സൈമണും ജെഫ്രിയും തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന പരിഹരിക്കപ്പെടാത്ത ഒരു മുറിവുണ്ടായിരുന്നു. ബന്ധം പുനഃസ്ഥാപിക്കുവാനുള്ള സൈമന്റെ ഉദ്യമങ്ങളൊന്നും ഫലം കണ്ടില്ല. ജെഫ്രിയുടെ അമ്മയുടെ മരണവാർത്ത അറിഞ്ഞ ഉടനെ,സൈമൺ, അവളുടെ അമ്മയുടെ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുവാൻ കെനിയയുടെ ഉൾപ്രദേശത്തേക്ക് യാത്രയായി. ആ കൂടിക്കാഴ്ചയെ പിന്നീട് സൈമൻ ഇങ്ങനെ അനുസ്മരിച്ചു :“ എങ്ങിനെയാണ് കാര്യങ്ങൾ തിരിഞ്ഞു വരുക എന്ന് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. പക്ഷേ, ആ ശുശ്രൂഷക്ക് ഹൃദയം തുറന്ന, ഫലപ്രദമായ ഒരു സംഭാഷണം ഉണ്ടായി. ഞങ്ങൾ കെട്ടി പിടിച്ചു, സന്തോഷം പങ്കിട്ടു, ഒരുമിച്ച് പ്രാർത്ഥിച്ചു, വീണ്ടും കാണാമെന്ന് തീരുമാനിച്ചു. ” സൈമണിനും ജെഫ്രിക്കും നേരത്തേ അനുരഞ്ജനപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ ഇത്രയും കാലം അനുഭവിച്ച വേദനകൾ ഒഴിവാക്കാമായിരുന്നു.
മത്തായി 5:21-26 ലെ യേശുവിന്റെ വാക്കുകളിലെ പ്രതിപാദ്യം വ്യക്തിബന്ധങ്ങളിൽ പരിഹരിക്കപ്പെടാതെ നിലനിൽക്കുന്ന സംഘർഷങ്ങളാണ്.വലിയ ഭിന്നതയിലേക്ക് നയിക്കാവുന്ന ദേഷ്യം ഗൗരവമായ ഒരു കാര്യമാണ് (വാ.22). ഇതിലുപരി, ബന്ധങ്ങൾ നല്ല നിലയിൽ ആക്കുക എന്നുള്ളത്, ദൈവത്തിന് വഴിപാട് അർപ്പിക്കുന്നതിനു മുമ്പ് ചെയ്യേണ്ടതാണ് (വാ.23-24). യേശുവിന്റെ ഉപദേശമായ “ നിന്റെ പ്രതിയോഗിയോട് വേഗത്തിൽ ഇണങ്ങിക്കൊൾക”(വാ.25 ) എന്നത് നമ്മെ ഓർമ്മിപ്പിക്കുന്നത്, അനുരഞ്ജനത്തിനായി നമുക്ക് ചെയ്യാൻ കഴിയുന്നത്, വേഗത്തിൽ ചെയ്താൽ, അത് എല്ലാവർക്കും നല്ലതായിരിക്കും എന്നാണ്.
വ്യക്തി ബന്ധങ്ങൾ വളരെ അപകട സാധ്യതകൾ ഉള്ളതാണ്; അത് കാത്ത് സൂക്ഷിക്കാൻ നല്ല പ്രയത്നം ആവശ്യമാണ് – അത് നമ്മുടെ വീട്ടിലാണെങ്കിലും, , ജോലിസ്ഥലത്താണെങ്കിലും , വിദ്യാഭ്യാസ മേഖലയിലായാലും, യേശുവിലുള്ള നമ്മുടെ അതേ വിശ്വാസം പങ്കുവെക്കുന്ന ആളുകൾക്കിടയിലാണെങ്കിലും . “സമാധാന പ്രഭു” (യെശയ്യാവു 9:6) ആയ യേശുവിനെ പ്രതിനിധീകരിക്കുന്നവരായ നമുക്ക്, പിണക്കം നിലനിൽക്കുന്നവരുമായി അനുരഞ്ജനത്തിനായി ഹൃദയപൂർവ്വം പ്രവർത്തിക്കാം.
ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിന്റെ ആവശ്യത്തെ കുറിച്ച് നിങ്ങൾ ആലോചിക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ വരുന്നത് ആരാണ് ? എന്താണ് അങ്ങിനെ ചെയ്യുന്നതിൽ നിന്ന് നിങ്ങളെ അകറ്റി നിർത്തുന്നത്?
പിതാവേ, എന്റെ ജീവിതത്തിൽ എവിടെയാണ് ബന്ധങ്ങളിൽ വിള്ളലുകൾ ഉള്ളതെന്ന് അങ്ങേക്ക് അറിയാം. അത് നേരെയാക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങുവാനുള്ള എന്റെ ഭാഗത്തുനിന്നുള്ള താമസത്തിന് എന്നോട് ക്ഷമിക്കണമേ. അതിനു വേണ്ടിയുള്ള അടുത്ത ചുവട് വെയ്ക്കുന്നതിന് എന്നെ ശക്തീകരിക്കേണമേ.