താമസിച്ചത് വളർത്തുമൃഗങ്ങളെ കെട്ടാൻ ഉപയോഗിച്ചിരുന്ന ഒരു പഴയ ഷെഡിലായിരുന്നു. ഒരിക്കൽ അവരുടെ കുടുംബം ക്രിസ്തുമസ്  ആഘോഷിക്കുവാനായി നിലത്തിരുന്ന് പാട്ടുപാടി സ്തുതിച്ചുകൊണ്ടിരുന്നപ്പോൾ പുല്ലുമേഞ്ഞ മേൽക്കൂരയിൽ നിന്നും മഴവെള്ളം ഒലിച്ചിറങ്ങിയത് പ്രിസ് ഓർക്കുന്നു. അപ്പോൾ അവളുടെ പിതാവ് അവളെ ഓർമ്മപ്പെടുത്തി: "പ്രിസ്, നമ്മൾ ദരിദ്രരാണ് എന്നതുകൊണ്ട് ദൈവം നമ്മെ സ്നേഹിക്കുന്നില്ല എന്ന് അർത്ഥമില്ല".

 ധാരാളം സമ്പത്തും ആരോഗ്യവും ദീർഘായുസ്സും ഒക്കെയുള്ളതിനെയാണ് ചിലർ ദൈവാനുഗ്രഹമുള്ള ജീവിതമായി കാണുന്നത്. അതുകൊണ്ട് തന്നെ, പ്രയാസഘട്ടങ്ങളിൽ ദൈവം തങ്ങളെ സ്നേഹിക്കുന്നില്ലേയെന്ന് അവർ സന്ദേഹിക്കും. എന്നാൽ റോമർ 8:31-39 ൽ പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നത് കഷ്ടതയോ പട്ടിണിയോ നഗ്നതയോ ആപത്തോ ഉപദ്രവമോ യാതൊന്നിനും യേശുവിന്റെ സ്നേഹത്തിൽ നിന്ന് നമ്മെ അകറ്റുവാൻ കഴിയുകയില്ല എന്നാണ് (വാ.35). ഇതാണ് യഥാർത്ഥത്തിൽ അനുഗ്രഹിക്കപ്പെട്ട ജീവിതത്തിന്റെ അടിസ്ഥാനം: ദൈവം തന്റെ പുത്രനായ യേശുവിനെ നമ്മുടെ പാപങ്ങൾക്ക് വേണ്ടി മരിക്കാൻ അയച്ചതിലൂടെ നമ്മോടുള്ള സ്നേഹം പ്രകടമാക്കി. (വാ.32) ക്രിസ്തു മരിച്ചവരിൽ നിന്നുയിർത്ത് നമുക്ക് വേണ്ടി പക്ഷവാദം ചെയ്യാനായി "പിതാവിന്റെ വലത്തുഭാഗത്ത് " ഇരിക്കുകയാണ്. (വാ.34)

നമ്മുടെ പ്രയാസ വേളകളിൽ, ക്രിസ്തു നമുക്ക് വേണ്ടി ചെയ്ത കാര്യങ്ങളിലാണ് നമ്മുടെ ജീവിതം അടിസ്ഥാനപ്പെട്ടിരിക്കുന്നത് എന്ന സത്യത്തെ മുറുകെപ്പിടിച്ച് ആശ്വാസം പ്രാപിക്കാം. യാതൊന്നിനും - "മരണത്തിനോ ജീവനോ ... മറ്റ് യാതൊരു സൃഷ്ടിക്കോ" ( വാ. 8,39) - ദൈവസ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിക്കാൻ കഴിയില്ല. നമ്മുടെ സാഹചര്യം ഏതുമാകട്ടെ, പ്രതിസന്ധി ഏതുമാകട്ടെ, ദൈവം നമ്മോടു കൂടെയുണ്ട് എന്നും യാതൊന്നിനും നമ്മെ ദൈവവുമായി വേർപിരിക്കാനാകില്ല എന്നും നമുക്ക് മറക്കാതിരിക്കാം.

ദൈവത്തിന്റെ അതിശയകരമായ സൃഷ്ടി

ഒരു വേനൽക്കാലത്തു സമീപത്തുള്ള പുഴയുടെ തീരത്തുകൂടി ഭാര്യയും ഞാനും കൂടി നടത്തിയ ഒരു സാധാരണ നടത്തം പ്രത്യേക അനുഭൂതി നല്കുന്നതായിരുന്നു. പരിചിതരായ ചില "സുഹൃത്തുക്കൾ" തിരതല്ലുന്ന വെള്ളത്തിൽ ഒരു തടിക്കഷണത്തിന്റെ മുകളിൽ ഇരിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു -അഞ്ചാറ് വലിയ ആമകൾ വെയിൽ കൊള്ളുതായിരുന്നു അത്. കുറെ മാസങ്ങളായി കാണാതിരുന്ന അവയെ വീണ്ടും കണ്ടപ്പോൾ ഞങ്ങൾക്ക് വളരെ സന്തോഷം തോന്നി. ആ നല്ല കാഴ്ചയിൽ ആനന്ദിച്ചു കൊണ്ട് ഞങ്ങൾ ദൈവത്തിന്റെ അത്ഭുതകരമായ സൃഷ്ടിയെയോർത്തു.

ദൈവം ഇയ്യോബിനെ ഇതുപോലെ പ്രകൃതിയിലൂടെ ഒന്ന് നടത്തി. (ഇയ്യോ.38 കാണുക ) അസ്വസ്ഥനായ ആ മനുഷ്യന് തന്റെ ഈ അവസ്ഥയെക്കുറിച്ചു സ്രഷ്ടാവായ ദൈവത്തിൽ നിന്ന് ഒരു ഉത്തരം ആവശ്യമായിരുന്നു (വാ.1 ) തന്നോടുകൂടെ, ദൈവത്തോടുകൂടെ അവിടുത്തെ സൃഷ്ടിയിലൂടെയുള്ള യാത്രയിൽ  ഇയ്യോബിന് ആവശ്യമായ പ്രചോദനം ലഭിച്ചു.

ദൈവം പ്രപഞ്ചത്തിന്റെ ഈ ബ്രഹത്തായ രൂപകല്പന കാണിച്ചു കൊടുത്തപ്പോൾ ഇയ്യോബിനുണ്ടായ അതിശയം സങ്കല്പിച്ചു നോക്കൂ. ഇയ്യോബിന് ഈ പ്രപഞ്ചത്തെക്കുറിച്ച് അടിസ്ഥാനപരമായ വിവരണം ലഭിച്ചു: " പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കുകയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു ?" (വാ.6, 7) സമുദ്രങ്ങൾക്ക് ദൈവം കല്പിച്ചാക്കിയിരിക്കുന്ന അതിരുകളെക്കുറിച്ചു ഒരു ഭൂമിശാസ്ത്ര പാഠവും.(വാ.11) ഇയ്യോബിന് ലഭിച്ചു.

സ്രഷ്ടാവ്, താൻ സൃഷ്ടിച്ച വെളിച്ചത്തെക്കുറിച്ചും പെയ്യിക്കുന്ന മഞ്ഞിനെക്കുറിച്ചും ചെടികളെ പുഷ്ടിപ്പെടുത്തുന്ന മഴയെക്കുറിച്ചും (വാ.19 - 28 ) ഇയ്യോബിന് അറിവ് പകർന്നു. നക്ഷത്രസമൂഹങ്ങളെ ശൂന്യവിഹായസ്സിൽ നിരത്തിയതിനെക്കുറിച്ച് സ്രഷ്ടാവിൽ നിന്ന് തന്നെ ഇയ്യോബിന് അറിവ് ലഭിക്കുകയായിരുന്നു. (വാ. 31,32)

അവസാനം ഇയ്യോബ് പ്രതികരിച്ചു: "നിനക്ക് സകലവും കഴിയുമെന്നും..ഞാൻ അറിയുന്നു" (42:2) ഈ പ്രപഞ്ചത്തെ കാണുമ്പോൾ, സർവ്വജ്ഞാനിയും അത്ഭുതവാനുമായ അതിന്റെ സ്രഷ്ടാവിനോടുള്ള ബഹുമാനത്തിൽ നമുക്കായിരിക്കാം!