ആഫ്രിക്കയിലെ ഒരു വലിയ പള്ളിയിൽ അവിടുത്തെ പാസ്റ്റർ മുട്ടിൽ നിന്ന് ദൈവത്തോടു പ്രാർത്ഥിച്ചു. “ഞങ്ങളെ ഓർക്കേണമേ”. പാസ്റ്ററുടെ അപേക്ഷ കേട്ടപ്പോൾ, ജനങ്ങളും കരഞ്ഞു കൊണ്ട് “ദൈവമേ, ഞങ്ങളെ ഓർക്കേണമേ” എന്ന് പ്രതിവാക്യം പറഞ്ഞു. യൂട്യൂബിൽ ഈ ദൃശ്യം കണ്ടുകൊണ്ടിരിക്കുമ്പോൾ ഞാനും അത്ഭുതപ്പെട്ട് കണ്ണീർ വാർത്തു. കുറച്ച് മാസങ്ങൾക്ക് മുൻപാണ് ഈ പ്രാർത്ഥന റെക്കോർഡ് ചെയ്തിട്ടുള്ളത്. എന്റെ ബാല്യകാലത്ത് ഞങ്ങളുടെ  കുടുംബത്തിന്റെ പാസ്റ്ററും ഇതേ അപേക്ഷ തന്നെയാണ് ദൈവത്തോട് ചെയ്തിരുന്നത്. “ദൈവമേ, ഞങ്ങളെ ഓർക്കേണമേ!”  എന്ന് കേട്ടിട്ടുള്ളത് ഞാൻ ഇപ്പോഴും ഓർക്കുന്നു.

ചെറിയ കുട്ടി എന്ന നിലക്ക് ,ആ പ്രാർത്ഥന കേൾക്കുമ്പോൾ ദൈവം പലപ്പോഴും നമ്മെ മറന്നു പോകുന്നുണ്ടോ എന്ന് ഞാൻ തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷെ ദൈവം എല്ലാം അറിയുന്നവനാണ് (സങ്കീർത്തനം  147:5; 1 യോഹന്നാൻ 3:20), അവൻ നമ്മെ എപ്പോഴും കണുന്നു (സങ്കീർത്തനം 3: 13-15),അളക്കാൻ കഴിയുന്നതിലും അപ്പുറം  നമ്മെ അവൻ സ്നേഹിക്കുന്നു (സങ്കീർത്തനം 33: 17- 19).

 ഹീബ്രു വാക്കായ സക്കാർ എന്ന് വെച്ചാൽ, ഓർക്കുക  എന്നാണർത്ഥമെങ്കിലും ദൈവം നമ്മെ”ഓർക്കുന്നു”, എന്നതിന് നമുക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന് കൂടി വിവക്ഷയുണ്ട്. സക്കാർ എന്ന വാക്കിന് ഒരാൾക്കു വേണ്ടി പ്രവർത്തിക്കുക എന്ന അർത്ഥവുമുണ്ട്.. അതുകൊണ്ട്, ദൈവം നോഹയേയും അവന്റെ കൂടെ പെട്ടകത്തിൽ ഉണ്ടായിരുന്ന എല്ലാ കാട്ടുമൃഗങ്ങളേയും കന്നുകാലികളേയും “ഓർത്തപ്പോൾ”           “ ദൈവം ഭൂമിയിൽ ഒരു കാറ്റു അടിപ്പിച്ചു, വെള്ളം നിലച്ചു”(ഉല്പത്തി 8:1). മച്ചിയായിരുന്ന റാഹേലിനെ ദൈവം “ഓർത്തപ്പോൾ” “ ദൈവം അവളുടെ അപേക്ഷ കേട്ടു അവളുടെ ഗർഭത്തെ തുറന്നു. അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു” (30: 22-23). 

ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ, ഞങ്ങളെ ഓർക്കേണമേ എന്നുള്ളത് എത്ര വലിയ ദൈവാശ്രയത്വത്തിന്റെ അപേക്ഷയാണ്! എങ്ങിനെയാണ് ഉത്തരം തരേണ്ടത് എന്ന് അവനാണ് തീരുമാനിക്കുന്നത്. നമ്മുടെ എളിയ പ്രാർത്ഥനകൾ ദൈവത്തെ ചലിപ്പിക്കാൻ കഴിയുന്നതാണെന്ന് അറിഞ്ഞു കൊണ്ട് നമുക്ക് പ്രാർത്ഥിക്കാം.